കൽക്കരി ഷോക്കിൽ രാജ്യം; ക്ഷാമത്തിനു പിന്നിൽ കേന്ദ്ര സർക്കാരോ ‘ഗുലാബോ’?

SHARE

രാജ്യത്തെ കൽക്കരിക്ഷാമം പരിഹരിക്കാൻ അതിവേഗ നടപടികളുമായി പൊതുമേഖലാ കൽക്കരി കമ്പനികൾ. കൽക്കരിക്ഷാമം മൂലം രാജ്യത്തെ താപവൈദ്യുത നിലയങ്ങൾ ഭൂരിപക്ഷവും പ്രതിസന്ധിയിലായതോടെ വൻതോതിൽ ഉൽപാദനം വർധിപ്പിക്കാൻ ഭാരത് കുക്കിങ് കോൾ (ബിസിസിഎൽ) ലിമിറ്റഡും അനുബന്ധ കമ്പനികളും തീരുമാനിച്ചു. ഏറ്റവും കൂടുതൽ കൽക്കരി ഉൽപാദിപ്പിക്കുന്ന ജാർഖണ്ഡിലെ സെൻട്രൽ കോൾ ലിമിറ്റഡ് (സിസിഎൽ), ഇൗസ്റ്റേൺ കോൾ ലിമിറ്റഡ് (ഇസിസിഎൽ) എന്നിവ ഉൽപാദനം വർധിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാനായുള്ള ശ്രമങ്ങൾ തുടങ്ങി.

ആദ്യപടിയായി രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലേക്കുള്ള കൽക്കരി വിതരണം വർധിപ്പിച്ചു. വൈദ്യുത നിലയങ്ങളിൽ കൽക്കരിക്ഷാമം മൂലം ഉൽപാദനം ഗണ്യമായി കുറയുകയും പല സംസ്ഥാനങ്ങളും കടുത്ത വൈദ്യുത പ്രതിസന്ധിയിലാവുകയും ചെയ്തതോടെയാണ് കൽക്കരി കമ്പനികൾ ആശ്വാസ നടപടികളുമായി രംഗത്തിറങ്ങിയത്. 

അവധി വെട്ടിക്കുറച്ച് ഉൽപാദനം കുത്തനെ കൂട്ടും

ദുർഗാ പൂജാസമയത്ത് തടസ്സമില്ലാതെ കൽക്കരി ഉൽപാദനം വർധിപ്പിക്കാനായി ജീവനക്കാരുടെ അവധി രണ്ടു ദിവസത്തിൽനിന്ന് ഒന്നാക്കി പരിമിതപ്പെടുത്തിയ കമ്പനികൾ അവധിയിലുള്ളവരെ തിരിച്ചുവിളിച്ച് വേഗം ജോലിക്കെത്താൻ നിർദേശം നൽകി. കൽക്കരി ഖനനത്തിന് കരാർ നൽകിയിരിക്കുന്ന സ്ഥാപനങ്ങളോട് കൂടുതൽ ജോലിക്കാരെ നിയോഗിച്ച് പ്രതിസന്ധി പരിഹരിക്കാൻ ആവശ്യപ്പെട്ടു. ‌ഗുലാബ് ചുഴലിക്കാറ്റും അതിനുശേഷവും തുടരെ പെയ്യുന്ന മഴയും കൽക്കരി ഉൽപാദനത്തിൽ വൻ കുറവുണ്ടാക്കിയതോടെ വൈദ്യുത നിലയങ്ങളിലേക്കുള്ള കൽക്കരിനീക്കം ഗണ്യമായി കുറയുകയായിരുന്നു.

coal-production
ചിത്രം: AFP

കൽക്കരി ക്ഷാമത്തിനു പിന്നാലെ ദുർഗാപൂജ കാലത്ത് മുൻവർഷങ്ങളെ അപേക്ഷിച്ചു വൈദ്യുതി ആവശ്യം വൻതോതിൽ വർധിച്ചതോടെ ഉയർന്നവില നൽകേണ്ടി വരുമെന്നതിനാൽ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. 

സ്റ്റോക്ക് ചെയ്തില്ല; പ്രതിസന്ധി വിളിച്ചുവരുത്തി

കോവിഡ് മഹാമാരി കഴിഞ്ഞ് രാജ്യം അതിവേഗം സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് കൽക്കരി ക്ഷാമത്തിന്റെ പേരിൽ താപനിലയങ്ങൾ പ്രതിസന്ധിയിലായത്. മുൻ വർഷങ്ങളിൽ ഒക്ടോബർ മാസത്തെ ആവശ്യത്തിനായി വൈദ്യുത നിലയങ്ങൾ കൽക്കരി നേരത്തേ സ്റ്റോക്ക് ചെയ്തിരുന്നു. കഴിഞ്ഞ രണ്ടുവർഷക്കാലം കോവിഡ് മൂലം രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ പ്രതിസന്ധിയുണ്ടായില്ല. ഇതിനു പുറമെയാണ് അപ്രതീക്ഷിതമായി ഗുലാബ് ചുഴലിക്കാറ്റെത്തിയതും ഇതേത്തുടർന്ന് ആഴ്ചകളോളം തോരാതെ മഴ പെയ്തും കൽക്കരി ഖനനം താറുമാറാക്കി.

കൈവശം നാലുദിവസത്തെ കൽക്കരി മാത്രം

രാജ്യത്തെ എല്ലാ വൈദ്യുത നിലയങ്ങളിലും നാലു ദിവസത്തേക്കുള്ള കൽക്കരി സ്റ്റോക്ക് മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് സെൻട്രൽ കോൾ ഫീൽഡ് ലിമിറ്റഡിന്റെ ചെയർമാൻ കം മാനേജിങ് ഡയറക്ടർ പി.എം.പ്രസാദ് പറഞ്ഞു. വൈദ്യുതി പ്രതിസന്ധി നേരിടാൻ സിസിഎൽ പ്രതിദിന ഉൽപാദനം 1.4 ലക്ഷം ടണ്ണിൽനിന്ന്1.8 ലക്ഷം ടണ്ണാക്കി. ബിസിസിഎല്ലിന്റെ ഉൽപാദനം പ്രതിദിനം 70,000 ടണ്ണാക്കി.

Siliguri | Coal

നേരത്തേയിത് 60,000 ടണ്ണായിരുന്നു. മൺസൂൺ മുന്നിൽക്കണ്ട് താപവൈദ്യുത നിലയങ്ങളും  ഖനന കമ്പനികളും കൽക്കരി സ്റ്റോക്ക് ചെയ്യാറുണ്ടായിരുന്നു. എന്നാൽ രാജ്യത്ത് പലയിടത്തും കോവിഡ് അതിരൂക്ഷമായി പടർന്നു പിടിച്ചതിനാൽ വേണ്ടത്ര മുൻകരുതലുകൾ എടുക്കാനായില്ല. ഖനന കമ്പനി ജീവനക്കാർ കൂട്ടത്തോടെ കോവിഡ് പോസിറ്റീവായതോടെ പല ഖനികളും മാസങ്ങളോളം അടച്ചിടേണ്ടി വന്നതായി സിസിഎൽ അധികൃതർ വ്യക്തമാക്കി.

എല്ലാം തെറ്റിച്ചത് ചുഴലിയും മഴയും

നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ  ബിസിസിഎൽ കൽക്കരി അയയ്ക്കൽ ഗണ്യമായി വർധിപ്പിച്ചു. പ്രതിദിനം 12 റേക്കുകൾ വിതരണം ചെയ്തിരുന്നത് 19 റേക്കാക്കി. അതുപോലെ സിസിഎൽ വഴിയുള്ള കൽക്കരി വിതരണം 14 റേക്കിൽനിന്ന്  40 റേക്കാക്കി. അപ്രതീക്ഷിതമായെത്തിയ ചുഴലിക്കാറ്റും മഴയും എല്ലാ പ്രതീക്ഷകളും തകിടം മറിച്ചുവെന്നും ഒരാഴ്ചയ്ക്കകം രാജ്യത്തെ എല്ലാ താപവൈദ്യുത നിലയങ്ങളിലും ആവശ്യത്തിന് കൽക്കരി എത്തിക്കുമെന്നും സിസിഎൽ ചെയർമാൻ വ്യക്തമാക്കി. 

coal-in-india
ചിത്രം: AFP

രാജ്യത്തെ ഏറ്റവും വലിയ കൽക്കരി മേഖലയായ ജാർഖണ്ഡിലെ ധൻബാദിൽ മൂന്നു ദിവസത്തിനകം 290 മില്ലിലീറ്റർ മഴ പെയ്തത് കൽക്കരി ഉൽപാദനത്തെയും വൈദ്യുത കമ്പനികൾക്കുള്ള കൽക്കരി വിതരണത്തെയും പ്രതികൂലമായി ബാധിച്ചു. ചുഴലിക്കാറ്റ് മൂലമുണ്ടായ കനത്ത മഴയിൽ ഭൂ​ഗർഭ ഖനികളിലെ തൊഴിലാളികളുടെ പ്രവേശനം ബിസിസിഎൽ പൂർണമായി നിരോധിച്ചു. കൂടാതെ ഓപ്പൺ കാസ്റ്റ് ഖനികളിലെ ഉൽപാദനവും മഴമൂലം പൂർണമായി മുടങ്ങി.

English Summary: Despite record production, why is India facing coal shortage?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA