ADVERTISEMENT

കൊച്ചി∙ നിലമ്പൂർ കവളപ്പാറയിൽ 2019ലും കഴിഞ്ഞ ദിവസം കൂട്ടിക്കലിലുമെല്ലാം ദുരന്തമുണ്ടാക്കിയത് മൂന്നു മണിക്കൂർ മുൻപു മാത്രം തിരിച്ചറിയാൻ സാധിക്കുന്ന മേഘവിസ്ഫോടനങ്ങളാണെന്നു കുസാറ്റിൽനിന്നുള്ള കാലാവസ്ഥാ ശാസ്ത്രജ്ഞൻ എസ്.അഭിലാഷ്. ഇതു തിരിച്ചറിഞ്ഞാൽ ലഭിക്കുന്ന കുറഞ്ഞ സമയത്തിനുള്ളിൽ മുൻകരുതൽ എടുക്കാൻ സാധിച്ചാൽ മാത്രമേ ദുരന്തസാഹചര്യങ്ങൾ ഒഴിവാകുകയുള്ളൂ.

കനത്ത മഴയുണ്ടായാൽ മലവെള്ളപ്പാച്ചിലിനു സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റാൻ സാധിക്കണം. മലയിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാൻ സാധിക്കണം. സർക്കാർ ഇതിനുള്ള സംവിധാനം സജ്ജമാക്കുക മാത്രമാണ് പോംവഴിയെന്നും കുസാറ്റിലെ അന്തരീക്ഷ റെഡാർ ഗവേഷണ നൂതന കേന്ദ്രത്തിലെ വിദഗ്ധനായ അദ്ദേഹം പറയുന്നു. 

ദിവസങ്ങൾ നിന്നു പെയ്യുന്ന മഴയ്ക്കു പകരം കാലാവസ്ഥ വ്യതിയാനംകൊണ്ട് അപ്രതീക്ഷിതമായി സംഭവിക്കുന്ന ലഘു മേഘവിസ്ഫോടനങ്ങൾ ദുരന്തം വിതയ്ക്കുന്നതാണ് സംസ്ഥാനത്ത് ഏതാനും വർഷങ്ങളായി കണ്ടു വരുന്നത്. 10 മുതൽ 14 കിലോമീറ്റർ വരെ വ്യാപ്തിയിൽ മേഘങ്ങൾ ഒത്തു ചേർന്ന് മഴയായി പെയ്തൊഴിവാകുന്നതാണ് ഇത്തരം വിസ്ഫോടനങ്ങൾക്കു വഴിവയ്ക്കുന്നത്. ഇത് എപ്പോൾ എവിടെ സംഭവിക്കും എന്നു മുൻകൂട്ടി തിരിച്ചറിയുക അസാധ്യമാണ്. റഡാർ, ഉപഗ്രഹ നിരീക്ഷണങ്ങളിലൂടെ മൂന്നു മണിക്കൂർ മുൻപു ഇതു മനസ്സിലാക്കാൻ സാധിച്ചാൽ നിശ്ചിത ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാൻ സാധിക്കും. അല്ലാത്തപക്ഷം ദുരന്തത്തിലേക്കു നയിക്കാം. ഇതിനുള്ള സംവിധാനം ഒരുക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറയുന്നു. 

കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘസ്ഫോടനം എന്നുപറയുന്നത്. നിമിഷങ്ങൾ കൊണ്ട് മേഘസ്ഫോടനം ഉണ്ടാകുന്ന പ്രദേശം മുഴുവൻ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കൊണ്ട് നാശനഷ്ടങ്ങളുണ്ടാകും. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം അക്ഷരാർഥത്തിൽ പ്രളയത്തിലാകുന്നു.

പൊതുവേ, മണിക്കൂറിൽ 100 മില്ലിമീറ്ററിൽ കൂടുതൽ മഴ ഒരു സ്ഥലത്തു ലഭിച്ചാൽ, അത് മേഘസ്ഫോടനമാകുന്നു. കേരളത്തിൽ തുടർച്ചയായി പേമാരിയുണ്ടാകുകയും ദുരന്തങ്ങളിലേക്കു നയിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ദിവസത്തിൽ ഒരിക്കൽ ദുരന്ത മുന്നറിയിപ്പു നൽകുന്നതിനു പകരം ജനങ്ങളെ ജാഗരൂഗരാക്കുകയും മണിക്കൂറുകളുടെ ഇടവേളകളിൽ കാലാവസ്ഥാ മാറ്റം സംബന്ധിച്ച അറിയിപ്പുകൾ നൽകാൻ സാധിക്കുന്ന സംവിധാനം ഒരുക്കണമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

Content Highlights: Kavalappara and Koottickal landslide, Cloudburst

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com