ADVERTISEMENT

തിരുവനന്തപുരം∙ പിണറായി വിജയൻ സർക്കാരിനു തുടർഭരണം വന്നാൽ പാർട്ടിക്കാകെ അഹങ്കാരമാകുമെന്ന ചിന്ത തിരഞ്ഞെടുപ്പു കാലത്തു കേരളത്തിൽ പ്രബലമായിരുന്നെന്ന് സിപിഎമ്മിന്റെ കുമ്പസാരം. ഇപ്പോൾ ആരംഭിച്ച ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾക്കായി സംസ്ഥാന കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പാർട്ടി തുറന്നു സമ്മതിച്ചത്. ഈ വിമർശനം കണക്കിലെടുത്ത് വിനയശീലം പുലർത്തണമെന്നു സംസ്ഥാനകമ്മിറ്റി നിർദേശിച്ചു. 

തുടർഭരണം വന്നാൽ പാർട്ടി സഖാക്കളുടെ അഹങ്കാരം കൂടുമെന്നും അതിനാൽ അത് അനുവദിക്കരുതെന്നുമുള്ള പ്രചാരണമാണ് തിരഞ്ഞെടുപ്പിൽ  യുഡിഎഎഫ് നടത്തിയതെന്നു ഈ രേഖയിൽ ചൂണ്ടിക്കാട്ടി. യുഡിഎഫ് മാത്രമല്ല, സാധാരണ മനുഷ്യരും, എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്നവരും ഈ വിമർശനം ഉന്നയിച്ചിട്ടുണ്ട്. അതു നാം തിരിച്ചറിയണം. 1957 ൽ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ് കുറച്ചു കാലം കഴിഞ്ഞ ശേഷം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ തന്നെ അഹങ്കാരം പാടില്ലെന്ന് പ്രത്യേകം നിർദേശിച്ചിരുന്നുവെന്നും പാർട്ടി ഓർമിപ്പിച്ചു. 

തുടർഭരണം ഉണ്ടായ സാഹചര്യത്തിൽ പാർട്ടിയുടെ മനോഭാവത്തിൽ വലിയ മാറ്റം വേണ്ടതിന്റെ ആവശ്യകതയാണ് ഈ വിമർശനങ്ങൾ ഓർമിപ്പിക്കുന്നതെന്നു താഴേത്തട്ടിൽ ഉള്ളവർക്കു സിപിഎം മുന്നറിയിപ്പ് നൽകി. സിപിഎമ്മിനെ പ്രതിനിധീകരിക്കാൻ തക്ക സ്വഭാവഗുണവും പൊതു അംഗീകാരവും ഉള്ളവരായി പാർട്ടി അംഗങ്ങൾ മാറണം. വ്യക്തി ജീവിതചര്യകളിൽ കമ്മ്യൂണിസ്റ്റുകാർ പുലർത്തേണ്ട ലാളിത്യവും സത്യസന്ധതയും ഉയർത്തിപ്പിടിക്കാൻ കഴിയണം. മാതൃകാപരമായ പൊതുപ്രവർത്തനത്തിനു വിഘാതമായ ഒന്നും പാർട്ടി പ്രവർത്തകരിൽ നിന്ന് ഉണ്ടാകരുതെന്നും തുടർഭരണ വേളയിൽ സിപിഎം ആവശ്യപ്പെട്ടു.

സിപിഎം നേതൃത്വം നൽകുന്ന സർക്കാരിന് തുടർഭരണം കിട്ടിയാൽ പാർട്ടിക്കാരുടെ ധിക്കാരവും ധാർഷ്ട്യവും കേരളത്തിലുള്ളവർ അനുഭവിക്കേണ്ടി വരുമെന്ന പ്രചാരണം യുഡിഎഫും മുന്നണിയെ അനുകൂലിക്കുന്നവരും കേരളത്തിലാകെ നടത്തിയിരുന്നു. നിഷ്പക്ഷ ചിന്താഗതിക്കാരിൽ ഒരു വിഭാഗവും ഈ ആശങ്ക പങ്കുവച്ചു. ഈ പ്രചാരണവും ഭീതിയും സിപിഎം നേതൃത്വം മനസ്സിലാക്കുകയും ഉൾക്കൊണ്ടു നീങ്ങുകയും ചെയ്യുന്നുവെന്നാണ് സമ്മേളനങ്ങളിൽ ഇക്കാര്യം എടുത്തുപറയുന്നതിൽ നിന്നു വ്യക്തമാകുന്നത്. 

English Summary: Be polite and humble, CPIM advice to cadres

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com