ADVERTISEMENT

കൊച്ചി∙ പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ പേരിനൊപ്പം തന്റെ പേരു വലിച്ചിഴയ്ക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഹൈബി ഈഡൻ എംപിയുടെ മുന്നറിയിപ്പ്.

ഒരു തവണ പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾക്കൊപ്പം നാലു വർഷം മുമ്പ് എംഎൽഎ ആയിരിക്കെ ഇയാളുടെ വീട്ടിൽ പോയിട്ടുണ്ട്. നഴ്സുമാരുടെ വീസ, പാസ്പോർട് സംബന്ധമായ വിഷയത്തിൽ ഇടപെട്ടിരുന്ന സംഘടന എന്ന നിലയിൽ ഇവർ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു പോയത്. ഇയാളുടെ വീട്ടിൽ ലിവിങ് റൂമിൽ ഇരുന്നു സംസാരിച്ചതല്ലാതെ മ്യൂസിയമോ ഒന്നും കണ്ടിട്ടില്ല. അല്ലാതെ ഒരു തവണ പോലും ഫോണിൽ വിളിച്ചു സംസാരിച്ചിട്ടില്ല. ഇയാളുമായി ബന്ധപ്പെടേണ്ട ആവശ്യം ഉണ്ടായിട്ടുമില്ല.

ഇക്കാര്യത്തിൽ ആരോപണം ഉന്നയിക്കുന്നവർ മോൻസന്റെ ടെലഫോൺ വിവരങ്ങൾ ശേഖരിച്ച് അതിൽ ഒരു തവണയെങ്കിലും തന്റെ പേരുണ്ടോ എന്ന് പരിശോധിക്കണം. അയാൾക്കു തട്ടിപ്പിനു സഹായിക്കുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നു പറയണം. തന്റെ ഫോട്ടോ കാണിച്ച് ഇയാൾ തട്ടിപ്പു നടത്തി എന്നു പറയുന്നതിൽ കാര്യമില്ല. പരാതിക്കാർ തന്റെ പേര് പരാമർശിച്ചത് അടിസ്ഥാനരഹിത ആരോപണങ്ങൾ ഉയർത്തിയാണ്. സാമ്പത്തിക ക്രമക്കേടിൽ പെട്ടവരോട് അനുതാപമുണ്ടെങ്കിലും പൊതുരംഗത്തുള്ളവരുടെ പേര് വലിച്ചിഴയ്ക്കുമ്പോൾ അന്വേഷിച്ച ശേഷം ചെയ്യാനുള്ള മര്യാദ കാണിക്കണം. അതുകൊണ്ടു തന്നെ തന്നെ അനാവശ്യമായി ബന്ധപ്പെടുത്തിയവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും.

വ്യക്തതയില്ലാതെ തന്റെ പേര് വാർത്തകളിലേയ്ക്കു വലിച്ചിഴയ്ക്കുന്നവർക്കെതിരെ വ്യക്തിഹത്യയ്ക്ക് കേസ് കൊടുക്കും. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ല. കോടതി കയറി ഇറങ്ങി ശീലമുള്ള ആളാണ്. എല്ലാ രാഷ്ട്രീയ കേസുകളിലും കൃത്യമായി കോടതിയിൽ എത്താറുള്ള ആളാണ്. തനിക്കെതിരെ സോളാർ വിഷയത്തിൽ ആരോപണം ഉന്നയിച്ച മൂന്നു ബിജെപിക്കാരെ ശിക്ഷിച്ച സംഭവമുണ്ട്. അതുകൊണ്ടു തന്നെ തനിക്കു ബന്ധമില്ലാത്ത കാര്യവുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചാൽ നടപടി സ്വീകരിക്കും. ഇനി അതല്ല, തന്നെ ഇയാളുമായി ബന്ധപ്പെടുത്തുന്ന എന്തെങ്കിലും സാമ്പത്തിക ക്രമക്കേട്, കൈമാറ്റം, ബിസിനസ് പ്രപ്പോസൽ ഇവ സംസാരിക്കുകയൊ ഇയാൾക്ക് എന്തെങ്കിലും സൗകര്യം ചെയ്തുകൊടുക്കുകയോ ചെയ്തിട്ടുണ്ടെന്നു തെളിയിച്ചാൽ, അതിന്റെ സ്ഥലവും സമയവും തീയതിയും പറഞ്ഞാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കാന‍് തയാറാണ്. അല്ലാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Hibi eden reaction on Monson Mavunkal relation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com