ADVERTISEMENT

കോട്ടയം ∙ കോവിഡ് ലോക്ഡൗണിനെ തുടർന്നു ജീവിതം പ്രതിസന്ധിയിലായ വ്യാപാരി, സമൂഹമാധ്യമത്തിൽ കുറിപ്പെഴുതി ആത്മഹത്യ ചെയ്ത നിലയിൽ. ചങ്ങനാശ്ശേരി കുറിച്ചിയിലെ ഹോട്ടൽ ഉടമ കനകക്കുന്ന് ഗുരുദേവ ഭവനിൽ സരിൻ മോഹനാണ് (42) ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ കുറിച്ചി ലെവൽക്രോസിനു സമീപം കോട്ടയം– തിരുവനന്തപുരം ചെന്നൈ സൂപ്പർഫാസ്റ്റ് ഇടിച്ചായിരുന്നു മരണം.

അശാസ്ത്രീയമായ ലോക്ഡൗൺ തീരുമാനങ്ങൾ എല്ലാം തകർത്തുവെന്നു പറയുന്ന ഫെയ്സ്ബുക്‌ കുറിപ്പിൽ, തന്റെ മരണത്തിനു ഉത്തരവാദി ഈ സർക്കാരാണെന്നും കുറ്റപ്പെടുത്തുന്നു. ഭാര്യയെയും രണ്ടു കുട്ടികളെയും സഹായിക്കണമെന്നും കുറിപ്പിൽ അഭ്യർഥിക്കുന്നുണ്ട്. ഹോട്ടൽ ആവശ്യത്തിനായി വായ്പയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും കിട്ടാതായതോടെ സരിൻ ദുഃഖിതനായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ആർ.ജിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

സരിന്‍ മോഹന്റെ കുറിപ്പിൽനിന്ന്

6 മാസം മുൻപുവരെ കുഴപ്പമില്ലാതിരുന്ന ഹോട്ടൽ ആയിരുന്നു എന്റെ. അശാസ്ത്രീയമായ ലോക്ഡൗൺ തീരുമാനങ്ങൾ എല്ലാം തകർത്തു. ബിവറേജിൽ ജനങ്ങൾക്ക് തിങ്ങിക്കൂടാം, കൊറോണ വരില്ല. ഹോട്ടലിൽ ക്യൂ നിന്നാൽ കൊറോണ പിടിക്കും. ബസ്സിൽ അടുത്ത് ഇരുന്നു യാത്ര ചെയ്യാം, ഹോട്ടലിൽ ഇരുന്നാൽ കൊറോണ പിടിക്കും. ഷോപ്പിങ് മാളിൽ ഒരുമിച്ചു കൂടി നിൽക്കാം. കല്യാണങ്ങളിൽ 100 പേർക്ക് ഒരുമിച്ചു നിൽക്കാം, ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം, ഹോട്ടലിൽ ഇരിക്കാൻ പറ്റില്ല.

രാഷ്ട്രീയ പാർട്ടികൾക്ക് പൊതുയോഗങ്ങൾ നടത്താം, കൊറോണ പിടിക്കില്ല. ഇങ്ങനെ പോകുന്നു തീരുമാനങ്ങൾ. എല്ലാം തകർന്നപ്പോൾ ലോക്ഡൗൺ എല്ലാം മാറ്റി. ഇപ്പോൾ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി. ബ്ലേഡുകാരുടെ ഭീഷണി. ഇനി 6 വർഷം ജോലി ചെയ്താൽ തീരില്ല എന്റെ ബാധ്യതകൾ. ഇനി നോക്കിയിട്ടും കാര്യം ഇല്ല. എന്റെ മരണത്തോടു കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുക. സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ തകർക്കരുത്.

എന്റെ മരണത്തിനു ഉത്തരവാദി ഈ സർക്കാർ ആണ്. എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയിൽ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ഞാൻ. എന്റെ കയ്യിൽ ഉള്ളപ്പോൾ സ്നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോൾ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാൻ കണ്ടു. സഹായിക്കാൻ നല്ല മനസ്സ് ഉള്ളവർ എന്റെ കുടുംബത്തെ സഹയിക്കുക.

സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും. അവർക്ക് ഇനി ജീവിക്കണം. ഇളയ മകന് ഓട്ടിസം ആണ്. അവനും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഉണ്ട്. എന്റെ ഫോൺ എടുക്കുന്ന പൊലീസുകാർ അത് വീട്ടിൽ കൊടുക്കണം, മകൾക്ക് ഓൺലൈൻ ക്ലാസ് ഉള്ളതാണ്.

എൻബി: അറിഞ്ഞിരുന്നേൽ സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചു.

English Summary: Hotel owner in Kottayam found dead after facebook post that criticize Kerala government over Covid lockdown rules

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com