ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് നേതൃനിരയിലേക്ക് രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവിന്റെ വ്യക്തമായ സൂചനയാണ് പഞ്ചാബ് രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളെന്ന് വിലയിരുത്തൽ. നവ്ജ്യോത് സിങ് സിദ്ദു ഉയർത്തിയ കലാപക്കൊടിക്കു പിന്നാലെ ക്യാപ്റ്റൻ അമരിന്ദർ സിങ്ങിന് മുഖ്യമന്ത്രിക്കസേര ഒഴിയേണ്ടി വന്നപ്പോൾ, അതിനു പിന്നിൽ രാഹുലിന്റെ കരുനീക്കങ്ങൾ പ്രകടമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരിച്ചെത്തുന്നതിനു മുൻപുള്ള ‘ശുദ്ധികലശ’മാണ് പഞ്ചാബിൽ നടന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍, സിപിഐ നേതാവ് കനയ്യ കുമാര്‍ തുടങ്ങിയവരെ കോണ്‍ഗ്രസില്‍ എത്തിക്കാനുള്ള നീക്കങ്ങളും രാഹുല്‍ നടത്തുന്നുണ്ട്. ഏകദേശം നാലു മാസം മുൻപു തുടങ്ങിയ പ്രതിസന്ധിയാണ് ശനിയാഴ്ച, അമരിന്ദറിന്റെ രാജിയിലൂടെ അവസാനിച്ചത്. അമരിന്ദറിനെതിരെ പരാതിയുമായി എത്തിയപ്പോൾ മുതൽ സിദ്ദുവിന് രാഹുൽ ഗാന്ധിയുടെ പൂർണപിന്തുണയുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധിയും രാഹുലിന് ഒപ്പംനിന്നു.

സിദ്ദുവിനെ പിസിസി പ്രസിഡന്റാക്കി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും അമരിന്ദറിന്റെ ജനപ്രീതി ഇടിഞ്ഞെന്ന ആഭ്യന്തര റിപ്പോർട്ട് കിട്ടിയതോടെ രാഹുൽ വീണ്ടും ഇടപെട്ടു. അമരിന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാർ കത്തെഴുതിയത് പോലും ഹൈക്കമാൻഡിന്റെ അറിവോടെയാണെന്നാണു റിപ്പോർട്ടുകൾ.

സോണിയ ഗാന്ധിയും രാഹുൽ‌ ഗാന്ധിയും
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി

പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത് സോണിയ ഗാന്ധിയാണെങ്കിലും നിർണായക തീരുമാനങ്ങളെല്ലാം രാഹുലിന്റെ അറിവോടെ മാത്രമാണ്. ഇതിനെതിരെയാണ് ജി–23 നേതാക്കൾ രംഗത്തെത്തിയത്. എന്നാൽ ജി–23 നേതാക്കൾ ഉൾപ്പെടെയുള്ളവർക്കുള്ള മുന്നറിയിപ്പാണ് ഹൈക്കമാൻഡിന്റെ ഇപ്പോഴത്തെ നടപടികൾ എന്നാണ് വിലയിരുത്തൽ. ജി–23ൽ ഉൾപ്പെടാത്ത കോൺഗ്രസിനുള്ളിലെ ചില മുതിർന്ന നേതാക്കളടക്കം ഇതു സമ്മതിക്കുന്നു.

‘വെട്ട് ഒന്ന്, മുറി രണ്ട്’ എന്ന രാഹുൽ ശൈലിയാണ് കോൺഗ്രസിന്റെ പല തീരുമാനങ്ങളിലും ഇപ്പോൾ പ്രകടമാകുന്നത്. കേരളത്തിൽ ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതിൽ ഉൾപ്പെടെ ഇക്കാര്യം വ്യക്തമായിരുന്നു. ഗ്രൂപ്പ് നോക്കാതെ പ്രസിഡന്റുമാരെ നിയമിക്കണമെന്ന രാഹുലിന്റെ ഉറച്ച നിലപാടാണ് കേരളത്തിൽ നടപ്പായത്. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായം പോലും തേടിയില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണു പുറത്തുവന്നത്. കേരളത്തിൽനിന്നുള്ള എംപിയെന്ന നിലയിൽ ഇവിടുത്തെ സംഘടനാ കാര്യങ്ങൾ പൂർണമായും രാഹുലിന്റെ നിയന്ത്രണത്തിലാണ്.

എന്നാൽ മറ്റു സംസ്ഥാനങ്ങളിലും ഒരു ‘പൊളിച്ചെഴുത്ത്’ രാഹുൽ ആഗ്രഹിക്കുന്നു. അതിന്റെ തുടക്കമാണ് പഞ്ചാബിൽ കണ്ടത്. ഈ ‘പഞ്ചാബ് മോഡൽ’ കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളായ രാജസ്ഥാനിലും ഛത്തീസ്ഡിലും നടപ്പാകുമോ എന്നാണ് ഇപ്പോഴത്തെ ആകാംക്ഷ. അമരിന്ദറിന്റെ രാജിക്കു പിന്നാലെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് നടത്തിയ പ്രസ്താവന അതിന് ആക്കം കൂട്ടുന്നു. എംഎൽമാരുടെയും ജനങ്ങളുടെയും അഭിപ്രായമനുസരിച്ചാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുക്കുന്നതെന്നായിരുന്നു ഗെലോട്ടിന്റെ ട്വീറ്റ്.

സംസ്ഥാനത്ത് വിമതശബ്ദമുയർത്തിയ സച്ചിൻ പൈലറ്റിന്റെ പക്ഷത്തുള്ള എംഎൽഎമാരേക്കാൾ കൂടുതൽ തന്റെ ഒപ്പമുണ്ടെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുകയായിരുന്നു ഗെലോട്ടിന്റെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഛത്തീസ്ഗഡിലും ഭൂരിപക്ഷം എംഎൽഎമാർ പിന്തുണയ്ക്കുന്നതിനാലാണ് ഭൂപേഷ് ബാഗേൽ ഇപ്പോഴും തുടരുന്നത്. എന്നാൽ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള രാഹുലിന്റെ കളമൊരുക്കലിൽ ഇവരുടെ സ്ഥിതി എന്താകുമെന്ന് കണ്ടുതന്നെ അറിയണം.

Content Highlights: Congress, Rahul Gandhi, Punjab, Amarinder Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com