കണ്ണീരണിഞ്ഞ് കാവാലി; ചേതനയറ്റ് പ്രിയപ്പെട്ട മാര്‍ട്ടിനും മക്കളും കുടുംബവും:വിടചൊല്ലി നാട്‌

vasavan-kavali-landslide
ഉരുൾപൊട്ടലിൽ മരിച്ച ഒട്ടലാങ്കല്‍ മാര്‍ട്ടിനും കുടുംബത്തിനും മന്ത്രി വി.എൻ.വാസവൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി എന്നിവർ അന്തിമോപചാരം അർപ്പിക്കുന്നു.
SHARE

കൂട്ടിക്കൽ ∙ കണ്ണീരണിഞ്ഞ് കാവാലി; മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ട ഒരു കുടുംബത്തിലെ ആറു പേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. കൂട്ടിക്കൽ കാവാലി ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍(48), അമ്മ ക്ലാരമ്മ(65),  ഭാര്യ സിനി മാര്‍ട്ടിന്‍(45), മക്കളായ സ്‌നേഹ മാര്‍ട്ടിന്‍(14), സോന മാര്‍ട്ടിന്‍ (12), സാന്ദ്ര മാര്‍ട്ടിന്‍(10) എന്നിവരുടെ മൃതദേഹങ്ങളാണ് കാവാലി സെന്റ് മേരീസ് പള്ളിയിൽ 2 കല്ലറകളിലായി സംസ്കരിച്ചത്. വീടിരുന്ന സ്ഥലത്ത് ഒന്നും അവശേഷിച്ചിട്ടില്ലാത്തതിനാൽ പള്ളിയിൽ തന്നെയായിരുന്നു പൊതുദർശനം.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മണ്ണിടിച്ചിലിലാണ് മാർട്ടിന്റെ കുടുംബം ഒന്നാകെ അകപ്പെട്ട് പോയത്. ശനിയാഴ്ച തന്നെ ക്ലാരമ്മ, സിനി, സോന എന്നിവരുടെ മൃതദേഹങ്ങൾ ലഭിച്ചു. ഇന്നലെയാണ് മാർട്ടിൻ, സ്നേഹ, സാന്ദ്ര എന്നിവരുടെ മൃതദേഹങ്ങൾ ലഭിച്ചത്. തുടർന്ന് ഒരുമിച്ച് സംസ്കാരം നടത്താൻ നിശ്ചയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ തിങ്കളാഴ്ച 12:30ന് പള്ളിയിൽ എത്തിച്ചു. സംസ്കാര ചടങ്ങുകൾക്ക് പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കനും കാർമികത്വം വഹിച്ചു.

koottickal-martin
മാർട്ടിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ പള്ളിയിലെത്തിച്ചപ്പോൾ.

മരിച്ച സിനിയുടെ മാതാപിതാക്കളായ സേവ്യറും ബേബിയും പൊട്ടിക്കരഞ്ഞതോടെ കണ്ടുനിന്നവർ കണ്ണീരണിഞ്ഞു. പാലക്കാട്ടുനിന്ന് ഇന്നു രാവിലെയാണ് സിനിയുടെ മാതാപിതാക്കളെ കാവാലിയിലേക്ക് എത്തിച്ചത്. സംസ്‌കാര ചടങ്ങിൽ സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രിമാരായ വി.എൻ. വാസവൻ, കെ. രാധാകൃഷ്ണൻ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.

Martin-Family-Funeral-Koottickal-2
സിനിയുടെ മാതാപിതാക്കളായ സേവ്യറും ബേബിയും അന്ത്യോപചാരം അർപ്പിക്കുന്നു

ആന്റോ ആന്റണി എംപി, എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, വാഴൂർ സോമൻ, മോൻസ് ജോസഫ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കലക്ടർ ഡോ. പി.കെ.ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശില്പ, എഡിഎം ജിനു പുന്നൂസ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്ത്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ എന്നിവരുമുണ്ടായിരുന്നു.

Martin-Family-Funeral-Koottickal-1
സംസ്കാര ശുശ്രൂഷകൾക്ക് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാർമികത്വം വഹിക്കുന്നു. സഹായ മെത്രാൻ മാർ ജോസഫ് മുരിക്കൻ സഹകാർമികനായി

English Summary: Koottickal landslide; Funeral of 6 members in a family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA