ആര്യൻ ഖാൻ കേസ്: തരൂരിന്റെ സഹതാപം നിങ്ങൾക്കുണ്ടോ? പ്രതികരിക്കാം

aryan-khan
ആര്യൻ ഖാനെ കോടതിയിൽ ഹാജരാക്കിയപ്പോൾ. ചിത്രം: AFP
SHARE

ആഡംബര കപ്പലിലെ ലഹരിവിരുന്നു കേസിൽ അറസ്റ്റിലായ ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ മകൻ ആര്യന്‍ ഖാനെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് ഇനിയും അവസാനമായിട്ടില്ല. ഒക്ടോബർ 2ന് രാത്രിയിൽ ഗോവയിലേക്കുള്ള യാത്രയ്ക്കിടെ കോർഡീലിയ ആഡംബര ക്രൂസിൽനിന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് (എൻസിബി) ആര്യനെ അറസ്‌റ്റ് ചെയ്‌തത്. ഇതിനു പിന്നാലെ താരപുത്രന്റെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പ്രമുഖരാണ് സമൂഹമാധ്യമങ്ങളിൽ അഭിപ്രായമെഴുതിയത്. ഇതിൽ നടീനടന്മാർ മാത്രമല്ല എംപിമാരും എംഎൽഎമാരും രാഷ്ട്രീയക്കാരുമെല്ലാമുണ്ട്.

‘ലഹരിയുടെ ആരാധകനോ ലഹരി ഒരിക്കല്‍ പോലും ഉപയോഗിച്ചിട്ടുള്ള ആളോ അല്ല താന്‍. പക്ഷേ, ചിലര്‍ ഷാറുഖിനെയും മകനെയും വേട്ടയാടുകയാണ്. കുറച്ച് സഹാനുഭൂതി കാണിക്കാം. ഒരു 23കാരന്റെ മുഖം നിരാശയോടെ താഴേണ്ടതല്ല..’– തിരുവനന്തപുരം എംപി ശശി തരൂർ ട്വിറ്ററിൽ അഭിപ്രായം പങ്കുവച്ചതിങ്ങനെയായിരുന്നു. ഈ വിഷയത്തിൽ ഷാറുഖിനെയും ആര്യനെയും ‘അനാവശ്യമായി വേട്ടയാടുന്നത്’ ഒഴിവാക്കണമെന്നാണ് പൂജാ ഭട്ട്, ഹൻസൽ മെഹ്ത, രവീണ ടണ്ഠൻ, ഋത്വിക് റോഷൻ, രാജ് ബബ്ബാർ, ശേഖർ സുമൻ, ഫറ ഖാൻ, സോയ അക്തർ, സുചിത്ര കൃഷ്ണമൂർത്തി, ഹന്‍സൽ മേത്ത തുടങ്ങിയ ബോളിവുഡ് സിനിമാപ്രവർത്തകർ ഉന്നയിച്ചത്.

‘സമാനതകളില്ലാത്ത വിജയമാണ് ഇക്കാലംകൊണ്ട് ബോളിവുഡിൽ ഷാറുഖ് നേടിയെടുത്തത്. വർഷങ്ങളായി എനിക്ക് ഷാറുഖിനെ അറിയാം. ഇത്തരം കഠിനമായ അവസ്ഥകളിലൊന്നും അദ്ദേഹം പതറില്ല. മുറിവുകളിലൂടെയാണ് ഷാറുഖിന്റെ മകനെ ഇപ്പോൾ ലോകം പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. പോരാളിയായ അച്ഛന്റെ മകൻ തിരികെ പോരാടുമെന്നതും എനിക്കുറപ്പാണ്. അനുഗ്രഹങ്ങൾ...’ എന്നായിരുന്നു കോൺഗ്രസ് നേതാവ് കൂടിയായ രാജ് ബബ്ബറിന്റെ ട്വീറ്റ്.

ആര്യന്റെ പേരിനൊപ്പം ഖാൻ എന്നുള്ളതുകൊണ്ടാണ് എൻസിബി വേട്ടയാടുന്നതെന്ന ആരോപണമുന്നയിച്ചത് പിഡിപി പ്രസിഡന്റും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയാണ്. ഉത്തർ പ്രദേശിൽ കർഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ മന്ത്രിപുത്രനു നേരെ പൊലീസ് കണ്ണടച്ചതിലെ ഇരട്ടത്താപ്പും മെഹബൂബ ചൂണ്ടിക്കാട്ടുന്നു. എന്നാൽ നടി കങ്കണ റനൗട്ട് ഉൾപ്പെടെയുള്ളവർ ആര്യനെതിരെയാണു രംഗത്തെത്തിയത്. ആര്യനെ ‘സംരക്ഷിക്കാനെത്തിയവർക്കു’ നേരെയും അവർ ആഞ്ഞടിച്ചു.

aryan-khan
ആര്യൻ ഖാൻ, അമ്മ ഗൗരി ഖാൻ, അച്ഛന്റെ സഹോദരി ഷെഹ്‌നാസ്, സഹോദരി സുഹാന, അച്ഛൻ ഷാറുഖ് ഖാൻ. 2013ലെ ചിത്രം: AFP

ആര്യൻ തെറ്റുകാരനോ?

കുട്ടിയായിരിക്കുമ്പോൾ മുതൽ മുതിർന്നപ്പോൾ വരെയുള്ള ആര്യനെ തനിക്ക് നല്ലപോലെ അറിയാമെന്നാണ് ഋതിക് ട്വിറ്ററിൽ കുറിച്ചത്. ആര്യനെതിരെ അനാവശ്യമായ വേട്ടയാടലാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിൽ ബോളിവുഡും രാഷ്ട്രീയ സമൂഹവും രണ്ടായി തിരിഞ്ഞതോടെ ആര്യൻ സംഭവത്തിലെ ശരിയുംതെറ്റും പൊതുജനങ്ങൾക്കിടയിലും ചർച്ചയായി. ആര്യനെ ബിജെപി കുടുക്കുകയായിരുന്നെന്ന ആരോപണവുമായി എൻസിപിയും രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയച്ചൂടിലും തിളച്ചുമറിഞ്ഞു. കപ്പലിൽ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ടിക്കറ്റ് ബുക്ക് ചെയ്‌ത ഉദ്യോഗസ്ഥരുടെ പണം അടച്ചതാര്, ഇതൊരു ട്രാപ് ആയിരുന്നോ എന്നതടക്കമുള്ള ചോദ്യങ്ങൾ പലയിടത്തുനിന്നും ഉയർന്നുകേൾക്കുന്നുണ്ട്.

ആര്യൻ ചെയ്‌ത കുറ്റത്തിന് ഇതിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല എന്നും സാധാരണ കുറ്റവാളിയായി മാത്രം അയാളെ പരിഗണിച്ചാൽ മതിയെന്നുമാണ് എതിർക്കുന്നവർ ആവശ്യപ്പെടുന്നത്. പാർട്ടിക്കിടെ താൻ ലഹരി ഉപയോഗിച്ചെന്ന് ആര്യൻ സമ്മതിച്ചതായി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. മാത്രവുമല്ല കഴിഞ്ഞ ദിവസം ആര്യന്റെ ജാമ്യഹർജി പരിഗണിച്ചപ്പോഴും അതിശക്തമായ വാദങ്ങളാണ് എൻസിബി പ്രത്യേക കോടതിക്കു മുൻപാകെ നിരത്തിയത്.

aryan-khan-ship
ആര്യൻ ഖാൻ, കോർഡീലിയ കപ്പൽ.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന, അനധികൃത കടത്ത്, ലഹരി കൈവശം വയ്ക്കൽ, ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആര്യനെതിരെ നിലനിൽക്കുമെന്ന് എൻസിബി പറയുന്നു. കഴിഞ്ഞ ഏതാനും വർഷമായി ആര്യൻ ലഹരി ഉപയോഗിക്കുന്നുണ്ട്. രാജ്യാന്തര ലഹരി നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുമായി ആര്യന്‍ ഇടപാട് നടത്തിയതിന് തെളിവുണ്ട്. വിദേശത്തും ആര്യൻ ലഹരിക്കായി പണം ചെലവഴിച്ചതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും എൻസിബി വ്യക്തമാക്കി.

എന്നാൽ കേസിൽപ്പെട്ടിരിക്കുന്നത് ചെറുപ്പക്കാരാണെന്നും ലഹരി കടത്തുകാരോ ഇടനിലക്കാരോ അല്ലെന്നും ആര്യന്റെ അഭിഭാഷകൻ വാദിച്ചു. എൻസിബി സംഘം അറസ്റ്റ് ചെയ്യുമ്പോൾ ആര്യന്റെ കയ്യിൽ ലഹരിവസ്തുക്കൾ ഉണ്ടായിരുന്നില്ല, പണവും ഉണ്ടായിരുന്നില്ല. അതിനാൽത്തന്നെ ലഹരി വസ്തു വാങ്ങാനും ലക്ഷ്യമുണ്ടായിരുന്നില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കുന്നു. എന്നാൽ കോടതിയിൽ കൊടുത്ത വിവരപ്രകാരം 13 ഗ്രാം കൊക്കെയ്ൻ, 21 ഗ്രാം ചരസ്, 22 എക്സ്റ്റസി ഗുളികകൾ, 5 ഗ്രാം എംഡി, 1.33 ലക്ഷം രൂപ എന്നിവയാണ് ആര്യൻ പങ്കെടുത്ത പാർട്ടിയിൽനിന്നു കണ്ടെടുത്തത്.

aryan-1
ആര്യൻ ഖാൻ

എന്താണ് കുറ്റം?

നർകോട്ടിക്സ് പ്രിവൻഷൻ ആക്റ്റ്, ഐപിസി സെക്‌ഷൻ 20ബി എന്നിവ പ്രകാരം 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ആര്യനുമേൽ ആരോപിക്കപ്പെട്ടിട്ടുള്ളത്. മയക്കുമരുന്ന് കയറ്റുമതി, ഇറക്കുമതി ഇടപാടുകൾക്ക് കൂട്ടുനിൽക്കുന്നതിനും അവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നതിനുമാണ് തടവുശിക്ഷ ലഭിക്കുന്നത്. മുംബൈ കോടതി ജാമ്യാപേക്ഷ നിരസിച്ചതോടെ നിലവിൽ ആർതർ ജയിലിൽ കഴിയുകയാണ് ആര്യൻ. 13നും 14നുമായി പ്രത്യേക കോടതി ജാമ്യാപേക്ഷയും പരിഗണിക്കുകയാണ്.

ആരോപണങ്ങൾ, പ്രത്യാരോപണങ്ങൾ

എൻസിബി കോടതിയിൽ ആര്യനെതിരെ ഉന്നയിച്ച പ്രധാന വാദങ്ങൾ ഇവയാണ്:
1) ആര്യൻ ലഹരിമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നതായാണ് വാട്സാപ് ചാറ്റുകൾ പരിശോധിച്ചപ്പോൾ വ്യക്തമായത്.
2) സ്വാധീനശേഷിയുള്ള കുടുംബത്തിൽ നിന്നായതുകൊണ്ട് ആര്യനെ ജാമ്യത്തിൽ വിട്ടാൽ തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്.
3) ആര്യനും കൂടെച്ചേർന്നാണ് പാർട്ടി സംഘടിപ്പിച്ചത് എന്നതിനു തെളിവാണ് അയാൾ നടത്തിയ വാട്സാപ് സംഭാഷണങ്ങൾ.

എന്നാൽ ഫുട്‍ബോൾ മത്സരങ്ങളെപ്പറ്റി ആര്യൻ അയച്ച സന്ദേശങ്ങളാണ് അന്വേഷണ സംഘം ലഹരിമരുന്നായി തെറ്റിദ്ധരിച്ചത് എന്നാണ് ആര്യനു വേണ്ടി ഹാജരായ അഡ്വ. സതീഷ് മനേശിന്ദർ അവകാശപ്പെടുന്നത്. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തലുകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും സത്യമില്ലെന്നും സതീഷ് ആരോപിക്കുന്നു.

ആര്യന് യാതൊരുവിധ പ്രത്യേക പരിഗണനയും കൊടുക്കേണ്ടെന്ന കർശന നിലപാടിലാണ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. കേസിൽ വിട്ടുവീഴ്‌ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുകയെന്നും ബോളിവുഡിലെ ലഹരി ഇടപാടുകൾ ഇനിയും അന്വേഷിക്കുമെന്നും എൻസിബിയുടെ മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ വ്യക്തമാക്കിക്കഴിഞ്ഞു.

Sameer-Wakhende
സമീർ വാങ്കഡെ

കേന്ദ്രത്തിന്റെ ഉപകരണമായാണ് വാങ്കഡെ പ്രവർത്തിക്കുന്നതെന്നാണ് എൻസിപി തലവൻ ശരദ് പവാറിന്റെ ആരോപണം. ഐആർഎസ് ഉദ്യോഗസ്ഥനായ വാങ്കഡെ മുംബൈ വിമാനത്താവളത്തിന്റെ ചുമതലയിലായിരുന്ന കാലത്ത് ചെയ്തിരുന്ന കാര്യങ്ങൾ തനിക്കറിയാമെന്നും പവാർ ‘കുത്തുന്നു’. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷിക്കേണ്ടതുണ്ട്. എൻസിബിയേക്കാളും നന്നായി മുംബൈയിലെ ആന്റി നർകോട്ടിക്സ് സെൽ പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും വാങ്കഡെയെ റെയ്ഡിനും മറ്റുമായി ചുമതലപ്പെടുത്തിയത് എല്ലാറ്റിന്റെയും ക്രെഡിറ്റ് കേന്ദ്രത്തിലേക്കു കൊണ്ടുപോകാനാണെന്നും പവാർ ആരോപിക്കുന്നു.

തന്നെ രണ്ടു പൊലീസുകാർ സദാസമയവും നിരീക്ഷിക്കുന്നതായി വാങ്കഡെ മുംബൈ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. മാതാവിനെ അടക്കം ചെയ്തിരിക്കുന്ന മുംബൈയിലെ സെമിത്തേരിയില്‍ പോയ വാങ്കഡെയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചതായും പരാതിയിൽ പറയുന്നു. എന്നാൽ ഇത് ഭരണത്തലപ്പത്തുള്ള ശിവസേന ഉൾപ്പെടെ തള്ളി.

ജാക്കി ചാൻ നടത്തിയ ക്ഷമാപണം

ലഹരിമരുന്ന് കേസുകളിൽ അറസ്റ്റിലാവുന്ന ആദ്യത്തെ താരപുത്രനല്ല ആര്യൻ ഖാൻ. 2014ല്‍ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ഹോളിവുഡ് ആക്‌ഷന്‍ താരം ജാക്കി ചാന്റെ മകന്‍ ജെയ്‌സി ചാന്‍ അറസ്റ്റിലായിരുന്നു. ബെയ്ജിങ്ങിലെ അപാര്‍ട്ട്മെന്റില്‍ സുഹൃത്തുക്കളുമായി നടത്തിയ ലഹരിപാര്‍ട്ടിയും കഞ്ചാവ് വില്‍പനയുമാണ് ജെയ്‌സിയുടെ അറസ്‌റ്റിൽ കലാശിച്ചത്. അന്ന് ആറുമാസത്തെ ജയില്‍വാസത്തിന് മകന്‍ ശിക്ഷിക്കപ്പെട്ടതോടെ മകന്റെ പ്രവൃത്തിയെ കുറ്റപ്പെടുത്തുകയും പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്‌ത്‌ ജാക്കി ചാന്‍ രംഗത്തുവന്നിരുന്നു. ഒരു കാരണവശാലും മകനെ സംരക്ഷിക്കില്ലെന്നും ഉറപ്പുനൽകി.

jaycee-chan
ജെയ്‌സി ചാന്‍. ചിത്രം: AFP

കേസിൽ മകനെ ന്യായീകരിക്കാതിരുന്ന ജാക്കിയുടെ മാതൃകതന്നെയാണ് ഷാറുഖും പിന്തുടരേണ്ടത് എന്ന വിമർശനമാണ് ബോളിവുഡ് നായിക കങ്കണ റനൗട്ട് നടത്തുന്നത്. ‘നമ്മളെല്ലാവരും തെറ്റുചെയ്യുന്നവരാണ്. എന്നാല്‍ തെറ്റ് ചെയ്യുന്നവരെ മഹത്വവല്‍ക്കരിക്കരുത്. ആര്യനു പ്രതിരോധമൊരുക്കാനാണ് എല്ലാ മാഫിയകളും ശ്രമിക്കുന്നത്. താന്‍ ചെയ്ത തെറ്റ് ആര്യന് മനസ്സിലാക്കാന്‍ ഈ നടപടി സഹായിക്കട്ടെ. കുറച്ചുകൂടി നല്ല വ്യക്തിയായി മാറാനും കഴിയട്ടെ...’ എന്നായിരുന്നു കങ്കണയുടെ പ്രതികരണം.

നിങ്ങൾക്കും പ്രതികരിക്കാം

ആര്യൻ സംഭവം ദേശീയതലത്തിൽ ചർച്ചയാവുമ്പോൾ ഉത്തരം കിട്ടാതെ പല ചോദ്യങ്ങളും അവശേഷിക്കുന്നു. എങ്ങനെയാണ് ലഹരിമരുന്ന് പോലുള്ള സാമൂഹികവിപത്തുക്കളിൽനിന്ന് നമ്മുടെ തലമുറയെ രക്ഷപ്പെടുത്തുക? ഈ വിഷയത്തിൽ ആര്യൻ സഹാനുഭൂതി അർഹിക്കുന്നുണ്ടോ? ആര്യനെ മനപ്പൂർവം കുടുക്കിയതാണെന്ന് കരുതുന്നുണ്ടോ? ലഹരിമരുന്ന് കേസിൽ ഒരാളെ അറസ്‌റ്റ് ചെയ്‌താൽ അയാളോട് അനുഭാവപൂർവം പെരുമാറണമെന്നും അയാളെ വിമുക്തിയിലേക്ക് നയിക്കാൻ ഉത്തരവാദിത്തപരമായ സമീപനമാണ് സമൂഹവും പുലർത്തേണ്ടത് എന്നുമുള്ള അഭിപ്രായം നിങ്ങൾക്കുണ്ടോ? ലഹരി ഉപയോഗം കുറയ്ക്കാൻ എന്താണ് ചെയ്യാനാവുക? ക്രിയാത്മക നിർദേശങ്ങളുമായി കമന്റ് ബോക്‌സ് തുറന്ന ചർച്ചയ്ക്കുള്ള വേദിയാക്കാം.

English Summary: Does Aryan Khan Deserve Sympathy in Mumbai Cruise Drugs Case?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA