ADVERTISEMENT

കൊച്ചി∙ ചാരിറ്റിയുടെ മറവിൽ വയനാട്ടുകാരി യുവതിക്ക് എറണാകുളത്തു നേരിടേണ്ടി വന്നത് ക്രൂരമായ കൂട്ട ലൈംഗിക പീഡനം. കഴിഞ്ഞ മാസം 26 നാണ് ചികിത്സയ്ക്ക് ഡോക്ടറെ കാണാൻ എന്ന പേരിൽ എറണാകുളം ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിക്കു സമീപമുള്ള ലോഡ്ജിൽ മുറിയെടുത്ത് ഇവരെ താമസിപ്പിച്ചത്. അടുത്ത ദിവസം ലഹരി നൽകി അർധബോധാവസ്ഥയിലാക്കിയ ശേഷം ചാരിറ്റി പ്രവർത്തകൻ ഷംഷാദ് വയനാട് എന്നറിയപ്പെടുന്ന ബത്തേരി തൊവരിമല കക്കത്ത്പറമ്പിൽ ഷംഷാദും(24) അയാളുടെ സഹായികളായ ബത്തേരി റഹ്മത് നഗർ മേനകത്ത് ഫസൽ മെഹമൂദും(23) അമ്പലവയൽ ചെമ്മൻകോട് സെയ്ഫു റഹ്മാനും(ഷാദിഖ് – 26) ക്രൂര പീഡനത്തിന് ഇരയാക്കിയെന്നു യുവതി പറയുന്നു. ഇവർ മൂന്നു പേരും ഇപ്പോൾ റിമാൻഡിലാണ്.

ഹൃദയാഘാതവും സ്ട്രോക്കും വന്നിട്ടുള്ള, ഗുരുതര അസുഖങ്ങളുള്ള യുവതി മറ്റാരു വഴിയും ഇല്ലാത്തതുകൊണ്ടാണ് സഹായ വാഗ്ദാനം വിശ്വസിച്ച് ഇവർക്കൊപ്പം കാറിൽ എറണാകുളത്തേയ്ക്കു യാത്ര ചെയ്യാൻ തയാറായത്. താൻ മോശം സ്ത്രീയായതു കൊണ്ടാണ് ഇവർ പറഞ്ഞ ഉടൻ എറണാകുളത്തേയ്ക്കു പോയത് എന്നാണ് പരാതി നൽകിയപ്പോൾ ചോദ്യം ചെയ്യാനെത്തിയ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ കുറ്റപ്പെടുത്തിയത്. ഭർത്താവ് ഉപേക്ഷിച്ച, അമ്മയും രണ്ടു മക്കളും മാത്രമുള്ള, മറ്റാരും സഹായിക്കാനില്ലാത്ത താൻ വാഗ്ദാനവുമായി എത്തിയവരുടെ വാക്കു വിശ്വസിച്ചാണ് പരിശോധനകൾക്കായി എറണാകുളത്ത് എത്തിയതെന്നു യുവതി പറയുന്നു.

∙ പാനീയത്തിൽ ലഹരി കലർത്തി നൽകി

‘‘ആശുപത്രിയിൽ ചെക്കപ്പിനെന്ന പേരിലാണ് കഴിഞ്ഞ 26നു തന്നെ എറണാകുളത്തേയ്ക്കു കൂട്ടിക്കൊണ്ടു വന്നത്. രാത്രി 11.30നാണ് അവിടെ എത്തിയത്. തനിക്കു വേറെ മുറി വേണം എന്നു പറഞ്ഞതിനാൽ വേറെ മുറിയെടുത്തു തന്നു. അടുത്ത ദിവസം ഹർത്താൽ ആയതിനാൽ ഡോക്ടറെ കാണാനാവില്ല എന്നു പറഞ്ഞു. ഞായറാഴ്ച ആശുപത്രിക്ക് അവധിയില്ലല്ലോ, ഡോക്ടറെ കാണാം എന്നു പറഞ്ഞപ്പോൾ ഇന്നു പറ്റില്ല, നാളെ കാണാമെന്നു തീർത്തു പറഞ്ഞു. മറ്റൊരു കരൾ മാറ്റിവയ്ക്കൽ ചികിത്സയുടെ കാര്യങ്ങൾ ഷംഷാദിനു ചെയ്യാനുണ്ടെന്നു പറഞ്ഞു പോയി ഉച്ചയ്ക്കാണ് എത്തുന്നത്. ആശുപത്രിയുടെ അടുത്തുള്ള ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു തിരികെ മുറിയിൽ വന്നു. 

വൈകിട്ടു കഴിക്കാൻ വേണ്ടെന്നു പറഞ്ഞതിനാൽ ജൂസ് വാങ്ങിക്കൊണ്ടുവന്നത് അവരുടെ മുറിയിൽ പോയി കഴിച്ചു. പതിനഞ്ചു മിനിറ്റു കഴിയും മുമ്പ് ശരീരം കുഴയുന്ന പോലെ തോന്നി. അവരോട് ഇക്കാര്യം പറഞ്ഞു. റൂമിൽ പോകണമെന്നു പറഞ്ഞ് എഴുന്നേറ്റു. വീഴാൻ പോയപ്പോൾ രണ്ടു പേർ കയ്യിൽ കയറി പിടിച്ചു. റൂമിലെത്തിച്ചപ്പോൾ നിങ്ങൾ പൊയ്ക്കോ, ഞാൻ കുറ്റിയിട്ടു കിടന്നോളാം എന്നു പറഞ്ഞെങ്കിലും അവർ കേട്ടില്ല, അപ്പോഴേയ്ക്കും ശരീരം തളർന്നു കട്ടിലിൽ കിടന്നിരുന്നു. ഈ സമയം ഷംഷാദ് ആദ്യം തന്റെ ഒപ്പം വന്നു കിടന്നു. ഷാദിക്ക് അടുത്തു വന്നിരുന്നു.

എല്ലാവരുടെയും മുന്നിൽ വച്ച് ഷംഷാദാണ് വസ്ത്രം അഴിച്ചത്, എന്നെ ഒന്നും ചെയ്യരുതെന്നു കരഞ്ഞുപറഞ്ഞു. ശരീരം അനങ്ങുന്നില്ലെങ്കിലും കരഞ്ഞാണ് പറഞ്ഞുകൊണ്ടിരുന്നത്. ഇതൊന്നും കേൾക്കാതെ അവർ ഉപദ്രവിച്ചു. ഷംഷാദ് കഴിഞ്ഞ് ഫസൽ ഉപദ്രവിച്ചു. കുറെ നേരം കഴിഞ്ഞ് ഷാദിഖ് കുളിമുറിയിൽ കൊണ്ടുപോയി അവിടെ മറിഞ്ഞു വീണു. അവിടെയിട്ടാണ് അയാൾ ഉപദ്രവിച്ചത്. വീണ്ടും കിടക്കയിൽ കൊണ്ടുവന്നു രാത്രി 11 മണി വരെ മൂന്നു പേരും ലൈംഗികമായി ഉപദ്രവിച്ചു. ഇടയ്ക്ക് ഉറക്കെ കരഞ്ഞപ്പോൾ അവർ വായ പൊത്തിപ്പിടിച്ചു. ഇതിനിടെ കടുത്ത ശ്വാസം മുട്ടലുണ്ടായി. ഇവർ തുടർച്ചയായി തനിക്ക് ഇൻഹൈലർ തന്നു. ശ്വാസംമുട്ട് കൂടിയതല്ലാതെ കുറഞ്ഞില്ല. അപ്പോഴേയ്ക്കും ശരീരം മൊത്തം തളർന്നു പോയിരുന്നു. ഇവർ പറയുന്നതും പ്രവർത്തിക്കുന്നതും മുഴുവൻ അറിയാം, പക്ഷെ ശരീരം കൊണ്ടു പ്രതികരിക്കാൻ പറ്റാതെയായിരുന്നു. 

∙ മൊത്തം നശിച്ചു; ഞാൻ ചീത്തയായി

samshad
സംഷാദ്, ഫസൽ മെഹ്ബൂബ്.

രാവിലെ മൂന്നു മണിയായപ്പോഴാണ് പിന്നെ ഉണരുന്നത്. എഴുന്നേറ്റ് നടക്കാൻ വയ്യായിരുന്നു. നേരെ ബാത്തുറൂമിൽ പോയി ഷവറിന് കീഴിൽ കുറെ നേരം നിന്നു. തലേ ദിവസം നടന്നതെല്ലാം മനസിലേയ്ക്കു വന്നുകൊണ്ടിരുന്നു. ഭർത്താവുമായി അകന്നിട്ടും പത്തു വർഷമായി ഒരു പുരുഷനും തന്റെ ശരീരം അടിയറ വച്ചിട്ടില്ല, എന്നിട്ട് ഇങ്ങനെ ഒരു അനുഭവമുണ്ടായത് വളരെ തളർത്തിക്കഴിഞ്ഞിരുന്നു. ഇവർ ശരീരത്തു തൊട്ടതോടെ മൊത്തം നശിച്ചു, ഞാൻ ചീത്തയായി, ഇനി ജീവിക്കേണ്ടെന്നായി മനസിൽ മുഴുവൻ. അവർ ചെയ്ത കാര്യങ്ങളാണ് മുന്നിൽ വരുന്നത്.

രാവിലെ അവർ മുറിയിൽ വന്നപ്പോൾ വഴക്കുണ്ടാക്കി, ഷംഷാദിന് ഒന്നും പറയാനുണ്ടായിരുന്നില്ല. കഴിക്കാൻ പോകാമെന്നു പറഞ്ഞപ്പോൾ ഒന്നും വേണ്ടെന്നു പറഞ്ഞു. തനിക്ക് തലവേദനയാണെന്നു പറഞ്ഞപ്പോൾ ഇന്നലെ കഴിച്ചതിന്റെ ഹാങ്ങോവറാണെന്നു പറഞ്ഞു. അപ്പോഴാണ് തനിക്ക് എന്തോ തന്നതാണ് എന്നതു മനസിലായത്. എന്താണ് ഇന്നലെ കഴിക്കാൻ തന്നതെന്നു ചോദിച്ചപ്പോഴേയ്ക്കും അവർ ഒഴിഞ്ഞു മാറി. ചേച്ചിയെ വട്ടാക്കാൻ പറഞ്ഞതാണ്, ഒന്നും തന്നില്ല, നമുക്കു കഴിക്കാൻ പോകാമെന്നു പറഞ്ഞു. ഹോട്ടലിൽ എത്തിയപ്പോൾ അവിടെ കുഴഞ്ഞു വീണു. ഹോട്ടലുകാർ ഇടപെട്ട് ഓട്ടോ പിടിച്ച് ആശുപത്രിയിലെത്തി. കാഷ്വാലിറ്റിയിൽ കയറി ഇവർ ഡോക്ടറോടു പറഞ്ഞത് താൻ ഡിപ്രഷനു മരുന്നു കഴിക്കുന്നതിനാലുള്ള ക്ഷീണമാണ്, ഇന്നലെ ഭക്ഷണം കഴിച്ചില്ല എന്നാണ്. ഇങ്ങനെ പറഞ്ഞാൽ മതിയെന്നു ഷംഷാദ് മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ അഡ്മിറ്റാക്കണമെന്നു ഡോക്ടർ പറഞ്ഞെങ്കിലും അതു വേണ്ട, ഫണ്ടില്ലെന്നു പറഞ്ഞ് ചെയ്തില്ല.

∙ ഭീഷണി; ചോദിക്കാൻ ആരുമില്ലെന്ന് അറിയാമായിരുന്നു

ഇവർ തന്നെയാണ് തിരികെ വീട്ടിൽ കൊണ്ടു വിട്ടത്. വഴിയിൽ ഇവർ ഭക്ഷണം കഴിക്കുമ്പോഴെല്ലാം തന്നോടു ചോദിച്ചെങ്കിലും വേണ്ടെന്നു പറഞ്ഞു. തലേദിവസത്തെ ഓർമകളായിരുന്നു മനസിൽ മുഴുവൻ. തന്നെ കൊന്നു കളയുമോ എന്നു ഭയപ്പെടുകയും ചെയ്തിരുന്നു. തനിക്കു ചോദിക്കാനും പറയാനും ആരുമില്ലെന്ന് അവർക്ക് അറിയാമായിരുന്നു. അതുകൊണ്ട് എന്തുമാകാമെന്നു മനസിലാക്കിയാണ് ഉപദ്രവിച്ചത്. നാട്ടിലെത്തിയിട്ടും ആദ്യ ദിവസങ്ങളിലൊന്നും ഉറങ്ങാനും ഭക്ഷണം കഴിക്കാനും പറ്റുന്നില്ല, ഇതോടെ സംഭവിച്ചത് അടുത്ത വീട്ടിലെ ഒരു ചേച്ചിയോടു പറഞ്ഞു, അവർ പറഞ്ഞത് പുറത്തു പറയണ്ട, നാണക്കേടാണ്, ഒതുക്കി തീർത്തു പോകാം എന്നാണ്. എല്ലാം മനസിലൊതുക്കി പോകാമെന്നു വിചാരിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ ഭീഷണിയും തുടങ്ങിയപ്പോഴാണ് ചൈൽഡ് ലൈനിൽ വിളിച്ചു പറയുന്നത്. പഞ്ചായത്ത് അംഗത്തോടും എല്ലാം പറഞ്ഞപ്പോൾ അവരാണ് കേസുകൊടുക്കാൻ വേണ്ടതെല്ലാം ചെയ്തത്.

ഇതിനിടെ വിളിച്ച് വേണ്ടാത്ത വർത്തമാനം പറയാനും ഭീഷണിപ്പെടുത്താനും തുടങ്ങി. ശരീരത്ത് തൊട്ടപ്പോൾ അവരുടെ മുഖത്ത് അടിക്കാമായിരുന്നില്ലേ എന്നു ഷംഷാദ് ചോദിച്ചു. കേസു കൊടുത്താൽ നിന്റെ കാര്യങ്ങൾ തെളിവായി കയ്യിലുണ്ട്. അത് സോഷ്യൽ മീഡിയയിൽ ഇടുമെന്നു പറഞ്ഞു. പൈസയ്ക്കു വേണ്ടിയാണ് നീ ഇതു ചെയ്തതെന്നു പറയും എന്നെല്ലാം പറഞ്ഞു ഭീഷണിപ്പെടുത്തി. പുറത്തു പറഞ്ഞാൽ വച്ചേക്കില്ല എന്നും ഭീഷണിമുഴക്കി. 

ഇടയ്ക്കു വീട്ടിൽ വന്ന് ഫോണിലുണ്ടായിരുന്ന സംഭാഷണമെല്ലാം ഡിലീറ്റ് ചെയ്തു കളഞ്ഞു. ഇവരോടു സംസാരിച്ചതിന്റെ ഓട്ടോ റെക്കോർഡ് എല്ലാം കിടപ്പുണ്ടായിരുന്നു. റേപ് ചെയ്തെന്ന് ഇവർ തന്നെ പറയുന്നത് ഓഡിയോയിലുണ്ടായിരുന്നു. അതെല്ലാം കളഞ്ഞു. പൊലീസിനോട് എല്ലാം പറഞ്ഞിട്ടുണ്ട്. പരാതി നൽകിയപ്പോൾ തുടക്കം മുതൽ നിന്റെ കേസിൽ കള്ളത്തരമാണ് എന്നാണ് ഡിവൈഎസ്പി പറഞ്ഞത്. ഞാൻ കാശു തട്ടിക്കുന്നതിനു വേണ്ടിയാണ് ഇവരു പറഞ്ഞതെല്ലാം ചെയ്തതെന്നു പറയുന്നവരുണ്ട്. പലരും തന്നെ സംശയിക്കുന്നുണ്ട്. പക്ഷെ നിവൃത്തിക്കേടു മാത്രം ആരും തിരിച്ചറിയുന്നില്ല. എനിക്കു ചികിത്സ വേണമായിരുന്നു, കുഞ്ഞിനു ചികിത്സ വേണമായിരുന്നു. അതുകൊണ്ടു മാത്രമാണ് വിഡിയോ ചെയ്തത്.

വിഡിയോ എടുക്കുന്നതിനു മുമ്പു തന്നെ എടിഎം കാർഡ് ഷംഷാദ് വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ഷംഷാദ് പറഞ്ഞത് എടിഎം കാർഡ് എനിക്കു തിരിച്ചു തന്നെന്നാണ്. അവർ ഓരോ പ്രാവശ്യവും പണം വലിച്ചതിന്റെ മെസേജ് ഫോണിൽ വന്നിട്ടുണ്ട്. 38,000 രൂപ അക്കൗണ്ടിൽ വന്നിരുന്നു. 3,000 രൂപയാണ് ആശുപത്രിയിലെ ആവശ്യത്തിനു വേണ്ടി എടുത്തത്. ബാക്കി പൈസ മുഴുവൻ അവർ പലപ്രാവശ്യമായി പിൻവലിച്ചിട്ടുണ്ട്. ഇപ്പോൾ വീട്ടിൽ താമസിക്കാൻ പറ്റില്ലെന്ന് അമ്മയും പറയുന്നു. ഇനി ഒരു സ്ത്രീയെയും അവർ ഇങ്ങനെ പറ്റിച്ച് ഉപദ്രവിക്കരുത്. അതുകൊണ്ടു തന്നെ കേസുമായി മുന്നോട്ടു പോകുന്നതിനാണ് തീരുമാനം’’– അവർ മനോരമ ഓൺലൈനോടു പറഞ്ഞു.

English Summary: Wayanad Gang rape victim opens up 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com