ADVERTISEMENT

തിരുവനന്തപുരം∙ പുതിയ കോൺഗ്രസ് നേതൃത്വത്തിന്റേത് തെറ്റായ ശൈലിയെന്നും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും വി.എം.സുധീരൻ. ചർച്ചയ്ക്കെത്തിയ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അന്‍വറിനോടാണ് സുധീരൻ തന്റെ അതൃപ്തി അറിയിച്ചത്. പുതിയ നേതൃത്വം വന്നപ്പോൾ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാൽ ഗ്രൂപ്പുകളെ വളർത്താനാണ് അവർ ശ്രമിക്കുന്നതെന്നും സുധീരൻ പറഞ്ഞു. പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാമെന്നും രാജി പിൻവലിക്കണമെന്നും താരിഖ് അൻവർ അഭ്യർഥിച്ചു.

നേതാക്കളിൽ കുറച്ചുപേർ മാത്രം തീരുമാനമെടുക്കുന്ന രീതി ശരിയല്ലെന്ന് സുധീരൻ പറഞ്ഞു. കോൺഗ്രസ് സംസ്കാരത്തിനു ചേരാത്ത രീതിയിലുള്ള തീരുമാനങ്ങളാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം എടുക്കുന്നത്. ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ലെന്നും സാധാരണ പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം ചർച്ചയിൽ വ്യക്തമാക്കി. രാജി തീരുമാനത്തിൽ മാറ്റമില്ലെന്നാണ് സുധീരൻ ചർച്ചയിൽ പറഞ്ഞത്.

താരിഖ് അൻവർ തന്നെ വന്നു കണ്ടതിൽ സന്തോഷമുണ്ടെന്ന് സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു. തെറ്റായ നടപടികൾ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉചിതമായ പരിഹാരം ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നതെന്നും സുധീരൻ പറഞ്ഞു. സുധീരൻ ഉന്നയിച്ച പരാതികൾ ഗൗരവത്തോടെ കാണുന്നതായും ചർച്ച ഫലപ്രദമാണെന്നും താരിഖ് അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രനുമായും താരിഖ് അൻവര്‍ ചർച്ച നടത്തി. കൂടിയാലോചിക്കാതെ തീരുമാനങ്ങളെടുക്കുന്നതിലെ അതൃപ്തി അദ്ദേഹം അറിയിച്ചതായാണ് സൂചന. കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽനിന്നും എഐസിസിയിൽനിന്നും രാജിവച്ചത്. രാഷ്ട്രീയകാര്യ സമിതിയിൽനിന്ന് രാജിവച്ചപ്പോൾ പാർട്ടിയിലെ ഒരു വിഭാഗം നടത്തിയ വിമർശനങ്ങൾ വേദനയുണ്ടാക്കിയതായി അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു. ഡിസിസി പുനഃസംഘടനയ്ക്കു മുൻപ് ആലോചന നടത്തിയില്ലെന്ന പരാതിയുമുണ്ട്.

English Summary: VM Sudheeran slams KPCC leadership over issues at Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com