ADVERTISEMENT

ന്യൂഡല്‍ഹി∙ ലഖിംപുരില്‍ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവം നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമോ എന്ന ആശങ്കയില്‍ ബിജെപി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ കേന്ദ്രനേതൃത്വം നിര്‍ണായകയോഗം വിളിച്ചു ചേര്‍ത്തു. നാലു മണിക്കൂറോളം ചര്‍ച്ച നീണ്ടു. 

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, പാര്‍ട്ടി സെക്രട്ടറി ബി.എല്‍. സന്തോഷ്, യുപിയുടെ ചുമതലയുള്ള രാധാ മോഹന്‍ സിങ്, തിരഞ്ഞെടുപ്പ് ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാന്‍, യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ്, ഓര്‍ഗനൈസിങ് സെക്രട്ടറി സുനില്‍ ബന്‍സാല്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ലഖിംപുര്‍ വിഷയം ഉയര്‍ത്തിക്കാട്ടി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് യുപിയില്‍ കളം തിരിച്ചുപിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. 

ലഖിംപുരില്‍ ഒക്‌ടോബര്‍ മൂന്നിന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനം ഇടിച്ചുകയറി നാല് കര്‍ഷകര്‍ മരിച്ചതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി അതിശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യം മറികടക്കാനുള്ള നീക്കങ്ങളാണു ബിജെപി നടത്തുന്നത്. കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടും മന്ത്രി അജയ് മിശ്ര രാജിവയ്ക്കാന്‍ കൂട്ടാക്കിയിട്ടില്ല. മകന്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷായെ അജയ് മിശ്ര അറിയിച്ചിരിക്കുന്നത്. ബ്രഹ്മണ വിഭാഗത്തില്‍ നിര്‍ണായക സ്വാധീനമുള്ള അജയ് മിശ്രയെ ഈ ഘട്ടത്തില്‍ ബിജെപി കൈവിടില്ലെന്നാണ് പാര്‍ട്ടിവൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന സൂചന. 

കര്‍ഷകരുടെ മരണവും വിഷയം പൊലീസ് കൈകാര്യം ചെയ്ത രീതിയും ആശിഷ് മിശ്രയുടെ അറസ്റ്റ് വൈകിയതും യുപിയിലെ കര്‍ഷകര്‍ക്കിടയില്‍ സര്‍ക്കാരിനെതിരെ കടുത്ത വികാരമാണ് ഉയര്‍ത്തിയിരിക്കുന്നത്. അതൃപ്തരായ കര്‍ഷകര്‍ക്കും അജയ് മിശ്ര ഉള്‍പ്പെടുന്ന, സംസ്ഥാനത്തെ 11 ശതമാനം വരുന്ന ബ്രഹ്മണ വിഭാഗത്തിനും നടുവില്‍ പെട്ട് ഉഴലുകയാണ് ബിജെപി. നിലവില്‍ ബിജെപിക്കെതിരായ വികാരമാണ് ബ്രാഹ്മണവിഭാഗത്തിനുള്ളത്. രജപുത്ത് വിഭാഗത്തില്‍പെട്ട യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതുള്‍പ്പെടെ ബ്രഹ്മണ വിഭാഗത്തിന് ദഹിച്ചിട്ടില്ല. രണ്ടാം വട്ടവും മുഖ്യമന്ത്രിയായി യോഗിയെ തന്നെ ഉയര്‍ത്തിക്കാട്ടുന്ന ബിജെപി ബ്രഹ്മണ വിഭാഗത്തേയും ഒപ്പം നിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ്. ഇതിനായി കോണ്‍ഗ്രസില്‍നിന്ന് ജിതിന്‍ പ്രസാദയെ അടര്‍ത്തിയെടുത്ത് സ്വന്തം പാളയത്തിലെത്തിക്കാനും ബിജെപിക്കു കഴിഞ്ഞു. 2016ല്‍ മുന്‍ മുഖ്യമന്ത്രി എച്ച്.എന്‍. ബഹുഗുണയുടെ മകളും കോണ്‍ഗ്രസ് നേതാവുമായ റീത്താ ബഹുഗുണ ജോഷിയെ ബിജെപിലെത്തിച്ചു പയറ്റിയ അതേ തന്ത്രമാണ് ജിതിന്‍ പ്രസാദയുടെ കാര്യത്തിലും ബിജെപി സ്വീകരിച്ചത്. 

എന്നാല്‍ ബ്രാഹ്മണ വിഭാഗത്തില്‍ സ്വീകാര്യതയുള്ള അജയ് മിശ്രയുടെ മകന്‍ പ്രതിക്കൂട്ടില്‍നില്‍ക്കുന്ന ലഖിംപുരിലെ കര്‍ഷകരുടെ മരണം ഏതു തരത്തില്‍ കൈകാര്യം ചെയ്യണമെന്ന ആശയക്കുഴപ്പമാണ് ബിജെപി നേതൃത്വത്തിനുള്ളത്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കര്‍ഷകരെയും ബ്രാഹ്മണവിഭാഗത്തെയും കൈവിടാന്‍ കഴിയാത്ത ധര്‍മസങ്കടം. ലഖിംപുര്‍ വിഷയം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കര്‍ഷകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ജനപ്രീതി ആര്‍ജിക്കുന്നതിന്റെ ഭീഷണിയും ബിജെപിയെ ആകുലപ്പെടുത്തുന്നുണ്ട്.

English Summary: Lakhimpur Farmers' Deaths: BJP Holds Key Meet at Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com