ADVERTISEMENT

ഏതു പ്രതികൂല കാലാവസ്ഥയിലും സുരക്ഷിതമായ റൺവേ, രാജ്യത്തെ ഏറ്റവും സുരക്ഷിതവും പ്രകൃതി മനോഹരവുമായ വിമാനത്താവളങ്ങളിലൊന്ന്. പച്ചപ്പുവിരിച്ച ചുറ്റുപാടുകൾക്കിടയിൽ കടൽതീരത്ത് നീണ്ടു നിവർന്നുകിടക്കുന്ന സുന്ദരമായ വിമാനത്താവളം. വിശേഷണങ്ങൾ ഏറെയാണ് സംസ്ഥാനത്തെ ആദ്യ വിമാനത്താവളം കൂടിയായ തിരുവനന്തപുരം വിമാനത്താവളത്തിന്റേത്.

1935 ഒക്ടോബർ 29നാണ് തിരുവനന്തപുരത്ത് ആദ്യത്തെ വിമാനമിറങ്ങുന്നത്. അന്നു വൈകിട്ട് 4.30ന് മുംബൈയിൽനിന്നെത്തിയ ടാറ്റാ എയർലൈൻസിന്റെ ഡി.എച്ച്. 83 ഫോക്സ്മോത്ത് വിമാനമാണ് വിമാനത്താവളത്തിലെ റൺവേയിൽ ആദ്യമായി പറന്നിറങ്ങിയത്. നെവില്‍ വിന്‍സെന്റായിരുന്നു പൈലറ്റ്.

ടാറ്റ കമ്പനി ഉദ്യോഗസ്ഥനായ ജാംഷെഡ് നവറോജി, തിരുവിതാംകൂര്‍-ബോംബൈ പ്രസിഡന്‍സി ഏജന്റ് ആയ കാഞ്ചി ദ്വാരകദാസ്, എന്നിവരായിരുന്നു ആദ്യ വിമാനത്തിൽ. ബ്രിട്ടിഷ് വൈസ്രോയി വെല്ലിംഗ്ടൻ പ്രഭു തിരുവിതാംകൂര്‍ മഹാരാജാവിന് അയച്ച ജന്മദിന സന്ദേശവുമായിട്ടാണ് ആദ്യ ഫ്ലൈറ്റ് തിരുവനന്തപുരത്ത് എത്തിയതെന്നാണ് ചരിത്രം. 1935 നവംബര്‍ ഒന്നിന് തിരുവനന്തപുരത്തുനിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. തിരുവിതാംകൂറിൽനിന്നുള്ള കത്തുകളായിരുന്നു മുംബൈയ്ക്കുള്ള ആ വിമാനത്തിൽ. 1946 ൽ അന്നത്തെ ബോംബെയിലേക്കും മദ്രാസിലേക്കും ആഭ്യന്തര സർവീസ് തുടങ്ങി. 1967ൽ രാജ്യാന്തര സർവീസ് ആരംഭിച്ചു. 1977ൽ ദുബായിലേക്കുള്ള ആദ്യസർവീസ്. 1991ഏപ്രിൽ ഒന്നിന് സംസ്ഥാനത്തെ ആദ്യ രാജ്യാന്തര വിമാനത്താവളമെന്ന പദവി. 2000ത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വിമാനത്താവളമായി. 2011-ൽ ചാക്കയിൽ 300 കോടി മുടക്കി പുതിയ രാജ്യാന്തര ടെർമിനൽ നിർമിച്ചു.

13 ലക്ഷം രൂപ ഉപയോഗിച്ചാണ് ആദ്യ വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. കായിക കേരളത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേണല്‍ ഗോദവര്‍മ്മ രാജ ചാക്കയിൽ തുടങ്ങിയ ഫ്ലൈയിങ് ക്ലബ്ബാണ് പിന്നീട് വിമാനത്താവളത്തിന് പ്രേരകമായത്. അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിരതിരുനാളിന്റെ ശ്രമഫലമായാണ് തിരുവനന്തപുരത്ത് വിമാനത്താവളം നിർമിച്ചത്. ഇടയ്ക്ക് കഴക്കൂട്ടത്ത് വിമാനത്താവളം നിർമിക്കാൻ ആലോചിച്ചെങ്കിലും പദ്ധതി ഉപേക്ഷിച്ചു. ശംഖുമുഖം ഭാഗത്തെ നിരവധി കൽമണ്ഡപങ്ങളും കൊട്ടാരങ്ങളും പൊളിച്ചശേഷമായിരുന്നു അന്നു വിമാനത്താവളത്തിന്റെ നിർമാണം.

1200-trivandrum-airport
തിരുവനന്തപുരം വിമാനത്താവളം ( ഫയൽ ചിത്രം)

∙ അദാനിയുടെ നിയന്ത്രണത്തിൽ

ഈ മാസം 14 മുതൽ വിമാനത്താവളം എയർപോർട്ട് അതോറ്റിറ്റ് ഓഫ് ഇന്ത്യയിൽ(എഎഐ) നിന്ന് അദാനി ഗ്രൂപ്പ് ഏറ്റെടുക്കും.  ജനുവരി 19 നാണ് എഎഐയുമായി അദാനി ഗ്രൂപ്പ് 50 വർഷ കരാറിൽ ഏർപ്പെട്ടത്. ഇതുപ്രകാരം ഓരോ യാത്രക്കാരനും 168 രൂപ വീതം എയർപോർട്ട് അതോറിറ്റിക്ക് അദാനി ട്രിവാൻഡ്രം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (എ–ടിയാൽ) നൽകും. കരാർ ഒപ്പിട്ട് 6 മാസത്തിനകം നടത്തിപ്പ് ഏറ്റെടുക്കണമെന്നാണ് നിബന്ധനയെങ്കിലും കോവിഡ് അനുബന്ധ വ്യോമയാന നിയന്ത്രണങ്ങളെത്തുടർന്ന് സമയം നീട്ടണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഒക്ടോബർ 18ന് മുൻപ് ഏറ്റെടുക്കൽ ആരംഭിക്കുന്ന രീതിയിൽ സാവകാശം നൽകിയത്.

ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പിന് 2019 ലാണ് എയർപോർട്ട് അതോറിറ്റി ടെൻഡർ വിളിച്ചത്. ടെൻഡറിൽ തിരുവനന്തപുരത്തിനായി സംസ്ഥാന സർക്കാരും പങ്കെടുത്തെങ്കിലും കരാർ അദാനി ഗ്രൂപ്പ് നേടുകയായിരുന്നു. അദാനി ഗ്രൂപ്പ് എറ്റെടുത്താലും എയർ ട്രാഫിക് കൺട്രോൾ, കസ്റ്റംസ്, സുരക്ഷ തുടങ്ങിയ കാര്യങ്ങൾ എയർപോർട്ട് അതോറിറ്റിയുടെ നിയന്ത്രണത്തിൽ തുടരും. കരാറിലൂടെ മറ്റു കാര്യങ്ങളിൽ പൂർണ പ്രവർത്തന സ്വാതന്ത്ര്യമാണ് അദാനി ഗ്രൂപ്പിനു ലഭിക്കുന്നത്. ചുവപ്പുനാടയിൽ കുടുങ്ങി മുടങ്ങിയ വികസന പ്രവർത്തനങ്ങൾ വേഗത്തിലാകുമെന്നും കൂടുതൽ സർവീസുകൾ എത്തുമെന്നും യാത്രാനിരക്കു കുറയുമെന്നുമാണ് പ്രതീക്ഷ.

അതേസമയം, വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെതിരെ ഇടതുപക്ഷ സംഘടനകൾ സമരം ആരംഭിച്ചിട്ടുണ്ട്. സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ കൈമാറ്റം ഉചിതമല്ലെന്ന നിലപാടിലാണ് ആക്‌ഷൻ കൗൺസിൽ. സർക്കാരിനും എതിർപ്പായതിനാൽ വിമാനത്താവള വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ എങ്ങനെ മുന്നോട്ടുപോകുമെന്നതിൽ ആശങ്കയുണ്ട്. അതേസമയം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത് തലസ്ഥാന നഗരത്തിന്റെ വികസനത്തിന് നല്ലതാണെന്ന ഉറച്ച നിലപാടാണ് വിമാനത്താവളം ഉൾപ്പെടുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എംപി ശശി തരൂരിന്റേത്.

∙ ലക്ഷ്യം വ്യവസായ, യാത്രാ ഹബ്ബ്

വിമാനത്താവളത്തിലെ അസൗകര്യങ്ങളെത്തുടർന്ന് പല കമ്പനികളും തിരുവനന്തപുരം സർവീസുകൾ റദ്ദാക്കുകയോ കുറയ്ക്കുകയോ ചെയ്തിരുന്നു. മുഖ്യമന്ത്രി വിമാനക്കമ്പനികളുടെയും എയർപോർട്ട് അതോറിറ്റിയുടെയും യോഗം വിളിച്ചെങ്കിലും സർവീസുകൾ വർധിച്ചില്ല. കോവിഡ് കാലമായതോടെ എയർപോർട്ടിന്റെ പ്രവർത്തനം മന്ദഗതിയിലാകുകയും ചെയ്തു.

2019–20 ൽ 23,488 വിമാനങ്ങളാണ് സർവീസ് നടത്തിയത്. 22,09,964 യാത്രക്കാർ. 2020–21ൽ വിമാനങ്ങളുടെ എണ്ണം 13,751 ആയി കുറഞ്ഞു. യാത്രക്കാർ 4,58,876. 2021 ജൂൺവരെയുള്ള കണക്കനുസരിച്ച് 1,316 വിമാനങ്ങൾ സർവീസ് നടത്തി. 1,10,764 യാത്രക്കാർ. കോവിഡ് കാലത്ത് മന്ദഗതിയിലായ യാത്രാമേഖലയെ ഉണർത്തുകയെന്ന വലിയ വെല്ലുവിളിയാണ് ഗ്രൂപ്പിനു മുന്നിലുള്ളത്.

പൂർണമായ അധികാരം ലഭിക്കുന്നതോടെ എയർലൈൻ കമ്പനികളുമായി നേരിട്ട് വിലപേശൽ നടത്താനും ഓഫറുകൾ നൽകാനും അദാനി ഗ്രൂപ്പിനു കഴിയും. തിരുവനന്തപുരത്തേക്കു വന്നിരുന്ന പല വിമാന കമ്പനികളും കൊച്ചി വിമാനത്താവളം ഇളവുകൾ നൽകിയതോടെ അവിടേയ്ക്കു മാറി. അവയെ തിരികെ കൊണ്ടുവരാനുള്ള പദ്ധതികളാണ് ഗ്രൂപ്പ് അണിയറയിൽ തയാറാക്കുന്നത്.

1200-airport-tvm

ഗൾഫ് മേഖലയിലേക്കുള്ള വിമാനസർവീസുകൾ വർധിപ്പിക്കുന്നതിനോടൊപ്പം യുകെയിലേക്കും അമേരിക്കയിലേക്കും സർവീസുകൾ ആരംഭിക്കാനും ലക്ഷ്യമിടുന്നു. രാജ്യാന്തര വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ഹബ്ബായി മാറ്റാനും ആലോചനയുണ്ട്. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുമ്പോൾ അതിന്റെ സാധ്യതകളും പ്രയോജനപ്പെടുത്താനാകും. ചരക്കു നീക്കത്തിലൂടെയുള്ള ലാഭവും പ്രതീക്ഷിക്കുന്നു.

സർവീസ് രംഗത്ത് മത്സരം ഉണ്ടാകുമ്പോൾ നിരക്കു കുറയുമെന്നും സൗകര്യങ്ങൾ കൂടുമെന്നുമുള്ള പ്രതീക്ഷയിലാണ് യാത്രക്കാർ. ഐടി, ലൈഫ് സയൻസ് പാർക്കുകളിൽ നിക്ഷേപരെത്തുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് രാജ്യാന്തര സർവീസുകൾ വർധിക്കുന്നത് ഗുണം ചെയ്യും. രാജ്യാന്തര സർവീസുകൾ കുറവാണെന്നതു ചൂണ്ടിക്കാട്ടി ചില കമ്പനികൾ പദ്ധതികളിൽനിന്ന് പിൻമാറിയിരുന്നു.

∙ അദാനിയുടെ വിമാനത്താവളങ്ങളിലേക്ക് പ്രത്യേക സർവീസ്

കൊച്ചി അടക്കമുള്ള വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്താൽ വാണിജ്യ സാധ്യകതൾ തീരെ ഉപയോഗപ്പെടുത്താത്ത വിമാനത്താവളമാണ് തലസ്ഥാനത്തേത്. ഒരു ആധുനിക മാളിന്റെ മുഖം നൽകി കച്ചവട സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാണ് അദാനി ഗ്രൂപ്പിന്റെ ആലോചന. രാജ്യത്ത് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന മറ്റ് വിമാനത്താവളങ്ങളുമായി കൂടിയിണക്കിയുള്ള പ്രത്യേക സർവീസുകളും പദ്ധതിയിടുന്നു.

നിലവിൽ തിരുവനന്തപുരത്തെ യൂസർ ഡവലപ്മെന്റ് ഫീ മറ്റുള്ളയിടങ്ങളിലേക്കാൾ കൂടുതലാണ്. ഇതിലും മാറ്റം വരുത്തും. ദുബായ് ആസ്ഥാനമായ ഫ്ലെമിങോ ഗ്രൂപ്പിനു ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ നടത്തിപ്പ് ഇതിനകം കൈമാറിയിട്ടുണ്ട്. കമ്പനികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഏറെ നാളായി ഡ്യൂട്ടി ഫ്രീ ഷോപ്പ് അടഞ്ഞു കിടക്കുകയാണ്. ഡ്യൂട്ടി ഫ്രീ ഷോപ്പ് വലുതായി നിർമിക്കാനാണ് ആലോചന.

ആഭ്യന്തര ടെർമിനലിലും മദ്യം ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കും. ഷോപ്പിങ് കേന്ദ്രങ്ങളും രാജ്യാന്തര ബ്രാൻഡുകളുടെ ഷോപ്പുകളും തുറക്കും. സേവന കേന്ദ്രങ്ങളും ആരംഭിക്കും. തിരുവനന്തപുരത്തുനിന്നുള്ള രാജ്യാന്തര സർവീസുകൾ കോവിഡ് കാലത്തിനുശേഷം സജീവമായിട്ടുണ്ട്. 24 മണിക്കൂറിനിടെ ശരാശരി 20 രാജ്യാന്തര വിമാന കമ്പനികളും 10 ആഭ്യന്തര വിമാന കമ്പനികളും സർവീസ് നടത്തുന്നുണ്ട്. ആഭ്യന്തര സർവീസ് നടത്തുന്ന കമ്പനികളുടെ എണ്ണം കാര്യമായി വർധിച്ചിട്ടില്ല.

1200-tvm-terminal

∙ വിസ്തൃതി 635 ഏക്കർ, വികസനത്തിൽ വെല്ലുവിളി

യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുകയും പുതിയ കച്ചവട മാതൃകകൾ പരീക്ഷിക്കുകയും ചെയ്താലേ വിമാനത്താവളം ലാഭകരമായി നടത്താനാകൂ എന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. തെക്കൻ കേരളത്തിലെയും കന്യാകുമാരി ജില്ലയിലെയും ആളുകളാണ് വിമാനത്താവളം കൂടുതലായി ഉപയോഗിക്കുന്നത്.

തെക്കൻ കേരളത്തിൽ പത്തനംതിട്ടയിലും കോട്ടത്തുമാണ് വിദേശ യാത്രക്കാർ താരതമ്യേന കൂടുതൽ. ഇവരിൽ മിക്കവരും ഇപ്പോൾ നെടുമ്പാശേരിയെയാണ് ആശ്രയിക്കുന്നത്. ഇവരെ തിരിച്ചു കൊണ്ടുവരണമെങ്കിൽ ആകർഷണീയമായ സംവിധാനങ്ങൾ ഒരുക്കേണ്ടിവരും. നിലവിൽ 635ഏക്കറിലാണ് വിമാനത്താവളം. റൺവേ വികസനത്തിനായി 18 ഏക്കർ സ്ഥലം വാങ്ങുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയായിരുന്നു. വിമാനത്താവളം അദാനി ഗ്രൂപ്പിനു ലഭിച്ചതിനെ സർക്കാർ എതിർക്കുന്നതിനാൽ വികസനം എങ്ങനെ സാധ്യമാകുമെന്ന് വ്യക്തമല്ല.

ജീവനക്കാരുടെ ഭാഗത്തും എതിർപ്പുണ്ട്. എയർപോർട്ട് അതോറിറ്റി ജീവനക്കാർക്ക് 3 വർഷം വിമാനത്താവളത്തിൽ തുടരാം.  അതിനുശേഷം അദാനിഗ്രൂപ്പിൽ ചേരാം. അല്ലെങ്കിൽ എയർപോർട്ട് അതോറിറ്റിയുടെ മറ്റു വിമാനത്താവങ്ങളിലേക്കു മാറിപോകണം.

∙ റൺവേയിലെ ഘോഷയാത്ര എന്ന പ്രത്യേകത

വിമാനത്താവളത്തിനു നടുവിലൂടെ ഘോഷയാത്ര കടന്നുപോകുന്ന രാജ്യത്തെ ഏക വിമാനത്താവളമാണ് തിരുവനന്തപുരത്തേത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനാൽ ഉച്ച മുതൽ രാത്രിവരെ ആ ദിവസം സർവീസ് ഉണ്ടാകാറില്ല.

തിരു–കൊച്ചി ലയനത്തിന്റെ ഭാഗമായി തയാറാക്കിയ ഉടമ്പടിയിലാണ് ഇതുൾപ്പെട്ട നിർദേശം കൂടി ഉൾപ്പെടുത്തിയത്. പത്മനാഭ സ്വാമി ക്ഷേത്രത്തിൽനിന്ന് വിമാനത്താവള വളപ്പിലൂടെ ശംഖുമുഖം കടൽത്തീരത്തേക്കുള്ള ആറാട്ട് ഘോഷയാത്ര തടസപ്പെടരുതെന്നായിരുന്നു നിർദേശം. അതിപ്പോഴും തുടരുന്നു. ഘോഷയാത്രയുടെ തീയതി ക്ഷേത്രം അറിയിച്ചാൽ വിമാനത്താവള അധികൃതർ വിമാനകമ്പനികൾക്കു നിർദേശം നൽകി സർവീസുകൾ മാറ്റുന്ന രീതിയാണ് ഇതിനായി പിൻതുടരുന്നത്.

English Summary: Adani Group to take over Thiruvananthapuram airport 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com