ADVERTISEMENT

കൊച്ചി∙ നയതന്ത്ര ബാഗിലൂടെയുള്ള സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കോഫെപോസ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി. സ്വപ്നയുടെ അമ്മ നൽകിയ ഹർജിയിലാണ് കോടതി നടപടി. അതേസമയം മുഖ്യ പ്രതി പി.എസ്. സരിത്തിനെതിരായ കോഫെപോസ വകുപ്പുകൾ നിലനിൽക്കുമെന്നു കോടതി വ്യക്തമാക്കി. സ്വപ്നയ്ക്കെതിരെ കരുതൽ തടങ്കലിനു മതിയായ തെളിവില്ലെന്നു കണ്ടാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റെ നടപടി.

സ്ഥിരമായി കള്ളക്കടത്തു നടത്തുന്നവർക്കെതിരെ ചുമത്തുന്ന വകുപ്പുകൾ പ്രകാരം ഇവരെ തടവിലിടാൻ തെളിവില്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. സ്വപ്നയ്ക്കെതിരെ നേരത്തേ കള്ളക്കടത്തു നടത്തിയതിന്റെ പേരിലുള്ള കേസുകൾ ഇല്ലാത്തതാണ് വകുപ്പുകൾ റദ്ദാക്കാൻ കാരണം. അതേസമയം, കരുതൽ തടങ്കൽ വകുപ്പുകൾ റദ്ദാക്കിയെങ്കിലും നിലവിൽ ഇവർ ജയിൽ മോചിതയാവില്ല. മറ്റു രണ്ട് അന്വേഷണ ഏജൻസികൾ ചുമത്തിയിട്ടുള്ള കേസുകളിൽ ജാമ്യം ലഭിച്ചെങ്കിലും എൻഐഎ കേസിൽ ഇതുവരെ ജാമ്യം കിട്ടാത്തതാണു കാരണം. നേരത്തേ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയതിനെതിരായ അപ്പീൽ ഹർജി ഹൈക്കോടതി 22 നു പരിഗണിക്കാനിരിക്കുകയാണ്.

എന്നാൽ, സ്വപ്ന സുരേഷിനു ജയിൽ മോചിതയാകാൻ മുഖ്യ തടസ്സമായിരുന്ന കോഫെപോസ റദ്ദാകുന്നതോടെ ഒഴിവാകുന്നതു പ്രധാന കുരുക്കുകളിൽ ഒന്നാണെന്നു നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ്, സരിത്ത് എന്നിവർക്കു പുറമേ നാലു പേർക്കെതിരെ കൂടി കോഫെപോസ ചുമത്തിയിരുന്നു. കറൻസി, സ്വർണം കള്ളക്കടത്ത് തടയുന്നതു ലക്ഷ്യമിട്ട് 1974 ൽ കൊണ്ടുവന്ന നിയമമാണ് കോഫെപോസ. ഇതു പ്രകാരം ഇന്ത്യയിലുള്ളവരെയോ വിദേശത്തുള്ളവരെയോ കരുതൽ തടങ്കലിലാക്കാൻ വകുപ്പുണ്ട്. കള്ളക്കടത്തു കേസിൽ അറസ്റ്റിലാകുന്നവർ പുറത്തിറങ്ങിയാൽ കുറ്റകൃത്യം ആവർത്തിക്കാം എന്നതു മുൻകൂട്ടി കണ്ടാണ് കോഫെപോസ വകുപ്പുകൾ ചുമത്തി ജയിലിലടയ്ക്കുന്നത്.

English Summary: Kerala High Court sets aside Cofeposa charges against Swapna Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com