അഫ്ഗാന്‍: ഇന്ത്യ വെറും കാഴ്ചക്കാരല്ലെന്ന ബോധ്യത്തോടെ റഷ്യ; പാക്കിസ്ഥാനും മറുപടി

taliban
താലിബാൻ പ്രവർത്തകൻ (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാൻ വിഷയം ചർച്ച ചെയ്യുന്ന യോഗത്തിലേക്ക് റഷ്യ, ഇന്ത്യയെ ക്ഷണിച്ചത് നയതന്ത്ര വിജയമെന്ന് വിലയിരുത്തൽ. അഫ്ഗാൻ, താലിബാൻ വിഷയങ്ങളിൽ ഇന്ത്യയെ ഒഴിവാക്കി മുന്നോട്ടു പോകാനാകില്ലെന്ന തിരിച്ചറിവാണ് ‘മോസ്കോ ഫോർമാറ്റ്’ ചർച്ചയിലേക്കുള്ള ക്ഷണമെന്നാണ് വിദേശകാര്യ വിദഗ്ധരുടെ അഭിപ്രായം. ഒക്ടോബർ 20ന് മോസ്കോയിൽവച്ചാണ് യോഗം.

ചർച്ചയിലേക്കുള്ള ക്ഷണത്തോടെ, അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ സംഭാവനകൾ റഷ്യ വിലമതിക്കുന്നതായി വിദേശകാര്യമന്ത്രാലയം വിലയിരുത്തുന്നു. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിനു പിന്നാലെ പാക്കിസ്ഥാൻ രാജ്യത്തു പിടിമുറിക്കിയിരുന്നു. താലിബാന്റെ പല നിർണായക തീരുമാനങ്ങളും പാക്ക് ആശിർവാദത്തോടെയാണ് നടന്നത്. അതുകൊണ്ടുതന്നെ റഷ്യയുടെ ക്ഷണം പാക്കിസ്ഥാനുള്ള മറുപടിയായും ഇന്ത്യ കാണുന്നു. ഇത് എത്രത്തോളം ഗുണകരമാണെന്ന് പൂർണമായും ഇപ്പോൾ പറയാൻ സാധിക്കില്ലെങ്കിലും നിലവിലെ സ്ഥിതിയിൽ നിർണായക ചുവടുവയ്പാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ബോൺ കോൺഫറൻസ് ഉൾപ്പെടെ അഫ്ഗാനിസ്ഥാൻ സംബന്ധിച്ച പല ബഹുരാഷ്ട്ര വേദികളുടെയും ഭാഗമാണ് ഇന്ത്യ. ഇപ്പോഴത്തെ ക്ഷണം അതിന്റെ പങ്ക് വർധിപ്പിക്കുന്നതാണ്. അഫ്ഗാനിസ്ഥാനിൽ പുതുതായി രൂപീകരിച്ച താലിബാൻ സർക്കാരുമായി ഇന്ത്യ മുഖാമുഖം വരുന്ന ആദ്യ യോഗമാണ് ‘മോസ്കോ ഫോർമാറ്റ്’. അഫ്ഗാനിസ്ഥാൻ മണ്ണിൽനിന്ന് ഉയർന്നുവരുന്ന ഭീകരതയെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതാക്കാനും താലിബാനുമായി ചർച്ച നടത്താനും ഇന്ത്യ ശ്രമിച്ചേക്കാം.

അഫ്ഗാനിസ്ഥാനിലെ ജനതയ്ക്ക് തടസ്സങ്ങളില്ലാതെ സഹായം ലഭിക്കുന്നുവെന്നുറപ്പാക്കാൻ രാജ്യാന്തര സമൂഹത്തിനു ബാധ്യതയുണ്ടെന്ന് അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെക്കുറിച്ച് ജി20 രാജ്യങ്ങളുടെ അസാധാരണ സമ്മേളനത്തിൽ വെർച്വലായി പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ ആ രാജ്യം നേടിയെടുത്ത വികസനം നിലനിർത്താനും തുടരാനും എല്ലാവർക്കും പങ്കാളിത്തമുള്ള സർക്കാർ അവിടെ വരേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

അഫ്ഗാനിസ്ഥാൻ വിഷയത്തിൽ ഇന്ത്യ ഇനി വെറുമൊരു നിശബ്ദ കാഴ്ചക്കാരനായി തുടരില്ലെന്നതിന്റെ സൂചനയാണ് മോദിയുടെ വാക്കുകളെന്ന് കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പകരം, ഭീകരവാദം ഉൾപ്പെടെ മേഖലയെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് താലിബാൻ സർക്കാരുമായി ചർച്ച ചെയ്യാനും അഫ്ഗാൻ ജനതയുടെ പ്രയോജനത്തിനായി ഇന്ത്യ ഇടപെടുമെന്നു വ്യക്മാക്കാനുമായിരിക്കും ശ്രമം. ഇക്കാര്യത്തിൽ റഷ്യയും ഇന്ത്യയും ഒരേ തൂവൽപക്ഷികളാണ്.

അഫ്ഗാനിസ്ഥാനിൽ സമാധാനം കെട്ടിപ്പടുക്കുന്നതിൽ ക്രിയാത്മകമായ പങ്കുവഹിക്കുകയും അതു മുന്നോട്ടുകൊണ്ടുപോകാൻ ഉത്സാഹിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്ന് കഴിഞ്ഞയാഴ്ച യുഎൻ രക്ഷാസമിതിയുടെ ഉന്നതതലയോഗത്തിൽ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും വ്യക്തമാക്കിയിരുന്നു. താലിബാൻ അധികാരമേറ്റെടുത്തശേഷം പാക്കിസ്ഥാനും ചൈനയും വളരെ വേഗം അവരുമായി ബന്ധം സ്ഥാപിച്ചപ്പോൾ ഇന്ത്യ കരുതലോടെയാണ് നീങ്ങിയത്.

അഫ്ഗാനിസ്ഥാനിൽനിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി താലിബാനുമായി ചില പിൻവാതിൽ ചർച്ചകൾ നടന്നിട്ടുള്ളതല്ലാതെ പൂർണമായും ഒരു കാഴ്ചക്കാരന്റെ വേഷത്തിലായിരുന്നു ഇന്ത്യ. ഇനി അധികനാൾ അങ്ങനെ നിലകൊള്ളാൻ സാധിക്കില്ലെന്ന് ഇന്ത്യ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ 20ന് മോസ്കോയിൽ നടക്കുന്ന യോഗം താലിബാനുമായി നേരിട്ട് ഇടപഴുകാനുള്ള ആദ്യ അവസരമാണ് ഇന്ത്യയ്ക്ക് മുൻപിൽ തുറന്നിടുന്നത്.

English Summary: Delhi may no longer remain silent spectator: Experts on Moscow Format meet on Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA