ADVERTISEMENT

തിരുവനന്തപുരം ∙ രണ്ടു മാസത്തിലൊരിക്കൽ 48–50 രൂപ മാത്രം വാട്ടർ ബിൽ ലഭിച്ചുവന്ന പ്രമുഖ എഴുത്തുകാരന് ഈ മാസം ലഭിച്ചത് 70,258 രൂപയുടെ ബിൽ. വഴുതക്കാട് ഈശ്വ‍രവിലാസം റോഡിൽ വാടകയ്ക്കു താമസിക്കുന്ന എഴുത്തുകാരനാണ് ജലഅതോറിറ്റിയുടെ ഇരുട്ടടി. കുടിശിക ഇനത്തിൽ 51,656 രൂപയും, വാട്ടർ ചാർജായി 18,592 രൂപയും, ഉൾപ്പെടെ ആകെ 70,258 രൂപ അടയ്ക്കണമെന്നാണ് ജലഅതോറിറ്റിയുടെ ബില്ലിൽ പറയുന്നത്. ശനിയാഴ്ച‍യ്ക്കകം തുക അടച്ചില്ലെങ്കിൽ കണക്‌ഷൻ വിച്ഛേ‍ദിക്കുമെന്നും ബില്ലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ബിൽ ലഭിച്ചപ്പോൾ അന്തം വിട്ട എഴുത്തുകാരൻ ഇതേക്കു‍റിച്ച് ജല അതോറിറ്റിക്കു പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റി‍നുമായി ഇക്കാര്യം അദ്ദേഹം സംസാരിച്ചതായും സൂചനയുണ്ട്. വിവരം അറിഞ്ഞ മന്ത്രി റോഷി വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ഉടൻ പരിഹരിക്കണമെന്നു കർശന നിർദേശം നൽകുകയും ചെയ്തു. ഇക്കാര്യം വിശദമായി പഠിക്കുമെന്നും പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ജല അതോറിറ്റിയിലെ ഒരു സംഘം എഴുത്തു‍കാരന്റെ വീട് സന്ദർശിക്കും. മീറ്റർ റീഡിങ്ങിലെ അപാകതയെ  തുടർന്നാണ് ബിൽ തുക ഇത്രയധികം ഉയർന്നതെ‍ന്ന് സൂചനയുണ്ട്.

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മീറ്റർ റീഡിങ്ങിലെ അശാസ്ത്രീ‍യതയുടെ പേരിൽ വ്യാപകമായ പരാതിക‍ളുണ്ടെന്നും ഉപയോക്താക്കൾ പറയുന്നു. ഒരു ദിവസം 25 പരാതിയാണ് മീറ്റർ റീഡിങ്ങിന്റെ അപാകത സംബന്ധിച്ച് ജലഅതോറിറ്റി ഓഫിസിൽ ലഭിക്കുന്നതെന്നു ജലഅതോറിറ്റി അധികൃതർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ലോക്ഡൗണിനെ തുടർന്ന് ബില്ലിങ്ങിന്റെയും മീറ്റർ റീഡിങ്ങിന്റെയും പേരിൽ പരാതിക‍ൾ ഉയർന്നെങ്കിലും അധികൃതർ അവഗണിച്ചുവെന്നും പരാതിയുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിലെ ബില്ലുകൾ തൊട്ടു മുൻപത്തെ ബില്ലുകളുമായി താരതമ്യം ചെയ്താണ് തിട്ടപ്പെടു‍ത്തിയിരുന്നത്.

ഇത്തരത്തിൽ ബിൽ രേഖപ്പെടുത്തിയപ്പോൾ ജൂൺ, ജൂലൈ മാസങ്ങളിൽ വൻ തുകയാണ് ബില്ലി‍നത്തിൽ ഉപയോക്താക്കൾക്ക് ലഭിച്ചത്. ഇത്തരം പരാതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിച്ചു വരികയാണെന്നും അധികൃതർ പറഞ്ഞു. 

English Summary: Water shocker: Noted Kerala writer gets whopping Rs 70,000 bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com