ADVERTISEMENT

കൊൽക്കത്ത ∙ ദുർഗാപൂജ ആഘോഷങ്ങൾക്ക് ബംഗാളിൽ വർണാഭമായ തുടക്കം. കോവിഡ് നിയന്ത്രണങ്ങളോടെയായിരിക്കും പൂജാ ആഘോഷങ്ങളെന്നാണ് സർക്കാർ അറിയിപ്പെങ്കിലും ലക്ഷങ്ങളാണ് തെരുവിൽ നിറയുന്നത്. ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരെയുള്ള തൃണമൂൽ കോൺഗ്രസിന്റെ വിജയവും പരോക്ഷമായി പൂജാ പന്തലുകളിൽ നിറഞ്ഞിട്ടുണ്ട്. കോവിഡ് നിരക്ക് കൊൽക്കത്ത ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഉയർന്നിരിക്കുന്നത് ആശങ്കയാണ്.

കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചെങ്കിലും ജനങ്ങളുടെ ആഘോഷത്തിന് തടയിടേണ്ടതില്ലെന്ന നിലപാടാണ് സർക്കാരിന്.  ബാറുകളും ഹോട്ടലുകളും ഉൾപ്പെടെയുള്ളവ പൂജാ ദിനങ്ങളിൽ പുലർച്ചെ വരെ പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി. കോവിഡ് മൂലം തകർന്ന സംസ്ഥാനത്തിന്റെ സാമ്പത്തികനില ഉയർത്തുന്നതിനുള്ള ആദ്യപടിയായിട്ടാണ് പൂജാ ആഘോഷത്തെ ബംഗാൾ കാണുന്നത്.

കർഷക പ്രക്ഷോഭവും പൗരത്വ ഭേദഗതി നിയമവും തൊട്ട് പാവപ്പെട്ട സ്ത്രീകൾക്ക് അക്കൗണ്ടിൽ നേരിട്ട് പണം എത്തിക്കുന്ന മമത ബാനർജി സർക്കാരിന്റെ ലക്ഷ്മിർ ഭണ്ഡാർ സ്കീം വരെ പൂജാ പന്തലിൽ ഇത്തവണ പ്രമേയമായി. തൃണമൂൽ കോൺഗ്രസുകാരാണ് പൂജാ ആഘോഷങ്ങളെ കയ്യടക്കിയിരിക്കുന്നത്. 

സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിലെ വിമാനങ്ങളുടെ സർവീസിനെ പൂജാ ആഘോഷങ്ങൾ ബാധിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. വിമാനത്താവളത്തിനു സമീപത്തെ വൈദ്യുതാലങ്കാരങ്ങൾമൂലം പൈലറ്റുമാർക്ക്  ലാൻഡിങ്ങിൽ ആശയക്കുഴപ്പം നേരിടുന്നതായാണ് പരാതി. വിവിധ വിമാനങ്ങളുടെ പൈലറ്റുമാർ കൊൽക്കത്ത എയർട്രാവൽ കൺട്രോളർക്ക് പരാതി നൽകുകയും എടിസി ഇത് വിമാനത്താവള അധികൃതർക്ക് കൈമാറുകയും ചെയ്തു.

ദുർഗാപൂജ അവസാനിക്കുന്നതോടെ ബംഗാളിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകി. മാസ്ക് ഇല്ലാതെ ലക്ഷങ്ങളാണ് പൊതുയിടങ്ങളിൽ എത്തുന്നത്. പൂജയോടനുബന്ധിച്ച് പ്രത്യേക  കോവിഡ് കൺട്രോൾ റൂം ആരംഭിച്ചെങ്കിലും പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം രോഗം ഭേദമാകുന്നവരുടെ എണ്ണത്തേക്കാൾ വർധിച്ചിട്ടുണ്ട്.

English Summary : Durga Puja festival starts in Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com