ADVERTISEMENT

കൊച്ചി∙ചെറിയ മാറ്റങ്ങളോടെ പുതിയ റെയിൽവേ ടൈംടേബിൾ ഒക്ടോബർ 2ന് നിലവിൽ വന്നെങ്കിലും ട്രെയിൻ യാത്രക്കാർ തൃപ്തരല്ല. യാത്രക്കാർ ഏറെ ആശ്രയിക്കുന്ന ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി, എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് എന്നിവ രാവിലെ 10നു മുൻപായി തിരുവനന്തപുരത്ത് എത്തിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം. എന്നാൽ അത് അത്ര എളുപ്പമല്ലെന്നാണു റെയിൽവേ നിലപാട്. 

രാവിലെ എട്ടരയ്ക്കും പത്തരയ്ക്കുമിടയിൽ കൊല്ലം ഭാഗത്തു നിന്നും തിരികെയുമുള്ള 12 ട്രെയിനുകളാണു തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ കൈകാര്യം ചെയ്യുന്നത്. ഇതിൽ 2 ട്രെയിനുകൾ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കുന്നു. കൊച്ചുവേളിയിലേക്കുള്ള ട്രെയിനുകളും തിരുവനന്തപുരത്തേക്കുള്ള ഗതാഗതത്തെ ബാധിക്കുന്നതിനാൽ മൊത്തം 14 ട്രെയിനുകൾ. തിരുവനന്തപുരത്തു ആകെയുള്ളത് 5 പ്ലാറ്റ്ഫോമുകളാണ്. പ്ലാറ്റ്ഫോമിലെത്തുന്ന ട്രെയിൻ ഷണ്ട് െചയ്തു മാറ്റാൻ അരമണിക്കൂറോളം സമയം വേണം. 

ഈ 5 പ്ലാറ്റ്ഫോമുകളിലാണു നാഗർകോവിൽ–കൊല്ലം പാസഞ്ചർ (8.25), കൊല്ലം–തിരുവനന്തപുരം പാസഞ്ചർ (8.55), മംഗളൂരു–തിരുവനന്തപുരം മലബാർ (9.05), പുനലൂർ–തിരുവനന്തപുരം (9.25), പുണെ–കന്യാകുമാരി ജയന്തി (9.45), ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി (10.05), എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് (10.15), തിരുനെൽവേലി–ജാംനഗർ (8.55) (ആഴ്ചയിൽ 2),  തിരുനെൽവേലി–ഗാന്ധിധാം (8.55) (ആഴ്ചയിൽ 1), നാഗർകോവിൽ–കൊച്ചുവേളി പാസഞ്ചർ (9.30), കന്യാകുമാരി–പുണെ ജയന്തി (10.15),  തിരുവനന്തപുരം–കുർള നേത്രാവതി (9.15) എന്നിവ കൈകാര്യം ചെയ്യേണ്ടത്.  

കൂടാതെ മൈസൂരു–കൊച്ചുവേളി–9.20, ബാനസവാടി–കൊച്ചുവേളി–9.35 (ആഴ്ചയിൽ 2 ദിവസം) എന്നിങ്ങനെയാണു കൊച്ചുവേളിയിൽ അവസാനിക്കുന്ന ട്രെയിനുകളുള്ളത്.  ഇതിൽ ഏതാനും ചില ട്രെയിനുകൾ ഇപ്പോൾ സർവീസ് നടത്തുന്നില്ലെങ്കിലും അവ കണക്കിലെടുക്കാതെ ട്രെയിനുകളുടെ സമയം ക്രമീകരിക്കാൻ കഴിയില്ല. ഇതിനു പുറമേയാണു ഡൽഹിയിലേക്കു പുറപ്പെടേണ്ട കേരള എക്സ്പ്രസ്, ചെന്നൈയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള മെയിൽ , ചെന്നൈ–കൊല്ലം അനന്തപുരി എന്നിവയ്ക്കു പ്ലാറ്റ്ഫോം മാറ്റി വയ്ക്കേണ്ടത്. 

∙ നടത്തുന്നത് ജംബോ സർക്കസ്

Train crossing  Railway gate at Vattampoyil in  Kozhikode - Phot

ചുരുക്കത്തിൽ ട്രെയിനുകൾ കൂടുതലുള്ള ദിവസങ്ങളിൽ 5 പ്ലാറ്റ്ഫോമുകളും 17 ട്രെയിനുകളും വച്ചുള്ള ഇന്ത്യൻ ജംബോ സർക്കസാണു തമ്പാനൂരിൽ റെയിൽവേ നടത്തുന്നത്. തിരുവനന്തപുരം–നാഗർകോവിൽ ഒറ്റവരി പാതയായതിനാൽ അതിന്റെ ബുദ്ധിമുട്ടുകളുമുണ്ട്. സ്ഥല പരിമിതി മൂലം ഷണ്ടിങ്ങിന് ഒരു എഞ്ചിൻ മാത്രമാണു യാഡിൽ ഉപയോഗിക്കുന്നത്. ഇതു ട്രെയിനുകളുടെ നീക്കത്തിന് തടസമാണ്. ട്രെയിനുകൾ നേരത്തെ എത്തണമെന്ന് ആവശ്യപ്പെടുന്ന യാത്രക്കാരോ സംഘടനകളോ ജനപ്രതിനിധികളോ എന്തു കാരണത്താലാണു ട്രെയിനുകൾ നേരത്തെ എത്തിക്കാൻ കഴിയുന്നില്ലെന്ന് അന്വേഷിക്കുന്നില്ല. ആവശ്യത്തിന് സ്റ്റേബിളിങ് ലൈനുകൾ ഇല്ലാത്തതിനാൽ അറ്റകുറ്റപ്പണിക്കുള്ള പിറ്റ്‌ലൈനുകളിലാണു ചില ട്രെയിനുകൾ തിരുവനന്തപുരത്തു സ്റ്റേബിളിങ്ങിന് ഉപയോഗിക്കുന്നത്. 

കൊല്ലത്തു നിന്നു രാവിലെ 10ന് മുൻപു തിരുവനന്തപുരത്തു എത്താൻ കഴിയുന്ന ട്രെയിനുകളില്ലേ എന്നു ചോദിച്ചാൽ ഉണ്ട്, പക്ഷേ അതിനു വീട്ടിൽ നിന്നു നേരത്തെ ഇറങ്ങേണ്ടി വരുമെന്ന ബുദ്ധിമുട്ടുണ്ടാകും. കൊല്ലത്തു നിന്നു രാവിലെ 6നും 10നുമിടയിൽ 11* ട്രെയിനുകളാണു തിരുവനന്തപുരത്തേക്കുള്ളത്.

6.00 ചെന്നൈ–തിരുവനന്തപുരം സൂപ്പർ

6.30 മംഗളൂരു–കൊച്ചുവേളി അന്ത്യോദയ (ആഴ്ചയിൽ 2 ദിവസം, ഒരു ദിവസം മുംബൈ–തിരുവനന്തപുരം വീക്ക്‌ലി)

7.00 കൊല്ലം–തിരുവനന്തപുരം പാസഞ്ചർ

7.10 മംഗളൂരു–തിരുവനന്തപുരം മലബാർ

7.20 മൈസൂരു–കൊച്ചുവേളി എക്സ്പ്രസ്

7.45 പുനലൂർ–തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ്

8.03 ബാനസവാടി–കൊച്ചുവേളി ഹംസഫർ (ആഴ്ചയിൽ 2)

8.15 പുണെ–കന്യാകുമാരി ജയന്തി

8.25 ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി

8.35 എറണാകുളം–തിരുവനന്തപുരം വഞ്ചിനാട്

9.55 ചെന്നൈ–തിരുവനന്തപുരം മെയിൽ

(*ചില ട്രെയിനുകൾ ഇപ്പോൾ സർവീസ് നടത്തുന്നില്ല) 

∙ സ്ഥല പരിമിതി തിരിച്ചടി

സ്ഥല പരിമിതകൾക്കുള്ളിൽ നിന്നു കൊണ്ടാണു ഇത്രയും ട്രെയിനുകൾ തിരുവനന്തപുരത്തും കൊച്ചുവേളിയിലും കൈകാര്യം ചെയ്യുന്നത്. കൊച്ചുവേളി സ്റ്റേഷനിലെ പ്ലാറ്റ്ഫോം നിർമാണം തടസപ്പെട്ടു 4 മാസമായിട്ടും അതു ചോദിക്കാൻ ജനപ്രതിനിധികളോ അസോസിയേഷനുകളോ വാ തുറന്നിട്ടില്ല. പണി പൂർത്തിയാക്കിയാൽ 2 പ്ലാറ്റ്ഫോമിന്റെ സ്ഥാനത്തു 6 പ്ലാറ്റ്ഫോമുകൾ  കൊച്ചുവേളിയിൽ ലഭിക്കും. 32 കോടി രൂപ കൂടി ലഭിച്ചാൽ പ്ലാറ്റ്ഫോം പണി തീർക്കാൻ കഴിയും. എന്നാൽ ചെന്നൈ ദക്ഷിണ റെയിൽവേ ആസ്ഥാനത്തെ പ്രിൻസിപ്പൽ ഫിനാൻസ് അഡ്വൈസർ ആ ഫയലിൽ അടയിരിക്കുകയാണെന്നാണ് ആക്ഷേപം. ഏറ്റവും അത്യാവശം വേണ്ട നേമം ടെർമിനലിന്റെ എസ്റ്റിമേറ്റിന് രണ്ടര വർഷമായിട്ടും അംഗീകാരം ലഭിച്ചിട്ടില്ല. 

തിരുവനന്തപുരത്തെ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണണമെങ്കിൽ കൊച്ചുവേളിക്കൊപ്പം നേമം ടെർമിനലും യാഥാർത്ഥ്യമാക്കണമെന്നു റെയിൽവേ ഉദ്യോഗസ്ഥർ തന്നെ പറയുന്നു. എന്നാൽ മാത്രമേ തിരുവനന്തപുരം സെൻട്രലിലെ തിരക്കു കുറയ്ക്കാൻ കഴിയൂ. കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകൾ നേമത്തു നിന്നും നാഗർകോവിൽ ഭാഗത്തേക്കുള്ള ട്രെയിനുകൾ കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന തരത്തിലാക്കിയാൽ തിരുവനന്തപുരത്തു യാത്രക്കാരെ കയറ്റാനും ഇറക്കാനുമായി 5 മുതൽ 10 മിനിറ്റ് വരെ സമയം ട്രെയിനുകൾ നിർത്തിയാൽ മതിയാകും. വർഷങ്ങൾ കൊഴിഞ്ഞു പോകുന്നതല്ലാതെ നേമം, കൊച്ചുവേളി പദ്ധതികളുടെ കാര്യത്തിൽ തീരുമാനമില്ല. 

2008ലെ ബജറ്റിൽ പ്രഖ്യാപിച്ചു  2019 മാർച്ചിൽ അന്ന് റെയിൽവേ മന്ത്രിയായിരുന്ന പിയൂഷ് ഗോയൽ നേമം പദ്ധതിക്കു തറക്കല്ലിട്ടെങ്കിലും റെയിൽവേ ബോർഡിലേക്ക് അയച്ച 116 കോടി രൂപയുടെ എസ്റ്റിമേറ്റ് ഇപ്പോഴും അവിടെ പൊടി പിടിച്ചു കിടക്കുകയാണ്. ബിജെപിക്കു മലയാളി കേന്ദ്രമന്ത്രിമാരും ദേശീയ എക്സിക്യൂട്ടീവിൽ അംഗങ്ങളുണ്ടെങ്കിലും അവരാരും ഒരു ചെറുവിരൽ പോലും പദ്ധതിക്കായി അനക്കിയിട്ടില്ല. ബിജെപി നേതാവ് ഒ.രാജഗോപാൽ മുൻപു ജയിച്ച മണ്ഡലത്തിലെ പദ്ധതിയായതിനാൽ ജില്ലയിൽ നിന്നുള്ള മറ്റു എംപിമാരോ കേരളത്തിലെ മറ്റു ജനപ്രതിനിധികളോ സംസ്ഥാന സർക്കാരോ ഈ ഭാഗത്തേക്കു തിരിഞ്ഞു നോക്കുന്നില്ല. ഇത് നേടിയെടുക്കാൻ പാർട്ടി വ്യത്യാസമില്ലാതെ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷികളും പരിശ്രമിച്ചാലേ നടക്കൂ. 

∙ ‘പിടി വാശി’ ഒഴിവാക്കണം

അതോടൊപ്പം ചില പിടിവാശികൾ റെയിൽവേയും അവസാനിപ്പിക്കേണ്ടതുണ്ട്. രാവിലെ 12.20ന് പുറപ്പെടുന്ന തിരുവനന്തപുരം–ന്യൂ‍ഡൽഹി കേരള  എക്സ്പ്രസ് 2 മണിക്കൂർ നേരത്തെ തിരുവനന്തപുരത്തു പ്ലാറ്റ്ഫോമിൽ പിടിക്കുന്നത് എന്തിനാണെന്നു യാത്രക്കാർ ചോദിക്കുന്നു. ഇത് അന്വേഷിച്ചാൽ മനസ്സിലാക്കാൻ കഴിയുന്നതു പാൻട്രിയിലേക്കുള്ള സാധനങ്ങൾ ലോഡ് ചെയ്യാനും മറ്റും നേരത്തെ തിരുവനന്തപുരത്തേക്കു കൊണ്ടു വരുന്നുവെന്നാണ്. ഈ ട്രെയിന്റെ അറ്റകുറ്റപ്പണി തിരുവനന്തപുരത്തു നടത്തിയാൽ തിരക്കേറിയ രാവിലെ സമയത്തുള്ള  അനാവശ്യമായ റേക്ക് നീക്കം ഒഴിവാക്കാം. ഇപ്പോൾ രാത്രിയിൽ കേരളയുടെ റേക്ക് അറ്റകുറ്റപ്പണി നടത്തുന്നില്ല. പകൽ മാത്രമാണു ഇതു ചെയ്യുന്നത്. ബാക്കി എല്ലാ ഡിവിഷനുകളിലും രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടക്കുമ്പോൾ ഇവിടെ മാത്രമാണു രാത്രി മുഴുവൻ റേക്ക് വെറുതേയിട്ട ശേഷം പകൽ പരിശോധന നടത്തുന്നത്. മെക്കാനിക്കൽ വിഭാഗത്തിലെ ചില യൂണിയൻ ഇടപെടലുകളാണു കേരളയുടെ അറ്റകുറ്റപ്പണി ഇപ്പോഴും കൊച്ചുവേളിയിൽ തുടരുന്നതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്. 

Untitled-1
ടെർമിനൽ വരേണ്ട നേമം സ്റ്റേഷൻ.

രണ്ടു തരം അറ്റകുറ്റപ്പണിയാണു ട്രെയിനുകൾക്കുള്ളത് നിശ്ചിത കിലോമീറ്റർ ഒാടിക്കഴിയുമ്പോൾ ചെയ്യുന്ന പൂർണ്ണമായ അറ്റകുറ്റപ്പണിയും (പ്രൈമറി മെയിന്റനൻസ്) ദീർഘദൂര ട്രെയിനുകളുടെ പരിമിതമായ അറ്റകുറ്റപ്പണിയും ( സെക്കൻഡറി മെയിന്റൻസ്) പ്രൈമറിക്ക് 6 മണിക്കൂറും സെക്കൻഡറിക്ക് 4 മണിക്കൂറുമാണു പല ഡിവിഷനുകളിലുമുള്ളത്.  എന്നാൽ തിരുവനന്തപുരം ഡിവിഷനിൽ ഇതിനു രണ്ടിനും  8 മണിക്കൂർ സ്ലോട്ടുകളാണുള്ളത്. ഈ സമയം പുനക്രമീകരിച്ചാൽ തന്നെ ഒട്ടേറെ പുതിയ ട്രെയിനുകൾക്കു വഴി തുറക്കും. ഈ സമയം എന്തു കൊണ്ടു കുറയ്ക്കുന്നില്ലെന്നു ചോദിച്ചാലും പ്ലാറ്റ്ഫോമില്ല, വണ്ടി വയ്ക്കാൻ സ്ഥലമില്ലെന്ന ന്യായീകരണം തന്നെ റെയിൽവേ നിരത്തും. കൊച്ചുവേളി–ബെംഗളൂരു ഹംസഫറിന്റെ കോച്ചുകൾ 4 ദിവസമാണു ഒരു ലൈൻ പാഴാക്കി കൊച്ചുവേളിയിൽ കിടക്കുന്നത്. ഈ കോച്ചുകൾ എവിടേക്കെങ്കിലും ഒാടിച്ചാൽ ആ ലൈനിൽ മറ്റൊരു ട്രെയിൻ വയ്ക്കാം. അതിനു പോലും കഴിയാത്ത ഉന്നത ഉദ്യോഗസ്ഥരാണു റെയിൽവേ ബോർഡിൽ കോച്ചിങ് ഡിപാർട്ട്മെന്റിൽ ഇരിക്കുന്നത്. 

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ പാര്‍ട്ടികളും കൈകോര്‍ത്തു പരിശ്രമിക്കേണ്ടിവരും. ആ ഒത്തൊരുമ ഇല്ലാത്തടത്തോളം കാലം രാവിലെ 10ന് മുൻപു തിരുവനന്തപുരത്ത് എത്തണമെന്ന ആഗ്രഹം കേരളത്തിലെ ട്രെയിൻ യാത്രക്കാർ തൽക്കാലം മാറ്റി വയ്ക്കേണ്ടി വരും. കോട്ടയം വഴിയുള്ള റെയിൽ പാത ഇരട്ടിപ്പിക്കൽ തീരുമ്പോൾ സ്ഥിതി അൽപം മെച്ചപ്പെടുമെന്നാണു റെയിൽവേ അധികൃതർ പറയുന്നത്. അപ്പോഴും നേരത്തെ ഒാടി വരുന്ന ട്രെയിൻ  ഈ പറയുന്ന 5 പ്ലാറ്റ്ഫോമിൽ തന്നെയല്ലേ വരിക. പാത ഇരട്ടിപ്പിക്കൽ തീരുന്ന ദിവസം രാവിലെ പ്ലാറ്റ്ഫോമുകളുടെ എണ്ണം കൂട്ടാൻ മാന്ത്രിക വടിയൊന്നും ആരുടെയും കൈയിൽ ഇല്ലല്ലോ.

English Summary: Traffic issues at Thiruvanthapuram Railway Station, officers asks for Nemom Terminal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com