ADVERTISEMENT

തിരുവനന്തപുരം ∙ നോക്കുകൂലിക്കെതിരെ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നടപടികള്‍ പേരിലൊതുങ്ങുന്നു. തുമ്പ വിഎസ്എസ്‌സിയിലേക്ക് വന്ന കാര്‍ഗോ, നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞതില്‍ കേസെടുത്ത് മൂന്നാഴ്ച കഴിഞ്ഞിട്ടും പൊലീസ് ഒന്നും ചെയ്തില്ല. നോക്കുകൂലി ആവശ്യപ്പെട്ടത് അംഗീകൃത തൊഴിലാളികളല്ലെന്ന പേരില്‍ തൊഴില്‍ വകുപ്പും നടപടികള്‍ അവസാനിപ്പിച്ചു. പോത്തന്‍കോട് നോക്കുകൂലി ആവശ്യപ്പെട്ട് മര്‍ദിച്ച പ്രതികള്‍ക്കെതിരെ ദുര്‍ബല വകുപ്പുകള്‍ മാത്രം ചേര്‍ത്തതിനാല്‍ ആദ്യ ദിവസംതന്നെ ജാമ്യം ലഭിക്കുന്ന സ്ഥിതിയുമുണ്ടായി.

മുംൈബയില്‍നിന്നു കപ്പലില്‍, പിന്നെ ദിവസങ്ങളോളം റോഡിലൂടെ, അങ്ങനെ ശ്രമകരമായ യാത്രയെല്ലാം കടന്നുവന്ന കാര്‍ഗോയാണു തുമ്പ വിഎസ്എസ്‌സിക്ക് മുന്നില്‍ ഒരു കൂട്ടമാളുകള്‍ ചേര്‍ന്നു മണിക്കൂറുകളോളം തടഞ്ഞ് സംഘര്‍ഷം സൃഷ്ടിച്ചത്. മനുഷ്യരാല്‍ ഇറക്കാന്‍ സാധിക്കാത്ത ഉപകരണങ്ങള്‍ ഇറക്കാന്‍ അനുവാദം വേണമെന്നും ഇല്ലെങ്കില്‍ പതിനായിരങ്ങള്‍ നോക്കുകൂലി വേണമെന്നുമായിരുന്നു ആവശ്യം. ഒടുവില്‍ പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വരെ ഇടപെട്ടു.

നോക്കുകൂലികാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് അന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കേസെടുത്തിട്ട് 18 ദിവസമായി. ഒരാളെ പോലും തിരിച്ചറിഞ്ഞ് പ്രതി ചേര്‍ത്തിട്ടില്ല, അറസ്റ്റ് ചെയ്തിട്ടില്ല, എന്തിന് ചോദ്യംപോലും ചെയ്തിട്ടില്ല. തൊഴില്‍ വകുപ്പാകട്ടെ, തടഞ്ഞവരാരും ലേബര്‍ കാര്‍ഡുള്ള തൊഴിലാളികളല്ലെന്ന പേരില്‍ തുടര്‍നടപടിയെല്ലാം അവസാനിപ്പിച്ചു. അതിനു പിന്നാലെയാണ് പോത്തന്‍കോട്ടെ നോക്കുകൂലി മര്‍ദനമുണ്ടായത്.

locals-block-isro-vehicle

നോക്കുകൂലി നല്‍കാത്തതിന്റെ പേരില്‍, വീട് നിര്‍മിക്കുന്ന കരാറുകാരനും തൊഴിലാളികളും ക്രൂരമര്‍ദനത്തിന് ഇരയായി. പക്ഷേ അവര്‍ക്കേറ്റ മുറിവിന്റെ വേദനപോലും മാറുംമുന്‍പ് പ്രതികള്‍ സുരക്ഷിതരായി. അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കും ആദ്യ ദിവസം ജാമ്യം കിട്ടി. പിടിച്ചുപറി പോലുള്ള ദുര്‍ബല വകുപ്പുകള്‍ മാത്രം ചേര്‍ത്തതാണ് ജാമ്യം ലഭിക്കാന്‍ ഇടയായത്. സിഐടിയുവിലും ഐഎന്‍ടിയുസിയിലുമുള്ള അംഗീകൃത തൊഴിലാളികളാണ് പ്രതികള്‍. അവരുടെ ലേബര്‍ കാര്‍ഡ് റദ്ദാക്കുകയെന്ന പ്രാഥമിക നടപടി സ്വീകരിക്കാന്‍ പോലും തൊഴില്‍ വകുപ്പ് തയാറായിട്ടില്ല.

English Summary : Police is not taking any proper actions agaionst nokkukooli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com