ADVERTISEMENT

തിരുവനന്തപുരം∙ സാധാരണ പാമ്പുകടി മരണമായി മാറുമായിരുന്ന ഉത്ര കൊലക്കേസിൽ വഴിത്തിരിവുണ്ടാക്കിയത് അഞ്ചൽ പൊലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന പുഷ്പകുമാറാണ്. സൂരജിന് പാമ്പു പിടുത്തക്കാരനുമായുള്ള ബന്ധം, അണലി മുട്ടിൽ കടിച്ചതിലെ അസ്വഭാവികത, ബാങ്കിൽനിന്ന് സ്വർണം മാറ്റാന്‍ ശ്രമിച്ചത് അടക്കമുള്ള കാര്യങ്ങൾ സിഐ സി.എൽ.സുധീറിന്റെ  നിർദേശപ്രകാരം പുഷ്പകുമാറും സംഘവും കണ്ടെത്തിയതോടെയാണ് കേസിലെ വലിയ ഗൂഢാലോചന വെളിച്ചം കണ്ടത്. 

അഞ്ചൽ പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐയുടെ നേതൃത്വത്തിൽ 2020 മെയ് ഏഴാം തീയതിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉത്രയുടെ ശരീരം പോസ്റ്റുമോർട്ടം ചെയ്തത്. 8–ാം തീയതിയാണ് പുഷ്പകുമാർ അന്വേഷണം ഏറ്റെടുത്തത്. ഉത്രയുടെ അഞ്ചലിലെ വീട്ടിലെത്തി മഹസർ എഴുതി. ഇരുവീട്ടുകാരും ഒരുമിച്ചുണ്ടായിരുന്നതിനാൽ സംശയം തോന്നിയില്ല. വൈകിട്ട് പ്രതി സൂരജിന്റെയടക്കം മൊഴി രേഖപ്പെടുത്തി. തന്റെ അടൂരിലെ വീട്ടിൽ മുൻപും പാമ്പിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നാണ് സൂരജ് പറഞ്ഞത്. ഒരുമാസം മുൻപ് വീട്ടിൽ പാമ്പ് വന്നിരുന്നതായും പാമ്പു പിടുത്തക്കാരനെ വിളിച്ചതായും സൂരജ് പറഞ്ഞു.

പാമ്പുപിടുത്തക്കാരനെ പരിചയമുണ്ടോ? പൊലീസ് ചോദിച്ചു. ഉണ്ടെന്നായിരുന്നു മറുപടി. പാമ്പു പിടുത്തക്കാരന്റെ നമ്പർ എങ്ങനെ കിട്ടി?–അടുത്ത ചോദ്യം. വാവ സുരേഷ് തന്നെന്നായിരുന്നു മറുപടി. ആദ്യമായി എന്നാണ് പാമ്പുപിടുത്തക്കാരനെ ഫോൺ വിളിച്ചത്? രണ്ടുമാസം മുൻപെന്നായിരുന്നു സൂരജ് പറഞ്ഞത്. അഞ്ചൽ പൊലീസ് പാമ്പു പിടുത്തക്കാരന്റെയും സൂരജിന്റെയും കോൾ ഡീറ്റൈൽസ് എടുത്തു. ആറു മാസമായി സൂരജ് പാമ്പുപിടുത്തക്കാരനെ വിളിക്കുന്നുണ്ടെന്നു കണ്ടെത്തി. 

ഉത്രയുടെ മുട്ടിൽ അണലി കടിച്ചതും പൊലീസിൽ സംശയം ഉണ്ടാക്കി. ഉത്ര വീടിനു പുറത്തിറങ്ങിയപ്പോൾ മുട്ടിൽ പാമ്പു കടിച്ചെന്നാണ് ആദ്യം സൂരജ് പറഞ്ഞത്. അണലി പത്തിവിടർത്തി കൊത്താത്തതിനാല്‍ പാദത്തിലാണ് സാധാരണ രീതിയിൽ കടിയേൽക്കേണ്ടത്. ഇക്കാര്യം വിദഗ്ധരുമായി ചർച്ച ചെയ്തു. അവരും പൊലീസിന്റെ നിഗമനം ശരിവച്ചു. ആശുപത്രിയിൽനിന്ന് ഉത്രയെ ചികിൽസിച്ച രേഖകൾ ശേഖരിച്ചു. ആദ്യം പാമ്പുകടിയേറ്റപ്പോൾ ലോക്കറിൽനിന്ന് സ്വർണം എടുക്കാന്‍ ശ്രമിച്ചതും സംശയം വർധിപ്പിച്ചു. സംശയങ്ങൾ സിഐയെ അറിയിച്ചു. 

ഉത്രയുടെ മരണത്തിനു കുറച്ചു ദിവസങ്ങൾക്കകം തന്നെ സ്വത്തിനുവേണ്ടിയും കുട്ടിയുടെ അവകാശത്തിനു വേണ്ടിയും സൂരജിന്റെ വീട്ടുകാർ തർക്കം തുടങ്ങിയിരുന്നു. സൂരജിന്റെ അടൂരുള്ള വീട്ടിൽവച്ച് ആദ്യം പാമ്പുകടിയേറ്റപ്പോൾ തന്നെ വീട്ടുകാർക്കു സംശയം തോന്നിയിരുന്നു. സ്വത്ത് തർക്കവും സൂരജിന്റെ പെരുമാറ്റവും വീട്ടുകാരുടെ സംശയം വർധിപ്പിച്ചു. അവർ അഞ്ചൽ പൊലീസിൽ പരാതി നൽകി. പൊലീസ് സംശയങ്ങൾ വീട്ടുകാരെ ധരിപ്പിച്ചു. പൊലീസിന്റെ നിർദേശപ്രകാരം വീട്ടുകാർ എസ്പിക്കു പരാതി നൽകി. തുടർന്ന് അഞ്ചൽ പൊലീസ് അതുവരെ ശേഖരിച്ച തെളിവുകളെല്ലാം എസ്പി ഓഫിസിനു കൈമാറി. ലോക്കൽ പൊലീസിന്റെ നിഗമനങ്ങൾ ശരിവച്ച എസ്പി വിപുലമായ അന്വേഷണത്തിനു ക്രൈംബ്രാഞ്ചിനു കേസ് കൈമാറി. തുടർന്നുള്ള അന്വേഷണത്തിൽ വൻ ഗൂഢാലോചന പുറത്തുവന്നു.

English Summary: Findings of SI Pushpa Kumar crucial in proving Uthra murde case 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com