തുടരെത്തുടരെ ഉരുൾപൊട്ടൽ, ഒലിച്ചിറങ്ങിയത് കട്ടച്ചെളി; ‘ജലബോംബിൽ’ തകർന്ന കൂട്ടിക്കൽ

HIGHLIGHTS
  • ദുരന്തങ്ങൾ എല്ലാം കൂട്ടിക്കൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ
  • ചെറുതും വലുതുമായ ഇരുപത്തിയഞ്ചോളം ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും
Koottickal Flood Rain Havoc
കൂട്ടിക്കൽ ടൗണിൽനിന്നുള്ള ദൃശ്യം. ചിത്രം: ഗിബി സാം
SHARE

കൂട്ടിക്കൽ (കോട്ടയം) ∙ ചെറുതും വലുതുമായ ഇരുപത്തിയഞ്ചോളം ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും. ഒഴുകിയിറങ്ങിയ കട്ടച്ചെളി. നിമിഷം കൊണ്ട് ഉയർന്നു പൊന്തിയ വെള്ളം... മൂന്നു മണിക്കൂറോളം നിർത്താതെ പെയ്ത അതി തീവ്രമഴ ഒരു ഗ്രാമത്തെയാകെ തകർത്തത് ഇങ്ങനെ. കോട്ടയം ജില്ലയുടെ അതിർത്തിയിൽ ഇടുക്കി ജില്ലയോട് ചേർന്നു കിടക്കുന്ന മലയോര പഞ്ചായത്തായ കൂട്ടിക്കൽ കണ്ടത് സമാനതകളില്ലാത്ത ദുരന്തം. നാട്ടുകാരിൽ പ്രായമായവർ പോലും ഇത്തരത്തിൽ ഒരു ദുരിതം നേരിൽ കണ്ടിട്ടില്ല. പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 10 പേർ കൊല്ലപ്പെട്ട കാവാലിയും പ്ലാപ്പള്ളിയും ഉൾപ്പെടുന്നത്.

മഴയിൽ തകർന്ന ഗ്രാമം

ഒക്ടോബർ 16നു, ശനിയാഴ്ച രാവിലെ ഒൻപതോടെയാണു പ്രദേശത്തു മഴ കനത്തത്. അടുത്തു നിൽക്കുന്നവരെപ്പോലും കാണാനാകാത്ത ശക്തമായ മഴ. ഉരുളുകൾ പൊട്ടുമെങ്കിലും കൈത്തോടുകൾ വഴി വെള്ളവും കല്ലും മണ്ണും കടന്നു പോകുന്നതായിരുന്നു പതിവെന്നു നാട്ടുകാർ പറയുന്നു. ഈ വിശ്വാസമാണ് അതി തീവ്ര മഴയിൽ തകർന്നത്. വീടുകൾ ഇരിക്കുന്ന പ്രദേശത്തു കൂടി കല്ലും മണ്ണും പാഞ്ഞു.

koottikkal-town-kottayam-flood-rain-6
മഴയിൽ തകർന്ന കൂട്ടിക്കലിലെ വീടുകളിലൊന്ന്. ചിത്രം: ഗിബി സാം

കൊടുങ്ങ- ഇളംകാട് റോഡ്, മുക്കുളം തുടങ്ങിയ പ്രദേശങ്ങളിലും വലിയ തോതിൽ ഉരുളുപൊട്ടി. ഇതു കൂടാതെ ചെറിയ ഉരുളുകൾ പഞ്ചായത്തിലാകെ പൊട്ടി. ഇതോടെ പഞ്ചായത്തിലൂടെ ഒഴുകുന്ന പുല്ലകയാർ നിമിഷനേരംകൊണ്ട് നിറഞ്ഞു കവിഞ്ഞു. 16നു രാവിലെ പത്തരയോടെ കൂട്ടിക്കൽ ടൗൺ മുങ്ങാൻ തുടങ്ങി. വ്യാപാരികളും വീട്ടുകാരും കയ്യിൽ കിട്ടിയതുകൊണ്ട് ഉയരമുള്ള പ്രദേശങ്ങളിലേക്ക് ഓടി.

എന്താണെന്ന് മനസ്സിലാകും മുൻപ് ചെളിവെള്ളം കൂട്ടിക്കൽ ടൗണിനെ മുക്കിക്കളഞ്ഞു. വാഹനങ്ങൾ ഒഴുകി നീങ്ങി. കടകളിലും വീടുകളിലും ചെളി നിറഞ്ഞു. കൂട്ടിക്കൽ ചപ്പാത്തിന് അടുത്തുള്ള ചില വീടുകൾ നിലം പൊത്തി. വെള്ളം മൂന്നു മണിക്കൂറോളം ടൗണിൽ നിറഞ്ഞു നിന്നതോടെ എല്ലാം നഷ്ടപ്പെട്ടുവെന്ന നിരാശയിലേക്ക് വ്യാപാരികളും വീട്ടുകാരും എത്തി. ഇതിനിടെ ഒന്നരയോടെ കാവാലിയിൽ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ ആറു പേർ പെട്ടു. പിന്നാലെ പ്ലാപ്പള്ളിയിൽ ഉരുൾ പൊട്ടി നാലുപേരെ കാണാതായി. സഹായത്തിനുള്ള വിളികൾ പല വഴിക്ക് പാഞ്ഞെങ്കിലും എത്തിപ്പെടാനാകാത്ത അകലത്തിലേക്ക് കൂട്ടിക്കൽ അപ്പോഴേക്കും പതിച്ചിരുന്നു.

koottikkal-town-kottayam-flood-rain-2
കൂട്ടിക്കൽ ടൗണില്‍ ചെളി കയറിയ നിലയിൽ. ചിത്രം: ഗിബി സാം

പഞ്ചായത്തിനുള്ളിലൂടെ കടന്നു പോകുന്ന പ്രധാന പാതകളായ മുണ്ടക്കയം -കൂട്ടിക്കൽ- ഇളംകാട് വാഗമൺ റോഡ്, കൊക്കയാർ- കൂട്ടിക്കൽ റോഡ്, കൂട്ടിക്കൽ- പാതാമ്പുഴ- പൂഞ്ഞാർ റോഡ്, ഏന്തയാർ- കൈപ്പള്ളി-പൂഞ്ഞാർ റോഡ് എന്നിവ ഗതാഗത യോഗ്യമല്ലാതായതോടെ കൂട്ടിക്കൽ ഒറ്റപ്പെട്ടു. റോഡിൽ പലയിടങ്ങളിലും കല്ലും മണ്ണും നിറഞ്ഞതോടെ വലിയ വാഹനങ്ങൾക്കു പോലും കടന്നെത്താനായില്ല. 16നു രാത്രിയോടെയാണു കൂട്ടിക്കൽ ചപ്പാത്ത് വരെ വാഹനങ്ങൾ എത്താനുള്ള ക്രമീകരണങ്ങളുണ്ടായത്.

ജലബോംബിൽ തകർന്ന ഭൂമി

‘ജലബോംബിൽ’ തകർന്ന ഭൂമിയായിരുന്നു കൂട്ടിക്കലിന്റെ ഞായർ കാഴ്ചകൾ. കവാലിയിലും പ്ലാപ്പള്ളിയിൽനിന്ന് ഉരുൾപൊട്ടലിൽ പെട്ടവർ ഒലിച്ചെത്തിയ താളുങ്കലിലും ജീവന്റ കണികയുണ്ടോ എന്നു രക്ഷാപ്രവർത്തകർ തിരഞ്ഞപ്പോൾ തകർന്നു പോയ വീടുകളുടെയും കടകളുടെയും ഇടയിലൂടെ ബാക്കി എന്തെങ്കിലുമുണ്ടോ എന്ന തിരച്ചിലിലായിരുന്നു  നാട്ടുകാർ. കരസേനയുടെ മദ്രാസ് റെജിമെന്റിൽ നിന്നുള്ള സൈനികർ, പൊലീസ്, അഗ്നിരക്ഷാസേന, ദേശീയ ദുരന്ത പ്രതികരണ സേന എന്നീ വിഭാഗങ്ങൾക്കൊപ്പം നാട്ടുകാരും തിരച്ചിലിനിറങ്ങി.

koottikkal-town-kottayam-flood-rain-7
കൂട്ടിക്കലിൽ മഴവെള്ളത്തിൽ ഒഴുകിപ്പോയ ബൈക്ക്. ചിത്രം: ഗിബി സാം

17നു രാവിലെ എട്ടോടെ ദുരന്തമുഖങ്ങളിൽ തിരച്ചിൽ ശക്തമാക്കി. രക്ഷാദൗത്യത്തിന് ഒരു വിധത്തിലും തടസ്സമുണ്ടാക്കാതെ നാട്ടുകാരും സഹായങ്ങളുമായി ഒപ്പം നിന്നു. പ്ലാപ്പള്ളി, കാവാലി എന്നിവിടങ്ങളിൽ നിന്ന് ഏതാണ്ട് ഒരേ സമയത്തുതന്നെ മൃതദേഹങ്ങൾ കണ്ടെത്തി. ദുരന്തത്തിന്റെ വ്യാപ്തി മന്സ്സിലാക്കിയവരുടെ മനസ്സിൽ അവസാനിച്ച പ്രതീക്ഷകൾ പോലെ കാണാതായവരിൽ ആരെയും ജീവനോടെ കണ്ടെത്താനായില്ല. എല്ലാവരെയും കണ്ടെത്തിയതോടെ രക്ഷാ ദൗത്യത്തിൽനിന്ന് മറ്റു പ്രവർത്തനങ്ങളിലേക്ക് ഉദ്യോഗസ്ഥ സംഘങ്ങൾ നീങ്ങി. 

തകർന്ന് കൂട്ടിക്കൽ ടൗൺ

ടൗണിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും തകർന്നിരിക്കുകയാണ്. ചെളി കയറി നിറഞ്ഞ അവസ്ഥയിലാണ് വീടുകൾ ഉൾപ്പെടെ എല്ലാ സ്ഥലങ്ങളും. ടൗണിലെ എസ്ബിഐ ബാങ്കിലും വെള്ളം കയറി. എടിഎമ്മിൽ ചെളി നിറഞ്ഞു. വീടുകളിൽനിന്നു ചെളി കോരി മാറ്റുകയായിരുന്നു ഞായറാഴ്ച പ്രധാനമായും എല്ലാവരും ചെയ്തത്. റോഡിൽ നിറഞ്ഞ ചെളി ഇരു വശത്തേക്കും കോരി മാറ്റി വച്ചു.

koottikkal-chappath-kottayam-flood-rain
കൂട്ടിക്കൽ ചപ്പാത്തിൽനിന്നുള്ള കാഴ്ച. ചിത്രം: ഗിബി സാം

ചപ്പാത്തിന് സമീപം റോഡിലെ ടാർ ഒഴുകി നീങ്ങി. ഈ ഭാഗത്തെ തകർന്ന വീടുകളിലുള്ളവർ ക്യാംപുകളിലേക്കും ബന്ധു വീടുകളിലേക്കും മാറി. പഞ്ചായത്തിലെ 5 ക്യാംപുകളിലായി അഞ്ഞൂറോളം പേർ ഞായറാഴ്ചയുണ്ടായിരുന്നു. കൂട്ടിക്കൽ സെന്റ് ജോർജ് സ്കൂൾ കൺട്രോൾൾ റൂം ആക്കിയാണു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.  

കൂട്ടിക്കലിൽ ഇനിയെന്ത്?

ദുരന്തങ്ങളിൽ കൊല്ലപ്പെട്ടവരെ കണ്ടെത്തി. എന്നാൽ ദുരിതം മാറാനുള്ള നടപടികളാണു കൂട്ടിക്കൽ പ്രതീക്ഷിക്കുന്നത്. താമസിക്കാൻ സാധിക്കാത്ത വിധം തകർന്നു പോയ വീടുകൾ പഞ്ചായത്തിന്റെ വിവിധയിടങ്ങളിലുണ്ട്. വെള്ളം കയറിയ വീടുകളിൽ ചെളി നിറഞ്ഞു കിടക്കുന്നു. കൂട്ടിക്കൽ ചപ്പാത്തിനു  സമീപം റോഡ് സംരക്ഷണ ഭിത്തി തകർന്ന് അപകടാവസ്ഥയിലാണ്. റോഡ് ആറ്റിലേക്ക് തകരുമെന്ന ഭീതിയുണ്ട്.

koottikkal-town-1-kottayam-flood-rain-1
മഴയിൽ തകർന്ന കൂട്ടിക്കലിലെ വീടുകളിലൊന്ന്. ചിത്രം: ഗിബി സാം

റോഡിൽ മുഴുവൻ ചെളി നിറഞ്ഞിരിക്കുന്നു. ടൺ കണക്കിന് കട്ടച്ചെളിയാണ് വഴിയോരങ്ങളിലേക്ക് മാറ്റി വച്ചിരിക്കുന്നത്. ഉള്ളതെല്ലാം നശിച്ച അവസ്ഥയിലാണ് വ്യാപാരികൾ. കോവിഡിൽ തകർന്നിരുന്നവരുടെ മേൽ ഇടിത്തീ പോലെയാണു ജലബോംബ് പതിച്ചത്. ചെറു നഷ്ടപരിഹാരങ്ങൾ ഇവരെ ജീവിതത്തിലേക്കു തിരികയെത്തിക്കില്ല. പാക്കേജുകളാണ് ആവശ്യം.

കൂട്ടിക്കൽ പഞ്ചായത്തിനെ അറിയാം

∙ വിസ്തീർണം 33.82 ചതുരശ്ര കിലോമീറ്റർ.
∙ കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ കൂട്ടിക്കൽ, മുണ്ടക്കയം ഒന്നും രണ്ടും വില്ലേജുകൾ പഞ്ചായത്തിൽ ഉൾപ്പെടുന്നു.

വാർഡുകൾ 13

പറത്താനം, താളുങ്കൽ, പ്ലാപ്പള്ളി, ചാത്തൻപ്ലാപ്പള്ളി, ഇളംകാട് ടൗൺ, കൊടുങ്ങ, ഇളംകാട് ടോപ്പ്, ഒളയനാട്, ഏന്തയാർ ടൗൺ, തേൻപുഴ ഈസ്റ്റ്, കൂട്ടിക്കൽ ടൗൺ, കൂട്ടിക്കൽ ചപ്പാത്ത്, വല്ലീറ്റ.

koottikkal-town-kottayam-rain
ചിത്രം: ഗിബി സാം

ചരിത്രം

പന്ത്രണ്ടാം നൂറ്റാണ്ടിൽ മലയരയന്മാരും കോയ്ക്കന്മാർ എന്നറിയപ്പെട്ടിരുന്ന ജനവിഭാഗവും പുല്ലകയാറിന്റെ ഇരു കരകളിലുമായി കൂട്ടിക്കലിൽ ജീവിച്ചിരുന്നു. മുൻപ് ഇവിടം പന്തളം രാജകുടുംബത്തിന്റെ അധീനതയിലായിരുന്നു. പിന്നീട്‌ പൂഞ്ഞാർ രാജവംശത്തിന്റെ അധീനതയിലായി. 1850ൽ യൂറോപ്യൻ ക്രിസ്ത്യൻ മിഷനറിമാർ കൂട്ടിക്കലെത്തി. 1852ൽ കൂട്ടിക്കൽ ചപ്പാത്തിനടുത്ത്‌ ഒരു സിഎസ്‌ഐ പള്ളി സ്ഥാപിച്ചു.

20–ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ മീനച്ചിൽ താലൂക്കിന്റെ വിവിധ പ്രദേശങ്ങളായ പാലാ, പൂവരണി, ഇടമറ്റം, കപ്പാട്‌, ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നു കർഷകർ കുടിയേറി. പുല്ലകയാറ്‌, കൊക്കയാർ, താളുങ്കൽ തോട്‌ എന്നീ മൂന്നു പുഴകൾ കൂടിച്ചേരുന്ന ഈ പ്രദേശത്തിന് കൂട്ടി എന്നുണ്ടായിരുന്ന പേര് കൂട്ടിയിൽ എന്നും പിന്നീട് കൂട്ടിക്കൽ എന്നുമായെന്നാണ് വിശ്വാസം.

koottickal-chappath-1
കൂട്ടിക്കൽ ചപ്പാത്തിലെ കാഴ്ച. ചിത്രം: ഗിബി സാം

ഭൂപ്രകൃതി

കുന്നുകളും മലഞ്ചെരിവുകളുമാണ് കൂട്ടിക്കലിന്റെ ഭൂപ്രകൃതി. പറത്താനം, കാവാലി, പ്ലാപ്പള്ളി, മുതുകോര, കട്ടൂപ്പാറ, മാത്തുമല, കളത്വാമല, തോണ്ടാൻ കളരി, മേലേത്തടം, നെല്ലിക്കൽ, മൂപ്പൻ മല, മ്ലാക്കര, ചൊറുത എന്നിവയാണ് മലകൾ. ഈ മലകളും അവയ്ക്കിടയിലെ താഴ്‌വാരങ്ങളുമാണ് കൂട്ടിക്കൽ പ്രദേശം.

തോടുകൾ

കിഴക്കു ഭാഗത്തെ അമൃതമേട്ടിൽനിന്ന് ഉൽഭവിച്ച്‌ മുണ്ടക്കയത്ത്‌ വച്ച്‌ മണിമലയാറ്റിൽ ചേരുന്ന പുല്ലകയാറാണ് പ്രധാന ജലസ്രോതസ്‌. മ്ലാക്കരത്തോട്‌, വല്ല്യേന്തത്തോട്‌, കൊടുങ്ങാങ്ങാത്തോട്‌, ചൊറുത്തോട്‌, ഞർക്കാട്‌ തോട്‌, മുണ്ടപ്പള്ളിത്തോട്‌, വല്ലീറ്റത്തോട്‌ എന്നിവയാണ് മറ്റു തോടുകൾ.

കൃഷി

കൂട്ടിക്കൽ പ്രദേശത്തെ പ്രധാന കൃഷി റബറാണ്. തെങ്ങ്‌, കമുക്‌, കുരുമുളക്‌  എന്നിവയുമുണ്ട്.

English Summary: How Koottickal a Small Town in Kottayam, Kerala, Devastated by Sudden Rain and Landslides!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA