ഭാര്യയെ കൊലപ്പെടുത്താൻ വിഷപ്പാമ്പ്; അന്ന് അമിത്തിന്റെ തോക്കിനിരയായി ഭാര്യാമാതാവും

snake-bite-murder
ചിത്രം: മനോരമ ഓൺലൈൻ ക്രിയേറ്റിവ്
SHARE

പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം കോടതിയെയും പൊലീസിനെയും സംബന്ധിച്ച് അപൂർവങ്ങളിൽ അപൂർവമാണ്. ഭാര്യ ഉത്രയെ പാമ്പിനെ ഉപയോഗിച്ചു കൊലപ്പെടുത്തിയത് സൂരജ് ആണെന്നു തെളിയിക്കാൻ കേരള പൊലീസിന് മറികടക്കേണ്ടിവന്നത് ഒട്ടേറെ കടമ്പകളും. ചോദ്യംചെയ്യലിന്റെ ഒരു ഘട്ടത്തിലും കുറ്റം സമ്മതിക്കാതിരുന്ന സൂരജ് ഒടുവിൽ ശാസ്ത്രീയ തെളിവുകൾക്കു മുന്നിലാണു മുട്ടുമടക്കിയത്. എന്നാൽ ഒരു ചോദ്യംചെയ്യലും ഇല്ലാതെതന്നെ ഭാര്യയെ കൊലപ്പെടുത്താൻ വിഷപ്പാമ്പിനെ ഉൾപ്പെടെ ഉപയോഗപ്പെടുത്താൻ ശ്രമിച്ച വിവരം വെളിപ്പെടുത്തിയ ഭർത്താവുണ്ട്. കർണാടകയിൽ കഴിഞ്ഞ വർഷമായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച ആ സംഭവം. 

ഭാര്യയെ കൊലപ്പെടുത്താൻ പല വഴികൾ നോക്കി ഒടുവിൽ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു അമിത് അഗർവാൾ എന്ന ചാർട്ടേഡ് അക്കൗണ്ടന്റ്. ഭാര്യയുടെ അമ്മയെയും കൊൽക്കത്തയിലെത്തി കൊലപ്പെടുത്തിയ ഇയാൾ അതിനു ശേഷം ആത്മഹത്യ ചെയ്തു. തുടർന്നു പൊലീസ് കണ്ടെത്തിയ 67 പേജുള്ള ആത്മഹത്യാക്കുറിപ്പിലായിരുന്നു ഭാര്യ ശിൽപി ധൻധാനിയയെ കൊലപ്പെടുത്താൻ പാമ്പിനെ വരെ ഉപയോഗിച്ച സത്യം അമിത് വെളിപ്പെടുത്തിയത്. ആത്മഹത്യാക്കുറിപ്പിന് ഒരു തലക്കെട്ടും ആ നാൽപത്തിരണ്ടുകാരൻ നൽകിയിരുന്നു–‘മഹാഭാരത് ഓഫ് മൈ ലൈഫ്’! 67 പേജുള്ള കുറിപ്പിൽ 66 പേജും ലാപ്ടോപ്പിൽ ടൈപ്പ് ചെയ്തതായിരുന്നു. 

കൊൽക്കത്തയിൽ ആരംഭിച്ച ബന്ധം

2020 ജൂൺ 21നായിരുന്നു കേസിനാസ്‌പദമായ സംഭവം. രണ്ടു വർഷമായി ഭാര്യയിൽനിന്ന് അകന്നു കഴിയുകയായിരുന്നു അമിത്. ഇരുവരും തമ്മിലുള്ള വിവാഹ മോചന നടപടികളും പുരോഗമിക്കുകയായിരുന്നു. 2006ലാണ് അമിതും ശിൽപിയും വിവാഹിതരായത്. അതിനും രണ്ടു വർഷം മുൻപ് കൊൽക്കത്തയിലെ സിഎ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പരിചയം പ്രണയമായി, വിവാഹത്തിലുമെത്തി. 

തനിക്കു മുൻപേതന്നെ ശിൽപിക്കു ജോലി ലഭിച്ചത് അമിത്തിനെ അലോസരപ്പെടുത്തിയിരുന്നുവെന്നു പറയുന്നു ബന്ധുക്കൾ. മാത്രവുമല്ല, താരതമ്യേന സാധാരണ കുടുംബത്തിൽനിന്നായിരുന്നു അമിത്തിന്റെ വരവ്. ഇതെല്ലാം കാരണം ശിൽപിക്കു മേൽ ആധിപത്യം അടിച്ചേൽപ്പിക്കുന്ന വിധത്തിലായിരുന്നു ഇയാളുടെ പെരുമാറ്റമെന്നും ബന്ധുക്കൾ പറയുന്നു. ജോലിയുടെ ഭാഗമായി ഹൈദരാബാദ്, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിൽ ഇരുവരും താമസിച്ചിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ജോലിയുടെ ഭാഗമായി ഇയാൾ സഞ്ചരിച്ചിട്ടുണ്ട്. 

മകൻ ജനിച്ചതോടെ പ്രശ്നങ്ങൾ അവസാനിക്കുമെന്നു കരുതിയെങ്കിലും കൂടുതൽ രൂക്ഷമാവുകയായിരുന്നു. അങ്ങനെ ഒരു ദിവസം ബെംഗളൂരുവിലെ ഫ്ലാറ്റിൽനിന്ന് ശിൽപി മകനെക്കൂട്ടി ഇറങ്ങി. മഹാദേവപുരയിൽ പുതിയ ഫ്ലാറ്റെടുത്തു. വിവാഹമോചനത്തിന് ഹർജിയും നൽകി. ശിൽപിക്കൊപ്പം മകനെ വിടാനായിരുന്നു കോടതി നിർദേശം. ആഴ്ചയിൽ ഒരിക്കൽ അമിത്തിന് മകനോടൊപ്പം താമസിക്കാം. 

വിഷവും വാടകക്കൊലയാളിയും...

2018ൽ വിവാഹ മോചന ഹർജി പരിഗണിച്ചതു മുതൽ ശിൽപിയെ കൊലപ്പെടുത്താനുള്ള വഴിയാലോചിച്ചു നടക്കുകയായിരുന്നു താനെന്നാണ് ആത്മഹത്യാക്കുറിപ്പിൽ അമിത് കുറിച്ചത്. ഇതിനായി പല വഴികൾ ആലോചിച്ചു. ആദ്യം പദ്ധതിയിട്ടത് വാഹനമിടിച്ചു കൊലപ്പെടുത്താനായിരുന്നു. പിന്നീട് വിഷം നൽകി കൊലപ്പെടുത്തുന്നതിനെപ്പറ്റിയും ആലോചിച്ചു. അതിനിടെയാണ് ബിഹാറിലേക്കും ജാർഖണ്ഡിലേക്കും പോയത്. ഇത് വാടകക്കൊലയാളികളെ അന്വേഷിച്ചാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഈ മാർഗങ്ങളെല്ലാം പക്ഷേ തെളിവുകൾ അവശേഷിപ്പിക്കാൻ പോന്നതായിരുന്നു. അങ്ങനെയാണ് വിഷപ്പാമ്പുകളെ തേടി തമിഴ്നാട്ടിലേക്കു പോയത്. 

snake
മൂർഖൻ (പ്രതീകാത്മക ചിത്രം)

അതുപയോഗിച്ചു ഭാര്യയെ കൊലപ്പെടുത്താമെന്നും തെളിവുകളൊന്നും ലഭിക്കില്ലെന്നും അമിത് മനക്കോട്ട കെട്ടി. എന്നാൽ പ്രതീക്ഷിച്ചതു പോലൊരു പാമ്പാട്ടിയെയോ വാടകക്കൊലയാളിയെയോ ഒന്നും കണ്ടെത്താൻ ഇയാൾക്കു സാധിച്ചില്ല. ആരെയും വിശ്വസിക്കാനാകില്ലെന്നായിരുന്നു ഇതിനെപ്പറ്റി അമിത് എഴുതിയത്. അതിനിടെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് ലോക്ഡൗണും എത്തി. അതോടെ മറ്റു പദ്ധതികളെല്ലാം അമിത് ഉപേക്ഷിച്ചു.

2020 ജൂൺ 20ന് ശനിയാഴ്ച മകനെ അമിത്തിനൊപ്പം വിടുന്ന ദിവസമായിരുന്നു. പിറ്റേന്ന് തിരികെ ശിൽപിയുടെ അടുത്തെത്തിക്കണം. ബെംഗളൂരുവിൽ അടുത്തടുത്തായിരുന്നു ഇരുവരുടെയും ഫ്ലാറ്റുകൾ. തന്റെ ഫ്ലാറ്റിലേക്ക് മകനെ കൊണ്ടുപോയതിനു ശേഷം അമിത് പിറ്റേന്ന് തിരികെ ശിൽപിയുടെ ഫ്ലാറ്റിലെത്തി. വാതിൽ തുറന്നതും അകത്തേക്കു കുതിച്ചു കയറിയ ഇയാൾ ബലപ്രയോഗത്തിനൊടുവിൽ ശിൽപിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 

അന്നു രാത്രി മകനൊപ്പം തന്റെ ഫ്ലാറ്റിൽ കഴിഞ്ഞ അമിത് പിറ്റേന്ന് കൊൽക്കത്തയിലേക്കു പോകാൻ പദ്ധതിയിട്ടു. അമ്മ കൊൽക്കത്തയിലെ വീട്ടിലേക്കു പോയെന്നു പറഞ്ഞായിരുന്നു അമിത് മകനെ ഒപ്പം കൂട്ടിയത്. ജൂൺ 22ന് കൊൽക്കത്തയിലെത്തിയ അമിത്തിനെ കാത്ത് സുഹൃത്ത് കാറുമായെത്തിയിരുന്നു. ഇദ്ദേഹമായിരുന്നു അമിത് കൊൽക്കത്തയിലേക്കു വരുമ്പോഴെല്ലാം വിമാനത്താവളത്തിൽ വന്നു കൂട്ടിക്കൊണ്ടു പോയിരുന്നത്. എന്നാൽ അത്തവണ അമിത് ഒപ്പം പോയില്ല. പകരം മകനെ കൊൽക്കത്തയിൽത്തന്നെയുള്ള ജ്യേഷ്ഠന്റെ വീട്ടിലേക്ക് സുഹൃത്തിന്റെ കാറില്‍ പറഞ്ഞയച്ചു. തനിക്കു ചില ജോലികൾ അത്യാവശ്യമായി തീർക്കാനുണ്ടെന്നാണ് കാരണം പറഞ്ഞത്. വിമാനത്താവളത്തിൽനിന്ന് ഒരു ടാക്സിയെടുത്ത് യാത്ര തിരിച്ചു.

അവസാന ഇമെയിലുകളും ഒളിപ്പിച്ച തോക്കും

ശിൽപിയുടെ മാതാപിതാക്കളുടെ വീടിന് ഏകദേശം 500 മീറ്റർ മാറി ശിൽപിയുടെ പേരിൽ മറ്റൊരു ഫ്ലാറ്റുണ്ടായിരുന്നു. മകൾക്കും മരുമകനും താമസിക്കാനായി 2012ൽ ശിൽപിയുടെ അച്ഛൻ സുഭാസ് വാങ്ങിയതായിരുന്നു ഫ്ലാറ്റ്. ഇതിന്റെ താക്കോലും അമിത്തിന്റെ കയ്യിലുണ്ടായിരുന്നു. ഈ ഫ്ലാറ്റിനു മുന്നിലാണ് ടാക്സി നിർത്തി അമിത് ഇറങ്ങിയത്. അൽപസമയം അവിടെ തങ്ങിയിരുന്നു. ആ സമയത്താണ് തന്റെ ഏതാനും സുഹൃത്തുക്കൾക്ക് അമിത് ഇമെയിൽ അയച്ചതെന്ന് പൊലീസ് പറയുന്നു. ഇതുവരെ തനിക്കൊപ്പം ചെലവിട്ട നല്ല നിമിഷങ്ങൾക്ക് നന്ദി പറഞ്ഞായിരുന്നു മെയിലുകളെല്ലാം. 

വൈകിട്ട് അഞ്ചരയോടെ നടന്ന് ശിൽപിയുടെ വീട്ടിലേക്കെത്തി. ഫുൽഭഗൻ രാമകൃഷ്ണ സമാധി റോഡിലെ ശിൽപിയുടെ ഫ്ലാറ്റിൽ സുഭാസും ശിൽപിയുടെ അമ്മ ലതികയും അമിത്തിനെ അകത്തേക്കു ക്ഷണിച്ചു. ടവർ ബിയിലെ രണ്ടാം നിലയിലായിരുന്നു ഫ്ലാറ്റ്. തുടക്കത്തിൽ സ്വത്തു സംബന്ധിച്ച ഏതോ രേഖകളിൽ ഒപ്പിടുന്നതു സംബന്ധിച്ചായിരുന്നു തർക്കം. ഇത് വാക്കേറ്റത്തിനിടയാക്കി. അയൽവാസികളും ഈ തർക്കം കേൾക്കുന്നുണ്ടായിരുന്നു. അതിനിടെ ലാപ്‌ടോപ് ബാഗിൽ വച്ചിരുന്ന തോക്കെടുത്ത് അമിത് ലതികയെ വെടിവയ്ക്കുകയായിരുന്നു.

gun-shot
പ്രതീകാത്മക ചിത്രം

സുഭാസിനു നേരെ വെടിയുതിർത്തെങ്കിലും തോക്കിന്റെ പ്രശ്നം കാരണം വെടിയുണ്ട പുറത്തേക്കു വന്നില്ല. ഇറങ്ങിയോടിയ സുഭാസ് വാതിൽ പുറത്തുനിന്നു പൂട്ടി അയൽക്കാരെയും പൊലീസിനെയും വിളിച്ചു. അകത്ത് വീണ്ടുമൊരു വെടിയൊച്ച. പൊലീസെത്തി വാതിൽ തുറക്കുമ്പോൾ ചോരയിൽ കുളിച്ചു കിടക്കുകയായിരുന്നു അമിത്തിന്റെയും ലതികയുടെയും മൃതദേഹങ്ങൾ. അമിത്തിന്റെ മൃതദേഹം കിടക്കയിലും ലതികയുടേത് തറയിലുമായിരുന്നു. 

രണ്ട് കൊലയ്ക്കും അമിത് ഉപയോഗിച്ചത് ഒരേ തോക്കായിരുന്നു. തുടർന്ന് ലാപ്‌ടോപ് ബാഗ് പരിശോധിച്ചപ്പോഴാണ് കൂടുതൽ വെടിയുണ്ടകളും 67 പേജ്  ആത്മഹത്യാക്കുറിപ്പും ലഭിച്ചത്. ഇടയ്ക്ക് തിരുകിക്കയറ്റിയ നിലയിലായിരുന്നു ഒരു കയ്യെഴുത്തുപേജ്. അതു പരിശോധിച്ചതിൽനിന്നാണ് ശിൽപിയെയും ഇയാൾ കൊലപ്പെടുത്തിയേക്കാമെന്ന സൂചന പൊലീസിനു ലഭിച്ചത്. ഉടൻ ബെംഗളൂരു പൊലീസിനെ വിവരമറിയിച്ചു. വൈറ്റ്ഫീൽഡിലെ മഹാദേവപുരയിലെ ഫ്ലാറ്റിൽ രാത്രി ഒൻപതോടെ അവർ നടത്തിയ പരിശോധനയിലാണ് ശിൽപിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 

സഹോദരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

വാതിൽ തകർത്താണ് പൊലീസ് അകത്തു കയറിയത്. അടുക്കളയിലെ തറയിൽ കിടക്കുന്ന നിലയിലായിരുന്നു ശില്‍പിയുടെ മൃതദേഹം. ശ്വാസംമുട്ടിച്ചായിരുന്നു കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു. മൃതദേഹം ഈച്ചയാർത്ത നിലയിലായിരുന്നു. മുറിയാകെ അലങ്കോലപ്പെട്ട നിലയില‌ും. അടുക്കളയിൽ പാത്രങ്ങൾ ചിതറിക്കിടക്കുകയായിരുന്നു. ഗ്ലാസുകൾ പൊട്ടിയ നിലയിലും. അതിനാൽത്തന്നെ കൊലപാതകത്തിനു മുന്നോടിയായി ബലപ്രയോഗം നടന്നതായും പൊലീസ് സംശയിച്ചു. 

ശിൽപിയെ കുടുംബത്തോടെ കൊന്നൊടുക്കാനായിരുന്നു അമിത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി, ഗുരുഗ്രാമിലെ ശിൽപിയുടെ സഹോദരൻ വിനീതിനോടും കൊൽക്കത്തയിലേക്കു വരാൻ അമിത് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറ്റു ചില തിരക്കുകൾ കാരണം യാത്ര മാറ്റിവച്ചത് സഹോദരന് തുണയായി. നീണ്ട ആത്മഹത്യാക്കുറിപ്പ് ലഭിച്ചത് പൊലീസിനും സഹായകമായി. അമിത്തിനു പക്ഷേ തോക്ക് കിട്ടിയത് എങ്ങനെയാണെന്നു കുറിപ്പിലുണ്ടായിരുന്നില്ല. 

gun-shots
പ്രതീകാത്മക ചിത്രം.

വിമാനത്തിൽ കയറുമ്പോൾ തോക്കുണ്ടായിരുന്നില്ല എന്നത് ഉറപ്പ്. കൊൽക്കത്ത വിമാനത്താവളത്തിൽനിന്ന് ഫ്ലാറ്റിലേക്കു പോകുംവഴി കാർ എവിടെയും നിർത്തിയിരുന്നില്ലെന്ന് ടാക്സി ഡ്രൈവറും മൊഴി നൽകി. അങ്ങനെയാണ് തോക്ക് കൊൽക്കത്തയിൽനിന്നുതന്നെ സംഘടിപ്പിച്ചതാകാമെന്ന നിഗമനത്തിൽ പൊലീസെത്തിയത്. തോക്ക് വാങ്ങിയതിനു ശേഷം സ്വന്തം ഫ്ലാറ്റിൽ സൂക്ഷിക്കുകയായിരുന്നു. അതിനാലാണ് ശിൽപിയുടെ അച്ഛന്റെയും അമ്മയുടെയും ഫ്ലാറ്റിലേക്കു പോകുന്നതിനു മുൻപ് അമിത് സമീപത്തെ ഫ്ലാറ്റിലേക്കു കയറിയതും. 

ആ വർഷം അതിനോടകം മൂന്നോ നാലോ തവണ അമിത് കൊൽക്കത്ത സന്ദർശിച്ചതായും സ്ഥിരീകരിച്ചു. മൂന്നും ഒന്നോ രണ്ടോ ദിവസത്തേക്കായിരുന്നു. സിസിടിവി ദൃശ്യങ്ങളിലും തോക്ക് ഫ്ലാറ്റിൽ സൂക്ഷിച്ചതു സംബന്ധിച്ച തെളിവുകൾ വ്യക്തമായി. ഫ്ലാറ്റിലേക്ക് ചെറിയൊരു പെട്ടിയുമായി കയറിയ അമിത് തിരിച്ചിറങ്ങുമ്പോൾ കയ്യിൽ ലാപ്‌ടോപ് ബാഗായിരുന്നു ഉണ്ടായിരുന്നത്. 2020 മാർച്ചിലായിരിക്കാം തോക്ക് വാങ്ങിയതെന്നും എന്നാൽ ലോക്ഡൗൺ വന്നതോടെ കൊലപാതക പദ്ധതി പാളുകയായിരുന്നെന്നും പൊലീസ് കരുതുന്നു. 

പോയിന്റ് 7 എംഎം തോക്കായിരുന്നു അമിത് ഉപയോഗിച്ചത്. നാടൻ രീതിയിൽ നിർമിച്ചതുമായിരുന്നില്ല അത്. എന്നിട്ടും രണ്ടാമത്തെ വെടിവയ്പിൽത്തന്നെ തകരാറു സംഭവിച്ചു. അതും പൊലീസിനെ കുഴക്കി. കൂടുതൽ വെടിയുണ്ടകളും ഇയാളുടെ ലാപ്‌ടോപ് ബാഗിൽനിന്നു കണ്ടെത്തി. കൊലപാതകത്തിനു മുന്നോടിയായി ആത്മഹത്യാക്കുറിപ്പ് സുഹൃത്തിനു കൈമാറുന്നതിനെപ്പറ്റിയും അമിത് ആലോചിച്ചിരുന്നു. എന്നാൽ അതു വായിച്ചാൽ സുഹൃത്ത് എല്ലാം തകിടം മറിക്കുമെന്നു കരുതി ലാപ്ടോപ് ബാഗിൽ കരുതുകയായിരുന്നു. ഇക്കാര്യവും അമിത് കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. 

അമിത്തിന്റെ മൊബൈലിൽനിന്നു ലഭിച്ച തെളിവുകളും കേസിൽ സഹായകമായി. തോക്ക് എങ്ങനെ ഉപയോഗിക്കാമെന്നതിന്റെ വിഡിയോകൾ ധാരാളമായി ഇയാൾ യുട്യൂബിൽ കണ്ടിരുന്നു. അമിത്തിന്റെയും ശിൽപിയുടെയും മകന്റെ കാര്യത്തിൽ പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റി തീരുമാനമെടുത്ത് ബന്ധുക്കൾക്കൊപ്പം അയയ്ക്കുകയായിരുന്നു. അമിത്തിന്റെ തോക്കിന്റെ ഉറവിടം തേടിയെങ്കിലും പൊലീസിനു കണ്ടെത്താനായതുമില്ല...

English Summary: Tried for 'Uthra Model' Murder in Bengaluru too; Story of Amit Agarwal and Shilpi

     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA