ADVERTISEMENT

രാജ്യാന്തര, ആഭ്യന്തര ഘടകങ്ങൾ അനുകൂലമായി വന്ന കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണിയും മുന്നേറ്റം സ്വന്തമാക്കി. അമേരിക്കൻ സർക്കാരിന്റെ തിരിച്ചടവുകൾ മുടങ്ങിയേക്കുമെന്ന ആശങ്കകളിൽ വീണ യുഎസ് വിപണിക്കൊപ്പം ആഴ്ച മധ്യത്തിൽ ഒന്ന് വീണതൊഴിച്ചാൽ ഇന്ത്യൻ വിപണിയിൽ പല സെക്ടറുകളിലും വാങ്ങൽ പ്രകടമായിരുന്നു. ഐടി സെക്ടറിലെ റിസൾട്ട് ബേസ്ഡ് വാങ്ങലും ഓട്ടോ, എനർജി സെക്ടറുകളിലെ അപ്രതീക്ഷിത കുതിപ്പും റിലയൻസിന്റെ മുന്നേറ്റവും ഇന്ത്യൻ വിപണിക്ക് അനുകൂലമായി.

നിയന്ത്രിതമായ പണപ്പെരുപ്പവും രാജ്യത്തിന്റെ വളർച്ചാ സാഹചര്യങ്ങളും കണക്കിലെടുത്ത് ആർബിഐ ‘അക്കോമഡേറ്റീവ്’ നയം തുടരുന്നതും ഇന്ത്യൻ വിപണിക്ക് ആശ്വാസമാണ്. ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ ക്രമാനുഗതമായി മുന്നേറുന്നതും പൊതുമേഖലാ ബാങ്കുകളുടെ കുതിപ്പും ഇന്ത്യൻ വിപണിക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. ഓഹരി വിപണിയുടെ പുതിയ പ്രതീക്ഷകൾ വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

ഫാർമ, എഫ്എംസിജി സെക്ടറുകൾ കഴിഞ്ഞ വാരം നഷ്ടം നേരിട്ടതാണ് വിപണിയിൽ കണ്ടത്. ബാങ്കിങ്, ഐടി, ഓട്ടോ, എനർജി, എഫ്എംസിജി, ഹോസ്പിറ്റാലിറ്റി, ഫാഷൻ, വിനോദം, ഏവിയേഷൻ, ലിക്വർ ഓഹരികൾ അടുത്ത ആഴ്ചയിലും മുന്നേറ്റ പ്രതീക്ഷയിലാണ്. റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ മുന്നേറ്റം വിപണിക്ക് പ്രധാനമാണ്.

കട പരിധിയും തൊഴിൽ നിരക്കും

സർക്കാരിന്റെ തിരിച്ചടവുകൾ മുടങ്ങാതിരിക്കാനായി കട പരിധി ഉയർത്താൻ റിപ്പബ്ലിക്കൻ അംഗങ്ങളിൽ നിന്നും സഹായം ലഭിച്ചത് അമേരിക്കൻ വിപണിയിലെ അനിശ്ചിതത്വങ്ങൾക്കു തൽക്കാലം വിരാമമിട്ടു. ലോക വിപണി കാത്തിരുന്ന സെപ്റ്റംബറിലെ അമേരിക്കൻ അൺഎംപ്ലോയ്‌മെന്റ് കണക്കുകൾ ലക്ഷ്യംനേടാതെ പോയത് ‘ടാപ്പറിങ്’ ആരംഭിക്കാനായി ഫെഡ് മികച്ച തൊഴിൽവിവര കണക്കുകൾ കാത്തിരിക്കുന്ന സാഹചര്യത്തിൽ വിപണിക്ക് തൽക്കാലം അനുകൂലമാണ്. അടുത്ത ആഴ്ചയിൽ പണപ്പെരുപ്പ കണക്കുകളും കൺസ്യൂമർ സെന്റിമെന്റ് ഇൻഡക്‌സും ഫെഡ് മിനിറ്റ്സും ജോബ് ഡേറ്റയ്ക്കൊപ്പം അമേരിക്കൻ വിപണിക്ക് പ്രധാനമാണ്.

ഇന്ത്യൻ ഡേറ്റ

നാളെ പുറത്തു വരുന്ന സെപ്റ്റംബറിലെ ചില്ലറ പണപ്പെരുപ്പ കണക്കുകളും ഓഗസ്റ്റിലെ ഐഐപി ഡേറ്റയും ഉൽപാദന കണക്കുകളും ഇന്ത്യൻ വിപണിക്കും പ്രധാനമാണ്. മാനുഫാക്ചറിങ് സെക്ടർ മുന്നേറ്റ പ്രതീക്ഷയിലാണ്. വ്യാഴാഴ്ച ഹോൾസെയിൽ ഇൻഫ്ലേഷനും, അവധി ദിനമായ വെള്ളിയാഴ്ച ബാലൻസ് ഓഫ് ട്രേഡ് ഡേറ്റയും പുറത്തു വരുന്നു.

ഓഹരികളും സെക്ടറുകളും

∙ മുൻ വർഷത്തിലെ രണ്ടാം പാദത്തിൽ 7,475 കോടി രൂപയും, ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ 9,008 കോടിയും അറ്റാദായം നേടിയ ടിസിഎസ് 9,624 കോടി രൂപയുടെ അറ്റാദായം കഴിഞ്ഞ പാദത്തിൽ സ്വന്തമാക്കിയത് ഐടി ഓഹരികൾക്ക് അനുകൂലമാണ്. അറ്റാദായത്തിനൊപ്പം ഡോളർ വരുമാനവും, എബിറ്റ് മാർജിനും ലക്ഷ്യം നേടാതെ പോയി. എഴു രൂപയുടെ ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ച ടിസിഎസ് ഫലപ്രഖ്യാപനനാന്തര ലാഭമെടുക്കലിൽ വീണാലത് നിക്ഷേപാവസരമാണ്. 4,040 രൂപയ്ക്ക് മുകളിൽ ടിസിഎസ് കുതിപ്പ് നേടിയേക്കാം. ഇൻഫി, വിപ്രോ, എച്ച്സിഎൽ ടെക്ക്, മൈൻഡ് ട്രീ, സയിന്റ്, കാൾ സോഫ്റ്റ് മുതലായ ഐടി കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത് ശ്രദ്ധിക്കുക.

∙ ആർബിഐ നയങ്ങളിൽ മാറ്റം കൊണ്ടുവരാതിരുന്നത് വിപണിക്ക് അനുകൂലമായി. അടുത്ത പോളിസി മീറ്റിങ്ങിൽ ഇന്ത്യൻ കേന്ദ്ര ബാങ്ക് ബേസ് റേറ്റുകളിൽ മാറ്റം കൊണ്ടുവന്നേക്കാം.

∙ എയർ ഇന്ത്യയുടെ വിൽപന നടന്നതു പൊതുമേഖല ഓഹരി വിൽപന നടപടികളുടെ വേഗം കൂട്ടുന്നത് പൊതുമേഖല ഓഹരികളെ വീണ്ടും ആകർഷകമാക്കുന്നു. ക്യാപിറ്റൽ ഗുഡ്സ്, എനർജി, മെറ്റൽ, ഖനി, ബാങ്കിങ് സെക്ടറുകളിലെ പൊതുമേഖല ഓഹരികൾ നിക്ഷേപത്തിനായി പരിഗണിക്കുക.

∙ വെള്ളിയാഴ്ചത്തെ മുന്നേറ്റത്തോടെ റിലയൻസ് 18 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം സ്വന്തമാക്കി. 2,800 രൂപയിലാണ് ഓഹരിയുടെ അടുത്ത റസിസ്റ്റൻസ്.

∙ ദീർഘകാല ഇലക്ട്രിസിറ്റി കോൺട്രാക്ടുകൾ ആരംഭിക്കാനുള്ള തടസ്സങ്ങൾ നീങ്ങിയതും, ഫിസിക്കൽ ഡെലിവറി കോൺട്രാക്ടുകൾ പവർ റെഗുലേറ്റർ സിഇആർസിയും, ഫിനാൻഷ്യൽ കോൺട്രാക്ടുകൾ സെബിയും നിയന്ത്രിക്കാമെന്ന് ധാരണയായതും ഐഇഎക്‌സിന് വെള്ളിയാഴ്ച മുന്നേറ്റം നൽകി. ഓഹരിയുടെ അടുത്ത ലക്ഷ്യം 1,000 രൂപയാണ്.

∙ അടുത്ത ആഴ്ച റിസൾട്ട് പ്രഖ്യാപിക്കുന്ന എച്ച്ഡിഎഫ്സി ബാങ്ക് മുന്നേറ്റം നേടിയേക്കാം. എച്ച്ഡിഎഫ്സി ബാങ്കിന്റെ മുന്നേറ്റം ബാങ്ക് നിഫ്റ്റിക്കും, ഇന്ത്യൻ വിപണിക്കും അനുകൂലമായേക്കാം. ആക്സിസ്, ഐസിഐസിഐ ബാങ്കുകളും നിക്ഷേപത്തിന് അനുകൂലമാണ്.

∙ പുതിയ സ്ക്രാപ്പേജ് പോളിസിക്കു മുന്നോടിയായി 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ റീ റജിസ്ട്രേഷൻ ചാർജുകൾ ഉയർത്തിയതും നവരാത്രി മുതൽ വാഹനങ്ങളുടെ വിൽപന വർധിക്കുമെന്ന പ്രതീക്ഷയും, വാഹന മേഖലയ്ക്കു വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ ശ്രദ്ധ പതിയുന്നതും കഴിഞ്ഞ വാരം ഇന്ത്യൻ വാഹന ഓഹരികൾക്ക് വൻ കുതിപ്പ് നൽകി.

∙ ടാറ്റ മോട്ടോഴ്സിനെ മോർഗൻ സ്റ്റാൻലി ഓവർ വെയ്റ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തിയത് ഓഹരിക്ക് നൽകിയ കുതിപ്പ് തുടർന്നേക്കാം. 404 രൂപയ്ക്ക് മുകളിൽ ഓഹരി വലിയ മുന്നേറ്റം നേടിയേക്കാം.

∙ റിയൽറ്റി സെക്ടർ മുന്നേറ്റം തുടരുകയാണ്. ഗോദ്‌റെജ്‌ പ്രോപ്പർടീസിന്റെ വിൽപന മാജിക്കിനു ശേഷം ശോഭയുടെ മികച്ച വിൽപന കണക്കുകൾ കഴിഞ്ഞ ആഴ്ച റിയൽ എസ്റ്റേറ്റ് ഓഹരികൾക്ക് മുന്നേറ്റ കാരണമായി. ഈ മാസം റിസൾട്ട് പ്രഖ്യാപിക്കുന്ന ഐബി റിയൽ, പുറവങ്കര, ബ്രിഗേഡ്, ഡിഎൽഎഫ്, ലോധ, സൺസ്ടെക് ഓഹരികൾ നിക്ഷേപത്തിന് യോഗ്യമാണ്.

∙ ഹോട്ടൽ ഓഹരികൾ കുതിപ്പ് തുടരുകയാണ്. ഇന്ത്യൻ ഹോട്ടൽ നാളെ റിസൽട്ട് പ്രഖ്യാപിക്കുന്ന ഡെൽറ്റ കോർപ്, ഷാലെറ്റ് ഹോട്ടൽ, കാമത്ത് ഹോട്ടൽ മുതലായ ഓഹരികൾ ദീർഘകാല നിക്ഷേപത്തിന് അനുകൂലമാണ്.

∙ എയർ ഇന്ത്യയ്ക്കു ലോൺ നൽകിയിരുന്ന പൊതുമേഖല ബാങ്കിങ് ഓഹരികൾ വെള്ളിയാഴ്ച നേടിയ മുന്നേറ്റം അടുത്ത ആഴ്ചയിലും തുടർന്നേക്കാം. ബാങ്ക് ഓഫ് ബറോഡ, യൂക്കോ ബാങ്ക്, പിഎൻബി, കാനറാ ബാങ്ക് എന്നിവ ശ്രദ്ധിക്കാം.

