ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ സ്വന്തം ഇൻഷുറൻസ് തുക നേടിയെടുക്കാൻ മാനസിക അസ്വാസ്ഥ്യമുള്ളയാളെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ ആൾ അറസ്റ്റിൽ. 54 വയസ്സുകാരനായ പ്രഭാകര്‍ ഭിമാജി വാഗ്ചൗരെയാണു മൂർഖൻ പാമ്പിനെ കൊലയ്ക്ക് ഉപയോഗിച്ചത്. കേരളത്തിൽ വർഷങ്ങൾക്കു മുൻപ് നടന്ന സുകുമാരക്കുറുപ്പ് സംഭവവുമായും ഉത്ര കൊലപാതകവുമായും സമാനതകളുള്ള കേസാണിത്. 50 ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 37.5 കോടി രൂപ) ഇൻഷുറൻസ് തുക നേടിയെടുക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.

യുഎസിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് കമ്പനിയിൽനിന്നാണ് ഇയാൾ ലൈഫ് ഇൻഷുറൻസ് എടുത്തത്. പാമ്പിനെ ഉപയോഗിച്ചു സ്വന്തം മരണം വ്യാജമായി ചിത്രീകരിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഇൻഷുറൻസ് കമ്പനി തീരുമാനിച്ചതോടെയാണു സംഭവം പൊളിഞ്ഞത്.

പ്രതിയായ പ്രഭാകര്‍ ഭിമാജി വാഗ്ചൗരെയും ഇയാളെ സഹായിച്ച നാലു പേരും അറസ്റ്റിലായി. പ്രഭാകര്‍ ഭിമാജി വാഗ്ചൗരെ 20 വർഷത്തോളം യുഎസിലായിരുന്നു താമസിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യയിലേക്കു തിരിച്ചെത്തിയത്. അഹമ്മദ്നഗറിലെ രജൂർ ഗ്രാമത്തിലായിരുന്നു താമസം. കഴിഞ്ഞ ഏപ്രിൽ 22ന് പ്രഭാകര്‍ മരിച്ചതായി പ്രദേശത്തെ സർക്കാർ ആശുപത്രിയിൽനിന്ന് പൊലീസിനു വിവരം ലഭിച്ചു.

പ്രഭാകറിന്റെ ബന്ധു എന്നവകാശപ്പെട്ട ഒരാളും ഗ്രാമത്തിലെ മറ്റൊരു താമസക്കാരനുമാണു മൃതദേഹം തിരിച്ചറിഞ്ഞത്. പാമ്പുകടിയേറ്റാണു മരിച്ചതെന്നു പിന്നീടു വ്യക്തമായി. തുടർന്ന് ഇയാളുടെ ‘അനന്തരവന്‍’ പ്രവീണിനു സംസ്കാര ക്രിയകൾക്കായി മൃതദേഹം വിട്ടുനൽകി. പ്രവീണിനെക്കുറിച്ചു പൊലീസ് അന്വേഷിച്ചെങ്കിലും ഇയാള്‍ കോവിഡ് ബാധിച്ചു മരിച്ചെന്ന വിവരമാണു ലഭിച്ചത്.

തുടർ‌ന്ന് പ്രതിയുടെ ഫോൺ രേഖകൾ പരിശോധിച്ച പൊലീസ് പ്രഭാകര്‍ ഭിമാജി വാഗ്ചൗരെ ജീവിച്ചിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് അറസ്റ്റ് ചെയ്തു. കുറ്റകൃത്യം നടത്തുന്നതിനു പ്രതിയും കൂട്ടാളികളും വിപുലമായ പദ്ധതി തന്നെ ആസൂത്രണം ചെയ്തതായി പൊലീസ് പറഞ്ഞു.

പാമ്പു പിടിത്തക്കാരനിൽനിന്ന് മൂർ‌ഖൻ പാമ്പിനെ പ്രതികൾ വാങ്ങി. തുടർന്ന് വാഗ്ചൗരെയുമായി സാമ്യമുള്ള മാനസിക പ്രശ്നമുള്ള ഒരാളെ കണ്ടെത്തി. പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഇയാളെ കൊലപ്പെടുത്തി. 50 വയസ്സുകാരനായ നവ്നാഥ് യശ്വന്താണ് (50) ശരിക്കും മരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കൂട്ടാളികൾക്കു 35 ലക്ഷം രൂപയാണ് വാഗ്ചൗരെ പ്രതിഫലമായി വാഗ്ദാനം ചെയ്തത്. ഇവർക്കു പാമ്പിനെ നൽ‌കിയ ആള്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

English Summary: Man stages his own death for Rs 37.5 crore insurance claim, uses cobra as ‘murder weapon’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com