ചെരുപ്പ് കൊണ്ട് കയ്യിൽ തുടരെ തല്ലി, അൻവിത ഒഴുകിപ്പോയി; ഷിജു കുടുങ്ങിയതെങ്ങനെ?

anvitha-death
പി.കെ.ഷിജു (ഇടത്), ഷിജു കൊലപ്പെടുത്തിയ മകൾ അൻവിത (മധ്യം), ഷിജു കൊലപ്പെടുത്താൻ ശ്രമിച്ച ഭാര്യ സോന. ചിത്രം: മനോരമ ഓൺലൈൻ
SHARE

കണ്ണൂർ∙ കുടുംബ കോടതി ജീവനക്കാരൻ അധ്യാപികയായ ഭാര്യയെയും ഒന്നര വയസ്സുകാരി മകളെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടതിനു പിന്നിൽ സ്വർണം പണയം വച്ചതുമായി ബന്ധപ്പെട്ട തർക്കമാണെന്നു പൊലീസ്. ഭാര്യയെയും മകളെയും പുഴയിൽ തള്ളിയിടുകയും മകൾ മുങ്ങിമരിക്കാൻ ഇടയാവുകയും ചെയ്ത കേസിലാണ് വെളിപ്പെടുത്തൽ.

തലശ്ശേരി കുടുംബ കോടതി ജീവനക്കാരനും പാട്യം പത്തായക്കുന്ന് സ്വദേശിയുമായ പി.കെ.ഷിജു (37) ഈ കേസിൽ റിമാൻഡിലാണ്. ഭാര്യ  ഈസ്റ്റ് കതിരൂർ എൽപി സ്കൂൾ  അധ്യാപികയും പൊന്ന്യം നാലാംമൈൽ സ്വദേശിനിയുമായ എം.പി.സോന സുരേഷി(31)നെയും മകൾ ഒന്നര വയസ്സുള്ള അൻവിതയെയുമാണ് ഷിജു കഴിഞ്ഞ വെള്ളിയാഴ്‌ച സന്ധ്യയോടെ ചെക്ഡാമിനു മുകളിൽ നിന്ന് പുഴയിലേക്കു തള്ളിയിട്ടതായി പറയുന്നത്. സോനയെ നാട്ടുകാരും അഗ്നിരക്ഷാ സേനയും രക്ഷപ്പെടുത്തിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. പുഴയിൽ നിന്ന് കണ്ടെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അൻവിത മരിച്ചിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഷിജു കുളത്തിൽചാടി ആത്മഹത്യയ്ക്കു ശ്രമിച്ചപ്പോഴാണ് മട്ടന്നൂരിൽ പൊലീസിന്റെ പിടിയിലായത്. 

∙ഒടുവിൽ കുറ്റസമ്മതം 

അറസ്റ്റിലായ ഷിജുവിനെ തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.  സാമ്പത്തിക പ്രയാസമുള്ളതിനാൽ ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയിരുന്നുവെന്നും ഇതിന്റെ പേരിൽ ഭാര്യ നിരന്തരം കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തിരുന്നുവെന്നു ഷിജു വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നുണ്ട്. ഇതിന്റെ പേരിലാണ് ഭാര്യയെയും കുട്ടിയെയും വകവരുത്താൻ പദ്ധതിയിട്ടതെന്നാണ് ഷിജുവിന്റെ കുറ്റസമ്മതമെന്നു പൊലീസ് വ്യക്തമാക്കി. അബദ്ധത്തിൽ പുഴയിൽ വീണതാണെന്നു വരുത്തി തീർക്കുകയായിരുന്നു ലക്ഷ്യമെന്നാണു പൊലീസ് സംശയിക്കുന്നത്. ഭാര്യയെയും കുഞ്ഞിനെയും പുഴയിലേക്ക് തള്ളിയിട്ടതാണെന്നു ഷിജു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സ്വർണാഭരണങ്ങളിൽ ചിലത് പണയത്തിലായിരുന്ന കാര്യം സോനയും പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. 

anvitha
അൻവിത.

പൊലീസ് പറയുന്നത് 

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെയാണ്: വെള്ളി വൈകിട്ട് ആറരയോടെയാണ് പാത്തിപ്പാലം പുഴയിൽ സോനയും മകൾ അൻവിതയും വീണതായി കണ്ടത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ സേനയുമാണ്  ഇരുവരെയും പുറത്തെടുത്തത്. സോനയെ രക്ഷപ്പെടുത്താനായെങ്കിലും അൻവിത ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.  വള്ള്യായിയിൽ ക്ഷേത്ര ദർശനം കഴിഞ്ഞു വരുന്നതിനിടെയാണു സംഭവം.

anvitha-crime-spot
1. പുഴ കാണിക്കാമെന്നു പറഞ്ഞ് ഭാര്യയെയും മകളെയും കൂട്ടി എത്തിയ ഷിജു വളള്യായി റോഡിൽ ജല അതോറിറ്റി ഓഫിസിനു സമീപം ബൈക്ക് നിർത്തിയ സ്ഥലം. പുഴക്കരയിലേക്കുള്ള ഇടവഴിയും കാണാം. 2. ഈ ഇടുങ്ങിയ വഴിയിലൂടെയാണ് ഷിജു പുഴക്കരയിലേക്കു പോയത്. 3. ഭാര്യ സോനയേയും മകൾ അൻവിതയേയും ഷിജു പുഴയിലേക്ക് തള്ളിയിട്ടതായി പറയുന്ന ചെക്ക് ഡാം.

പുഴ കാണിക്കാമെന്നു പറഞ്ഞ്  ഷിജു ഭാര്യയെയും മകളെയും കൊണ്ട് പുഴക്കരയിൽ എത്തി. ചെക്ഡാമിന് മുകളിലൂടെ നടക്കുമ്പോൾ തന്നെയും മകളെയും ഭർത്താവ് തള്ളി പുഴയിലിട്ടുവെന്ന് സോന രക്ഷാപ്രവർത്തകരോടു പറഞ്ഞിരുന്നു. ആ മൊഴി പൊലീസിനും നൽകി.  ഷിജുവിനെ കുറിച്ച് അന്വേഷിച്ചപ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വളള്യായി റോഡിൽ വാട്ടർ അതോറിറ്റി ഓഫിസ് ഗേറ്റിനു സമീപത്തു കൂടി ചെക്ക് ഡാം പരിസരത്തേക്കു പോകുന്ന ഇടുങ്ങിയ ഇടവഴി ആരംഭിക്കുന്ന ഭാഗത്ത് ഇവർ എത്തിയ ബൈക്ക് നിർത്തിയിട്ടിരുന്നു. ഇത് ഉപേക്ഷിച്ചാണ് ഷിജു കടന്നു കളഞ്ഞിരുന്നത്. ബൈക്ക് കതിരൂർ സ്റ്റേഷനിലേക്കു മാറ്റിയ പൊലീസ് അന്വേഷണ ഷിജുവിലേക്കു ഫോക്കസ് ചെയ്തു.  സംഭവസ്ഥലത്തു നിന്ന് ഒരാൾ ഓടിപ്പോകുന്നതു കണ്ടതായി ദൃക്സാക്ഷികളും പറഞ്ഞിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഷിജു പിടിയിലായത്. 

കുളത്തിൽ നിന്നു പൊക്കി 

ഒളിവിലായിരുന്ന ഷിജുവിനെ മട്ടന്നൂർ പൊലീസാണു പിടികൂടിയത്. കോവിഡ് കാരണം പ്രവേശനം നിരോധിച്ച മട്ടന്നൂരിലെ ക്ഷേത്ര കുളത്തിൽ ചാടിയതു ശ്രദ്ധയിൽപെട്ടവരാണു വിവരം പൊലീസിൽ അറിയിച്ചത്. ആത്മഹത്യ ചെയ്യാനാണ് കുളത്തിൽ ചാടിയതെന്ന് പിന്നീട് ഷിജു പൊലീസിനോടു വെളിപ്പെടുത്തി. നാട്ടുകാർ ഇട്ടുകൊടുത്ത തെങ്ങോലയിൽ പിടിച്ചാണു ഷിജു കരയ്ക്കു കയറിയത്.  

anvitha-mother
പൊന്ന്യം നാലാം മൈലിനടുത്തെ തറവാട്ടു വീട്ടിലെത്തിച്ച മകൾ അൻവിതയുടെ മൃതദേഹം കണ്ടു വിതുമ്പിയ സോനയെ ബന്ധുക്കൾ ആശ്വസിപ്പിക്കുന്നു.

പ്രവേശനം നിരോധിച്ച കുളത്തിൽ ഇറങ്ങിയതിനാലാണ് ഷിജുവിനെ പരിസരവാസികൾ ശ്രദ്ധിച്ചത്.  ക്ഷേത്രക്കുളത്തിൽ സംശയകരമായി ഒരാളെ കണ്ടെത്തിയ വിവരം നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. ശനി ഉച്ചയ്ക്ക് ഒന്നോടെയാണ് ഷിജു കുളക്കരയിൽ എത്തിയത്. കോവിഡ് കാരണം ക്ഷേത്രക്കുളത്തിൽ പ്രവേശിക്കാനോ കുളിക്കാനോ പാടില്ലെന്നിരിക്കെ ഒരാൾ അതിക്രമിച്ചു കടക്കുന്നതു കണ്ട സമീപ വാസികളാണ് പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോൾ ആളെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുത്ത് കതിരൂർ പൊലീസിനു കൈമാറുകയുമായിരുന്നു. 

വയനാട്ടിലൊന്നു കറങ്ങി 

ഭാര്യയെയും മകളെയും പുഴയിൽ വീഴ്ത്തിയ ശേഷം മുങ്ങിയ ഷിജു വിവിധ സ്ഥലങ്ങളിൽ കറങ്ങിയ ശേഷമാണ് മട്ടന്നൂരിൽ എത്തിയത്. പുഴയിൽ തള്ളിയിട്ടതാണെന്ന വിവരം ഭാര്യ രക്ഷാപ്രവർത്തകരോടു പറഞ്ഞതായി തോന്നിയപ്പോൾ ഷിജു പരിസരത്തു നിന്നു മുങ്ങുകയായിരുന്നു.  എവിടെയായിരുന്നുവെന്ന അന്വേഷണത്തിലാണു പൊലീസ്.  ബൈക്ക് ഉപേക്ഷിച്ച് ബസ് മാർഗം തലശ്ശേരിയിലെത്തി. അവിടെ നിന്ന് കോഴിക്കോട്ടേക്കു പോയി. തുടർന്ന് മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും എത്തി. അവിടെ നിന്നാണ് ഇരിട്ടി വഴി മട്ടന്നൂരിൽ എത്തിയതെന്നാണ് ഷിജു പൊലീസിനോടു പറഞ്ഞത്. 

anvitha-body
പാത്തിപ്പാലം പുഴയിൽ മുങ്ങി മരിച്ച ഒന്നര വയസ്സുകാരി അൻവിതയുടെ മൃതദേഹം ഷിജുവിന്റെ പത്തായക്കുന്നിനടുത്തെ വാടക വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ.

കൊല ആസൂത്രിതം

ഭാര്യയെയും മകളെയും കൊലപ്പെടുത്താൻ ഷിജു മുൻകൂട്ടി പദ്ധതി ആവിഷ്ക്കരിച്ചിരുന്നു വെന്ന സംശയത്തിലാണു പൊലീസ്. ഇരുവരെയും പുഴയിൽ തള്ളിയിടാൻ തിരഞ്ഞെടുത്ത ചെക്ഡാമും പരിസരവും ഷിജു നേരത്തേ സന്ദർശിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നു. ഇക്കാര്യത്തെ കുറിച്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ വ്യക്തത വരൂ.  

കണ്ടു നിൽക്കാവതല്ല, അമ്മക്കണ്ണീർ 

അൻവിതയുടെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം പത്തായക്കുന്നിനടുത്ത് മൂഴിവയലിനു സമീപത്തെ വാടക വീട്ടിൽ കൊണ്ടുവന്നു. തുടർന്ന് പൊന്ന്യം നാലാം മൈലിനടുത്ത സോനയുടെ തറവാട്ടു വീട്ടിലെത്തിച്ചാണ് സംസ്കരിച്ചത്....‘ന്റെ തങ്കക്കുടത്തിനെ എന്തിനാണു കൊന്നത്...എന്തൊരു നല്ല മോളായിരുന്നു... എന്റെ പൊന്നുമോളെ കണ്ടു കൊതി തീർന്നില്ലല്ലോ...’ എന്ന സോനയുടെ നിലവിളി കരളലിയിപ്പിക്കുന്നതായിരുന്നു. 

anvitha-body

അൻവിതയുടെ മൃതദേഹം സോനയുടെ പൊന്ന്യം പുല്യോടിയിലെ  തറവാടുവീടായ സുനിതാ നിവാസിൽ സംസ്കരിക്കാൻ കൊണ്ടുവന്നപ്പോൾ വാവിട്ടു കരഞ്ഞ അമ്മയുടെ സങ്കടം ആർക്കും കണ്ടു നിൽക്കാനായില്ല. സംഭവ ദിവസത്തെ ചിതറിത്തെറിച്ച ഓർമകൾ ഓരോന്നായി ചേർത്തു വച്ച് സോന വിളിച്ചു പറഞ്ഞു കരഞ്ഞപ്പോൾ കൂടി നിന്നവർക്കും ആശ്വസിപ്പിക്കാൻ വാക്കുകളില്ലായിരുന്നു.

 ‘പതിവില്ലാതെ കഴിഞ്ഞ ദിവസം മുണ്ടുടുത്ത് നല്ല വസ്ത്രവും ധരിച്ച് ഭർത്താവ് എന്നെയും അണിയിച്ചൊരുക്കി മകളെയും കൂട്ടിപ്പോയത് മോളെ കൊല്ലാനായിരുന്നോ... കളിച്ചും ചിരിച്ചും പാട്ടുപാടിയും അച്ഛാ...അച്ഛാ എന്നു വിളിച്ചു കൈവിരൽ പിടിച്ചു നടന്ന എന്റെ മോളെ എന്തിനു കൊന്നു...’ എന്ന സോനയുടെ വിലാപം എല്ലാവരെയും  നിശബ്ദരാക്കി. 

ഈസ്റ്റ് കതിരൂർ എൽപി സ്കൂളിലെ സോനയുടെ സഹപ്രവർത്തകരും നാട്ടുകാരും ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ വിതുമ്പി നിൽക്കവേ അൻവിതയുടെ മൃതദേഹം ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. പത്തായക്കുന്ന് കുപ്യാട്ടു വീട്ടിൽ നിന്നാണു മൃതദേഹം തറവാടു വീട്ടിലേക്ക് കൊണ്ടുവന്നത്. മകളുടെ ചേതനയറ്റ ശരീരത്തോടൊപ്പം അമ്മയും വന്നു.  തറവാടു വീട് വാടകയ്ക്ക് നൽകിയതിനാൽ അവിടെ താമസിക്കാൻ പറ്റാത്തതിനാൽ മകളുടെ മരിക്കാത്ത ഓർമകളുമായി പത്തായക്കുന്നിലേക്കു തന്നെ മടങ്ങുകയായിരുന്നു സോന. 

രക്ഷപ്പെടാൻ നോക്കിയപ്പോൾ അടിച്ചു വീഴ്ത്തി 

വെള്ളത്തിൽ തള്ളിയിട്ടപ്പോൾ  ചെക്ഡാമിന്റെ തൂണിൽ പിടിച്ച തന്റെ കൈ വിടുവിക്കാൻ ഭർത്താവ് ചെരിപ്പ് ഊരി കൈക്ക് അടിച്ചതായി സോനയുടെ മൊഴിയിലുണ്ട്.  ആ അടിയിലാണ് പിടിവിട്ട് ഒഴുക്കിൽ പെട്ടതും കുട്ടി കയ്യിൽ നിന്നു വഴുതി പോയതുമെന്നാണു പൊലീസിനു നൽകിയ വിവരം. 

anvitha-1

റോഡരികിൽ ബൈക്ക് നിർത്തിയ ശേഷം,  പുഴ കാണിക്കാനെന്നു പറഞ്ഞ് ഇടവഴിയിലൂടെ  ചെക്ഡാമിനു മുകളിലേക്ക്  എത്തിക്കുന്നതു വരെ കുട്ടി  ഷിജുവിന്റെ തോളിലായിരുന്നു.  ചെക്ഡാമിനു മുകളിൽ എത്തിയപ്പോൾ മുണ്ട് മുറുക്കി ഉടുക്കാനാണെന്നു പറഞ്ഞ് കുട്ടിയെ സോനയുടെ കയ്യിൽ ഏൽപിച്ചു. കുട്ടിയെ എടുത്ത ശേഷം രണ്ടു പേരെയും തള്ളി വീഴ്ത്തുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഒഴുക്കിനിടെ കാട്ടു പൊന്തയിൽ പിടിച്ചു നിന്നതിനാലാണ് സോന രക്ഷപ്പെട്ടത്. ഇക്കാര്യങ്ങളെല്ലാം ഷിജു സമ്മതിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. 

രക്ഷാ പ്രവർത്തനം ഇങ്ങനെ 

അനന്തേട്ടൻ വന്നു വിളിച്ചിട്ടാണ് ഞങ്ങളെല്ലാവരും കൂടെ ഓടി പുഴയോരത്തു ചെന്നത്. രക്ഷപ്പെടുത്തൂ... എന്ന നിലവിളി. ഞാനും സുഹൃത്ത് സത്യനും അനന്തേട്ടൻ കരുതിയ കയറുമായി പുഴയിലിറങ്ങി. യുവതിയെ കരയ്ക്ക് എത്തിച്ചപ്പോഴാണ് എന്റെ മോൾ വെള്ളത്തിൽ വീണു എന്നു പറഞ്ഞുള്ള നിലവിളി. കുട്ടിയെ തിരയുന്നതിനിടെ ഫയർ ഫോഴ്സുമെത്തി.

പാത്തിപ്പാലം പുഴയിൽ ഭർത്താവ് ഷിജു തള്ളിയിട്ടതായി പറയുന്ന അധ്യാപിക സോനയെ പുഴയിൽ നിന്ന് രക്ഷപ്പെടുത്തിയ സ്വകാര്യ ബസ് ക്ലീനർ പത്തായക്കുന്നിലെ സി.സുധിയാണ് തന്റെ അനുഭവം വിവരിക്കുന്നത്. 

പുഴക്കരയിലെ വീട്ടിൽ പി.പി.അനന്തൻ എന്ന വയോധികൻ വീടിന്റെ ടെറസിൽ സായാഹ്ന വ്യായാമത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. പുഴയിൽ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് അദ്ദേഹം അങ്ങോട്ടു ചെന്നത്. അപ്പാഴാണ് യുവതി പുഴയുടെ അരികു പറ്റിയുളള കുറ്റിക്കാട്ടിലെ ചെറിയ ചില്ലയിൽ തൂങ്ങി രക്ഷപ്പെട്ടുത്താനായി യാചിക്കുന്നത്. ഉടനെ വീട്ടിലെത്തി സമീപത്തുള്ള ചെറുപ്പക്കാരെ വിളിച്ച് പുഴയിലിറങ്ങാൻ കയറുമായി അവിടെയെത്തി രക്ഷാദൗത്യത്തിൽ പങ്കാളിയായതെന്ന് സുധി പറഞ്ഞു. ഭർത്താവ് തങ്ങളെയും കൂട്ടി നവോദയ കുന്നിൽ പോയിരുന്നു. തിരിച്ചു വരുമ്പോൾ പുഴ കാണാമെന്നു പറഞ്ഞു കൊണ്ടു വന്നതാണെന്ന്  രക്ഷാപ്രവർത്തത്തിൽ പങ്കെടുത്തവരോട് യുവതി വേവലാതിപ്പെട്ട് പറഞ്ഞിരുന്നു.  കെ.പി.മോഹനൻ എംഎൽഎ ഇന്നലെ കാലത്ത് സോനയുടെ വീട് സന്ദർശിച്ചു. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ദൃക്സാക്ഷികളിൽ നിന്നും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരിൽ നിന്നും അദ്ദേഹം കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. 

English Summary: In a Shocking Incident, Family Court Employee Kills Daughter; Attempts to Murder Wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA