13 വർഷം കൊടുംപീഡനം; ആ കുട്ടി പറഞ്ഞു: ‘അവരില്ലെങ്കി എനിക്ക് പ്രാന്ത് പോലെ വരും’

child-sexual-education
ചിത്രം: Indranil Mukherjee/AFP/ മനോരമ ഓൺലൈൻ ക്രിയേറ്റിവ്.
SHARE

പതിമൂന്നുകാരിയെ പീഡിപ്പിക്കുകയും മറ്റുള്ളവർക്ക് പീഡനത്തിന് എത്തിച്ചുനൽകുകയും ചെയ്തത് ദമ്പതികൾ ഉൾപ്പെടെ എട്ടുപേർ. 

അനാശാസ്യ കച്ചവട സംഘങ്ങളുടെ കുടിപ്പകയെ തുടർന്ന് വീട്ടിൽ കയറി ആക്രമണം. 

ബലം പ്രയോഗിച്ചു മദ്യം കുടിപ്പിച്ച ശേഷം 4 വയസ്സുകാരൻ മകന്റെ മുന്നിൽ യുവതിയെ പീഡിപ്പിച്ചത് ഭർത്താവും സുഹൃത്തുക്കളും. 

വിദ്യാർഥിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത അമ്മയും ഓൺലൈൻ അനാശാസ്യ സംഘവും അറസ്റ്റിൽ. 

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന്  ഇരട്ട ജീവപര്യന്തം.

ആറുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തി.

ഭരണകൂട ഭീകരതകൾക്കു കീഴിൽ ജീവനും ജീവിതവും നഷ്ടപ്പെട്ടു സ്ത്രീകളും കുട്ടികളും ലൈംഗിക അടിമകളായി കഴിയേണ്ടി വരുന്ന ഏതെങ്കിലും നാട്ടിലെ വാർത്തകൾ അല്ല. നമ്മുടെ സ്വന്തം കേരളത്തിൽ ദിവസവും നടക്കുന്ന ഒട്ടേറെ ലൈംഗിക പീഡനങ്ങളിൽ ചിലതു മാത്രമാണിത്. ഒരു വയസ്സ്, മൂന്നു വയസ്സ്, ആറു വയസ്സ്, ഒൻപതു വയസ്സ്, 13 വയസ്സ് – പൂമ്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പെൺകുട്ടികളും ആൺകുട്ടികളും ലൈംഗിക അതിക്രമത്തിനിരയാകുകയാണ് ഇവിടെ. 

സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മറ്റു പല മേഖലകളിലും മികവോടെ തലയുയർത്തി നിൽക്കുന്നതായി പറയുന്ന കേരളത്തിന് എന്തുകൊണ്ടാണു ലൈംഗിക ആരോഗ്യം ഇല്ലാത്തത്? കുഞ്ഞുങ്ങൾ മാത്രമല്ല, എൺപതുകാരിയും തൊണ്ണൂറുകാരിയും തളർന്നു കിടക്കുന്ന തൊണ്ണൂറ്റഞ്ചു വയസ്സുകാരിയുമെല്ലാം നമ്മുടെ നാട്ടിൽ ഇത്തരം അതിക്രമങ്ങൾക്ക് ഇരയാകുന്നു. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സംഘം ചേർന്നുള്ള ലൈംഗിക പീഡനവും ബാല ലൈംഗിക പീഡനവുമെല്ലാം ഭയാനകമായ വിധത്തിൽ കുതിച്ചുയരുകയാണ്. ലോകരാജ്യങ്ങളുടെ കണക്കെടുക്കുമ്പോഴും ഇത്തരം സംഭവങ്ങളുടെ തോതു കൂടുന്നതായി മനസ്സിലാക്കാം. 

നിർമിത ബുദ്ധിയും ബഹിരാകാശ യാത്രകളും വിരൽ ഞൊടിച്ചാൽ എന്തും മുന്നിൽ എത്തുന്ന അദ്ഭുത കണ്ടുപിടിത്തങ്ങളും സ്ത്രീകളുടെ വൻകിട നേട്ടങ്ങളും ഒരു വശത്ത്; മറുവശത്തോ മനുഷ്യനിലെ മനുഷ്യത്വവും വിവേചന ബുദ്ധിയും ആത്മനിയന്ത്രണവും മൂല്യങ്ങളും എല്ലാം തവിടുപൊടിയാകുന്ന പീഡനക്കാഴ്ചകൾ. മനുഷ്യനുണ്ടായ കാലം മുതൽ കുറ്റകൃത്യങ്ങളില്ലേ, ഇന്നത്തെ ജീവിതത്തിന്റെ കുഴപ്പമാണു പീഡനങ്ങളെന്നു പറഞ്ഞാൽ ശരിയാകുമോ, പണ്ടും പീഡനങ്ങളില്ലേ, ആ സംസ്ഥാനത്ത് ഇതിൽ കൂടുതൽ പീഡനമില്ലേ, ആ രാജ്യത്ത് കൂടുതൽ പ്രശ്നങ്ങളില്ലേ – എന്നിങ്ങനെയുള്ള അർഥമില്ലാത്ത ചോദ്യങ്ങളെ തൽക്കാലം വിടാം. 

crime-against-women
ചിത്രം: MANJUNATH KIRAN / AFP

നമ്മൾ സംസാരിക്കുന്നത് ഇന്നത്തെ നമ്മുടെ ലോകത്തെയും പ്രശ്നങ്ങളെയും അതിൽനിന്നു പുറത്തുകടക്കാനുള്ള വഴികളെയും കുറിച്ചാണ്. നമ്മുടെ ആൺകുട്ടികളും പെൺകുട്ടികളും സ്ത്രീകളും അനുഭവിക്കേണ്ടി വരുന്ന ലൈംഗിക ദുരവസ്ഥകളെക്കുറിച്ചാണ്. കേരളത്തിലെയും ഇന്ത്യയിലെയും ഇത്തരം ക്രൂരതകൾ നമ്മുടെ വിഷയമാകുന്നത് ഈ രണ്ടിടങ്ങളും നമ്മൾ സ്വന്തമെന്നു കരുതുന്നതു കൊണ്ടാണ്; പരിഹാരമുണ്ടാകണമെന്ന ആഗ്രഹം കൊണ്ടാണ്. 

രണ്ടാനച്ഛന്റെ പീഡനം സ്നേഹമാണെന്ന് കരുതി 

‘എനിക്കു നിങ്ങളൊക്കെ പറയും പോലെ ജീവിക്കാനൊക്കെ ഇഷ്ടാ. പക്ഷേ, പറ്റണില്ല. ഭയങ്കര പേടിയാ എപ്പോഴും. എന്നാലും ആണുങ്ങളാരെങ്കിലും വന്നില്ലെങ്കി എനിക്ക് പ്രാന്ത് പോലെ വരും’ – ജുവനൈൽ ഹോമിലിരുന്നാണ് അവൾ ഒരിക്കൽ ഇതു പറഞ്ഞത്. കേട്ടുനിൽക്കെ, അതു കേൾക്കാതിരുന്നെങ്കിലെന്നു തോന്നിപ്പോയി. 2 വയസ്സു മുതൽ രണ്ടാനച്ഛനും സുഹൃത്തുക്കളും ചേർന്നു പീഡിപ്പിച്ച പെൺകുട്ടി. സ്നേഹവും ലാളനയും ഇങ്ങനെയാണെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു അവരുടെ ക്രൂരത. 13ാം വയസ്സിൽ ഗർഭിണിയായപ്പോഴാണു സ്കൂളിലെ അധ്യാപിക വഴി ചൈൽഡ് ലൈൻ പ്രവർത്തകർ അറിഞ്ഞതും കേസായതും. 

തനിക്കൊരു കുട്ടിക്കാലം ഇല്ലായിരുന്നെന്നോ മറ്റു കുട്ടികൾ ജീവിക്കുന്നത് ഇങ്ങനെയല്ലെന്നോ അവൾ മനസ്സിലാക്കിയിട്ടേ ഇല്ലായിരുന്നു എന്നു കേട്ടപ്പോൾ വിശ്വസിക്കാൻതന്നെ പ്രയാസം തോന്നി. അമ്മയുടെ കൂടി ഒത്താശയോടെയായിരുന്നു പീഡനം. പഠനവൈകല്യമുള്ള കുട്ടി. ആദ്യ ക്ലാസുകളിൽ ഓൾ പാസിലൂടെ ജയിച്ചു. പക്ഷേ, അഞ്ചിലെത്തിയിട്ടും അക്ഷരങ്ങളെല്ലാം അറിയില്ല. ആരോടും സംസാരിക്കില്ല. സ്കൂളിൽ കൊണ്ടുവിടുന്നതും തിരികെ കൊണ്ടുവരുന്നതും രണ്ടാനച്ഛൻ. ഗർഭിണിയായതും ഗർഭം അലസിയതുമെല്ലാം പറയുമ്പോൾ നിർവികാരത. ജുവനൈൽ ഹോമിലെത്തിയപ്പോൾ അൽപം അക്രമാസക്തയായിരുന്നത്രേ. 

മറ്റു കുട്ടികളോടും അവിടുത്തെ സാഹചര്യത്തോടും ഇണങ്ങാനുള്ള കഴിവില്ലായിരുന്നു. 13 വർഷമായി ദിവസവും ടൈംടേബിൾ പോലെ അവൾ അറിഞ്ഞിരുന്നതു ലൈംഗിക പീഡനം മാത്രമായിരുന്നു എന്നു കേൾക്കുമ്പോൾ ഇതു കേരളത്തിൽ തന്നെയാണോ എന്നു നമ്മുടെ നെഞ്ചിടിപ്പു കൂടും. പലവട്ടം ജുവനൈൽ ഹോമിൽ നിന്നു ചാടിപ്പോയ പെൺകുട്ടിയെ തിരികെക്കൊണ്ടുവന്നതിനെക്കുറിച്ചും വാർഡർ പറഞ്ഞു. എത്രയോ സംഭവങ്ങളിൽ ഒന്നു മാത്രമാണിത്. വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവത്തിന്റെ ചുരുളഴിഞ്ഞപ്പോൾ മൂന്ന് വയസ്സു മുതൽ കുഞ്ഞിനെ പ്രതി ഉപദ്രവിച്ചിരുന്നതായി തെളിഞ്ഞിരുന്നല്ലോ. 

child-abuse
പ്രതീകാത്മക ചിത്രം.

മുൻകാലങ്ങളിലും വീടുകൾക്കുള്ളിലും വഴിയോരങ്ങളിലും വിദ്യാലയങ്ങളിലുമെല്ലാം ലൈംഗിക പീഡനങ്ങളും വീടുകളോ ചില പ്രത്യേക സ്ഥലങ്ങളോ കേന്ദ്രീകരിച്ച് അനാശാസ്യ ഇടപാടുകളും ഉണ്ടായിട്ടുണ്ട്. എന്നാൽ, സംഘം ചേർന്നുള്ള പീഡിപ്പിക്കൽ, കുട്ടികളെയും സ്ത്രീകളെയും വലയിലാക്കി വിൽപന നടത്തൽ, ഓൺലൈൻ വഴിയുള്ള ചൂഷണങ്ങൾ, ലൈംഗിക വിഡിയോകളുടെ വിൽപന, അനാശാസ്യം ലക്ഷ്യമിട്ടുള്ള മനുഷ്യക്കടത്ത് തുടങ്ങിയവ നമ്മുടെ നാട്ടിൽ കുറവായിരുന്നു. വിതുര, സൂര്യനെല്ലി കേസുകൾ ഉയർന്നുവന്ന കാലത്ത് സാമൂഹിക ശാസ്ത്രജ്ഞരിൽ പലരും കേരളത്തെ കാത്തിരിക്കുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളായി അതു തള്ളിക്കളഞ്ഞു. എന്നാൽ ഇന്നോ, അനാശാസ്യ കച്ചവടങ്ങൾ വ്യാപകമായിരിക്കുന്നു. 

നമ്മുടെ ലൈംഗിക അനാരോഗ്യത്തിനുള്ള കാരണങ്ങളിൽ ചിലത് ഇവയാണ്:

∙ മാർക്കിലും പഠനത്തിലും മാത്രം ഊന്നിയ വിദ്യാഭ്യാസം. ക്ലാസിലെ ഓരോ കുട്ടിയുടെയും വ്യക്തിത്വ, മൂല്യ ബോധങ്ങൾ വളർത്തുന്നതിലും ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിലും ശ്രദ്ധയില്ല. 

∙ മാറ്റങ്ങളും വളർച്ചയുമെല്ലാം സമൂഹത്തിലെ ഒരു വിഭാഗത്തിലേക്കു മാത്രം ഒതുങ്ങുന്നു.

∙ ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധിക്കാൻ പ്രൈമറി ഹെൽത് സെന്റർ മുതലുള്ള സ്ഥാപനങ്ങൾ ഉണ്ടെങ്കിലും മാനസിക, ലൈംഗിക ആരോഗ്യകാര്യങ്ങളിൽ ബോധവൽക്കരണമോ, തുറന്ന സംസാരമോ ഹെൽപ് സെന്ററുകളോ ഇല്ല.

∙ ബന്ധുക്കളും പരിചയക്കാരും ചിലപ്പോൾ പിതാവോ സഹോദരനോതന്നെയും കുട്ടികളെ ഉപദ്രവിക്കുന്ന സംഭവങ്ങൾ ഉണ്ടാകുമ്പോൾ അതു മാനക്കേടിന്റെ പേരിൽ മറച്ചുവയ്ക്കുന്നു.

∙ ലൈംഗികതയാണു ജീവിതത്തിന്റെ ഏക അടിസ്ഥാനമെന്ന രീതിയിലുള്ള ചിന്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കപ്പെടുന്നു. 

∙ ഇന്റർനെറ്റ് ഉപയോഗം കൂടിയതോടെ സെക്സ് ഫോട്ടോകളും ചിത്രങ്ങളും കുട്ടികൾ ഉൾപ്പെടെ കൂടുതലായി കാണുകയും അതിൽ അഭിരമിക്കുകയും ചെയ്യുന്നു.

∙ ഓൺലൈൻ ആയും അല്ലാതെയും അനാശാസ്യ കച്ചവടങ്ങൾ നടക്കുന്നതായി വ്യക്തമായിട്ടും അതു തടയാൻ ഒരു തരത്തിലുള്ള കർശന നടപടികളും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല.

∙ പീഡനക്കേസുകളിൽ വിചാരണ നീളുന്നതും കുറ്റവാളികൾക്കു ശിക്ഷ ലഭിക്കാത്തതും കുറ്റകൃത്യവാസനയുള്ളവർക്കു വളമാകുന്നു.

∙ മദ്യത്തിന്റെയും ലഹരിയുടെയും ഉപയോഗം കുറ്റകൃത്യവാസന കൂട്ടുന്നു. ലഹരിവിൽപന തടയാൻ ഫലപ്രദമായ മാർഗങ്ങളില്ല. മദ്യം നാടിന്റെ മുഖ്യവരുമാനമായതുകൊണ്ട് അതു നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ നടപടികളില്ല. വ്യക്തികൾ മദ്യത്തിൽനിന്നു പിന്തിരിയുന്നതു പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക ഘടനയും നമുക്കില്ല.

∙ സംഘം ചേർന്നു പീഡിപ്പിക്കൽ പോലെയുള്ള കുറ്റങ്ങളിൽ ഏർപ്പെടുന്നവർക്ക് ശക്തമായ വ്യക്തിത്വ വൈകല്യങ്ങൾ ഉണ്ടാകും. ഇത്തരക്കാരെ കണ്ടെത്താനുള്ള മാർഗങ്ങളും നമുക്കില്ല.

∙ ജനങ്ങൾക്കു സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പഴുതടച്ച മാർഗങ്ങളുമില്ല. 

ആൺകുട്ടികൾക്കും കരുതലേകിയേ പറ്റൂ...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ മനഃശാസ്ത്രവിദഗ്ധരായ ഡോ. അരുൺ ബി. നായർ, ഡോ. ജെ. ദേവിക എന്നിവർ 2014ൽ നടത്തിയ പഠനത്തിലെ കണ്ടെത്തൽ ഇങ്ങനെയാണ്: കേരളത്തിൽ 13–16 വയസ്സുള്ള ആൺകുട്ടികളിൽ 38.6 ശതമാനവും പെൺകുട്ടികളിൽ 37.7 ശതമാനവും ജീവിതത്തിൽ ഒരിക്കലെങ്കിലും ലൈംഗിക ദുരനുഭവം ഉണ്ടായവരാണ്. 80% സംഭവങ്ങളിലും പരിചയമുള്ള ആളുകളാണു വില്ലന്മാർ. 60 ശതമാനവും ബന്ധുക്കൾ തന്നെ. 80 ശതമാനത്തിലധികം കുട്ടികൾ ഇക്കാര്യം ആരോടും പറഞ്ഞിട്ടില്ല.

child-abuse
പ്രതീകാത്മക ചിത്രം.

ഡോ. അരുൺ പറയുന്നു: ‘ആൺകുട്ടികൾക്ക് ഒരു തരത്തിലുള്ള ലൈംഗിക വിദ്യാഭ്യാസവും കിട്ടുന്നില്ല. പൂർണമായി അല്ലെങ്കിലും ആർത്തവകാലത്ത് എന്തെങ്കിലും ചില വിവരങ്ങളെങ്കിലും പെൺകുട്ടികൾക്കു കിട്ടുന്നു. എന്നാൽ, ഇതേ പ്രായത്തിലുള്ള ആൺകുട്ടികൾക്കു നിർദേശങ്ങളോ ദിശാബോധമോ സ്കൂളിലോ വീട്ടിൽനിന്നോ ലഭിക്കുന്നില്ല. സുഹൃത്തുക്കളോ മറ്റുള്ളവരോ പറയുന്ന വികലമായ കാര്യങ്ങൾ, അശ്ലീല പുസ്തകങ്ങൾ എന്നിവയായിരുന്നു പണ്ട് ഇവരെ ഈ രംഗത്തു നയിച്ചിരുന്നത്. ഇന്നാകട്ടെ ഇന്റർനെറ്റിൽ നിന്ന് ഏതു വിവരവും കിട്ടാൻ പഞ്ഞമില്ലല്ലോ. 

പൗരുഷവും ലൈംഗികതയും തമ്മിൽ അഭേദ്യബന്ധമുണ്ടെന്ന തെറ്റിദ്ധാരണയാണ് ആൺകുട്ടികൾക്ക് ഇത്തരത്തിലുള്ള വിവരങ്ങളിലൂടെ ഉണ്ടാകുന്നത്. പുരുഷനായാൽ ഇങ്ങനെ വേണം, അങ്ങനെ വേണം, സ്ത്രീകളെ കീഴ്പ്പെടുത്തണം എന്നിങ്ങനെയുള്ള തെറ്റായ ചിന്തകൾ. അശാസ്ത്രീയവും വികലവുമായ ഇത്തരം ദൃശ്യങ്ങളും ചിന്തകളും നിരന്തരം ഉണ്ടാകുന്നതോടെ ഇതാണു ലോകമെന്ന ധാരണയിലേക്കാണു കുട്ടികൾ വളരുന്നത്. വീടുകളിൽ ആൺകുട്ടികൾക്കു ഘട്ടം ഘട്ടമായി കൃത്യമായ ലൈംഗിക അവബോധം നൽകാൻ അച്ഛന്മാർ മുൻകയ്യെടുക്കണം.’

ബലപ്രയോഗമല്ല പൗരുഷം

ആൺകുട്ടികൾക്കു കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുമ്പോൾ പെൺകുട്ടികളെ അങ്ങനെ വിട്ടാൽ പറ്റില്ലെന്ന ചിന്താഗതിയാണു സമൂഹത്തിനെന്നു ഡോ. അരുൺ ബി.നായർ പറയുന്നു. ‘പെൺകുട്ടികൾ മാത്രം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്ന ചിന്തയാണിവിടെ വരുന്നത്. അധികാരം സ്ഥാപിക്കപ്പെടേണ്ട വ്യക്തിയാണു സ്ത്രീ എന്നും അവൾ എന്നും വിധേയയായി കഴിയേണ്ടതാണെന്നും ആണും പെണ്ണും ചിന്തിക്കാൻ ഇത്തരം വിവേചനം ഇടയാക്കും. 

dr-arun
ഡോ. അരുൺ ബി.നായർ.

ആരോഗ്യകരമായ ലൈംഗിക ഇടപെടലിൽ ഏറ്റവും വേണ്ടതാണ് ഉഭയകക്ഷി സമ്മതം. എന്നാൽ നമ്മുടെ സാംസ്കാരിക പശ്ചാത്തലത്തിൽ സ്ത്രീകളോടു സമ്മതം ചോദിക്കേണ്ടതില്ലെന്ന ചിന്തയാണു പ്രചരിക്കുന്നത്. ബലപ്രയോഗത്തിലൂടെ നേടുന്നതിലും തെറ്റില്ലെന്ന ധാരണ വളരുന്നു. ഇതു മാറേണ്ടത് ആവശ്യമാണ്. മകൻ–മകൾ വളർത്തുരീതിയിൽ തുല്യത വേണം. മകനും മകൾക്കും ഒരേപോലെ സംരക്ഷണം നൽകണം. ഒരേ പോലെ അവരെ ഉത്തരവാദിത്തം പഠിപ്പിക്കണം. പരസ്പരം ബഹുമാനിക്കാനും, പെൺകുട്ടികളെ ബഹുമാനിക്കാനും പഠിപ്പിക്കണം. 

ഇതു പറഞ്ഞുകൊടുത്തുകൊണ്ടു മാത്രമായില്ല, അച്ഛൻ അമ്മയെ ബഹുമാനിക്കുന്നതു കണ്ടു കുട്ടി വളരണം. അച്ഛനും അമ്മയും തമ്മിലുള്ള സഭ്യമായ സംസാരം, മർദനമോ ചീത്തവിളിയോ ഇല്ലാത്ത അവരുടെ ബന്ധം, ഇരുവരും പരസ്പരം അഭിപ്രായങ്ങളെ മാനിക്കുന്നത്, അനാവശ്യമായി കുറ്റപ്പെടുത്തുകയും  പരിഹസിക്കുകയും ചെയ്യാതെ തുല്യതയോടെ ജീവിക്കുന്നത് എന്നിവയെല്ലാം കുട്ടി കണ്ടു പഠിക്കണം. അമ്മയെ തല്ലുന്ന അച്ഛനെക്കുറിച്ചു നല്ല അഭിപ്രായം ഇല്ലെങ്കിലും സ്ത്രീകളോടുള്ള ഇടപെടലിൽ അധികാര സ്വഭാവം വേണമെന്ന ചിന്ത മക്കളിൽ വളരാൻ അത്തരം കാഴ്ചകൾ കാരണമാകും.’

12 വയസ്സുവരെ ലൈംഗിക ദൃശ്യങ്ങൾ വേണ്ട

സമൂഹത്തിൽ സംഭവിച്ച അർധ പാശ്ചാത്യവൽക്കരണത്തെക്കുറിച്ചും ഡോ. അരുൺ മുന്നറിയിപ്പു നൽകുന്നു. ‘പാശ്ചാത്യ ദൃശ്യങ്ങളുടെയും സംസ്കാരത്തിന്റെയും സ്വാധീനം വളരെ കൂടുതലാണിപ്പോൾ. എന്നാൽ, പരമ്പരാഗത മൂല്യങ്ങളിൽനിന്നു പൂർണമായി നാം മാറിയിട്ടുമില്ല. വിദേശത്തേതു പോലെ വീടുകളിൽ പൂർണ സ്വാതന്ത്ര്യം നൽകുന്ന അവസ്ഥയല്ല. പക്ഷേ, ടിവിയും മൊബൈലും വഴി പാശ്ചാത്യ നാടുകളിലെ  ജീവിത ദൃശ്യങ്ങളും പശ്ചാത്തലവും നിരന്തരം കണ്ട് കുട്ടികൾ വളരുന്നു. 

12 വയസ്സിൽ താഴെയുള്ള പ്രായത്തിൽ കുട്ടികളുടെ മനസ്സിലേക്കു കയറുന്ന കാര്യങ്ങൾ വലിയ തോതിൽ അവരുടെ പെരുമാറ്റത്തെ സ്വാധീനിക്കാം. 9–10 വയസ്സുള്ള കുട്ടി പാഠഭാഗം തെറ്റായി പഠിച്ചു വച്ചാൽ, അതു മുതിർന്നവർ തിരുത്താൻ ശ്രമിച്ചാൽ സമ്മതിക്കില്ല. അധ്യാപിക ഇതാണു പഠിപ്പിച്ചത് എന്നു പറയും. ഇതേ കുട്ടി 14–15 പ്രായത്തിലെത്തിയാൽ പഠിപ്പിക്കുന്നത് അതേ പടി വിഴുങ്ങില്ല. ഗുണ–ദോഷ യുക്തി വിചാരം (ക്രിട്ടിക്കൽ തിങ്കിങ്) ഇല്ലാത്ത പ്രായത്തിൽ കണ്ടും അറിഞ്ഞും വളരുന്നത് തലച്ചോറിനെ സ്വാധീനിക്കും. 

ലൈംഗിക സ്വഭാവമുള്ള ദൃശ്യങ്ങൾ നിരന്തരം കാണുന്നതു മറ്റുള്ളവരുടെ മേൽ പരീക്ഷിക്കാമെന്ന തോന്നലുമുണ്ടാകും. ഇന്റർനെറ്റ് സുലഭമായതോടെ ഇത്തരം ദൃശ്യങ്ങൾ കൊച്ചുകുട്ടികൾ ഉൾപ്പെടെ ധാരാളമായി കാണുന്നു. 12 വയസ്സുവരെയെങ്കിലും കുട്ടികളെ ഇത്തരം കാര്യങ്ങളിൽ നിന്നു കഴിവതും സംരക്ഷിക്കുക. കൗമാരക്കാരിൽ ഉൾപ്പെടെകാണുന്ന  ലഹരി –മദ്യ ഉപയോഗം ഇത്തരം പ്രവണതകൾ കൂടാനിടയാക്കുന്നു. ആത്മനിയന്ത്രണത്തിന്റെ കേന്ദ്രമായ തലച്ചോറിന്റെ മുൻഭാഗത്തുള്ള പ്രീഫ്രണ്ടൽ കോർട്ടെക്സിന്റെ പ്രവർത്തനം മന്ദീഭവിക്കാൻ ലഹരി–മദ്യ അടിമത്തം കാരണമാകും.’

സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യമുള്ളവരെ കണ്ടെത്താം

വ്യക്തിത്വ – പെരുമാറ്റ വൈകല്യങ്ങൾ പല തരത്തിലുണ്ട്. അതിലൊന്നാണ് സാമൂഹിക വിരുദ്ധ (ആന്റി സോഷ്യൽ) വ്യക്തിത്വ വൈകല്യമെന്നും ലൈംഗിക കുറ്റകൃത്യവാസന പ്രകടിപ്പിക്കുന്നവരെ ഒരു പരിധിവരെ ചികിത്സയിലൂടെ സാധാരണ നിലയിലേക്കു കൊണ്ടുവരാമെന്നും ഡോ. അരുൺ വ്യക്തമാക്കുന്നു. ‘മറ്റുള്ളവരുടെ വികാരം മാനിക്കാതിരിക്കൽ, ദേഷ്യം, അക്രമം, നിഷേധം, കള്ളം പറയൽ, മോഷണം, മൃഗങ്ങളെയും സഹപാഠികളെയും ക്രൂരമായി ഉപദ്രവിക്കൽ തുടങ്ങിയ ലക്ഷണങ്ങൾ ഇത്തരക്കാർ ചെറുപ്പം മുതൽ കാണിക്കാം. കൗമാരത്തിലെത്തുമ്പോൾ സമാന സ്വഭാവമുള്ളവരുമായി ഒത്തു ചേരുകയും അക്രമം, കൂട്ട ബലാൽസംഗം തുടങ്ങിയ കുറ്റങ്ങളിലേർപ്പെടുകയും ചെയ്യാം. കുറ്റബോധം തെല്ലുമുണ്ടാകുകയുമില്ല. 

child-abuse
പ്രതീകാത്മക ചിത്രം.

മറ്റുള്ളവരുടെ വികാരം മനസ്സിലാക്കാൻ (അനുതാപം) സഹായിക്കുന്ന ദർപ്പണ നാഡീവ്യൂഹം (മിറർ ന്യൂറോൺസ്) ഇവരിൽ വേണ്ടത്ര വികസിച്ചിട്ടുണ്ടാകില്ല. അനുഭവങ്ങളാകാം ചിലരെ ഇങ്ങനെയാക്കുന്നത്. ചിലർക്കു പാരമ്പര്യമായി ഉള്ളതാകാം. മറ്റൊരു വിഭാഗമുണ്ട്– മറ്റു പെരുമാറ്റത്തിൽ അസ്വാഭാവികത ഇല്ലാത്ത ചിലർക്കു ലൈംഗിക വൈകൃതങ്ങൾ ഉണ്ടാകാം. ജോലിയിലോ മറ്റുള്ളവരോടുള്ള ഇടപെടലിലോ പ്രശ്നമുണ്ടാകാത്തതിനാൽ ഇവരെ തിരിച്ചറിയാൻ പ്രയാസമാണ്. കുട്ടികളെ പീഡിപ്പിക്കുന്ന (പീഡോഫീലിയ) വൈകൃതം ഉള്ളവർ ഇതിന് ഉദാഹരണമാണ്.

വീട്ടിൽ നിന്നു ലൈംഗിക വിദ്യാഭ്യാസം തുടങ്ങണം. കുടുംബാംഗങ്ങൾ തമ്മിൽ എല്ലാ കാര്യവും തുറന്നു സംസാരിക്കണം. കുട്ടികളോടു ദിവസവും അരമണിക്കൂറെങ്കിലും സംസാരിക്കാൻ രക്ഷിതാക്കൾ തയാറാകണം.  ജീവിത നിപുണതാ വിദ്യാഭ്യാസം കൊടുക്കണം. പ്രശ്നമുള്ള കുടുംബ പശ്ചാത്തലത്തിൽ നിന്നു വരുന്ന കുട്ടികൾക്ക് അതിജീവനശേഷി പരിശീലനം നൽകാനും സംവിധാനം വേണം. ഇത്തരം മാർഗങ്ങളിലൂടെ സമൂഹത്തിന്റെ ലൈംഗിക ആരോഗ്യം വീണ്ടെടുക്കാം’.

പീഡനം നടന്നതിനു ശേഷം ഇടപെടുകയല്ല, പ്രതിരോധം ഉറപ്പാക്കുകയാണു വേണ്ടത്

അഭിനയിക്കാൻ അവസരം നൽകാം, മോഡലിങ്ങിൽ സഹായിക്കാം, ജോലി വാങ്ങിത്തരാം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി പെൺകുട്ടികളെ ലൈംഗികക്കെണിയിൽ പെടുത്തുന്ന ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടും അതിൽനിന്നു സമൂഹം പാഠം പഠിച്ചിട്ടില്ലെന്നതു ശ്രദ്ധിക്കേണ്ടതാണെന്ന് കൊച്ചി കടവന്ത്ര ഉണർവ് മൈൻഡ് ആൻഡ് ബിഹേവിയർ സെന്ററിലെ മനഃശാസ്ത്രവിദഗ്ധ ഡോ. ശാലിനി നായർ പറയുന്നു. ‘വികസനത്തിന്റെ പാതയിൽ സമൂഹം മുന്നേറുന്നുവെന്നു പറയുമ്പോഴും സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവം കൂടുതൽ മോശമായി വരുന്നതായാണു കണ്ടുവരുന്നത്. സ്ത്രീകളെ അപമാനിക്കുന്നതിന്റെയും അവരെ ഉപഭോഗ വസ്തുവായി കാണുന്നതിന്റെയും തോത് ഏറുന്നു. 

dr-shalini
ഡോ. ശാലിനി നായർ.

ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും എല്ലാം സ്ത്രീകളെ ഉപഭോഗവസ്തുവായാണു ചിത്രീകരിക്കുന്നത്. ഇക്കാര്യങ്ങളിൽ മാറ്റം വന്നേ പറ്റൂ. അതിനു സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചു മുൻകയ്യെടുക്കണം. സ്ത്രീയെന്നാൽ ശരീരമാണ്, അവരെ കീഴ്പ്പെടുത്തുകയെന്നതു പുരുഷന്മാരുടെ അവകാശമാണ് എന്ന ചിന്ത മാറാൻ ചെറുപ്പം മുതൽ കൃത്യമായ ബോധവൽക്കരണം ആവശ്യമാണ്. എല്ലാ പ്രായത്തിലുള്ളവരും പേടിക്കേണ്ട അവസ്ഥയാണിപ്പോൾ. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നു പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോഴും ഒരു കാര്യം ഓർക്കണം– പുറത്തുവരാത്ത സംഭവങ്ങൾ ഇതിന്റെ പതിന്മടങ്ങാണ്. എന്തൊരു ഭീകരമായ അവസ്ഥയാണിതെന്നു തിരിച്ചറിഞ്ഞ് സർക്കാരും നിയമസംവിധാനവും സമൂഹത്തിലെ എല്ലാ ഘടകങ്ങളും കൂട്ടായി പ്രവർത്തിച്ചു വേണം പരിഹാരം കാണാൻ. 

ലൈംഗിക അതിക്രമത്തെക്കുറിച്ചു പരാതിപ്പെടാൻ വരുന്നവർക്കു മാനസിക പിന്തുണ നൽകുന്നതിനു പകരം അവരോടു മോശമായി പെരുമാറുന്ന തെറ്റായ പ്രവണത പൊലീസോ വനിതാ കമ്മിഷനോ മറ്റു സഹായകേന്ദ്രങ്ങളോ പിന്തുടരരുത്. പീഡനം ഉണ്ടായതിനു ശേഷം ഇടപെടുന്നതിനു പകരം അതു പ്രതിരോധിക്കാനുള്ള പദ്ധതികൾക്കാണു മുൻതൂക്കം നൽകേണ്ടത്. ലൈംഗിക പീഡനസംഭവങ്ങൾ ഏൽപിക്കുന്ന ആഘാതത്തിൽ തളരുന്ന കുട്ടികൾ, വർഷങ്ങളോളം നീളുന്ന വിചാരണയിൽ വീണ്ടും വീണ്ടും തളർന്നു വീഴുകയാണെന്നു മനസ്സിലാക്കണം. പഴുതടച്ച, കർശനമായ നിയമങ്ങൾ, അതിവേഗ വിചാരണ എന്നിവ ഉണ്ടാകുകയും അതിനൊപ്പം സമൂഹത്തിന്റെ മാനസിക, ലൈംഗിക ആരോഗ്യം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികൾ നടപ്പാകുകയും വേണം.

സ്ത്രീകളെ ആക്രമിച്ചു കീഴ്പ്പെടുത്താമെന്ന അധികാര ചിന്തയും അമിത ലൈംഗികാസക്തിയെ വളർത്തുന്ന ചുറ്റുപാടുകളുമാണ് പലപ്പോഴും പ്രശ്നമാകുന്നത്. നീലച്ചിത്രങ്ങളും ദൃശ്യങ്ങളും കാണുന്നതിൽ മുൻപന്തിയിലാണു മലയാളികളെന്നാണു കണക്ക്. അതിൽ തന്നെ കുട്ടികൾ ഉൾപ്പെട്ട ഇത്തരം ദൃശ്യങ്ങൾ കാണുന്നതിലും കേരളത്തിലെ ചില നഗരങ്ങൾ ആദ്യ 5 സ്ഥാനങ്ങളിൽ വരുന്നതായാണു റിപ്പോർട്ട്.’’ 

16 മിനിറ്റിൽ ഒരു ലൈംഗിക പീഡനം വീതം; ഇന്ത്യ ഇതെങ്ങോട്ടാണ്?

മുംബൈയിൽ ലൈംഗിക പീഡനത്തിനു ശേഷം യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പുദണ്ഡ് കയറ്റി ക്രൂരമായി ജീവനെടുത്ത വാർത്ത വായിച്ചപ്പോൾ ആദ്യം ഉള്ളിൽ വന്ന ചോദ്യമിതാണ്; ഇനിയുമെത്ര ‘നിർഭയ’മാർ ഉണ്ടായാലാണ് ലൈംഗികപീഡനങ്ങൾക്ക് അറുതിവരുത്താൻ ഇന്ത്യയ്ക്കാകുക എന്ന്. ഓരോ 16 മിനിറ്റിലും ഇന്ത്യയിൽ ഒരു ലൈംഗിക പീഡനം നടക്കുന്നുവെന്നാണു ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക്. 2019ൽ 32,033 ബലാൽസംഗക്കേസുകളാണു റിപ്പോർട്ട് ചെയ്തത്. കേസ് റജിസ്റ്റർ ചെയ്യാത്തവ ഇതിലും എത്രയോ ഇരട്ടിയാണ്. അനാശാസ്യ കച്ചവടവും ഇതിനായുള്ള മനുഷ്യക്കടത്തും ഓൺലൈൻ സെക്സ് ട്രേഡുമെല്ലാമായി ഇന്ത്യയുടെ ലൈംഗിക അരാജകത്വം സഞ്ചരിക്കുന്ന വഴികൾ ഞെട്ടിക്കുന്നതാണ്. അതേക്കുറിച്ച് അടുത്ത ദിവസം...

English Summary: How Lack of Sexual Education is Badly Affecting Kerala Children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA