ADVERTISEMENT

തിരുവനന്തപുരം∙ മോൻസൺ മാവുങ്കലിന്റെ അനധികൃത സ്വത്തുസമ്പാദനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 2020ൽ തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ‍ഡി) അന്നത്തെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കത്തു നല്‍കിയിരുന്നു. ഇന്റലിജൻസ് നൽകിയ വിവരങ്ങൾ കൂടി ചേർത്താണ് ഡിജിപി ഇഡിക്ക് കത്തയച്ചത്. കൊച്ചിയിൽ മോൻസന്റെ മ്യൂസിയം സന്ദർശിച്ച ശേഷമായിരുന്നു ഈ നടപടി. എന്നാല്‍ ഇഡിക്ക് കത്തു നല്‍കി ഒന്നര വര്‍ഷത്തിനുശേഷമാണ് ഇപ്പോൾ മോന്‍സനെതിരെ പൊലീസ് നടപടി എടുക്കുന്നത്.

എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ വിവാഹം 2019 മേയില്‍ കൊച്ചിയില്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാനെത്തിയ പൊലീസ് ഉന്നതര്‍, അതേ ചടങ്ങില്‍ പങ്കെടുത്ത മറ്റൊരാള്‍ ക്ഷണിച്ചാണ് മോന്‍സന്റെ മ്യൂസിയത്തിലേക്ക് എത്തിയത്. വാളും അംശവടിയുമൊക്കെപ്പിടിച്ച് ഫോട്ടോയ്ക്ക് പോസുചെയ്ത് തലസ്ഥാനത്തേക്ക് എത്തിയതിനു പിന്നാലെ പല ഗ്രൂപ്പുകളില്‍ മോന്‍സൺ തന്നെ ഇവ പ്രചരിപ്പിച്ചതറിഞ്ഞ എഡിജിപി മനോജ് എബ്രാഹമാണ് ഡിജിപിയോട് സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ഇന്റലിജന്‍സ് അന്വേഷണത്തിന് ഡിജിപി ശുപാര്‍ശ ചെയ്തെന്നാണ് പൊലീസ് പറയുന്നത്.

ആ റിപ്പോര്‍ട്ട് ലഭിച്ചയുടൻ 2020 ഫെബ്രുവരിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയ്ക്ക് ലോക്നാഥ് ബെഹ്റ കത്തയച്ചത്. പ്രത്യേകിച്ചൊരു വരുമാന സ്രോതസും ഇല്ലാതെയാണ് മോന്‍സൺ കോടികളുടെ ആസ്തി സമ്പാദിച്ചത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമാണുള്ളത്. ആ‍ഡംബര കാറുകളും ഭൂസ്വത്തുക്കളും പുരാവസ്തുശേഖരവും ഇയാളുടെ കൈവശമുണ്ട്. പുരാവസ്തുക്കളില്‍ ചിലതെല്ലാം മോഷ്ടിച്ചതാണെന്ന് സംശയമുണ്ടെന്നും തിരുവിതാകൂര്‍ രാജവംശത്തിന്റേതെന്ന് അവകാശപ്പെടുന്ന രാജകീയ സിംഹാസനം അടക്കം പലതും വ്യാജമാണെന്നും അവയുടെ ഉറവിടം അന്വേഷിക്കണമെന്നും ശുപാര്‍ശയുണ്ട്.

വീടുകളും സ്വത്തുക്കളുമെല്ലാം സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ മുഴുവന്‍ സമയ കാവലിലാണെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് അപ്പോഴും കേസെടുത്തില്ല. ഈ സമയത്ത് മോന്‍സനെതിരെ ആരുടെയും പരാതി ഉണ്ടായിരുന്നില്ലെന്നും ഇന്‍റലിജന്‍സ് അന്വേഷത്തില്‍ അനധികൃത സ്വത്ത് സമ്പാദനം വ്യക്തമായതു കൊണ്ടാണ് എന്‍ഫോഴ്സ്മെന്‍റിന് കത്ത് നല്‍കിയതെന്നുമാണ് പൊലീസിന്‍റെ ന്യായീകരണം. ഇതിനും ഒന്നരവര്‍ഷത്തിന് ശേഷം ഈ മാസമെടുത്ത കേസിലാണ് മോന്‍സന്‍റെ അറസ്റ്റ്.

English Summary: Loknath Behera's Letter to ED On Monson Mavunkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com