ADVERTISEMENT

തിരുവനന്തപുരം ∙ അനുപമ എസ്.ചന്ദ്രന്റെ കുഞ്ഞിനെ ദത്തു നൽകിയതിൽ ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നു ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ദത്ത് നൽകിയത്. അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുട്ടി ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലാണ്. അനുപമയ്ക്കു കുഞ്ഞിനെ ലഭിക്കണമെന്നാണ് സർക്കാരിന്റെ ശക്തമായ അഭിപ്രായമെന്നും കെ.കെ.രമയുടെ അടിയന്തരപ്രമേയ നോട്ടിസിനു മന്ത്രി മറുപടി നൽകി.

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ സഭയിൽ ഇക്കാര്യം ഉന്നയിക്കാൻ പാടില്ലാത്തതാണെന്നു സ്പീക്കർ എം.ബി.രാജേഷ് ചൂണ്ടിക്കാട്ടി. എങ്കിലും വിഷയത്തിന്റെ പ്രാധാന്യം മുൻനിർത്തി അനുവദിക്കുകയാണെന്നും സ്പീക്കർ പറഞ്ഞു. ദത്ത് വിഷയത്തിൽ വനിതാ ശിശുക്ഷേമ സെക്രട്ടറിയുടെ അന്വേഷണം നടക്കുകയാണെന്നു ആരോഗ്യമന്ത്രി സഭയെ അറിയിച്ചു. 2020 ഒക്ടോബർ 23ന് രാത്രി രണ്ടു കുട്ടികളെ ശിശുക്ഷേമ സമിതിയിൽ ലഭിച്ചിരുന്നു. ഒരു കുഞ്ഞ് അനുപമയുടേതല്ലെന്നു ഡിഎൻഎ പരിശോധനയിൽ വ്യക്തമായി.

കോടതിയിലൂടെ മാത്രമേ പ്രശ്നത്തിനു പരിഹാരം കാണാൻ കഴിയൂ. അന്വേഷണ നടപടിക്രമങ്ങൾ സർക്കാർ കോടതിയെ അറിയിച്ചു. ഒരു പരാതിയും സർക്കാർ അവഗണിച്ചില്ല. എല്ലാ പരാതികളിലും നിയമാനുസൃത നടപടികൾ സ്വീകരിച്ചു. അനധികൃത ഇടപെടലുകൾ ഉണ്ടായിട്ടില്ല. കുഞ്ഞിന്റെ ഭാവി കണക്കിലെടുത്തു വേണം അന്തിമ ഉത്തരവെന്നും കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിഷയത്തിലുണ്ടായ ഗൂഢാലോചനയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെ.കെ.രമ പറഞ്ഞു. ശിശുക്ഷേമ സമിതിയും പൊലീസും അനധികൃത ഇടപെടൽ നടത്തി. കേസ് റജിസ്റ്റർ ചെയ്യാതെ ആറുമാസം പൊലീസ് ഒത്തുകളിച്ചു. ഉന്നത രാഷ്ട്രീയ ഭരണ ഗൂഢാലോചന നടന്നു. ശിശുക്ഷേമസമിതി പിരിച്ചുവിടണം. ദുരഭിമാന കുറ്റകൃത്യത്തിൽ സർക്കാർ സംവിധാനങ്ങൾ ഏകോപിപ്പിക്കാൻ അനുപമയുടെ അച്ഛൻ ഉൾപ്പെടെയുള്ള നേതാക്കൾ ശ്രമിച്ചതായും കെ.കെ.രമ പറഞ്ഞു.

അനുവദിച്ചതിൽ കൂടുതൽ സമയം സംസാരിച്ചപ്പോൾ, മതിയെന്ന് പറഞ്ഞ് രമയുടെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തു. ഇതോടെ നിയമസഭയില്‍ ബഹളമായി. പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. അനുപമയുടെ മാതാപിതാക്കൾ കൈമാറിയ കുട്ടിയെ ശിശുക്ഷേമ സമിതി അമ്മത്തൊട്ടിലിൽനിന്ന് കിട്ടിയ കുട്ടിയാണെന്ന് വരുത്തി തീർത്തെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

ആൺകുട്ടിയെ പെൺകുട്ടിയാണെന്നു വരുത്തി തീർക്കാനും ശ്രമം നടന്നു. പത്രപരസ്യം വന്നപ്പോൾ മാതാവ് ശിശുക്ഷേമ സമിതിയിൽ ചെന്നു. എന്നാൽ മറ്റൊരു കുട്ടിയുടെ ഡിഎൻഎ പരിശോധനയാണ് നടത്തിയത്. കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിയടക്കം എല്ലാവർക്കും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. ആറു മാസം കഴിഞ്ഞ് മാധ്യമങ്ങളിൽ വാർത്ത വന്നശേഷമാണ് കേസെടുത്തതെന്നും സതീശൻ പറഞ്ഞു.

English Summary: Anupama child missing case in Kerala Assembly 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com