ADVERTISEMENT

തിരുവനന്തപുരം ∙ സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖയ്ക്കു സർക്കാർ അംഗീകാരം നൽകി. വിദ്യാർഥികൾ രക്ഷിതാക്കളുടെ സമ്മതത്തോടെ സ്കൂളിൽ വന്നാൽ മതി. ആദ്യത്തെ രണ്ടാഴ്ചത്തെ ക്ലാസുകൾ ഉച്ചവരെ. ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കും. ഉച്ചഭക്ഷണം സ്കൂളിന്റെ സാഹചര്യം അനുസരിച്ച് നൽകും. കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്കൂളുകളും തുറക്കണമെന്നാണ് സർക്കാർ നിലപാട്.

സ്കൂൾ തുറന്നാലും ഓൺലൈൻ ക്ലാസ് തുടരും. പ്രത്യേക ടൈംടേബിൾ തയാറാക്കും. പരമാവധി 3 കുട്ടികളിൽ കൂടുതൽ ഓട്ടോറിക്ഷകളിൽ അനുവദിക്കില്ല. എല്ലാ വിദ്യാർഥികൾക്കും സാനിറ്റൈസർ, മാസ്ക് ഉറപ്പാക്കും. കുട്ടികളുടെ ശരീര ഊഷ്മാവ് പരിശോധിക്കും. ഡോക്ടറുടെ സേവനം സ്കൂളുകളിൽ ഉറപ്പാക്കും. രക്ഷിതാക്കളും കുട്ടികളും അല്ലാതെ ആരെയും സ്കൂളിൽ പ്രവേശിപ്പിക്കില്ല. ഒരു ക്ലാസിലെ കുട്ടികളെ ഗ്രൂപ്പായി തിരിക്കും. ഒരു ബെഞ്ചിൽ രണ്ടുപേർ. യൂണിഫോം, അസംബ്ലി എന്നിവ ആദ്യത്തെ രണ്ടാഴ്ച നിർബന്ധമാക്കില്ല.

സ്കൂളില്‍ കുട്ടികള്‍ കൂട്ടംകൂടുന്നില്ലെന്ന് ഉറപ്പാക്കാന്‍ അധ്യാപകരെ നിയോഗിക്കണം. അടുത്ത അധ്യയനദിവസം മുതല്‍ അധ്യാപകര്‍ സ്കൂളിലെത്തണമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സ്കൂളുകള്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തണം. സാധിക്കാത്തവര്‍ക്ക് കെഎസ്ആർടിസി സഹായം നല്‍കും. പരസ്പരസമ്പര്‍ക്കം ഒഴിവാക്കാന്‍ ക്ലാസുകളില്‍ ‘ബയോ ബബിൾ’ രീതി ഉറപ്പാക്കും. അധ്യാപകരെയും ഇതിന്റെ ഭാഗമാക്കും.

സ്കൂൾ വൃത്തിയാക്കുന്നത് ഏറ്റവും പ്രാധാന്യത്തോടെയാണ് കാണുന്നതെന്നു മന്ത്രി പറഞ്ഞു. ജനപങ്കാളിത്തത്തോടെ സ്കൂളുകൾ വൃത്തിയാക്കും. പ്രിൻസിപ്പൽ കൺവീനറായി തദ്ദേശ സ്ഥാപന അധികൃതർ ഉൾപ്പെട്ട കമ്മിറ്റി രൂപീകരിക്കും. സ്കൂൾ പിടിഎ, ക്ലാസ് പിടിഎ ചേരും. അധ്യാപകർ വിദ്യാർഥികളുമായി നേരിട്ടു സംസാരിക്കും.

സ്കൂൾ ബസിന്റെ അറ്റകുറ്റപ്പണികൾ ജനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കും. ബോണ്ട് അടിസ്ഥാനത്തിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. അൺ എയ്ഡഡ് സ്കൂളുകളാണ് ബോണ്ട് സർവീസിനെ കൂടുതൽ ആശ്രയിക്കുന്നത്. ബസ് കൺസഷൻ തുടരും. പ്രൈവറ്റ് ബസ് യൂണിയനുകളുമായി അടുത്തയാഴ്ച ചർച്ച നടത്തും. മാർഗരേഖയ്ക്ക് 8 ഭാഗങ്ങളുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത, പൊതുമരാമത്ത്, തദ്ദേശ, പട്ടികജാതി പട്ടികവർഗ വകുപ്പുകൾ സംയുക്തമായി മാർഗരേഖ നടപ്പിലാക്കും.

English Summary: Kerala School Reopening: New guidelines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com