ADVERTISEMENT

ബെംഗളൂരു ∙ കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും ആരാധകരും. തങ്ങളുടെ ‘അപ്പു’വിനെ അവസാനമായി കാണാൻ ആയിരക്കണക്കിന്  ആരാധകരാണ് ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. പൂർണ ഒൗദ്യോഗിക ബഹുമതികളോടെയായിരിക്കും പുനീതിന്റെ സംസ്കാരമെന്ന് മന്ത്രി ആർ.അശോക അറിയിച്ചു. വിദേശത്തുള്ള മകൾ എത്തിയ ശേഷം ഞായറാഴ്ചയായിരിക്കും സംസ്കാരമെന്നു റിപ്പോർട്ടുകളുണ്ട്.

ഹൃദയാഘാതത്തെത്തുടർന്നാണ് പുനീത് രാജ്കുമാർ (46) അന്തരിച്ചത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ് എസ്.ബൊമ്മെ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി. കന്നഡ സിനിമയിലെ എക്കാലത്തെയും വലിയ താരം രാജ്കുമാറിന്റെ മകനായ പുനീത് മുപ്പതോളം സിനിമകളിൽ അഭിനിയിച്ചിട്ടുണ്ട്. ‘പവർ സ്റ്റാർ’ എന്ന് ആരാധകർ വിളിക്കുന്ന പുനീതിന് 1985 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.

സഹോദരൻ ശിവരാജ് കുമാറും കന്നഡ സിനിമയിലെ സൂപ്പർ താരമാണ്. നിർമാതാവ്, ഗായകൻ, അവതാരകൻ എന്നീ നിലകളിലും പേരെടുത്തു. അമ്മ: പാർവതമ്മ. ഭാര്യ: അശ്വിനി രേവന്ത്. മക്കൾ: ധൃതി, വന്ദിത. രാജ്കുമാറിന്റെയും പാർവതമ്മയുടെയും അഞ്ചാമത്തെ കുട്ടിയായി 1975ൽ ചെന്നൈയിലാണ് ജനനം. ആറുമാസം പ്രായമുള്ളപ്പോൾ പ്രേമദ കനികേ എന്ന സിനിമയിലൂടെ സ്ക്രീനിലെത്തിയിരുന്നു. ലോഹിത് എന്ന പേര് സിനിമയിലെത്തിയതോടെയാണ് പുനീത് എന്നു മാറ്റിയത്. ആറു വയസ്സുള്ളപ്പോൾ കുടുംബത്തോടൊപ്പം മൈസൂരുവിലേക്കു താമസം മാറ്റി.

രാജ്കുമാറിനൊപ്പം കുട്ടിക്കാലം മുതൽ സിനിമാ സെറ്റുകളിൽ പോകുമായിരുന്നു. ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചു. ‘ബെട്ടദ ഹൂവു’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 1985 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ചലിസുക മൊദഗാലു, ഈറാഡു നക്ഷത്രഗളു എന്നീ ചിത്രങ്ങൾക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചു.

2002 ൽ ‘അപ്പു’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം. അപ്പു എന്നത് പിന്നീട് പുനീതിന്റെ വിളിപ്പേരായി. അഭി, വീര കന്നഡിഗ. റാം, അൻജാനി പുത്ര, പവർ, മൗര്യ, അരസു, വംശി, പൃഥ്വി, ജാക്കി, രാജകുമാര, രണവിക്രമ, നടസാർവഭൗമ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. മോഹൻലാലിനൊപ്പം ‘മൈത്രി’ എന്ന സിനിമയിലും അഭിനയിച്ചു. കോൻ ബനേഗാ ക്രോർപതിയുടെ കന്നഡ പതിപ്പായ കന്നഡദ കോട്യധിപതി എന്ന ടിവി ഷോ അവതരിപ്പിച്ചിട്ടുണ്ട്.

English Summary: Kannada superstar Puneeth Rajkumar passes away due to cardiac arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com