ADVERTISEMENT

തിരുവനന്തപുരം ∙ കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ തന്നെ കാണാന്‍ വരരുത് എന്ന് നിയമസഭയില്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെ. റോഡുപണികളുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. ചില എംഎല്‍എമാരും പിഎമാരും കരാറുകാര്‍ക്ക് വേണ്ടി ഇടപെടുന്നതു മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും ശ്രദ്ധയില്‍പെട്ടിരുന്നു. 

കരാറുകാരും എംഎല്‍എമാരുമായുള്ള ബന്ധം അഴിമതിയിലേക്കുള്ള പാലമായി മാറുന്നുവെന്ന കാര്യം സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും മുന്നിലെത്തി. ചില എംഎല്‍എമാരോ അവരുടെ പിഎമാരോ കരാറുകാരുമായി മന്ത്രിയുടെ ഓഫിസിലെത്തുന്ന സാഹചര്യവുമുണ്ടായി. സമാന്തരമായി പലയിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ഉയരുകയും ചെയ്തു. 

മലയോര ഹൈവേ നിര്‍മാണത്തെക്കുറിച്ചുയര്‍ന്ന പരാതികള്‍ ഉദാഹരണം. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് ചില ജില്ലകളില്‍ പാര്‍ട്ടിയിലും പരാതികളുയര്‍ന്നു. റോഡിന്‍റെ ഗുണനിലവാരം മോശമായാലും തന്‍റെ കാലത്ത് പദ്ധതി പൂര്‍ത്തിയാകണമെന്ന സമീപനം കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാനകാലത്ത് ചില എംഎല്‍എമാരുടെ ഭാഗത്തുനിന്നുണ്ടായതായും സിപിഎമ്മില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.

എംഎല്‍എമാര്‍ മാറിയാലും ചിലര്‍ ദീര്‍ഘകാലമായി പിഎ സ്ഥാനത്ത് തുടരുന്നത് കരാറുകാരുമായി വഴിവിട്ട ബന്ധങ്ങള്‍ക്കിടയാക്കുന്നതും ശ്രദ്ധയില്‍ പെട്ടു. 30 വര്‍ഷമായി പിഎ സ്ഥാനത്ത് തുടരുന്നവര്‍ പോലുമുണ്ട്. ഇതൊക്കെ അഴിമതിയിലേക്ക് നയിക്കുമെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കും സര്‍ക്കാരിനുമുണ്ട്. അതാണ് എംഎല്‍എമാരും കരാറുകാരുമായുള്ള ബന്ധം സംബന്ധിച്ച് നിയമസഭയില്‍ തുറന്നടിക്കാന്‍ മുഹമ്മദ് റിയാസിന് ധൈര്യം നല്‍കിയത്. മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു ഈ മറുപടി. എ.എന്‍.ഷംസീർ എംഎൽഎയുടെ വിമര്‍ശനം വിവാദമായതിനു പിന്നാലെ റിയാസിന് പാര്‍ട്ടിയില്‍ നിന്ന് പരസ്യപിന്തുണ കിട്ടുകയും ചെയ്തു. 

English Summary: Remark on contractors: CPM backs Minister P. A. Mohammed Riyas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com