ADVERTISEMENT

കൊച്ചി∙ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിനെക്കുറിച്ച് മാധ്യമപ്രവർത്തകയുടെ ചോദ്യത്തിൽ പ്രകോപിതനായി ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. ‘‘ഇതുവരെ അവസാനിപ്പിച്ചില്ലേ, സുന്ദര, എന്തു വെളിപ്പെടുത്തൽ, അൻപതു ലക്ഷമല്ല അഞ്ചു കോടിയാണ്, നിങ്ങൾക്കു നാണമില്ലേ ചോദിക്കാൻ’’ എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. പുരാവസ്തു തട്ടിപ്പു നടത്തിയ മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ടു കൊച്ചിയിൽ നടത്തിയ പ്രതികരണത്തിനു പിന്നാലെയായിരുന്നു മാധ്യമപ്രവർത്തകയുടെ ചോദ്യവും സുരേന്ദ്രന്റെ മറുപടിയും.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് പണം നൽകി പത്രിക പിൻവലിപ്പിച്ചെന്നാണ് പരാതി. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.വി.രമേശനാണ് പരാതി നൽകിയത്. 2016ലെ തിരഞ്ഞെടുപ്പിൽ സുരേന്ദ്രന്റെ തോൽവിക്കു പിന്നിൽ സുന്ദര നേടിയ വോട്ടുകളും നിർണായകമായിരുന്നു. കേസിൽ കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് സുരേന്ദ്രന്റെ ചോദ്യം ചെയ്തിരുന്നു.

അതേസമയം, മോൻസൻ കേസിൽ അന്വേഷണം ഏതെങ്കിലും വിശ്വാസ്യതയുള്ള ഏജൻസിയെ അന്വേഷണം ഏൽപിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. ‘‘കരുവന്നൂർ തട്ടിപ്പു പോലെയും മുട്ടിൽ മരംമുറിക്കേസ് പോലെയും ഈ കേസും തേച്ചുമായ്ച്ചു കളയുമെന്നതിൽ സംശയമില്ല. ഉന്നത ബന്ധങ്ങളാണ് തട്ടിപ്പിനു പിന്നിലെന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സർക്കാരുമായി ബന്ധപ്പെട്ട പലരുടെയും പേരുകൾ ഇനിയും പുറത്തു വരാനിരിക്കുന്നുണ്ട്.

തട്ടിപ്പുകളെല്ലാം കൊള്ളസംഘത്തിനു നടത്താൻ കഴിഞ്ഞത് സർക്കാരിലെയും പൊലീസിലെയും ഉന്നതരുടെയും സഹായത്തോടെയാണ്. ഉന്നത ബന്ധങ്ങളാണ് തട്ടിപ്പു സംഘത്തിനു പിന്നിലുള്ളത്. സർക്കാരിലും സിവിൽ സർവീസിലും പൊലീസിലുമുള്ള ഉന്നതർ സഹായിച്ചതാണ് കോടികളുടെ തട്ടിപ്പിനു കാരണമായത്. കേരള പൊലീസിന്റെ അന്വേഷണംകൊണ്ട് ഒന്നും തെളിയാൻ പോകുന്നില്ല.’’– സുരേന്ദ്രൻ പറഞ്ഞു.

English Summary: Surendran Slams Reporter Who Asked About Manjeshwaram Bribery Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com