ADVERTISEMENT

അഹമ്മദാബാദ്∙ അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ ഇന്ത്യയിലേക്ക് ലഹരിവസ്തുക്കൾ വ്യാപകമായി കയറ്റുമതി ചെയ്യാൻ രാജ്യാന്തര ലഹരി മാഫിയ തലവൻമാരുടെ ശ്രമമെന്നു സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. ഗുജറാത്ത് തീരപ്രദേശത്തുനിന്നു കഴിഞ്ഞ ദിവസം വൻ തോതിൽ ഹെറോയിൻ പിടികൂടിയതു സംശയത്തിനു കൂടുതൽ ആധികാരിത നൽകുന്നെന്നു സുരക്ഷാ ഏജൻസി ഓഫിസർമാർ പറഞ്ഞതായി രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു.

അഫ്ഗാനിസ്ഥാനിൽ ഉൽപാദിപ്പിക്കുന്ന ഹെറോയിൻ ഇന്ത്യയിലേക്കു കടത്താൻ ആസൂത്രിതമായി നീക്കങ്ങൾ നടക്കുന്നുണ്ടെന്നു നാർകോടിക്സ് കൺട്രോൾ ബ്യൂറോ, റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റ്, ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് എന്നീ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിലൂടെ കടൽമാർഗം ഇന്ത്യയിൽ ലഹരി വസ്തുക്കൾ എത്തിക്കാനാണു മാഫിയ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.

തങ്ങളുടെ പക്കലുള്ള ലഹരിവസ്തുക്കളുടെ ശേഖരം താലിബാൻ പിടിച്ചെടുക്കുമെന്നും അങ്ങനെയെങ്കിൽ ലഹരി വസ്തുക്കളും ഒപ്പം ജീവനും നഷ്ടമാകുമെന്നും മാഫിയ തലവൻമാർ ഭയക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. അതിനാൽ ലഹരി വസ്തുക്കളുടെ ശേഖരം ഇന്ത്യയിലേക്കു മാറ്റാനാണ് അവർ ശ്രമിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. ‘3000 കിലോഗ്രം ഹെറോയിനാണു മുന്ദ്ര തുറമുഖത്തുനിന്നു പിടികൂടിയത്, അന്വേഷണം പുരോഗമിക്കുകയാണെ്,’ സുരക്ഷാ ഏജൻസി ഉദ്യോഗസ്ഥൻ പറഞ്ഞു.

‘അഫ്ഗാനിസ്ഥാനിൽനിന്നു കള്ളക്കടത്തിലൂടെയാണു ഹെറോയിൻ ഇന്ത്യയിൽ എത്തിച്ചത്. കറുപ്പിന്റെ ഏറ്റവും വലിയ നിർമാതാക്കളാണ് അഫ്ഗാനിസ്ഥാൻ. കറുപ്പിൽനിന്നു ഹെറോയിൻ ഉൽപാദിപ്പിക്കാവുന്ന ഒട്ടേറെ ലാബുകൾ അഫ്ഗാനിസ്ഥാനിലുണ്ട്.’– അദ്ദേഹം പറഞ്ഞു. ലഹരി മാഫിയയിൽപ്പെട്ടവർ ഇത്രയധികം ലഹരി വസ്തുക്കൾ ഒരിക്കലും ഒന്നിച്ചു കയറ്റി അയയ്ക്കില്ല. താലിബാൻ ഇവ പിടിച്ചെടുക്കുമെന്ന ആശങ്ക കാരണമാകാം ഇതു സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു

അഫ്ഗാനിസ്ഥാനിലെ കറുപ്പു കൃഷിയുടെ വിളവെടുപ്പു 2019ൽ 12,000 ആളുകൾക്കു തൊഴിൽ നൽകിയെന്നാണു യുഎൻ പറയുന്നത്. താലിബാന്റെ വാർഷിക വരുമാനത്തിൽ 60 ശതമാനത്തിലധികം തുക ലഹരിവസ്തു ഇടപാടുകളിൽനിന്നു ലഭിക്കുന്നതാണെന്നാണു വിശ്വസിക്കപ്പെടുന്നത്.

English Summary: Taliban takeover forcing heroin surge into India?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com