ADVERTISEMENT

കൊച്ചി ∙ യാഥാസ്ഥിതിക കുടുംബത്തിൽനിന്നു ഫാഷൻ ലോകത്തേയ്ക്ക് എത്തിയ അൻസി കബീറിന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ ഉമ്മ റസീന ബീവിയായിരുന്നു. 2019ൽ റാംപിൽ നേടിയ സുന്ദരിപ്പട്ടം അൻസി അന്നു സമർപ്പിച്ചത് പ്രിയപ്പെട്ട ഉമ്മയ്ക്കാണ്. വീട്ടിലെ ഏക മകൾ. സ്വപ്നം കണ്ട വിജയങ്ങളെല്ലാം കൈപ്പിടിയിലൊതുക്കാൻ മകളെ പ്രാപ്തയാക്കുകയായിരുന്നു ആ ഉമ്മ.

ഈ വർഷത്തെ മിസ് സൗത്ത് ഇന്ത്യ കിരീടവും അൻസി കബീർ നേടിയിരുന്നു. മകളുടെ ആഗ്രഹങ്ങളെ ഉമ്മ പിന്തുണച്ചപ്പോൾ പിതാവും കാര്യമായി എതിർത്തില്ല. ഒടുവിൽ മിസ് കേരള സൗന്ദര്യ കിരീടം സ്വന്തമാക്കി. കൂട്ടുകാർക്കൊപ്പം കൊച്ചിയിലെ ചടങ്ങുകൾക്കുശേഷം മടങ്ങുമ്പോഴായിരുന്നു അൻസിയുടെ അന്ത്യം. സൗന്ദര്യകിരീടം അണിഞ്ഞതിനു പിന്നാലെ സിനിമാ മോഹങ്ങളാണ് അൻസി മനസ്സിൽ സൂക്ഷിച്ചിരുന്നത്. ഇക്കാര്യം അവർ മനോരമ ഓൺലൈനോടുതന്നെ നേരത്തേ തുറന്നു പറഞ്ഞിട്ടുമുണ്ട്.

ഇതിനായി കൊച്ചി സന്ദർശനങ്ങൾ പതിവായിരുന്നു. സിനിമാ പ്രതീക്ഷകൾക്കുമേൽ കോവിഡ് കരിനിഴലിട്ടപ്പോൾ ടെക്നോപാർക്കിലെ ജോലിയുമായി കഴിഞ്ഞു. വീണ്ടും തിയറ്ററുകൾ തുറന്നു സിനിമാ ലോകം സജീവമാകുന്ന സാഹചര്യമുണ്ടായപ്പോഴാണ് പ്രതീക്ഷകളുമായി കൊച്ചിയിലേയ്ക്കെത്തുന്നത്. കുറച്ചു നാളായി ഷൂട്ടുകളുമായി സജീവമായിരുന്നു. റാംപില്‍നിന്നു ലഭിച്ച സുഹൃത്ത് അൻജന ഷാജനായിരുന്നു മിക്കപ്പോഴും കൂട്ട്.

ansi05
അൻസി കബീർ (ചിത്രം– ഇൻസ്റ്റഗ്രാം).

രണ്ട് ആൺ സുഹൃത്തുക്കളാണ് അപകട സമയത്ത് ഇവർക്കൊപ്പം കാറിലുണ്ടായിരുന്നത്. മാള സ്വദേശി അബ്ദുൽ റഹ്മാനാണ് കാർ ഓടിച്ചിരുന്നത്. ഇവരുടെ രക്തസാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിഖ് കൊടുങ്ങല്ലൂർ സ്വദേശിയാണ്. ഗുരുതരമായി പരുക്കേറ്റ ഇയാൾ ഇപ്പോൾ വെന്റിലേറ്ററിലാണ്. ഡ്രൈവറുടെ പരുക്ക് ഗുരുതരമല്ല. 

ansi1
അൻസി കബീർ (ചിത്രം– ഇൻസ്റ്റഗ്രാം).

മകളുമായി നല്ല ആത്മബന്ധമായിരുന്നു മാതാവ് റസീന ബീവിക്കുണ്ടായിരുന്നത്. മകളുടെ മരണം അവരെ തകർത്തുകളഞ്ഞു. ഇൗ സംഘർഷത്തിൽനിന്നാകണം അവരുടെ ആത്മഹത്യാ ശ്രമമെന്നു ബന്ധുക്കൾ പറഞ്ഞു.

കൊച്ചിയിൽ നടന്ന മിസ് കേരള സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്ന വിവരം അന്ന് അടുത്ത ബന്ധുക്കൾ ഒഴികെ ആരോടും പറഞ്ഞിരുന്നില്ല. ആ ദിവസങ്ങളിലായിരുന്നു പിതാവിന്റെ സഹോദരന്റെ മകളുടെ വിവാഹം. ഉപ്പയുടെ അനുവാദം വാങ്ങിയാണ് താൻ മത്സരത്തിനു വന്നതെന്നും അൻസി പറഞ്ഞിരുന്നു.

English Summary: Lifestory of Ansi Kabir, the model who passed away in car accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com