ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖയനുസരിച്ചാണ് സംസ്ഥാനവും മാര്‍ഗരേഖ പുതുക്കുന്നത്. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കകം മാര്‍ഗരേഖയ്ക്ക് അന്തിമ രൂപമാകും. നെഗറ്റീവായാലും 30 ദിവസത്തിനുള്ളിലെ മരണം കോവിഡ് മരണമാണന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാകും പുതിയ മാര്‍ഗരേഖ. ഇതുസംബന്ധിച്ച് സമഗ്രമായ ലിസ്റ്റ് തന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്ന മെഡിക്കല്‍ കോളജിലെ പുതിയ ഐസിയു സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് തന്നെ അന്വേഷണം നടത്തി പ്രശ്നം പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇതോടൊപ്പം പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് തന്നെ അതിനൊരു ഇടപെടല്‍ നടത്തി പട്ടിക പ്രസിദ്ധീകരിക്കും. അര്‍ഹരായവര്‍ക്കെല്ലാം ഇതുസംബന്ധിച്ച ആനുകൂല്യം ലഭിക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. അതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ കോളേജില്‍ രണ്ടാഴ്ചത്തേയ്ക്കുള്ള സ്റ്റെന്‍ഡ് ലഭ്യമാണ്. കൂടുതല്‍ സ്റ്റെന്‍ഡ് എത്തിക്കാനുള്ള നടപടി സ്വീകരിക്കും. 

കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകും എന്ന് തന്നെയാണ് കരുതുന്നത്. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ സാമൂഹിക ഇടപെടലുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു  വേണം എന്നതാണ്. മാസ്‌ക് ശരിയായവിധം ധരിക്കണം. സാമൂഹിക അകലം പാലിക്കണം. സാമൂഹിക കൂടിച്ചേരലുകള്‍ ഒഴിവാക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുന്നോട്ട് പോകണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനത്തില്‍ 90 ശതമാനത്തിലധികം പേര്‍ ആദ്യഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. ഒരു കോടിയിലധികം ആളുകള്‍ സമ്പൂര്‍ണ വാക്‌സിനേഷനുമായി.

കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ടാണ് മെഡിക്കല്‍ കോളേജില്‍ രണ്ട് ഐസിയു സജ്ജമാക്കിയത്. അത്യാധുനിക 100 ഐസിയു കിടക്കകളാണ് സജ്ജമാക്കിയത്. 5.5 കോടി രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 7, 8 വാര്‍ഡുകള്‍ നവീകരിച്ചാണ് അത്യാധുനിക ഐസിയു. സംവിധാനം സജ്ജമാക്കിയത്. ഈ ഐസിയുകള്‍ക്കായി ആദ്യഘട്ടത്തില്‍ 17 വെന്റിലേറ്ററുകളാണ് സ്ഥാപിച്ചത്. ബാക്കിയുള്ള വെന്റിലേറ്ററുകള്‍ ഉടന്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

English Summary: Minister Veena George on covid death compensation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com