ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് ഭീഷണി കുറയുന്ന സാഹചര്യത്തിൽ രാജ്യത്തു സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ആദ്യം പ്രൈമറി ക്ലാസ്, പിന്നീട് സെക്കൻഡറി എന്നിങ്ങനെ തുറക്കാമെന്നാണ് ഐസിഎംആർ വിദഗ്ധരുടെ നിർദേശം. ഇന്ത്യയിൽ 500 ദിവസത്തിലേറെയായി സ്കൂളുകൾ അടച്ചിട്ടിരിക്കുന്നത് 320 ദശലക്ഷം കുട്ടികളുടെ പഠനത്തെ ബാധിച്ചെന്ന യുനെസ്കോ റിപ്പോർട്ടും ഇവർ ചൂണ്ടിക്കാട്ടുന്നു.

സാധ്യമായത്ര വേഗത്തിൽ കോവിഡിനു മുൻപുണ്ടായിരുന്നതു പോലെ വിവേകപൂർവം സ്കൂളുകൾക്കു പ്രവർത്തിക്കാമെന്ന് ‘ദി ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച്’ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. മുൻ തരംഗങ്ങളിലെ ഡേറ്റ വിശകലനം ചെയ്ത് സംസ്ഥാന, ജില്ലാ തലങ്ങളിൽ ഏർപ്പെടുത്തിയ കോവിഡ് പ്രതിരോധ നടപടികൾ കണക്കിലെടുത്തു സ്കൂളുകൾക്കു പ്രവർത്തിക്കാം. 18 വയസ്സ് തികഞ്ഞവരിലെ വാക്സിനേഷൻ, രോഗവ്യാപനത്തിന്റെ പ്രൊജക്‌ഷൻ റിപ്പോർട്ട് എന്നിവയും കണക്കിലെടുക്കണം.

നിലവിലെ ഓൺലൈൻ പഠനം വിദ്യാർഥികൾക്കിടയിൽ അസമത്വം സൃഷ്ടിച്ചെന്നും താണു ആനന്ദ്, ബൽറാം ഭാർഗവ, സമിരൻ പാണ്ഡ എന്നിവർ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഒന്നു മുതൽ 17 വയസ്സുവരെയുള്ള കുട്ടികളിൽ കൊറോണ വൈറസ് നേരിയ തോതിൽ ബാധിച്ചേക്കാമെന്നാണു ലഭ്യമായ തെളിവുകളിൽനിന്നു മനസ്സിലാകുന്നത്. എന്നാൽ, കുട്ടികളിൽ രോഗബാധ ഗുരുതരമാകില്ല. മരണനിരക്കും കുറവാണെന്ന് പഠനം ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

സ്കൂളുകളിലെ അധ്യാപകരെയും ജീവനക്കാരെയും കൃത്യമായ ഇടവേളകളിൽ പരിശോധിച്ചു വൈറസ് ബാധ ഇല്ലെന്ന് ഉറപ്പാക്കണം. പ്രായഭേദമന്യേ എല്ലാവരും മാസ്ക്, സാനിറ്റൈസർ ഉപയോഗവും അകലം പാലിക്കലും തുടരണം. 12 വയസ്സിനും മുകളിലുമുള്ള കുട്ടികൾക്കു കോവിഡ് ഗുരുതരമാകാൻ സാധ്യതയുണ്ട്. അതിനാൽ ഈ പ്രായപരിധിയിലുള്ളവർക്കു വാക്സിനേഷനു മുൻഗണന നൽകണമെന്നും വിദഗ്ധർ നിർദേശിച്ചു. 12 വയസ്സിനു മുകളിലുള്ളവർക്കു നൽകാവുന്ന ലോകത്തിലെ ആദ്യ ഡിഎൻഎ അധിഷ്ഠിത വാക്സീൻ ഇന്ത്യ വികസിപ്പിച്ചതായി ഐക്യരാഷ്ട്ര സംഘടനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 

English Summary: Top Medical Body For Phased School Reopening, Prioritises Junior Classes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com