‘സ്ത്രീകളുടെ അവസ്ഥ ഇനി ദയനീയമാകും; താലിബാനു കീഴിൽ രാജ്യം സുരക്ഷിതമല്ല’

Afghan-Student
അഫ്‌ഗാനിൽ സ്കൂളിൽനിന്നു മടങ്ങുന്ന കുട്ടി. ചിത്രം: Hoshang Hashimi / AFP
SHARE

തുടർച്ചയായ മനുഷ്യാവകാശ ലംഘനങ്ങളുടെ വാർത്തയാണ് താലിബാൻ ഭരണത്തിലേറിയ അഫ്ഗാനിസ്ഥാനിൽനിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജ്യം വിടാനാകാതെ, തൊഴിലെടുക്കാനാകാതെ ദാരിദ്ര്യത്തിന്റെ വക്കിലാണ് പല കുടുംബങ്ങളും. താലിബാൻ ഭരണകൂടത്തിന്റെ കടുത്ത നിലപാടുകളിലും ലിംഗവിവേചനപരമായ നിയമാവലികളിലും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവെന്ന വാർത്തകളുമുണ്ട് ഇതോടൊപ്പം.

ഈ അവസ്ഥയില്‍ പഠനം കഴിഞ്ഞാലും നാട്ടിലേക്കു മടങ്ങാനില്ലെന്നു പറയുകയാണ് കേരള സര്‍വകലാശാലയിലെ പിജി ഇക്കണോമിക്‌സ് വിദ്യാര്‍ഥിയും അഫ്ഗാൻ സ്വദേശിയുമായ സൽമ ഫൈസി. അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിലാണ് ഫൈസിയുടെ കുടുംബം. നിലവില്‍ അവര്‍ സുരക്ഷിതരാണ്. എന്നാൽ എപ്പോള്‍ വേണമെങ്കിലും സ്ഥിതി മാറിമറിയാമെന്ന ആശങ്കയിലാണവർ.

ഇടയ്ക്കിടെ താലിബാന്‍ വാർത്താവിനിമയ ശൃംഖല തടസ്സപെടുത്തുന്നതിനാൽ വീട്ടുകാരുമായി എന്നും സംസാരിക്കാനാകില്ല. ഓരോ നിമിഷവും അവരെക്കുറിച്ചോര്‍ത്ത് ആശങ്കയാണെന്നും ഇരുപത്തിമൂന്നുകാരിയായ സൽമ ഫൈസി പറയുന്നു. താലിബാൻ അധികാരമേറ്റെടുത്ത് ഒന്നര മാസം കഴിയുമ്പോൾ അവിടുത്തെ സ്ഥിഗതികളെപ്പറ്റി ‘മനോരമ ഓൺലൈനിനോടു’ മനസ്സു തുറക്കുകയാണ് സൽമ...

അഫ്ഗാനിൽ വരുമാനമില്ല, സ്വാതന്ത്ര്യവും

എനിക്ക് അഞ്ചു സഹോദരികളും ഒരു സഹോദരനുമാണുള്ളത്. വിരമിച്ച ഉദ്യോഗസ്ഥനാണ് പിതാവ്. കുടുംബാംഗങ്ങള്‍ എല്ലാം കാണ്ടഹാറില്‍ തന്നെയുണ്ട്. രാജ്യം താലിബാന്‍ കീഴടക്കിയതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. പലർക്കും ജോലി നഷ്ടമായി. ജോലിക്ക് പോകുന്നവര്‍ക്കാവട്ടെ സ്ഥിരവരുമാനമില്ലാത്ത അവസ്ഥയാണ്. വാട്‌സാപ് വഴിയാണ് കുടുംബവുമായി സംസാരിക്കുന്നത്. ചില സമയങ്ങളില്‍ ഈ നെറ്റ്‌വര്‍ക്ക് താലിബാന്‍ വിച്ഛേദിക്കും. ആ ദിവസങ്ങളിലൊന്നും അവരെ ബന്ധപ്പെടാനാകില്ല. ഓരോ ദിവസവും എന്താണ് നടക്കുന്നതെന്ന് പേടിയോടെയാണ് കേള്‍ക്കുന്നത്.

AFGHANISTAN-US-ATTACKS-ENDURING FREEDOM-SOLDIER-GUARD
ചിത്രം: AFP

2018ലാണ് അവസാനമായി ഞാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയത്. സ്വതന്ത്രമായി അവിടെ ഒന്നും ചെയ്യാനാകില്ല. താലിബാന്റെ ചട്ടങ്ങള്‍ അനുസരിച്ചേ മതിയാകൂ. അവിടുത്തെ ജനതയുടേത് ദുരിത ജീവിതമാണ്. വാര്‍ത്തകളില്‍ വരുന്നതിനപ്പുറമുള്ള കാര്യങ്ങളാണ് അവിടെ. മാധ്യമപ്രവര്‍ത്തകര്‍ക്കും ഏറെ ഭീഷണിയുണ്ട്. അതുകൊണ്ടുതന്നെ പല സംഭവങ്ങളും ലോകം അറിയുന്നില്ല. എന്റെ കുടുംബത്തിന് അവിടെനിന്നു രക്ഷപ്പെടണമെന്നുണ്ട്. എന്നാല്‍ അതത്ര എളുപ്പമല്ല. ജീവിതത്തില്‍ ലക്ഷ്യങ്ങള്‍ ഉള്ളവര്‍ക്ക് അവിടെ നിന്നുകൊണ്ട് ഇനി അതു നേടാന്‍ കഴിയില്ല.

താലിബാനു മുന്‍പ് ...

രാജ്യം യുഎസ് സൈന്യത്തിന്റെ കീഴിലായിരുന്നപ്പോഴും ഞങ്ങള്‍ അത്ര സുരക്ഷിതരായിരുന്നില്ല. ആഘോഷ ദിവസങ്ങളില്‍ പള്ളികളിലും തിരക്കേറിയ പല സ്ഥലങ്ങളിലും ബോംബാക്രമണം ഉണ്ടായിരുന്നു. എങ്കിലും ജനാവകാശങ്ങളില്‍ അധികം കടന്നുകയറ്റം ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും തടസ്സമുണ്ടായിരുന്നില്ല. കുറച്ചുപേരെ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയുള്ള പെണ്‍കുട്ടികളെല്ലാം സ്‌കൂളില്‍ പോയിരുന്നു. ഇപ്പോഴത്തെ താലിബാന്‍ ഭരണം പണ്ടുണ്ടായിരുന്ന താലിബാന്‍ ഭരണത്തിന് സമാനമാണെന്ന് വീട്ടുകാര്‍ പറയുന്നുണ്ട്. എന്റെ അധ്യാപകര്‍ ഇപ്പോഴും സ്‌കൂളില്‍ ജോലിക്ക് പോകുന്നു. എന്നാല്‍ അവര്‍ക്ക് ശമ്പളമില്ല.

സുരക്ഷിതരല്ല അഫ്ഗാനിലെ സ്ത്രീകള്‍

പുരുഷന്മാര്‍ പുറത്തിറങ്ങി നടക്കുന്നതുപോലെ അവിടെ സ്ത്രീകൾക്ക് പുറത്തിറങ്ങാനാവില്ല. സര്‍ക്കാര്‍ ജോലികളില്‍നിന്ന് സ്ത്രീകളെ മാറ്റി പുരുഷന്മാരെ വച്ചതായി പറഞ്ഞുകേട്ടു. വ്യക്തിപരമായി താല്‍പര്യമില്ലെങ്കില്‍ പോലും മുഖം ഉള്‍പ്പെടെ ശരീരം കാണാത്ത രീതിയില്‍ വസ്ത്രം ധരിക്കണം. ചിലര്‍ താലിബാന്‍ സംഘത്തിലുള്ളവരെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. എന്റെ അടുത്ത സുഹൃത്തുക്കളെല്ലാം വിവാഹിതരായി അഫ്ഗാനിസ്ഥാനില്‍ തന്നെയുണ്ട്. അവരോട് സംസാരിക്കുമ്പോള്‍ പറയാറുണ്ട്. ‘നാടുവിടാന്‍ ഒരവസരത്തിനായി കാത്തിരിക്കുകയാണ്’ എന്ന്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ സ്ത്രീകളുടെ അവസ്ഥ ഇതിലും ദയനീയമാകും. ഇനിയവർക്ക് സ്വന്തം രാജ്യത്ത് സുരക്ഷിതത്വമില്ല.

Salma-Faisi
സൽമ ഫൈസി

2016ല്‍ ഇന്ത്യയിലേക്ക്, തിരിച്ചുപോകാന്‍ പേടി...

സെക്കന്‍ഡറി പഠനം കഴിഞ്ഞതോടെ 2016ല്‍ ഐസിസിആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്‍സ്) സ്‌കോളര്‍ഷിപ്പിലൂടെയാണ് ഇന്ത്യയിലെത്തിയത്. പഞ്ചാബ് സര്‍വകലാശാലയില്‍ ബിഎ ഇക്കണോമിക്‌സ് പൂര്‍ത്തിയാക്കി. അതിനിടെ നാട്ടില്‍ പോയി. അപ്പോള്‍ പഴയ സ്ഥിതി തന്നെയായിരുന്നു. തുടര്‍ന്നാണ് ബിരുദാനന്തരബിരുദത്തിനായി തിരുവനന്തപുരം കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാംപസിലേക്ക് എത്തുന്നത്. ഹോസ്റ്റലിലാണ് താമസം. 2023ലാണ് കോഴ്‌സ് പൂര്‍ത്തിയാകുക. താലിബാന്റെ ഭരണം അപ്പോഴും തുടരുകയാണെങ്കില്‍ ഞാന്‍ അഫ്ഗാനിസ്ഥാനിലേക്കു തിരിച്ചുപോകില്ല. എനിക്ക് പേടിയാണ്. ഒരിക്കലും എനിക്കവിടെ സമാധാനമായി ജീവിക്കാനാകില്ല. ഞാന്‍ മറ്റേതെങ്കിലും രാജ്യത്തേക്കു പോകാനാകും ശ്രമിക്കുക.

ഇന്ത്യയെക്കുറിച്ച്...

ശരിക്കും ജീവിക്കാന്‍ പറ്റിയ സ്ഥലമാണ് ഇന്ത്യ. ഓരോ പൗരനും അവരുടേതായ അവകാശങ്ങള്‍ ഉണ്ട്. ജനത്തിന് ഇവിടെ സമാധാനമായി ജീവിക്കാനാകും. – സൽമ ഫൈസി പറഞ്ഞു നിർത്തി.

(കേരള സർവകലാശാലയിൽ പതിനഞ്ചോളം അഫ്ഗാൻ വിദ്യാർഥികൾ ഉപരിപഠനത്തിനായി എത്തിയിട്ടുണ്ടെന്ന് സർവകലാശാല ഡിപ്പാര്‍ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് അധ്യാപകനും സെന്റര്‍ ഫോര്‍ ഗ്ലോബല്‍ അക്കാദമിക് ഡയറക്ടറുമായ ഡോ. സാബു ജോസഫ് പറയുന്നു)

English Summary: Afghan Student in Kerala Speaks about Situation Under Taliban Regime

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA