ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നു ക്യാപ്റ്റൻ അമരിന്ദർ സിങ്ങിനെ നീക്കിയ തീരുമാനം ജി–23 നേതാക്കൾക്കുള്ള മുന്നറിയിപ്പെന്ന് റിപ്പോർട്ട്. ‘ദുർബലം’ എന്നു വിലയിരുത്തപ്പെടുന്ന ഹൈക്കമാൻഡ് ചില കടുത്ത തീരുമാനങ്ങൾ എടുക്കാൻ മടിക്കില്ലെന്നു ബോധ്യപ്പെടുത്താനാണ് അമരിന്ദറിന്റെ രാജി ചോദിച്ചു വാങ്ങിയതെന്നാണു മുതിർന്ന നേതാക്കളുടെ അടക്കംപറച്ചിൽ. ഹൈക്കമാൻഡിന്റെ അറിവോടെ തന്നെയാണ് അമരിന്ദറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാർ കത്തെഴുതിയതെന്നാണ് ഇവർ കരുതുന്നത്.

കത്ത് ലഭിച്ചതിനു തൊട്ടുപിന്നാലെ നിയമസഭാ കക്ഷി യോഗം വിളിക്കാൻ നേതൃത്വം അനുമതി നൽകുകയും ചെയ്തു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു സോണിയ ഗാന്ധിയാണെങ്കിലും രാഹുലും പ്രിയങ്കയും ചേർന്നാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന വ്യക്തമായ സൂചനയും അമരിന്ദറിന്റെ രാജി നൽകുന്നു. അമരിന്ദറിന്റെ പ്രതിഛായ ഇടിഞ്ഞുവെന്നും മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാൽ തിരിച്ചടിയുണ്ടാകുമെന്നും സർവേ റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതിനു പിന്നാലെ രാഹുലും പ്രിയങ്കയും നവ്ജ്യോത് സിദ്ദുവിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്.

അമരിന്ദറിനെ മാറ്റണമെന്ന ഇവരുടെ തീരുമാനത്തെ സോണിയെ എതിർത്തുമില്ല. എന്നാൽ മുഖ്യമന്ത്രിയെ മാറ്റുന്ന ബിജെപി ‘തന്ത്രം’ കോൺഗ്രസ് കടം വാങ്ങിയെന്നാണ് ജി–23 നേതാക്കളിൽ പലരുടെയും വിമർശനം. അമരിന്ദറിനെ ഒറ്റപ്പെടുത്തി പുറത്താക്കിയത് തിരിച്ചടിയാകുമെന്നാണ് ഇവരുടെ വാദം. നേതാക്കൾ പലരും അമരിന്ദറിനെ നേരിൽ കാണുകയും ചെയ്തു. ‘പഞ്ചാബ് മോഡൽ’ ഛത്തീസ്ഡിലും രാജസ്ഥാനിലും ആവർത്തിക്കുമോ എന്നും എല്ലാവരും ഉറ്റുനോക്കുന്നു.

ഛത്തീസ്ഗഡ്

2018ൽ ഭരണത്തിലേറിയപ്പോൾ, രണ്ടര വർഷത്തിനുശേഷം ഭൂപേഷ് ബാഗേൽ, മുഖ്യമന്ത്രി സ്ഥാനം ആരോഗ്യമന്ത്രി ടി.എസ്.സിങ് ഡിയോയ്ക്കു വേണ്ടി ഒഴിയണമെന്ന് അലിഖിത വ്യവസ്ഥയുണ്ടായിരുന്നു. രണ്ടര വർഷത്തിനുശേഷം മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന് രാഹുൽ ഗാന്ധി ഉറപ്പു നൽകിയിരുന്നതായി ഡിയോയും വ്യക്തമാക്കിയിരുന്നു.

Rahul-Gandhi-and-Priyanka-Gandhi
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി

എന്നാൽ ബാഗേലിന്റെ ഉറച്ച ജനസമ്മതിയും എംഎൽഎമാരുടെ പിന്തുണയുമാണ് അദ്ദേഹത്തെ ഇപ്പോഴും മുഖ്യമന്ത്രി കസേരയിൽ ഉറപ്പിച്ചിരിക്കുന്നത്. പഞ്ചാബിലേതു പോലെ കടുത്ത തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് മടിക്കാതിരുന്നാൽ, ബാഗേലിന്റെ ഭാവി അത്ര സുരക്ഷിതമല്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.

രാജസ്ഥാൻ

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൽ പൈലറ്റും തമ്മിലുള്ള ഭിന്നത പരസ്യമാണ്. കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ്, ഒരു വർഷമെങ്കിലും സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നൽകുമെന്നായിരുന്നു 2018ൽ രാഹുൽ ഉൾപ്പെടെയുള്ളവരുടെ വാഗ്ദാനം.

എന്നാൽ ഗെലോട്ടിനെതിരെ കലാപക്കൊടി ഉയർത്തിയതോടെ ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി പ്രസിഡന്റ് സ്ഥാനവും പൈലറ്റിന് നഷ്ടമായി. പൈലറ്റ് ‘അതിരു കടന്നപ്പോൾ’ കടുത്ത തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് അന്നും മടിച്ചില്ലെന്നാണ് നേതാക്കളുടെ അവകാശവാദം. ഭൂരിപക്ഷം എംഎൽഎമാർ ഒപ്പമുണ്ടെന്നതാണ് ഗെലോട്ടിനും തുണയാകുന്നത്.

English Summary: Rahul Gandhi, Priyanka Gandhi move sparks debate, turns lens on Rajasthan, Chhattisgarh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com