ADVERTISEMENT

തെന്മല∙ കൊല്ലം ആര്യങ്കാവ് ചുരമിറങ്ങി അതിർത്തിക്കപ്പുറം എത്തിയാൻ നല്ല ‘ഒന്നാം ക്ലാസ് വടയും ചട്നിയും’ തിന്നാം, അതും കേരളത്തിലെ പാഠപുസ്തകത്തിന്റെ പുറംചട്ടയിൽ നിർമിച്ച പേപ്പർ പ്ലേറ്റിൽ. സംസ്ഥാന സർക്കാരിന്റെ മുദ്ര പതിച്ചതും വിദ്യാഭ്യാസ വകുപ്പ് എന്നെഴുതിയതുമായ പാത്രത്തിലാണ് തെങ്കാശി ജില്ലയിലെ ചെങ്കോട്ട അതിർത്തിയിലെ ഒരു ടീ സ്റ്റാളിൽ വടയും ബജ്ജിയുമെല്ലാം വിളമ്പുന്നത്.

കഴിഞ്ഞദിവസം ഈ ടീ സ്റ്റാളിലെത്തിയപ്പോഴാണ് കേരള സർക്കാരിന്റെ മുദ്ര പതിച്ച പേപ്പർ പ്ലേറ്റിൽ വട കഴിക്കാൻ നൽകിയത്. ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീടൊരു കൗതുകത്തിനായി അവിടെയുള്ള പേപ്പർ പാത്രങ്ങളെല്ലാം പരിശോധിച്ചു നോക്കി. ഇതോടെ ഏകദേശം എണ്ണിത്തിട്ടപ്പെടുത്തിയ 55 പാത്രങ്ങളും നമ്മുടെ വിദ്യാഭ്യാസ വകുപ്പിന്റെ മാത്രം സ്വന്തം!

paper-plate-book-1
കേരളത്തിലെ സ്കൂൾ പാഠപുസ്തകത്തിന്റെ പുറംചട്ടയിൽ നിർമിച്ച പേപ്പർ പ്ലേറ്റുകൾ ചെങ്കോട്ട അതിർത്തിയിലെ ചായക്കടയിൽ ബജ്ജിയും വടയുമൊക്കെ വിളമ്പാൻ നിരത്തിവച്ചിരിക്കുന്നു.

ഒരു ക്ലാസിലെ മാത്രം പുസ്തകത്തിന്റെ പുറംചട്ടയല്ല, ഒട്ടുമിക്ക ക്ലാസുകളിലേയും ഉണ്ട്. സംസ്ഥാന സർക്കാരിന്റെ മുദ്രയുള്ള പാത്രത്തിനൊപ്പം ‘State Council of Educational Ressearch & Training(SCERT), Vidhyabhavan, Poojappura, Thiruvanthapuram’ എന്ന വിലാസമുള്ള പാത്രവും ഇക്കൂട്ടത്തിലുണ്ട്. വട കഴിക്കുന്നതിനൊപ്പം ഈ പാത്രം എവിടെനിന്നു വാങ്ങിതയതാണെന്ന് ടീ സ്റ്റാൾ ഉടമയോട് അന്വേഷിച്ചു. മാർക്കറ്റിലെ കടയിൽ നിന്നാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതു മാത്രമല്ല സംസ്ഥാന സർക്കാരിന്റെ മുദ്ര പതിച്ചതും അല്ലാത്തതുമായ എല്ലാം ഇവിടെ പാത്രമായിട്ട് എത്താറുണ്ടെന്നുള്ള നർമം കലർന്ന മറുപടിയും ഉടമ നൽകി.

വീടുകളിൽനിന്നു ശേഖരിച്ചു കൊണ്ടുവന്ന പേപ്പർ ഉപയോഗിച്ചല്ല പേപ്പർ പാത്രങ്ങൾ നിർമിക്കുന്നതെന്ന് പാത്രം വിൽപ്പന നടത്തുന്ന കച്ചവടക്കാരനും പറഞ്ഞു. പാത്രത്തിന്റെ ആകൃതി ലഭിക്കണമെങ്കിൽ ഉപയോഗിക്കാത്ത കട്ടിയുള്ള പേപ്പർതന്നെ വേണമെന്നാണാണ് പേപ്പർ പാത്രം നിർമാണം നടത്തുന്നവരും പറയുന്നത്.

പല മത്സര പരീക്ഷകളുടേയും ചോദ്യപേപ്പർ തമിഴ്നാട് ശിവകാശിയിലാണ് നേരത്തെയൊക്കെ അച്ചടിച്ചിരുന്നത്. പാഠപുസ്തകങ്ങൾ സംസ്ഥാന സർക്കാരിന്റെ പ്രസിലാണ് അച്ചടിക്കുന്നത്. പിന്നെ ഇത്രയും പുസ്തകങ്ങളുടെ പുറംചട്ട തമിഴ്നാട്ടിലെ പേപ്പർ പ്ലേറ്റ് നിർമാണ യൂണിറ്റിൽ എങ്ങനെയെത്തിയെന്ന കാര്യം ദുരൂഹമാണ്. പ്രിന്റ് ചെയ്യുമ്പോൾ തകരാർ വരുന്ന പേപ്പറുകൾ വിൽപ്പന നടത്തിയപ്പോൾ തമിഴ്നാട്ടിലേക്ക് എത്തിയതാകാനാണ് സാധ്യത.

English Summary: Paper plate stamped by the Government of Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com