ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ഇബിയുടെ കീഴിലുള്ള അണക്കെട്ടുകളില്‍ കല്ലാര്‍കുട്ടി ( ഇടുക്കി), കുണ്ടള ( ഇടുക്കി), ഷോളയാര്‍(തൃശൂര്‍), മൂഴിയാര്‍ (പത്തനംതിട്ട), കക്കി (പത്തനംതിട്ട), ഇരട്ടാര്‍( ഇടുക്കി), ലോവര്‍പെരിയാര്‍(ഇടുക്കി), പെരിങ്ങല്‍ കുത്ത്(തൃശൂര്‍), പൊന്‍മുടി (ഇടുക്കി), പമ്പ (പത്തനംതിട്ട) എന്നീ അണക്കെട്ടുകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മുതല്‍ ശക്തമായ മഴ പ്രവചിച്ചതിനാൽ കോളജുകള്‍ തുറക്കുന്നത് ഒക്‌ടോബര്‍ 25ലേക്ക് മാറ്റും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍  സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറ‍ഞ്ഞു. വെള്ളത്തിന്റെ അളവ് നോക്കിയാണു തീരുമാനമെടുക്കുക. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ നിര്‍ബന്ധമായും മാറ്റി പാര്‍പ്പിക്കണം. ശബരിമല തുലാമാസ പൂജാ സമയത്തുള്ള തീർഥാടനം ഇത്തവണ പൂര്‍ണമായും ഒഴിവാക്കും. തുലാവര്‍ഷം വന്നതായി ഇതുവരെ കാലാവസ്ഥാ വകുപ്പ് കണക്കാക്കിയിട്ടില്ല. യോഗത്തില്‍ റവന്യു, വൈദ്യുതി വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

പത്തനംതിട്ട ജില്ലയിലെ കക്കി– ആനത്തോട് അണക്കെട്ട് തുറന്നു. രണ്ടു ഷട്ടറുകൾ 10 മുതൽ 15 സെന്റിമീറ്റർ വരെ ഉയർത്തി. പമ്പയാറിലും കക്കാട്ടാറിലും ജലനിരപ്പ് ഉയരും. റാന്നി, കോഴഞ്ചേരി, ചെങ്ങന്നൂർ, കുട്ടനാട് എന്നിവിടങ്ങളിൽ വെള്ളമെത്തും. ഷോളയാർ അണക്കെട്ടും തുറന്നു. വൈകിട്ടോടെ ചാലക്കുടിയിലേക്ക് വെള്ളമെത്തും. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.04 അടിയിലെത്തി. ഇത് സംഭരണശേഷിയുടെ 91.92% ആണ്. 2397.86 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. എന്നാൽ നിലവിൽ നീരൊഴുക്ക് കുറഞ്ഞെന്നും അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്നുമാണ് വിവരം.

English Summary: Rain havoc in Kerala, more dams likely to open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com