ADVERTISEMENT

കൊച്ചി ∙ ഓഗസ്റ്റിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾക്ക് 18.18 ലക്ഷം കോവിഡ് വാക്സീൻ ആവശ്യമുണ്ടാകുമെന്നാണു സംസ്ഥാന ഹെൽത്ത് ഏജൻസി (എസ്എച്ച്എ)  കണക്കാക്കിയത്. ഈ കണക്ക് കണ്ടാണു കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന് (കെഎംഎസ്‌സിഎൽ) 20 ലക്ഷം കോവിഷീൽഡ് വാക്സീൻ പണം കൊടുത്തു വാങ്ങാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത്.

വാക്സീൻ വാങ്ങാൻ പണം എടുത്തത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ്. വാക്സീൻ ചാലഞ്ച് വഴി സമാഹരിച്ച പണത്തിലെ ഒരു പങ്ക്, കൃത്യമായി പറഞ്ഞാൽ 126 കോടി രൂപ ദുരിതാശ്വാസ നിധിയിൽ നിന്നെടുത്ത് സംസ്ഥാന സർക്കാർ കെഎംഎസ്‌സിഎല്ലിനു വാക്സീൻ വാങ്ങാൻ കൊടുത്തു. പണം നൽകുമ്പോൾ ചില നിബന്ധനകളുണ്ടായിരുന്നു: സ്വകാര്യ ആശുപത്രികളിൽ നിന്നു പണം വാങ്ങി മാത്രമേ വാക്സീൻ നൽകാവൂ. വാക്സീൻ വാങ്ങുമ്പോൾ സ്വകാര്യ ആശുപത്രികൾ നൽകുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തന്നെ തിരിച്ചടയ്ക്കണം.

10 ലക്ഷം വീതം 2 ബാച്ചുകളായി സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു കോവിഷീൽഡ് വാക്സീൻ വാങ്ങാനാണു ധാരണയിലെത്തിയത്. ഇതനുസരിച്ചു പണവും നൽകി ആദ്യത്തെ 10 ലക്ഷം ഡോസ് സംസ്ഥാനത്ത് എത്തുകയും ചെയ്തു. എന്നാൽ, ഈ വാക്സീൻ ഡോസുകളിൽ വളരെ ചെറിയൊരു ഭാഗം മാത്രമേ കെഎംഎസ്‌സിഎല്ലിനു വിൽക്കാനായുള്ളൂ. 

എന്തായിരുന്നു പദ്ധതി?

സംസ്ഥാനത്തെ പ്രധാന സ്വകാര്യ ആശുപത്രികൾ നേരത്തേ തന്നെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു വാക്സീൻ വാങ്ങാൻ ധാരണയുണ്ടായിരുന്നെങ്കിലും ചെറുകിട, ഇടത്തരം ആശുപത്രികൾക്കു ലഭിക്കുന്നുണ്ടായിരുന്നില്ല. നിശ്ചിത എണ്ണം വാക്സീൻ വാങ്ങണമെന്നതും പണം മുൻകൂറായി നൽകണമെന്നതുമായിരുന്നു പ്രശ്നം. അതുകൊണ്ട് ഇത്തരം സ്വകാര്യ ആശുപത്രികൾക്കു വേണ്ടി കെഎംഎസ്‌സിഎൽ വാക്സീൻ വാങ്ങി വിതരണത്തിനെത്തിക്കുകയെന്നതായിരുന്നു പദ്ധതി. സീറം ഇൻസ്റ്റിറ്റ്യൂട്ട് സ്വകാര്യ ആശുപത്രികൾക്കു വാക്സീൻ നൽകുന്ന 630 രൂപ നിരക്കിൽ തന്നെ കെഎംഎസ്‌സിഎല്ലും വാക്സീൻ നൽകും. ആശുപത്രികൾക്ക് സർവീസ് ചാർജ് ഉൾപ്പെടെ 780 രൂപ പൊതുജനങ്ങളിൽ നിന്ന് ഈടാക്കാം.

വാങ്ങിയത് 10 ലക്ഷം, ചെലവായത് 6000

ഓഗസ്റ്റ് 10നാണു വാക്സീൻ വാങ്ങാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത്. ഏറെ വൈകാതെ ആദ്യ 10 ലക്ഷം ഡോസ് വാക്സീൻ വരുകയും ചെയ്തു. 3 റീജനൽ കേന്ദ്രങ്ങളിലായി ഇതു സംഭരിച്ചു. വാക്സീൻ എത്തിയിട്ട് മാസം ഒന്നു കഴിഞ്ഞു. പത്തു ലക്ഷത്തിൽ നിന്ന് ഇതുവരെ സ്വകാര്യ ആശുപത്രികൾ വാങ്ങിയത് 6121 ഡോസ് വാക്സീൻ മാത്രം (സെപ്റ്റംബർ 19 വരെയുള്ള കണക്കുകൾ പ്രകാരം). 

അതായത് ചെലവഴിക്കാനാകാതെ കെഎംഎസ്‌സിഎല്ലിന്റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് 9,93,879 ഡോസ് വാക്സീൻ. 630 രൂപയ്ക്കാണു കെഎംഎസ്‌സിഎൽ സ്വകാര്യ ആശുപത്രികൾക്കു വാക്സീൻ നൽകുന്നത്. 150 രൂപ സർവീസ് ചാർജ് ഉൾപ്പെടെ ആശുപത്രികൾക്ക് 780 രൂപ നിരക്കിൽ പൊതുജനങ്ങൾക്കു വിൽക്കാം. 

കെഎംഎസ്‌സിഎല്ലിന്റെ ബാങ്ക് അക്കൗണ്ടിൽ, ആവശ്യമുള്ള വാക്സീൻ ‍‍‍ഡോസുകൾക്ക് ആനുപാതികമായ തുക ഒടുക്കിയതിന്റെ രസീതുമായി ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സമീപിച്ചാൽ ഉടനടി വാക്സീൻ ലഭ്യമാക്കും.എന്നാൽ, ഓഗസ്റ്റ് മാസത്തിൽ 18.84 ലക്ഷം ഡോസ് വാക്സീൻ സ്വകാര്യ ആശുപത്രികൾക്ക് ആവശ്യമായി വരുമെന്ന കണക്കൊക്കെ പാളി. സ്വകാര്യ ആശുപത്രികൾ കെഎംഎസ്‌സിഎല്ലിനെ കോവിഡ് വാക്സീനു വേണ്ടി ആശ്രയിച്ചതേ ഇല്ല. വാക്സീൻ വാങ്ങി കുടുങ്ങിയ അവസ്ഥയിലാണിപ്പോൾ കെഎംഎസ്‌സിഎൽ. പണം കൊടുത്തു വാങ്ങിയ വാക്സീൻ സൗജന്യമായി കൊടുക്കാനും കഴിയില്ല. കാരണം, സർക്കാർ ഉത്തരവു പ്രകാരം കെഎംഎസ്‌സിഎൽ വാക്സീൻ വാങ്ങാൻ ചെലവഴിച്ച പണം ദുരിതാശ്വാസ നിധിയിലേക്കു തിരിച്ചടയ്ക്കണം.

ഏൽക്കാതെ പോയ സ്പോൺസർഷിപ്

കെഎംഎസ്‌സിഎൽ വാങ്ങിയ വാക്സീൻ സ്പോൺസർഷിപ്പിലൂടെ സൗജന്യമായി ജനങ്ങൾക്കു ലഭ്യമാക്കുകയെന്ന ഒരു പദ്ധതി കൂടി സർക്കാർ ആലോചിച്ചു. അതായത്, വാക്സീൻ ചാലഞ്ചിലൂടെ ലഭിച്ച ജനങ്ങളുടെ പണമുപയോഗിച്ചു വാങ്ങിയ വാക്സീൻ ജനങ്ങൾക്കു സൗജന്യമായി നൽകാനായി വീണ്ടും ജനങ്ങളിൽ നിന്നു പണം പിരിക്കുക! ‘സ്പോൺസർ എ ജാബ്’ എന്നു പേരിട്ട് അവതരിപ്പിച്ച പദ്ധതിയും ഏറ്റില്ല. 

1200-vaccination
ഫയൽ ചിത്രം

എറണാകുളം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ‘സ്പോൺസർ എ ജാബ്’ പദ്ധതി അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. വീണ്ടുമൊരു വാക്സീൻ ചാലഞ്ചിനു വേണ്ടി ജനങ്ങളെ സമീപിക്കാൻ ആരും തയാറായില്ല. ഇടതുപക്ഷ യുവജന സംഘടനകൾ പോലും പദ്ധതി ഏറ്റെടുത്തില്ല. വ്യക്തികൾ, സംഘടനകൾ, ബാങ്കുകൾ, ഓഫിസുകൾ, ക്ലബുകൾ, കമ്പനികൾ, കടകൾ തുടങ്ങിയവർക്കു വാക്സീൻ സ്പോൺസർ ചെയ്യാം. തദ്ദേശ സ്ഥാപനങ്ങൾക്ക് സ്പോൺസർമാരെ കണ്ടെത്താം. ജിഎസ്ടി ഉൾപ്പെടെ ഒരു ഡോസ് വാക്സീന് സ്പോൺസർഷിപ് ഫീസ് 782 രൂപ. കെഎംഎസ്‌സിഎല്ലിന്റെ മഞ്ഞുമ്മലിലെ സംഭരണ കേന്ദ്രത്തിലക്ക് മൂന്നര ലക്ഷം ഡോസ് കോവിഷീൽഡ് വാക്സീനാണ് എത്തിയത്. ഇതിൽ നിന്ന് ആകെ വിറ്റു പോയത് 3300 ഡോസ് മാത്രം.

എവിടെയാണു പിഴച്ചത്?

സംസ്ഥാന സ്വകാര്യ ആശുപത്രികളെല്ലാം സ്വന്തം നിലയിൽ കോവിഡ് വാക്സീൻ സംഭരിച്ചിരുന്നു. എന്നാൽ, ചില ചെറുകിട ആശുപത്രികൾക്കു വലിയ തോതിൽ പണം മുടക്കി വാക്സീൻ സ്വീകരിക്കാൻ കഴിയാതെ വന്നു. അവരെ സഹായിക്കാൻ വേണ്ടിയാണു കെഎംഎസ്‌സിഎൽ വാക്സീൻ സംഭരിക്കാൻ തീരുമാനിച്ചത്. 

എന്നാൽ കേന്ദ്ര നൽകിയ വാക്സീൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴി സൗജന്യമായി ലഭ്യമാകുന്നതിനാൽ സ്വകാര്യ ആശുപത്രികളിൽ വാക്സീൻ സ്വീകരിക്കാനായി വലിയ തിരക്ക് ഉണ്ടായിരുന്നില്ല. വൻകിട സ്വകാര്യ ആശുപത്രികൾ സംഭരിച്ച വാക്സീൻ ചെറുകിട ആശുപത്രികൾക്കു നൽകാനുള്ള ശ്രമങ്ങളുമുണ്ടായി. ഈ സാഹചര്യത്തിലാണു കെഎംഎസ്‌സിഎല്ലിനെ ന‍ോഡൽ ഏജൻസിയായി  സർക്കാർ നിയോഗിക്കുന്നതും വാക്സീൻ വാങ്ങുന്നതും.

വാക്സീൻ വാങ്ങാൻ തിരക്കില്ലെന്നു കണ്ടതോടെ ചെറുകിട സ്വകാര്യ ആശുപത്രികൾ കെഎംഎസ്‌സിഎല്ലിൽ നിന്നു വാക്സീൻ വാങ്ങുന്നതിൽ നിന്നു പിന്നാക്കം പോയി. ഫലമോ വാക്സീൻ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കാൻ തുടങ്ങി. തങ്ങളുടെ കൈയിൽ വാക്സീൻ ലഭ്യമാണെന്നും ഈ അസുലഭ അവസരം സ്വകാര്യ ആശുപത്രികൾ പ്രയോജനപ്പെടുത്തണമെന്നും കെഎംഎസ്‌സിഎൽ പരസ്യം വരെ കൊടുത്തു നോക്കി. ഒന്നും നടന്നില്ല.

റീജനൽ സംഭരണ കേന്ദ്രങ്ങളിൽ ഇപ്പോൾ കോവിഡ് വാക്സീൻ സ്റ്റോക്കുള്ളതിനാൽ മറ്റു മരുന്നുകൾ എത്തുമ്പോൾ സ്ഥല പരിമിതി വലിയ പ്രശ്നമാകും. മറ്റു വാക്സീനുകളുടെയും മരുന്നുകളുടെയും സംഭരണത്തിൽ ഇതു ബുദ്ധിമുട്ടു സൃഷ്ടിക്കും. ഒരു വർഷമാണു കോവിഡ് വാക്സീന്റെ കാലാവധി. അതിനുള്ളിൽ ഇത് പൂർണമായും സ്വകാര്യ ആശുപത്രികൾക്കു വിറ്റഴിക്കാൻ സാധിക്കുമോയെന്ന സംശയവുമുണ്ട്. സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അടുത്ത ഗഡുവായി 10 ലക്ഷം ഡോസ് കൂടി വരാനുമുണ്ട്.

പണം മുൻകൂറായി കെഎംഎസ്‌സിഎല്ലിന് അടയ്ക്കണമെന്ന നിർദേശവും സ്വകാര്യ ആശുപത്രികൾ പിന്നാക്കം പോകാൻ കാരണമായെന്നു ബന്ധപ്പെട്ടവർ പറയുന്നു. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സീൻ ഇപ്പോൾ പതിവായി ലഭിക്കുന്നതിനാൽ സ്വകാര്യ ആശുപത്രികളെ വാക്സീനു വേണ്ടി വളരെ കുറച്ച് ആളുകൾ മാത്രമേ ആശ്രയിക്കുന്നുള്ളൂ. അതുകൊണ്ടു തന്നെ സ്വകാര്യ ആശുപത്രികൾ ഇപ്പോൾ വാക്സീൻ സംഭരണത്തോട് അനുകൂലമായല്ല പ്രതികരിക്കുന്നത്. ഇതിനു വേണ്ടി പണം മുൻകൂറായി ചെലവഴിക്കാനും സ്വകാര്യ ആശുപത്രികൾ തയാറല്ല. അതേ സമയം, 84 ദിവസത്തെ ഇടവേളയ്ക്കു ശേഷം രണ്ടാം ഡോസിനു തിരക്കേറുന്നതോടെ വാക്സീന് ആവശ്യക്കാരുണ്ടാകുമെന്ന പ്രതീക്ഷയും അധികൃതർക്കുണ്ട്.

English Summary: Only 6000 dose sold from 10 Lakh Covishield procured by KMSCL using CMDRF money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com