ADVERTISEMENT

ന്യൂഡല്‍ഹി∙ നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം നടന്നുവെന്നും സീറ്റുറപ്പിക്കാന്‍ 50 ലക്ഷം രൂപ വാങ്ങിയെന്നും കണ്ടെത്തിയതായി സിബിഐ. പരീക്ഷാ ഫലം വന്നതിനു പിന്നാലെ നിരവധി വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് നീറ്റ് പരീക്ഷാ തട്ടിപ്പ് പുറത്തുവരുന്നത്. 

മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍കെ എജ്യുക്കേഷന്‍ കരിയര്‍ ഗൈഡൻസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ പരിമള്‍ കോട്ട്പല്ലിവറിനും നിരവധി വിദ്യാര്‍ഥികള്‍ക്കുമെതിരെ സിബിഐ കേസെടുത്തു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സീറ്റ് ഉറപ്പു നല്‍കി വിദ്യാര്‍ഥികളില്‍നിന്ന് 50 ലക്ഷം രൂപ വാങ്ങിയതായും സിബിഐ വ്യക്തമാക്കുന്നു. 

സീറ്റ് ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെ മാതാപിതാക്കളെ ബന്ധപ്പെട്ടാണ് പരിമള്‍ തട്ടിപ്പു നടത്തിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കു പകരം മറ്റൊരാളെ കൊണ്ട് പരീക്ഷ എഴുതിക്കുന്നതുള്‍പ്പെടെയുള്ള നീക്കമാണു നടന്നതെന്ന് സിബിഐ എഫ്‌ഐആറില്‍ പറയുന്നു. മാതാപിതാക്കളില്‍നിന്നു ചെക്കും വിദ്യാര്‍ഥികളുടെ 10, 12 ക്ലാസുകളിലെ മാര്‍ക്ക് ലിസ്റ്റും ഉറപ്പിനായി വാങ്ങും. 50 ലക്ഷം രൂപ ലഭിച്ച ശേഷം മാത്രമേ ഇതു മടക്കി നല്‍കുകയുള്ളൂ.

വിദ്യാര്‍ഥികളുടെ യൂസര്‍ ഐഡിയും പാസ്‌വേഡും ശേഖരിച്ച ശേഷം ചില തട്ടിപ്പുകള്‍ നടത്തി ഇഷ്ടമുള്ള പരീക്ഷാ സെന്റര്‍ തരപ്പെടുത്തും. തുടര്‍ന്ന് ഫോട്ടോയില്‍ മാറ്റം വരുത്തി മറ്റൊരാളെ കൊണ്ടു പരീക്ഷ എഴുതിക്കുകയാണ് ചെയ്യുന്നത്. വിദ്യാര്‍ഥികളുടെ ആധാര്‍ കാര്‍ഡ് വാങ്ങിയാണ് വ്യാജ കാര്‍ഡുകള്‍ ഉണ്ടാക്കുന്നത്. ഇതേക്കുറിച്ചുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 12ന് പരിമളിന്റെ അഞ്ച് ‘പകരക്കാരെ’ സിബിഐ പിടികൂടി. ഇവര്‍ പരീക്ഷാ കേന്ദ്രത്തില്‍ കടക്കും മുൻപ് പിടികൂടുകയായിരുന്നു. 

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതിയ 15 വിദ്യാര്‍ഥികള്‍ തമിഴ്‌നാട്ടില്‍ ജീവനൊടുക്കിയതിനു പിന്നാലെ നീറ്റിനെതിരെ നിയമസഭ ബില്‍ പാസാക്കിയിരുന്നു.

English Summary: Major Scam in NEET Medical Exams Found, Says CBI, Amid Student Suicides

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com