ADVERTISEMENT

മുംബൈ ∙ ലഖിംപുർ ഖേരി സംഭവത്തിൽ കർഷകരെ അനുകൂലിച്ച് രംഗത്തെത്തിയ ബിജെപി എംപി വരുൺ ഗാന്ധിക്ക് പിന്തുണയുമായി ശിവസേന. എല്ലാ കർഷകസംഘടനകളും വരുൺ ഗാന്ധിയുടെ നിലപാടിനെ അഭിനന്ദിച്ചുകൊണ്ട് പ്രമേയം പാസാക്കണമെന്ന് മുഖപത്രമായ ‘സാമ്ന’യിൽ എഴുതിയ മുഖപ്രസംഗത്തിൽ ശിവസേന ആവശ്യപ്പെട്ടു.

‘വിദ്വേഷം പരത്താനുള്ള ശ്രമങ്ങൾ രാജ്യത്തിന് താങ്ങാനാവില്ല. വരുൺ ഗാന്ധി മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചെറുമകനും സഞ്ജയ് ഗാന്ധിയുടെ മകനുമാണ്. ലഖിംപുരിലെ ഭീകരത കണ്ടതിനുശേഷം, അദ്ദേഹത്തിന്റെ രക്തം തിളച്ചു, തന്റെ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു.’– മുഖപ്രസംഗത്തിൽ പറയുന്നു. ഒരു പ്രത്യാഘാതത്തെയുംപറ്റി ചിന്തിക്കാതെ വരുൺ രാഷ്ട്രീയ ധൈര്യം കാണിക്കുകയും കർഷകരുടെ കൊലപാതകത്തെ അപലപിക്കുകയും ചെയ്തു.

ഭരണപക്ഷ സഖ്യകക്ഷികളായ ശിവസേനയും എൻസിപിയും കോൺഗ്രസും തിങ്കളാഴ്ച ആഹ്വാനം ചെയ്ത ‘മഹാരാഷ്ട്ര ബന്ദ്’ സ്വന്തം വികാരങ്ങൾ തുറന്നു പറയാൻ കഴിയാത്തവർക്കു വേണ്ടിയാണെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കി. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ പ്രതിയായ ലഖിംപുർ ഖേരി സംഭവം സിബിഐ അന്വേഷിക്കണമെന്നും കർഷകർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് വരുൺ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയിരുന്നു.

കർഷകരെ വാഹനങ്ങൾ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ വിഡിയോകൾ വരുണും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുമാണ് ആദ്യം ട്വീറ്റ് ചെയ്തത്. ‘കൊലപാതകത്തിലൂടെ കർഷകരെ നിശബ്ദരാക്കാനാവില്ല’ എന്നും വരുൺ പറഞ്ഞു. അഭിപ്രായപ്രകടനത്തിനു പിന്നാലെ, ബിജെപി ദേശീയ എക്സിക്യൂട്ടീവിൽനിന്ന് വരുൺ പുറത്തായെങ്കിലും വീണ്ടും പ്രതികരണവുമായി രംഗത്തെത്തി.

ലഖിംപുര്‍ പ്രശ്നം ഹിന്ദു–സിഖ് സംഘര്‍ഷമായി ചിത്രീകരിക്കുന്നത് അധാര്‍മികവും തെറ്റായ വ്യാഖ്യാനം നൽകുമെന്നും ഒരു തലമുറയുടെ സമയമെടുത്ത് ഉണക്കിയ മുറിവുകൾ വീണ്ടും തുറക്കുന്നത് അപകടകരമാണെന്നും വരുൺ ഞായറാഴ്ച ട്വിറ്ററിൽ കുറിച്ചു. മുൻപും കർഷക വിഷയത്തിൽ ബിജെപിയുടേതിൽനിന്നു വ്യത്യസ്ത നിലപാടാണ് വരുൺ സ്വീകരിച്ചുവന്നത്. സമരം ചെയ്യുന്ന കർഷകരോട് ചർച്ച നടത്തണമെന്നും അവർ രാജ്യത്തിന്റെ ജീവനാഡിയാണെന്നും പരസ്യമായി പലവട്ടം പറഞ്ഞു.

English Summary: "Applaud Varun Gandhi": Shiv Sena's Message To UP Farmer Leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com