∙ ബിപിസിഎല്ലിന്റെ ഫിനാൻഷ്യൽ ബിഡ് പ്രഖ്യാപിക്കപ്പെട്ടേക്കാമെന്നത് ഓഹരിക്ക് അനുകൂലമാണ്. ഐഒസി, ഹിന്ദ് പെട്രോ എന്നിവയും പ്രതീക്ഷ നൽകുന്നു.

∙ ഒന്നു വീണ ശേഷം വീണ്ടും മുന്നേറിയ ക്രൂഡ് ഓയിൽ വില ഒഎൻജിസി, ഓയിൽ ഇന്ത്യ ഓഹരികളെ വീണ്ടും ആകർഷകമാക്കുന്നു.

∙ റാണെ ഗ്രൂപ് ഓഹരികൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു. റാണെ എൻജിൻ, റാണെ ഹോൾഡിങ് ഓഹരികൾ ശ്രദ്ധിക്കുക.

∙ ഉത്സവ സീസണിന് മുന്നോടിയായി ഫാഷൻ ഓഹരികളും കുതിപ്പ് നേടി. എബിഎഫ്ആർഎൽ, സിയാറാം, ട്രെന്റ്, ഡോളർ ഇൻഡസ്ട്രീസ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

ഫല പ്രഖ്യാപനങ്ങൾ

എച്ച്ഡിഎഫ്സി ബാങ്ക്, ഡി മാർട്ട്, ഡെൽറ്റ കോർപ്, ടിൻപ്ലേറ്റ്, ടാറ്റ മെറ്റാലിക്സ്, ഇൻഫി, വിപ്രോ, മൈൻഡ് ട്രീ, സയിന്റ്, എച്ച്എഫ്സിഎൽ, ജിഎം ബ്രൂവറീസ്, ബിർള മണി, എച്ച്സിഎൽ ടെക്, സെഞ്ച്വറി ടെക്സ്, ഐബി റിയൽ, ഐനോക്സ് വിൻഡ് മുതലായ ഓഹരികൾ അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത് ശ്രദ്ധിക്കുക.

ലിസ്റ്റിങ്

ആദിത്യ ബിർള സൺ ലൈഫ് എഎംസി ഓഹരികൾ നാളെ ലിസ്റ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക. മികച്ച ലിസ്റ്റിങ് മറ്റ് എഎംസി ഓഹരികൾക്കും ലഭിക്കും.

സ്വർണം

1,780 ഡോളറിലെ ആദ്യ റസിസ്റ്റൻസ് വരെ പോയ ശേഷം തിരിച്ചു വന്ന രാജ്യാന്തര വിപണിയിലെ സ്വർണ വില 1,740 ഡോളറിൽ കൂടുതൽ പിന്തുണ പ്രതീക്ഷിക്കുന്നു. സ്വർണം അടുത്ത കുതിപ്പ് ആരംഭിച്ചേക്കാം.

ക്രൂഡ് ഓയിൽ

അമേരിക്ക സ്ട്രാറ്റജിക് ക്രൂഡ് റിസർവ് റിലീസ് ചെയ്യുമെന്ന പ്രഖ്യാപനത്തിൽനിന്നും പിന്നാക്കം പോയത് ബ്രെന്റ് ക്രൂഡ് വില വീണ്ടും 82 ഡോളർ കടത്തി. അമേരിക്കൻ ക്രൂഡ് ഇൻവെന്ററിയിൽ കുറവ് കാണിച്ചാൽ ബ്രെന്റ് ക്രൂഡ് 85 ഡോളർ ഈയാഴ്ച കടന്നേക്കാം. ഗോൾഡ് മാൻ സാക്സിന്റെ 90 ഡോളർ വില അതിശൈത്യ സാധ്യതയിൽ വേഗം തന്നെ പ്രാപ്യമായേക്കാം. ക്രൂഡ് വില വർധനവ് പണപ്പെരുപ്പ വർധനവിനു വഴി വയ്ക്കുമെന്നത് ഒരു സാമ്പത്തിക ബാധ്യതയാണ്.

കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്: 8606666722, ഇമെയിൽ: buddingporttfolios@gmail.com

English Summary: Indian Market Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com