‘അമ്മത്തൊട്ടിൽ പ്രവർത്തിച്ചില്ല; അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾ എൽപ്പിച്ചത് നേരിട്ട്’

Jayachandran-Anupama-1248-25
SHARE

തിരുവനന്തപുരം ∙ അനുപമ എസ്.ചന്ദ്രന്റെ കുഞ്ഞിനെ മാതാപിതാക്കൾ നേരിട്ട് ശിശുക്ഷേമ സമിതിയിൽ ഏൽപ്പിക്കുകയായിരുന്നെന്നും, കുഞ്ഞിനെ അമ്മത്തൊട്ടിൽ വഴി ലഭിച്ചതല്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രിക്കു ശിശുക്ഷേമ സമിതിയിലെ ജീവനക്കാരുടെ കത്ത്. 2020 ഒക്ടോബർ 22ന് രാത്രി 12.30നാണ് ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനെ ലഭിക്കുന്നത്. സംഭവം നടന്ന ദിവസം അമ്മത്തൊട്ടിൽ പൂർണമായി പ്രവർത്തിച്ചിരുന്നില്ലെന്ന ഗുരുതരമായ ആരോപണവും ജീവനക്കാർ ഉന്നയിച്ചു.

അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഭയന്ന് പേരുവിവരം വെളിപ്പെടുത്താതെയാണ് എഴുതുന്നതെന്നും ജീവനക്കാർ കത്തിൽ വ്യക്തമാക്കുന്നു. ഇതോടെ, ഇക്കാര്യങ്ങളടക്കം പൊലീസ് അന്വേഷണത്തിന്റെ ഭാഗമാകും. ശിശുക്ഷേമ സമിതിയിൽനിന്ന് വിവരങ്ങൾ ലഭിക്കാത്തതിനാൽ അന്വേഷണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നതു സംബന്ധിച്ചു പൊലീസ് നിയമോപദേശം തേടി.

അമ്മത്തൊട്ടിലിൽനിന്ന് കുഞ്ഞിനെ ലഭിച്ചു എന്നു പറയുന്നത് കള്ളമാണെന്നു കത്തിൽ പറയുന്നു. അമ്മത്തൊട്ടിൽ 2002ൽ സ്ഥാപിച്ചിരുന്ന സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കുന്നതിനാൽ അവിടെനിന്നും പൊളിച്ചുമാറ്റി സമിതിയുടെ പഴയ കെട്ടിടത്തോട് ചേർന്ന് സ്ഥാപിച്ചിരുന്നു. അതിന്റെ സാങ്കേതിക ജോലികൾ നടക്കുന്നതിനാൽ അമ്മത്തൊട്ടിൽ പ്രവർത്തന രഹിതമായിരുന്നു. അതിനാലാണ് ഒക്ടോബർ ആദ്യവാരം ലഭിച്ച കുഞ്ഞിനെ തൊട്ടിലിന്റെ പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ മുൻകൂർ ഉറപ്പ് കൊടുത്തത് അനുസരിച്ച് അനുപമയുടെ മാതാപിതാക്കളും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവും ഒക്ടോബർ 22ന് രാത്രി ആൺകുട്ടിയെ ശിശുക്ഷേമ സമിതിയിൽ കൊണ്ടുവരികയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സാണ് കുഞ്ഞിനെ വാങ്ങി ദത്തെടുക്കൽ കേന്ദ്രത്തിൽ കൊണ്ടുപോയത്. തുടർന്ന്, തൈക്കാട് ആശുപത്രിയിൽ കൊണ്ടുപോയ ആൺകുഞ്ഞിനെ പെൺകുഞ്ഞാക്കി റജിസ്റ്ററിൽ എഴുതിച്ചു. മലാല എന്നു പേരിട്ടു മാധ്യമങ്ങളിൽ വാർത്തയും നൽകി.

23ന് മറ്റൊരു കുട്ടിയെയും അമ്മത്തൊട്ടിലിന്റെ മുന്‍വശത്ത് കിടത്തിപോയ നിലയിൽ കിട്ടി. ഇതെല്ലാം ഷിജുഖാന്റെ അനുയായിയായ സൂപ്രണ്ടിന് അറിയാമെന്നും കത്തിൽ പറയുന്നു. എംഎസ്ഡബ്ല്യു വിദ്യാഭ്യാസ യോഗ്യത വേണ്ട ദത്തെടുക്കൽ കേന്ദ്രത്തിലെ അഡോപ്ഷൻ ഓഫിസറുടെ ചുമതലയും ബിരുദം മാത്രമുള്ള സൂപ്രണ്ടിനാണ് നൽകിയിരിക്കുന്നത്. ആൺകുട്ടിയെ പെൺകുട്ടിയാക്കി മാറ്റിയത് വിവാദമായപ്പോൾ സൂപ്രണ്ടാണ് തൈക്കാട് ആശുപത്രിയിൽപോയി റജിസ്റ്ററിൽ പെൺകുട്ടി എന്നത് ആൺകുട്ടിയായി മാറ്റി എഴുതിച്ച് മറ്റൊരു ഒപി ടിക്കറ്റ് വാങ്ങിയത്

തന്റെ മകളുടെ സമ്മതമില്ലാതെ കുട്ടിയെ ഉപേക്ഷിക്കാൻ ജയചന്ദ്രൻ എത്തിയപ്പോൾ ഭാവിയിൽ വിവാദം ഉണ്ടാകുമെന്ന് അറിയിച്ച് ഷിജുഖാൻ പിന്തിരിപ്പിക്കേണ്ടതായിരുന്നു. എന്നാൽ, മാതാപിതാക്കളെ പ്രോത്സാഹിപ്പിച്ച് വിവാദമാക്കി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ് ചെയ്തത്. അനുപമ കുഞ്ഞിനെ ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതിയിലെത്തിയിട്ടും ആന്ധ്രയിലെ ദമ്പതികൾക്ക് എന്തിനു കുട്ടിയെ നൽകി എന്ന് അന്വേഷിക്കണം.

മുതിർന്ന ജീവനക്കാർ ഇക്കാര്യം ഷിജുഖാനെ അറിയിച്ചെങ്കിലും അവരെ സ്ഥാനത്തുനിന്ന് മാറ്റി. അനുപമ കുഞ്ഞിന്റെ ഡിഎൻഎ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടപ്പോൾ 2020 ഒക്ടോബർ 23ന് ലഭിച്ച പെലെ എഡിസൺ എന്ന കുട്ടിയുടെ ഡിഎൻഎ നൽകി അമ്മയെ കബളിപ്പിച്ചത് അന്വേഷിക്കണം. ഈ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായും പരാതിയിൽ പറയുന്നു.

English Summary: Anupama child issue, child welfare committee writes to CM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA