തൊടുപുഴ∙ ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിൽ ഉരുൾപൊട്ടൽ നടന്ന സ്ഥലത്തെ തിരച്ചിലിൽ കാണാതായ നാലു കുട്ടികൾ ഉൾപ്പെടെ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഷാജി ചിറയില്‍ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകൻ അമീൻ സിയാദ് (7), മകൾ അംന സിയാദ് (7), കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കളായ അഫ്സാൻ ഫൈസൽ (8), അഹിയാൻ ഫൈസൽ (4) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
അംന, അഫ്സാൻ, അഹിയാൻ എന്നിവരുടെ മൃതദേഹങ്ങൾ കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിലായിരുന്നു കണ്ടെത്തിയത്. മണിമലയാറ്റിൽ നിന്നാണ് ഷാജി ചിറയിലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഇടുക്കി ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഴ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഉരുൾപൊട്ടലിൽ കാണാതായ ഏഴുവയസ്സുകാരൻ സച്ചു ഷാഹുലിനായി തിരച്ചിൽ തുടരുന്നു. ഒഴുക്കിൽപെട്ട് കാണാതായ ആൻസി സാബുവിന്റെ മൃതദേഹവും ഇതുവരെ കിട്ടിയിട്ടില്ല.
English Summary: Kokkayar Landslide: 6 bodies recovered