കയ്യാങ്കളിക്കേസ്; മന്ത്രി ശിവൻകുട്ടി ഉള്‍പ്പെടെയുള്ളവരുടെ വിടുതൽ ഹർജി തള്ളി

V. Sivankutty
വി.ശിവൻകുട്ടി
SHARE

തിരുവനന്തപുരം∙ നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളി. പ്രതിപട്ടികയിലുള്ള ആറുപേരും വിചാരണ നേരിടണം. പൊതുമുതൽ നശീകരണ നിയമം നിലനിൽക്കുന്നതിനാൽ വിചാരണ നടത്തി മാത്രമേ കേസ് അവസാനിപ്പിക്കാൻ കഴിയൂ എന്ന നിരീക്ഷണത്തോടെയാണ് വിടുതൽ ഹർജി തള്ളിയത്. മന്ത്രി വി.ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, മുൻ എംഎൽഎമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. അടുത്ത മാസം 22ന് മുഴുവൻ പ്രതികളും ഹാജരാകാനും കോടതി നിർദ്ദേശിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഹർജി പിൻവലിക്കാൻ നേരത്തെ സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.

സഭയിൽ പ്രതിഷേധ പ്രകടനം മാത്രമാണ് നടത്തിയതെന്നാണ് പ്രതികൾ വിടുതൽ ഹർജിയിൽ നടത്തിയ പ്രധാന വാദം. നിയമ ലംഘനമല്ല, പ്രതിഷേധമാണ് സഭയിൽ നടന്നത്. സഭയ്ക്കുള്ളിലെ ഉദ്യോഗസ്ഥൻമാരുമായുണ്ടായ ഉന്തും തള്ളിലുമാണ് സ്‌പീക്കറുടെ കസേര, കംപ്യൂട്ടർ തുടങ്ങിയവ നശിച്ചത്. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ബജറ്റ് പ്രസംഗം തടസപ്പെടുത്തുക മാത്രമായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്നു പ്രതിഭാഗം വാദിച്ചു. നിയമസഭാ സാമാജികർ നടത്തിയ പ്രതിഷേധ പ്രകടങ്ങൾ മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടിയതാണെന്നും പ്രതിഭാഗം അഭിഭാഷകർ ചൂണ്ടിക്കാട്ടി.

എന്നാൽ, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾ നശിപ്പിക്കാൻ ഒരു എംഎൽഎക്കും അധികാരമില്ലെന്നു സർക്കാർ അഭിഭാഷകൻ വാദിച്ചു. വി.ശിവൻകുട്ടി നശിപ്പിച്ചു എന്നു പറയുന്ന ഇലക്ട്രോണിക് പാനലിനെക്കുറിച്ച് രാസപരിശോധന നടത്തിയ ഇലക്ട്രോണിക് എൻജിനീയർ കുറ്റപത്രത്തിൽ പരാമർശിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ നിയമസഭയിലെ സംഭവങ്ങൾ സാക്ഷികളെ സിഡിയിൽ കാണിച്ചു കൊടുത്താണ് മൊഴി രേഖപ്പെടുത്തിയതെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, ഇത്തരം വാദങ്ങൾ നിലനിൽക്കില്ലെന്നും നിയമസഭയിലെ ഹാർഡ് ഡിസ്‌ക് ടൈമർ ഘടിപ്പിച്ചിട്ടുള്ളതെണെന്നും തിരിമറി നടത്താൻ കഴിയില്ലെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി. 

കയ്യാങ്കളി കേസിൽ ചുമത്തിയിരിക്കുന്ന വകുപ്പുകളും ശിക്ഷയും:

∙ഐപിസി 447–അതിക്രമിച്ചു കടക്കൽ. ശിക്ഷ: 3 മാസം വരെ തടവ്, 500രൂപ പിഴ(രണ്ടും ഒരുമിച്ചാകാം)

∙ഐപിസി 427–50രൂപയ്ക്കു മുകളിലുള്ള സാധനങ്ങൾ നശിപ്പിക്കൽ. ശിക്ഷ: രണ്ടുവർഷംവരെ തടവും പിഴയും (രണ്ടും ഒരുമിച്ചാകാം)

∙പൊതുമുതല്‍ നശീകരണം തടയൽ നിയമം(പിഡിപിപി ആക്ട്): 5 വർഷംവരെ തടവും പിഴയും

English Summary: Kerala assembly ruckus case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA