ADVERTISEMENT

കൊല്ലം ∙ ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് പാമ്പിനെ ഉപയോഗിച്ചത് മൂന്നുതവണ. ആദ്യ രണ്ടുതവണ മൂര്‍ഖനെയും അണലിയെയും മാറിമാറി ഉപയോഗിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. ഒടുവില്‍ മൂര്‍ഖനെ കിടപ്പുമുറിയില്‍ കൊണ്ടുപോയി ഉത്രയുടെ കയ്യില്‍ കടിപ്പിച്ചാണ് മരണം ഉറപ്പാക്കിയത്. പാമ്പുപിടിത്തക്കാരനായ കല്ലുവാതുക്കൽ ചാവരുകാവ്‍ സുരേഷിൽനിന്നാണു സൂരജ് പാമ്പിനെ വാങ്ങിയത്.

രണ്ടാംതവണ പാമ്പു കടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഉത്ര, ആശുപത്രിയിൽനിന്നു ഡിസ്ചാർജായശേഷം സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. ആദ്യ രണ്ടു തവണയും ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടതോടെ കൃത്യമായ ആസൂത്രണത്തോടെയാണ് സൂരജ് മൂന്നാം തവണ കൃത്യം നടപ്പാക്കിയത്.

സുരേഷിൽനിന്ന് മൂർഖൻ പാമ്പിനെ വാങ്ങിച്ച്, കുപ്പിയിലാക്കി ബാഗിൽ സൂക്ഷിച്ചാണ് സൂരജ് ഉത്രയുടെ വീട്ടിലെത്തിയത്. 2020 മേയ് ആറിനു രാത്രി ഉത്രയ്ക്ക് ജ്യൂസ് നൽകിയശേഷം ഉറങ്ങുന്നതു വരെ കാത്തുനിന്നു. ഉത്ര ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷം കിടപ്പുമുറിയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന കുപ്പിയിൽനിന്ന് പാമ്പിനെ എടുത്ത് കട്ടിലിലേക്ക് ഇട്ടു.

എന്നാൽ പാമ്പ് ഉത്രയുടെ ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങിയതല്ലാതെ കടിച്ചില്ല. മൂന്നാമതും തന്റെ ശ്രമം വിഫലമാകുകയാണെന്ന് കണ്ട സൂരജ്, പാമ്പിനെ കയ്യിലെടുത്തശേഷം ഉത്രയുടെ കയ്യിൽ കടിപ്പിച്ചു. പാമ്പിനെ കൈകാര്യം ചെയ്യുന്നതിന് സൂരജ് കൃത്യമായ പരിശീലനം നേടിയിരുന്നു. കൃത്യത്തിനുശേഷം പാമ്പിനെ അലമാരയ്ക്കുള്ളിലേക്ക് വിട്ടു. പാമ്പിനെ പിന്നീട് അലമാരയ്ക്കുള്ളിൽനിന്നുതന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഉത്ര, സൂരജ്
ഉത്ര, സൂരജ്

ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ച ശേഷം സൂരജ് ഒന്നുമറിയാത്ത പോലെ ഉത്രയ്ക്കൊപ്പം കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റ് സാധാരണപോലെ പുറത്തിരുന്ന് കാപ്പികുടിക്കുകയും ചെയ്തെന്നാണ് ഉത്രയുടെ മാതാപിതാക്കൾ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഏറെ വൈകിയിട്ടും ഉത്ര ഉണരാത്തതിനെ തുടർന്നു മാതാപിതാക്കൾ വിളിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ പാമ്പു കടിയേറ്റാണ് മരിച്ചതെന്നു സ്ഥിരീകരിച്ചു.

English Summary: Uthra Murder Case: Sooraj's Plan revealed during investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com