ADVERTISEMENT

കണ്ണൂർ∙ ‘ഇൻസൾട്ട് ആണ് മുരളീ ഈ ലോകത്തെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്.’ വെള്ളം എന്ന ഹിറ്റ് സിനിമയിലെ ഈ പഞ്ച് ഡയലോഗ് സിപിഎം നേതാവ് എ.എൻ. ഷംസീർ എംഎൽഎ പ്രയോഗിച്ചിരിക്കുന്നത് ആർക്കു നേരെയാണ്? കരാറുകാരെ കൂട്ടി മന്ത്രിയെ കാണാൻ വരുന്നതു സംബന്ധിച്ചു മന്ത്രി മുഹമ്മദ് റിയാസും എ.എൻ. ഷംസീറും തമ്മിലുള്ള ഭിന്നത പരസ്യമായ സാഹചര്യത്തിൽ ഡയലോഗിനു രാഷ്ട്രീയമാനം കൂടി കൈവരികയാണ്. വിവാദങ്ങൾക്കിടെ, ഒളിയമ്പാണെങ്കിലും എ.എൻ. ഷംസീറിന്റെ ആദ്യ പരസ്യപ്രതികരണമാണിത്.

സംസ്ഥാന സിനിമാ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു കൊണ്ടുള്ള ഫെയ്സ്ബുക് പോസ്റ്റിന്റെ തലക്കെട്ടായാണ് എ.എൻ. ഷംസീർ ഈ ഡയലോഗ് ഉപയോഗിച്ചിരിക്കുന്നത്. വെള്ളം സിനിമയിൽ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണു ജയസൂര്യ അവതരിപ്പിച്ചതും മികച്ച നടനുള്ള പുരസ്കാരം നേടിയതും. സിനിമയിൽ മുരളിയോട്, സിദ്ദിഖ് അവതരിപ്പിച്ച ഡോക്ടർ കഥാപാത്രമാണീ ഡയലോഗ് പറയുന്നത്.

ചില എംഎൽഎമാർ പൊതുമരാമത്തു കരാറുകാരെയും കൂട്ടി മന്ത്രിയെ കാണാൻ വരുന്നത് അവസാനിപ്പിക്കണമെന്ന് ഈ മാസം ഏഴിനു പൊതുമരാമത്തു വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞതോടെയാണ് 2 നേതാക്കളും തമ്മിലുളള ഭിന്നത മറനീക്കിയത്. പിന്നീടു നടന്ന സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ എ.എൻ. ഷംസീർ ഈ നിലപാടിനെ ചോദ്യം ചെയ്യുകയും എംഎൽഎമാരെ വിലക്കുന്ന അഹങ്കാരത്തിന്റെ ഭാഷ വേണ്ടെന്നു പറയുകയും ചെയ്തുവെന്ന വാർത്തകൾ പുറത്തുവന്നു.

ഷംസീറിന്റെ വിയോജിപ്പു മറ്റു ചില എംഎൽഎമാരും ഏറ്റുപിടിച്ചതായി മാധ്യമങ്ങളിൽ വാർത്തകളിലുണ്ടായിരുന്നു. ഇതോടെ സ്വന്തം മണ്ഡലത്തിലെ കരാറുകാരെ കൂട്ടി മന്ത്രിയെ കാണാൻ വരാമെന്നും മറ്റു മണ്ഡലങ്ങളിലെ കരാറുകാരുമായി വരരുതെന്നുമാണ് പറഞ്ഞതെന്നുമുള്ള പരസ്യ വിശദീകരണവുമായി മുഹമ്മദ് റിയാസ് രംഗത്തെത്തി. ഇതു മുന്നണി നിലപാടാണെന്നും റിയാസ് വിശദീകരിച്ചു. ഷംസീറാകട്ടെ, നിയമസഭാ കക്ഷി യോഗത്തിലെ പരാമർശങ്ങൾ സംബന്ധിച്ച വാർത്ത നിഷേധിക്കാനോ വിശദീകരിക്കാനോ ഇതുവരെ തയാറായിട്ടില്ല.

റിയാസിന്റേതാണു പാർട്ടി നിലപാടെന്നു സിപിഎം സംസ്ഥാന ആക്ടിങ്സെക്രട്ടറി എ. വിജയരാഘവൻ വ്യക്തമാക്കിയതും ഷംസീറിനു തിരിച്ചടിയാണെന്നാണു വിലയിരുത്തൽ. ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനായ റിയാസും സംഘടനയുടെ മുൻ സംസ്ഥാന സെക്രട്ടറിയായ എ.എൻ.ഷംസീറും തമ്മിലുള്ള അഭിപ്രായഭിന്നത പുറത്തു വന്നതിൽ സിപിഎമ്മിന് അതൃപ്തിയുണ്ട്. എന്നാൽ, റിയാസിന്റെ നിലപാടിനൊപ്പം തന്നെയാണു സിപിഎം നിൽക്കുന്നത്.

പി.എ.മുഹമ്മദ് റിയാസ്, എ.എൻ.ഷംസീർ
മുഹമ്മദ് റിയാസ്, ഷംസീർ

ഷംസീറിന്റെ കുറിപ്പിൽനിന്ന്:

ഇൻസൾട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്. വെള്ളം എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ജയസൂര്യയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഏറെക്കാലം സിനിമയുടെ പിൻനിരയിൽ ചെറിയ വേഷങ്ങൾ ചെയ്ത് നിൽക്കുമ്പോഴും കഴിവും കഠിനാധ്വാനവും കൊണ്ട് ഈ മികച്ച നേട്ടം കൈവരിക്കാൻ ജയസൂര്യയ്ക്കു സാധിച്ചത് സിനിമ എന്ന വലിയ ലോകത്തെ സ്വപ്‍നം കാണുന്ന ഏതൊരാൾക്കും അത്രയേറെ പ്രചോദനമായി മാറുന്ന കാര്യമാണ്.

ജയസൂര്യയ്‌ക്കൊപ്പം ചെറിയൊരു കാലയളവ് കൊണ്ടുതന്നെ മികച്ച വേഷങ്ങൾ ഏറെ പ്രശംസനീയമായ രീതിയിൽ അഭിനയിച്ചു ഫലിപ്പിച്ചുകൊണ്ട് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട അന്ന ബെന്നും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഒപ്പം മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്നത്തെ സമൂഹത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയത്തെ മനോഹരമായി അവതരിപ്പിച്ച ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ ആണെന്നത് ഏറെ സന്തോഷം നൽകുന്നു. സച്ചിയും അനിൽ നെടുമങ്ങാടും നമ്മെ വിട്ടുപിരിഞ്ഞെങ്കിലും അവരുടെ കയ്യൊപ്പ് ചാർത്തപ്പെട്ട അയ്യപ്പനും കോശിയും ജനപ്രിയ സിനിമ ആയി തിരഞ്ഞെടുക്കപ്പെട്ടത് ജനങ്ങൾ മനസ്സിൽ ആഗ്രഹിച്ച അവാർഡ് പ്രഖ്യാപനമായി മാറി.

മികച്ച ആർട് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട തലശ്ശേരി സ്വദേശി കൂടി ആയ സന്തോഷ്‌ രാമൻ നാടിന്റെയും അഭിമാനമായി മാറി. ഇതോടൊപ്പം മികച്ച സംവിധായകൻ സിദ്ധാർഥ് ശിവ, സംഗീതജ്ഞൻ എം.ജയചന്ദ്രൻ, സുധീഷ്, ഗായകൻ ഷഹബാസ് അമൻ, ഗായിക നിത്യ മാമൻ, ചിത്രസംയോജകൻ മഹേഷ് നാരായണൻ, ഡബ്ബിങ് ആർട്ടിസ്റ്റുകളായ ഷോബി തിലകൻ. റിയ സൈറ, മേക്കപ്പ്മാൻ റഷീദ് അഹമ്മദ്, പ്രത്യേക ജൂറി പരാമർശം നേടിയ നഞ്ചിയമ്മ തുടങ്ങി പുരസ്കാരത്തിന് അർഹരായ മുഴുവൻ പേർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.

English Summary: AN Shamseer MLA Facebook post about state film awards viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com