ഭവാനിപുരിൽ അങ്കത്തട്ടൊരുങ്ങുന്നു; മമതയെ അട്ടിമറിക്കുമോ പ്രിയങ്ക?

mamata-priyanka
മമത ബാനർജി, പ്രിയങ്ക തിബ്രേവാള്‍
SHARE

സുവേന്ദു അധികാരിയപ്പോലെ മമത ബാനർജിക്കെതിരെ അട്ടിമറി വിജയം നേടാന്‍ പ്രിയങ്കയ്ക്കാകുമോ?. ബംഗാള്‍ മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയംതന്നെ ഉറ്റുനോക്കുന്നത് അതാണ്. മമതയെ വീഴ്ത്താൻ സകല തന്ത്രങ്ങളും പയറ്റുന്ന ബിജെപി, നിയമസഭാ തിരഞ്ഞെടുപ്പിലേതു പോലെ ഉപതിരഞ്ഞെടുപ്പിലും ഒരു അട്ടിമറിയാണു പ്രതീക്ഷിക്കുന്നത്. അങ്ങനെയുണ്ടായാല്‍ മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകും. സുവേന്ദുവിന്റെ വിജയം പോലെ, ബിജെപിക്ക് അതു മറ്റൊരു പൊന്‍തൂവലും.

സെപ്റ്റംബര്‍ 30 ന് ബംഗാളിലെ ഭവാനിപുര്‍ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരായ ബിജെപി സ്ഥാനാര്‍ഥിയാണ് 41 കാരിയായ അഭിഭാഷക പ്രിയങ്ക തിബ്രെവാള്‍. പാര്‍ട്ടിയുടെ യുവജനവിഭാഗം ഉപാധ്യക്ഷയായ പ്രിയങ്ക, കല്‍ക്കട്ട ഹൈക്കോടതിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമ കേസുകളില്‍ ഹര്‍ജിക്കാരിയും ബിജെപിയുടെ അഭിഭാഷകയുമായിരുന്നു. 

ഭവാനിപുരില്‍ മമതയുടെ എതിരാളിയാകാന്‍ ബിജെപിയില്‍ നിരവധി പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും അവസാനം പട്ടിക രണ്ടു പേരിലൊതുങ്ങി– പ്രിയങ്ക തിബ്രേവാളും ബിശ്വജിത് സര്‍ക്കാരും (നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ബംഗാളിലുണ്ടായ അക്രമത്തില്‍ കൊല്ലപ്പെട്ട അഭിജിത് സര്‍ക്കാരിന്റെ മൂത്ത സഹോദരനാണ് ബിശ്വജിത്). ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രിയങ്കയുടെ പേര് പ്രഖ്യാപിച്ചു. മുഖ്യമന്ത്രിക്കെതിരെയും തിരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമങ്ങളിൽ ഇരയായവര്‍ക്കു വേണ്ടി നിലകൊണ്ടു എന്നത് എടുത്തു പറഞ്ഞായിരുന്നു പാർട്ടി പ്രിയങ്കയുടെ പേര് പ്രഖ്യാപിച്ചത്.

∙ പ്രിയങ്ക തിബ്രേവാള്‍

മമതയ്ക്കു കരുത്തുറ്റ എതിരാളിയെന്ന് ബിജെപി വിശേഷിപ്പിക്കുന്ന പ്രിയങ്ക അഭിഭാഷക കുടുംബാംഗമാണ്. 1981 ജൂലൈ 7ന് കൊല്‍ക്കത്തയില്‍ ജനനം. വെല്ലാന്‍ഡ് ഗൗള്‍ഡ്‌സ്മിത്ത് സ്‌കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ അവര്‍ 2007 ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയിലെ ഹസ്ര ലോ കോളജില്‍നിന്നു നിയമ ബിരുദവും നേടി. 2009 ല്‍ തായ്‌ലന്‍ഡിലെ അസംപ്ഷന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ എംബിഎ പൂര്‍ത്തിയാക്കി. കല്‍ക്കത്ത ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്യുന്നു.

priyanka-tibriwal-1
പ്രിയങ്ക തിബ്രേവാള്‍

ബാബുല്‍ സുപ്രിയോ ഉള്‍പ്പെടെയുള്ള നിരവധി ബിജെപി നേതാക്കളുടെ ഉപദേശകയായിരുന്ന പ്രിയങ്ക, സുപ്രിയോയുടെ നിര്‍ദേശപ്രകാരമാണ് ബിജെപിയില്‍ ചേരുന്നത്. 2014ല്‍ ബിജെപിയുടെ ലീഗല്‍ സെല്‍ അംഗമായാണ് തുടക്കം. 2015ല്‍ ദിലീപ് ഘോഷ് ബംഗാള്‍ ബിജെപിയുടെ ചുമതല ഏറ്റെടുത്തതോടെ പ്രിയങ്ക പാര്‍ട്ടിയുടെ യുവജന വിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളിലും മറ്റും പങ്കെടുത്തിട്ടുണ്ട്. 2020ല്‍ ബിജെപിയുടെ യുവജന വിഭാഗത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി. യുവമോര്‍ച്ചയിലെ മുതിര്‍ന്ന അംഗവുമാണ്. 

2015ല്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പ്രിയങ്കയുടെ അരങ്ങേറ്റം. പരാജയമായിരുന്നു ഫലം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്റലി മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്വര്‍ണ കമല്‍ സാഹയോട് 50,000ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 

∙ ബിജെപിയും തൃണമൂലും പറയുന്നത്

പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള വാക്പോരും രൂക്ഷമായി. മമതയെ പ്രിയങ്ക അട്ടിമറിക്കുമെന്ന് ബിജെപി നേതാക്കള്‍ വാദിക്കുമ്പോള്‍, അങ്ങനെ സംഭവിക്കില്ലെന്നാണ് തൃണമൂല്‍ നേതാക്കളുടെ മറുപടി.

‘ക്രൂരമായ അക്രമം നടത്തിയയാളും (മമതാ ബാനര്‍ജി) അക്രമത്തിനെതിരെയും ഇരകള്‍ക്കും വേണ്ടിയും പോരാടിയയാളും തമ്മിലുള്ള മത്സരത്തിന് ബംഗാള്‍ സാക്ഷ്യം വഹിക്കും. പ്രിയങ്ക യുവ രാഷ്ട്രീയ പ്രവര്‍ത്തകയാണെങ്കിലും മുഖ്യമന്ത്രിക്കും അവരുടെ ഭരണത്തിനും എതിരെ നിലകൊണ്ടു. ബംഗാളില്‍ മമതാ ബാനര്‍ജിക്കെതിരെ സ്ഥാനാര്‍ഥിയാകുന്നത് എളുപ്പമല്ല. ചെളി വാരിയെറിയലും വ്യക്തിപരമായ ആക്രമണങ്ങളും ഉണ്ടാകും. കോടതിയില്‍ പ്രിയങ്കയുടെ വാദങ്ങള്‍ കേട്ടവര്‍ക്ക് അവര്‍ തീക്ഷ്ണതയുള്ള, ഭയമില്ലാത്ത ആളാണെന്നറിയാം’ - ബിജെപി എംപി അര്‍ജുന്‍ സിങ് പറഞ്ഞു. ഭവാനിപുരില്‍ ബിജെപി നിയോഗിച്ച നിരീക്ഷകനാണ് അര്‍ജുന്‍ സിങ്.

priyanka-tibriwal-2
പ്രിയങ്ക തിബ്രേവാള്‍

‘എന്റലിയിലെ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ മുതിര്‍ന്ന നേതാവിനോട് വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടയാളാണ് പ്രിയങ്ക. ഇപ്പോള്‍ മമതാ ബാനര്‍ജിയെ വെല്ലുവിളിക്കാന്‍ അവര്‍ക്ക് ബിജെപി ചെറിയൊരവസരം നല്‍കിയിരിക്കുന്നു’ - തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് പറഞ്ഞു.

∙ നാമനിര്‍ദേശ പത്രികയ്ക്കു പിന്നാലെ നോട്ടിസ്  

ഉപതിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രണ്ട് ദിവസത്തിനുള്ളില്‍ പ്രിയങ്കയ്ക്ക് തിരഞ്ഞെടുപ്പു കമ്മിഷന്റെ നോട്ടിസ് ലഭിച്ചു. പത്രിക സമര്‍പ്പിച്ച ദിവസം പ്രിയങ്ക തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ചെന്നു നോട്ടിസില്‍ പറയുന്നു. പത്രിക സമര്‍പ്പിക്കുന്നതിനു മുന്‍പും ശേഷവും റാലിയില്‍ അനുവദനീയമായ എണ്ണത്തിലധികം വാഹനങ്ങളുണ്ടായിരുന്നെന്നാണ് ആരോപണം. എന്നാല്‍ താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് തന്നെ തടയാനുള്ള ശ്രമമാണെന്നുമാണ് പ്രിയങ്കയുടെ വാദം. 

∙ എന്തുകൊണ്ട് ഉപതിരഞ്ഞെടുപ്പ്  

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164 (4) അനുസരിച്ച്, നിയമസഭാംഗമല്ലാത്ത ഒരാള്‍ക്ക് ആറുമാസം വരെ മുഖ്യമന്ത്രിയോ മന്ത്രിയോ ആയിരിക്കാം. പക്ഷേ ഈ കാലയളവിനുള്ളില്‍ തിരഞ്ഞെടുപ്പിൽ ജയിച്ച് നിയമസഭാംഗമാകണം. അതിനു സാധിച്ചില്ലെങ്കിൽ സ്ഥാനമൊഴിയേണ്ടിവരും.  ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന തീരഥ് സിങ് റാവത്ത് കഴിഞ്ഞ ജൂലൈയില്‍ രാജിവയ്ക്കാൻ കാരണമായത് ഇതേ ഭരണഘടനാ തടസമായിരുന്നു. 

priyanka-tibriwal-5
പ്രിയങ്ക തിബ്രേവാള്‍

മേയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയെ വെല്ലുവിളിച്ചുകൊണ്ടാണ് സ്വന്തം തട്ടകമായ ഭവാനിപുർ വിട്ട് മമത നന്ദിഗ്രാമില്‍ മത്സരിച്ചത്. പക്ഷേ പരാജയമായിരുന്നു ഫലം. 1956 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സുവേന്ദു ജയിച്ചു. സംസ്ഥാനത്തു തൃണമൂൽ ഭൂരിപക്ഷ് നേടിയതിനെ തുടർന്ന് മുഖ്യമന്ത്രിയായി മമത അധികാരമേറ്റു. പക്ഷേ ആ സ്ഥാനത്തു തുടരണമെങ്കില്‍ നവംബര്‍ അഞ്ചിനകം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണം. അതിനാല്‍ ഉപതിരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പു കമ്മിഷനു മേല്‍ ബംഗാള്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. 

കൃഷിമന്ത്രി സോവന്‍ദേവ് ചാറ്റര്‍ജിയാണ് മമതയ്ക്കുവേണ്ടി ഭവാനിപുര്‍ സീറ്റ് ഒഴിഞ്ഞുകൊടുത്തത്. സിപിഎം നേതാവായ ശ്രിജിബ് ബിശ്വാസ് ആണ് മമതയ്ക്കെതിരായ ഇടതു സ്ഥാനാര്‍ഥി. മമതയ്ക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നു കോണ്‍ഗ്രസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഭവാനിപുരിലും സംസര്‍ഗഞ്ച്, ജാംഗിപുര്‍ എന്നിവിടങ്ങളിലേക്കും നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒക്ടോബര്‍ മൂന്നിനാണ്.

English Summary: Who is Priyanka Tibrewal, the BJP lawyer who will take on Mamata Banerjee in Bhabanipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA