തീബോംബിൽനിന്ന് ലോകത്തെ നിയന്ത്രിക്കുന്ന കറുത്ത പൊന്നിലേക്ക്;വരുമോ ഓയില്‍ഷോക്ക്?

HIGHLIGHTS
  • എങ്ങനെയാണ് ലോക സമ്പദ്‌വ്യവസ്ഥയെ ക്രൂഡ് ഓയിൽ നിയന്ത്രിക്കുന്നത്?
Crude-Oil-History-Special
കുവൈത്ത് യുദ്ധ കാലത്ത് എണ്ണക്കിണറുകൾക്ക് ഇറാഖ് തീയിട്ടപ്പോൾ അണയ്ക്കാനുള്ള ശ്രമം.
SHARE

കറുത്ത പൊന്ന്... ക്രൂഡ് ഓയിലിന് ലോകം ചാർത്തിക്കൊടുത്ത ഓമനപ്പേര്. ഒരു നൂറ്റാണ്ടിലേറെയായി ലോകം ഭരിക്കുന്നത് ഈ കറുത്ത പൊന്നാണ്. നമ്മൾ ഇന്നു കാണുന്ന ലോകത്തെ രൂപപ്പെടുത്തിയതിലും മനുഷ്യരുടെ ജീവിത നിലവാരം ഉയർത്തിയതിലും മരുഭൂമിയിലടക്കം അംബരചുംബികളായ നഗരങ്ങൾ രൂപപ്പെടുത്തിയതിലുമെല്ലാം ഈ പൊന്ന് വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. ക്രൂഡ് ഓയിലിന്റെ ഉൽപാദനത്തിനും വിതരണത്തിനും നിയന്ത്രണത്തിനുമായി ലോകമെമ്പാടുമായി അരങ്ങേറിയ യുദ്ധങ്ങളും അട്ടിമറികളും രാഷ്ട്രീയ സംഘർഷങ്ങളും ഒട്ടേറെ. ചുരുക്കിപ്പറഞ്ഞാൽ ലോകത്തെ ശാക്തിക ചേരികളെയും സമ്പദ് വ്യവസ്ഥയെയും നിയന്ത്രിക്കുന്നതിൽ ക്രൂഡ് ഓയിലിനുള്ള പങ്ക് ഇന്നും വളരെയധികമാണ്.

എന്നാൽ, പുതിയ നൂറ്റാണ്ടിൽ ആഗോള താപനത്തെ ചൊല്ലിയുള്ള ആശങ്ക വർധിച്ചതോടെ ബദൽ ഊർജ മാർഗങ്ങളിലേക്ക് ലോകത്തിന്റെ ശ്രദ്ധ അതിവേഗം മാറുകയാണ്. ഫോസിൽ ഇന്ധനങ്ങളുടെ ആശ്രിതത്വത്തിൽനിന്നു പുറത്തുകടക്കാനുള്ള ലോകത്തിന്റെ പരിശ്രമം വിജയിക്കുകയും ലോകത്തുള്ള കാറുകളെല്ലാം ഇലക്ട്രിക് മോഡലുകളുമായി മാറുകയും ചെയ്താൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു വീഴുമെന്നും ക്രൂഡ് ഓയിൽ ലോബിയുടെ മേധാവിത്വം ലോകത്ത് അവസാനിക്കും എന്നു കരുതുന്നവരേറെയാണ്. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ ലോക്ഡൗണും എണ്ണ ഉൽപാദന മേഖലയിലുണ്ടായ സൗദി–റഷ്യൻ കിടമത്സരങ്ങളെ തുടർന്നു ലോക ചരിത്രത്തിലാദ്യമായി ക്രൂഡ് ഓയിലിന് നെഗറ്റീവ് വില വന്നതും ഈ വാദം ശക്തമാക്കി.

INDIA-ECONOMY-PETROLEUM-RELIANCE
ചിത്രം: AFP

ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഉൽപാദകരായ സൗദി തങ്ങളുടെ സമ്പദ് വ്യവസ്ഥയെ പെട്രോഡോളറിൽ നിന്നു മോചിപ്പിക്കാനുള്ള പദ്ധതികളുമായി അതിവേഗം മുന്നോട്ടു പോകുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കമ്പനിയും ആസ്തിയുമുള്ള ആരാംകോയുടെ ഓഹരികൾ സൗദി വിറ്റഴിക്കുന്നതും ഊഹാപോഹങ്ങൾക്ക് വളമിട്ടു. ഇന്ത്യയിലെ എണ്ണ ഉൽപാദന സംസ്കരണ രംഗത്തെ പ്രമുഖരായ റിലയൻസ് ഇൻഡസ്ട്രീസ് അടുത്ത മൂന്നു വർഷത്തിനുള്ളിൽ 75,000 കോടി രൂപ മുടക്കി 100 ഗിഗാവാട്ട് ഹരിതോർ‌ജം ഉൽപാദിപ്പിക്കാൻ തയാറെടുക്കുന്നതും അമേരിക്കയും ചൈനയും തങ്ങളുടെ കരുതൽ ശേഖരത്തിലുള്ള ക്രൂഡ് ഓയിൽ രാജ്യാന്തര മാർക്കറ്റിൽ വിറ്റഴിക്കുമെന്നു പ്രഖ്യാപിച്ചതുമെല്ലാം ക്രൂഡ് ഓയിലിന്റെ ഭാവിയെ തുലാസിലാക്കുന്നുണ്ട്. എന്നാൽ എന്താണ് യാഥാർഥ്യം?

മമ്മികളും തീ ബോംബുകളും...

പുരാതന കാലം മുതൽക്കേ ക്രൂഡ് ഓയിൽ മനുഷ്യൻ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. ഭൂമിയുടെ പുറം പാളികളിലൂടെയും പാറകളുടെ വിള്ളലുകളിലൂടെയും ഊറിയെത്തിയ കറുത്ത കൊഴുത്ത ദ്രാവകത്തെ 3100 ബിസിയിൽ മെസപ്പെട്ടോമിയൻ സംസ്കാരത്തിലെ ജനങ്ങൾ മുറിവ് ഉണക്കാൻ ഉപയോഗിച്ചിരുന്നതായി ചരിത്രകാരന്മാർ പറയുന്നു. ബാബിലോണിയൻ കാലഘട്ടത്തിൽ വഞ്ചികളിലെ ചോർച്ച തടയാനുള്ള കീൽ ആയും ഈപ്ജിതിൽ മമ്മികളെ എംബാം ചെയ്തു സൂക്ഷിക്കാനും ഗ്രീക്ക് കാലഘട്ടത്തിൽ വിളക്കുകൾ തെളിക്കാനുമെല്ലാം ക്രൂഡ് ഓയിൽ ഉപയോഗിച്ചിരുന്നു. കൂടാതെ യുദ്ധങ്ങളിൽ ‘തീ ബോബുകളും’ മറ്റും നിർമിക്കാനും എല്ലാം പുരാതന ജനത ക്രൂഡ് ഓയി‍ൽ ഉപയോഗിച്ചു.

എങ്ങനെ വന്നു എണ്ണ വിപണി?

ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപേ ക്രൂഡ് ഓയിൽ മനുഷ്യർ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ടായിരുന്നെങ്കിലും 19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ സ്കോട്ടിഷുകാരനായ ജയിംസ് യങ് ക്രൂഡ് ഓയിൽ സംസ്കരിക്കാനുള്ള വഴികൾ കണ്ടെത്തിയതോടെയാണ് എണ്ണയുടെ ആധുനിക ചരിത്രത്തിനു തുടക്കമായത്. ജയിംസ് യങ്ങിനെയാണ് പെട്രോകെമിക്കൽ വ്യവസായ മേഖലയുടെ പിതാവായി കണക്കാക്കുന്നത്. 1848ൽ കൽക്കരി ഖനിയുടെ ഉപരിതലത്തിൽനിന്നു ലഭിച്ച ക്രൂഡ് ഓയിലിൽ നിന്നു വിളക്കുകളിൽ ഉപയോഗിക്കാൻ പറ്റുന്ന നേർത്ത എണ്ണയും യന്ത്രഭാഗങ്ങൾ ഭംഗിയായി പ്രവർത്തിക്കാൻ വേണ്ട ലൂബ്രിക്കന്റും അദ്ദേഹം കണ്ടെത്തുകയും അവയ്ക്ക് പേറ്റന്റെടുക്കുകയും ചെയ്തു.

Crude-Oil-2
ക്രൂഡ് ഓയിൽ. ചിത്രം: Reuters

1851ൽ അദ്ദേഹം ജിയോളജിസ്റ്റായ എഡ്വേഡ് വില്യം ബിന്നിയുമായി ചേർന്നു ലോകത്തിലെ ആദ്യത്തെ ഓയിൽ റിഫൈനറി സ്ഥാപിച്ചു. ഇതിനു പിന്നാലെ ക്രൂഡ് ഓയിൽ ഉൽപാദനത്തിനും ശുദ്ധീകരണത്തിനുമായി കൂടുതൽ സംവിധാനങ്ങൾ‍ യൂറോപ്പിലും അമേരിക്കയിലും റഷ്യയിലും ഉയർന്നു വന്നു. അതോടെയാണ് ‘ബ്ലാക്ക് ഗോൾഡ് റഷ്’ ലോകത്ത്, പ്രത്യേകിച്ച് അമേരിക്കയിൽ 19–ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തുടക്കം കുറിച്ചത്.

പുതിയ എണ്ണപ്പാടങ്ങൾ കണ്ടെത്തുന്നതിനും റിഫൈനറികൾ സ്ഥാപിക്കുന്നതിലും വമ്പൻ കിടമത്സരം തന്നെ ആഗോള ശക്തികൾക്കിടയിൽ വളർന്നു വന്നു. ഇതേ തുടർന്ന് അനേകായിരം പുതിയ ജോലികൾ സൃഷ്ടിക്കപ്പെട്ടു. ക്രൂഡ് ഓയിൽ‌ ഉൽപാദന സംസ്കരണ രംഗത്ത് അമേരിക്ക ഒരു വൻ ശക്തിയായി രൂപപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഉൽപാദിപ്പിക്കുന്ന രാജ്യമെന്ന പദവിയും അമേരിക്ക സ്വന്തമാക്കി.

‘ചൂഷണം’ തടയാൻ ഒപെക്കിന്റെ പിറവി

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഫോസിൽ‌ ഇന്ധനങ്ങൾ അടിസ്ഥാനമാക്കിയുള്ള വാഹന ഗതാഗതത്തിനും കപ്പൽ ഗതാഗതത്തിനും വിമാനയാത്രയ്ക്കും തുടക്കമായതോടെ എണ്ണയ്ക്കായുള്ള അന്വേഷണം കൂടുതൽ‌ ശക്തമായി. 1908ൽ ബ്രിട്ടിഷ് കമ്പനി പേർഷ്യയിൽ (ഇന്നത്തെ ഇറാനിൽ എണ്ണ) കണ്ടെത്തിയതോടെ ആധുനിക ലോകത്തിന്റെ ചരിത്രം തുടങ്ങുകയായിരുന്നു. പടിഞ്ഞാറൻ ഏഷ്യയിൽ വൻ വികസനത്തിനും ലോകത്തെമ്പാടുമായി വ്യാവസായിക വളർച്ചയ്ക്കും വഴിമരുന്നിട്ട സുപ്രധാനമായ കണ്ടുപിടിത്തമായിരുന്നു അത്. 1927ൽ ഇറാഖിലും 1932ൽ ബഹ്റൈനിലും 1935ൽ ഖത്തർ, 1938ൽ കുവൈത്ത്, സൗദി അറേബ്യ, 1958ൽ യുഎഇ എന്നിവിടങ്ങളിലും എണ്ണ കണ്ടെത്തുകയും അവ വാണിജ്യാടിസ്ഥാനത്തിൽ ഖനനം ചെയ്യാനാരംഭിക്കുകയും ചെയ്തു.

Opec-Logo

ഗൾഫ് രാജ്യങ്ങളിലാണ് എണ്ണ കണ്ടെത്തിയതെങ്കിലും അവയുടെ ഉൽപാദനവും വിപണനവും യൂറോപ്യൻ, അമേരിക്കൻ കമ്പനികളുടെ നിയന്ത്രണത്തിലായിരുന്നു. അക്കാലത്ത് സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന ഗൾഫ് രാജ്യങ്ങളെ ചൂഷണം ചെയ്ത് ഈ കമ്പനികൾ വളർന്നു പന്തലിച്ചു. 1960ൽ ഇറാഖിലെ ബഗ്ദാദിൽ ചേർന്ന യോഗത്തെ തുടർന്ന് ഇറാൻ, ഇറാഖ്, സൗദി അറേബ്യ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ എണ്ണ ഉൽപാദന രാജ്യങ്ങളുടെ ഒരു കൂട്ടായ്മ രൂപപ്പെടുത്തി– ഒപെക്.

പിന്നീട് വിവിധ കാലങ്ങളിലായി ഖത്തർ, ഇന്തൊനീഷ്യ, ലിബിയ, യുഎഇ, അൽജീരിയ, നൈജീരിയ, ഇക്വഡോർ, ഗാബോൺ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ അംഗങ്ങളായി. ഇന്നു ലോകത്ത് കണ്ടെത്തിയിട്ടുള്ള ക്രൂഡ് ഓയിൽ നിക്ഷേപത്തിന്റെ 80 ശതമാനവും ഉൽപാദനത്തിന്റെ 44 ശതമാനവും കയ്യാളുന്നത് ഒപെക് ആണ്. ക്രൂഡ് ഓയിലിന്റെ വില നിശ്ചയിക്കുന്നതിലും വിപണനം നിയന്ത്രിക്കുന്നതിലും ഒപെക്കിനുള്ള സ്ഥാനവും അതിനാൽ വളരെ പ്രധാനപ്പെട്ടതാണ്.

ലോകത്തെ ഞെട്ടിച്ച ‘ഓയിൽ ഷോക്ക്’

ക്രൂഡ് ഓയിലിന്റെ വിൽപനയും വിലയും നിശ്ചയിക്കുന്നതിലൂടെ ലോകത്തിന്റെ നിയന്ത്രണം ഒരു പരിധിവരെ കൈവശപ്പെടുത്താമെന്നു തെളിഞ്ഞ സംഭവമായിരുന്നു 1973ൽ ഓയിൽ ഷോക്ക് എന്നു ലോകം മുഴുവൻ വിളിച്ച സംഭവം. ഇസ്രയേലും അറബ് രാജ്യങ്ങളുമായി നടന്ന ആറുദിന യുദ്ധത്തെ തുടർന്നായിരുന്നു ആദ്യ ഓയിൽ ഷോക്ക്. ഇസ്രയേലിനെ ചരിത്രത്തിൽനിന്നു തുടച്ചു നീക്കണമെന്ന ലക്ഷ്യത്തോടെ സർവസന്നാഹങ്ങളുമായി അറബ് രാജ്യങ്ങൾ‌ യുദ്ധത്തിനൊരുങ്ങിയെങ്കിലും ഇന്നും ലോകത്തെ വിസ്മയിപ്പിക്കുന്ന ചടുല നീക്കങ്ങളോടെ ആറു ദിവസത്തിനുള്ളിൽ സംയുക്ത അറബ് സേനയെ തോൽപ്പിക്കാനും കൂടുതൽ ഭൂപ്രദേശങ്ങൾ കൈവശപ്പെടുത്താനും ഇസ്രയേലിനു സാധിച്ചു.

ISRAEL-EGYPT-ANNIVERSARY-73-WAR-NETANYAHU
ജറുസലമിലെ യുദ്ധ സ്മാരകത്തിനു മുന്നിൽ പ്രാർഥിക്കുന്നവർ. യോം കിപ്പുർ യുദ്ധത്തിൽ മരിച്ചവരുടെ പേരുകൾ ഉൾപ്പെടെ കൊത്തിവച്ച ശിലകൾ ചേർന്നതാണ് ഈ സ്മാരകം. ചിത്രം: JERUSALEM, UNDEFINED

ഇതേത്തുടർന്ന്, ഇസ്രയേൽ കൈവശപ്പെടുത്തിയ ഗോലാൻ കുന്നുകളും സീനായ് പർവത മേഖലയും തിരിച്ചു പിടിക്കാൻ ഈപ്ജിതും സിറിയയും കൂടി 1973 ഒക്ടോബറിൽ ഇസ്രയേലുമായി യുദ്ധത്തിലേർപ്പെട്ടു. യോം കിപ്പുർ യുദ്ധം അല്ലെങ്കിൽ ഒക്ടോബർ യുദ്ധം എന്നും ഇതറിയപ്പെടുന്നു. ഈ യുദ്ധത്തിലും ആത്യന്തികമായി പരാജയമായിരുന്നു ഇരുരാജ്യങ്ങൾക്കുമേറ്റത്. ഇസ്രയേലുമായുള്ള യുദ്ധത്തിൽ അറബ് സേനയ്ക്കുണ്ടായ അപമാനം യുദ്ധത്തിൽ നേരിട്ടു പങ്കെടുക്കാത്ത അറേബ്യൻ രാജ്യങ്ങൾക്കു പോലും ക്ഷമിക്കാനായില്ല.

യോം കിപ്പുർ യുദ്ധത്തിൽ ഇസ്രയേലിനു നിർലോഭം സഹായം ചെയ്ത രാജ്യങ്ങളെ ലക്ഷ്യമിട്ട് ഓർഗനൈസേഷൻ ഓഫ് അറബ് പെട്രോളിയം എക്സ്പോർട്ടിങ് രാജ്യങ്ങളുടെ നേതൃത്വത്തിൽ‌ കാനഡ, ജപ്പാൻ, ഹോളണ്ട്, യുകെ, യുഎസ് എന്നീ രാജ്യങ്ങൾക്ക് ക്രൂഡ് ഓയിൽ വിൽപനയിൽ വിലക്ക് ഏർപ്പെടുത്തി. അധികം വൈകാതെ പോർച്ചുഗൽ, റൊഡേഷ്യ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങൾ‌ക്കു കൂടി അറബ് എണ്ണ ഉൽപാദക രാജ്യങ്ങൾ വിൽപന വിലക്ക് ഏർപ്പെടുത്തി. തൽഫലമായി ക്രൂഡ് ഓയിൽ വിലയിൽ 400% വരെയാണു വർധന രേഖപ്പെടുത്തിയത്. വിലക്കിനു മുൻപ് ബാരലിനു 3 ഡോളർ‌ ആയിരുന്നു വിലയെങ്കിൽ വിലക്കിനു പിന്നാലെ വില 12 ഡോളറും അതിനു മുകളിലുമെത്തി.

ഇതോടെ ആഗോള സാമ്പത്തിക രംഗം കനത്ത തിരിച്ചടി നേരിട്ടു. കൂടാതെ അസംസ്കൃത എണ്ണയുടെ വലിയ കുറവും ലോകമെങ്ങും അനുഭവപ്പെട്ടു. ഇനിയും ഇസ്രയേലിനെ യുദ്ധത്തിൽ പിന്തുണച്ചാൽ അതിനു വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഈ രാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള അറബ് നീക്കമായിരുന്നു വിലക്കിന്റെ പിന്നിൽ. എന്നാൽ പിടിച്ചെടുത്ത സ്ഥലങ്ങളിൽനിന്നു പിൻമാറാതെയിരുന്ന ഇസ്രയേലിന്റെ നീക്കവും ക്രൂഡ് ഓയിൽ‌ ഉൽപാദനത്തിനായി അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ ശ്രമങ്ങൾ നടത്തി വിജയിച്ചതും ആദ്യത്തെ ഓയിൽ‌ ഷോക്കിനെ അതിന്റെ ലക്ഷ്യം പൂർണമായി നേടുന്നതിൽനിന്നു തടഞ്ഞു.

രണ്ടാം ഓയിൽ ഷോക്ക്

1979ൽ ഇറാനിൽ അരങ്ങേറിയ ഇസ്‌ലാമിക വിപ്ലവത്തിലുടെ ഷാ മുഹമ്മദ് റീസ പഹ്‌ലാവിയുടെ ഭരണകൂടത്തെ താഴെയിറക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധിയാണ് രണ്ടാം ഓയിൽ ഷോക്കിനു വഴിതെളിച്ചത്. വിപ്ലവത്തെ തുടർന്ന് ഇറാനിലെ എണ്ണ ഉൽപാദക മേഖലകളിലുണ്ടായ കുറവും വിതരണ ശൃംഖലകളിലുണ്ടായ താളപ്പിഴകളും ചേർന്നതോടെ എണ്ണവില കത്തിക്കയറി. ഇതോടെ ക്രൂഡ് ഓയിൽ ബാരലിനു വില രണ്ടിരട്ടിയോളം വർധിച്ചു 39.5 ഡോളറായി. പിന്നീട് ഗൾഫ് മേഖയിലുണ്ടായ യുദ്ധങ്ങളും എണ്ണ ഉൽപാദക രാജ്യങ്ങളിലുണ്ടായ യുദ്ധങ്ങളും രാഷ്ട്രീയ പ്രതിസന്ധികളും പലപ്പോഴും എണ്ണ വിലയെ സ്വാധീനിച്ചിട്ടുണ്ട്.

Kuwait-Oil-Refinery-2
കുവൈത്ത് യുദ്ധകാലത്ത് ഇറാഖ് എണ്ണക്കിണറുകൾക്ക് തീയിട്ടപ്പോൾ.

1990ലെ ‘മിനി ഷോക്ക്’

1990 ഓഗസ്റ്റ് 2ന് ഇറാഖ് കുവൈത്ത് ആക്രമിച്ചു കീഴ്പ്പെടുത്തിയത് ഒരു മിനി ഓയിൽ ഷോക്കിന് ഇടവരുത്തിയിരുന്നു. മുൻകാലങ്ങളിലുണ്ടായ എണ്ണ വില പ്രതിസന്ധിയെ അപേക്ഷിച്ചു നോക്കുമ്പോൾ‌ ഇറാഖ് –കുവൈത്ത് യുദ്ധം വരുത്തിയ ആഘാതം താരതമേന്യ ചെറുതായിരുന്നു. എന്നാൽ, 1990കളുടെ തുടക്കത്തിൽ ലോകവ്യാപകമായി ഒരു സാമ്പത്തിക മാന്ദ്യത്തിന് ഇതു വഴിതെളിച്ചു. ഒൻപതു മാസം നീണ്ടു നിന്ന യുദ്ധപ്രതിസന്ധിയുടെ കാലയളവിൽ എണ്ണയുടെ ശരാശരി പ്രതിമാസ വില ജൂലൈയിൽ 17 ഡോളറിൽനിന്ന് ഒക്ടോബറിൽ 36 ഡോളറായി ഉയർന്നു.

യുദ്ധത്തെ തുടർന്നു അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളിൽനിന്നു തിരിച്ചടി നേരിട്ട ഇറാഖ് കുവൈത്തിലെ എണ്ണക്കിണറുകൾക്കു തീയിട്ടതും ഉൽപാദന വിതരണ ശൃംഖലയിലുണ്ടായ തിരിച്ചടികളുമാണ് എണ്ണ വില ഉയർത്തിയത്. എന്നാൽ സഖ്യകക്ഷികൾക്ക് ഇറാഖിനെ കീഴ്പ്പെടുത്താനായതും 1991 അവസാനത്തോടെ എണ്ണക്കിണറുകളിലെ തീ കെടുത്താനായതും വിലയെ വീണ്ടും നിയന്ത്രണ വിധേയമാക്കാൻ സഹായിച്ചു. എന്നാൽ ഇരുരാജ്യങ്ങളിലെയും ഉൽപാദനം വീണ്ടും പഴയ പടിയാകാൻ വർഷങ്ങളെടുത്തുവെന്നതു മറ്റൊരു ചരിത്രം.

മില്ലേനിയം ഊർജ പ്രതിസന്ധി

1980കളുടെ പകുതി മുതൽ 2003 സെപ്റ്റംബർ വരെ ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ ശരാശരി വില 25 യുഎസ് ഡോളറിനു താഴെയായിരുന്നു. എന്നാൽ 2003 അവസാനത്തോടെ എണ്ണവില ശരാശരി 30 ഡോളറിനു മുകളിലേക്കുയർന്നു. 2005 ഓഗസ്റ്റ് 11ന് വില ഉയർന്ന് 60 ഡോളറിലെത്തി. 2008 ജൂലൈയിൽ ക്രൂഡ് ഓയിൽ വില ഏറ്റവും ഉയർന്ന വിലയായ 147.30 ഡോളർ എന്ന നിലവാരത്തിലെത്തി. 2003– 2008 കാലഘട്ടത്തിൽ ലോകത്തെമ്പാടുമുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളും പ്രകൃതിക്ഷോഭങ്ങളും സാമ്പത്തികപരമായ സാഹചര്യങ്ങളുമാണ് എണ്ണ വില കുത്തനെ വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്.

SAUDI-CRUDE-JODI
ചിത്രം: റോയിട്ടേഴ്സ്

മധ്യപൂർവേഷ്യയിലെ രാഷ്ട്രീയ അസ്ഥിരതകളും ചൈനയിൽനിന്നുള്ള വർധിച്ച എണ്ണ ആവശ്യവും യുഎസ് ഡോളറിന്റെ വിലയിടിവും എണ്ണയുടെ ഉൽപാദനം പരമാവധിയെത്തിയെന്ന ഊഹക്കച്ചവടങ്ങളും അമേരിക്കയിലുണ്ടായ കത്രീന ചുഴലിക്കൊടുങ്കാറ്റും ഉത്തരകൊറിയൻ ആണവ പരീക്ഷണങ്ങളുമെല്ലാം എണ്ണ വിലയിൽ എരിതീ പകർന്നു കൊണ്ടിരുന്നു. എന്നാൽ അപ്രതീക്ഷിതമായി 2008ൽ അമേരിക്കയിലെ ലീമാൻ ബ്രദേഴ്സ് തുടക്കമിട്ട സാമ്പത്തിക പ്രതിസന്ധി ലോകം മുഴുവൻ വ്യാപിച്ചതോടെ എണ്ണ വില വീണ്ടും കൂപ്പുകുത്തി. എണ്ണയുടെ ആവശ്യം കുറഞ്ഞതോടെ 2008 ജൂലൈയിലെ ഉയർന്ന വിലയായ ബാരലിന് 147 ഡോളറിൽ നിന്ന് 2008 ഡിസംബറിൽ 32 ഡോളറായി കുറഞ്ഞു. 2009 ഓഗസ്റ്റോടെ എണ്ണവില സ്ഥിരത കൈവരിക്കുകയും 2014 നവംബർ വരെ 70 മുതൽ 120 ഡോളർ വരെ നിലവാരത്തിൽ വ്യാപാരം തുടരുകയും ചെയ്തു.

ഷെയ്‌ലിന്റെ ‘ഗ്യാസ്’ കളഞ്ഞ സൗദി, റഷ്യ

2000ത്തിനു ശേഷം എണ്ണ വിലയിലുണ്ടായ കുതിപ്പിനെ തുടർന്നാണ് അമേരിക്കയിൽ ഷെയ്ൽ ഗ്യാസ് (പാറയിടുക്കുകളിൽ കുടുങ്ങിക്കിടക്കുന്ന ക്രൂഡ് ഓയിൽ) ഉൽപാദനം കരുത്താർജിച്ചത്. ഇത് എണ്ണ വില കുറയ്ക്കാൻ സഹായിച്ചു. എന്നാൽ ഷെയ്ൽ‌ ഗ്യാസ് ഉൽപാദനം തങ്ങളുടെ എണ്ണ ഉൽപാദനത്തിനു ഭീഷണിയാണെന്നു മനസിലാക്കിയ സൗദി ഈ നീക്കങ്ങളെ തടയാനായി എണ്ണ ഉൽപാദനം വർധിപ്പിക്കാൻ തുടങ്ങി. ഇതേ തുടർന്ന് ആഗോള വ്യാപകമായി എണ്ണ വില കുറയാൻ തുടങ്ങി. ഇതോടെ 2014 ബാരലിനു 114 ഡോളർ‌ വിലയുണ്ടായിരുന്ന ക്രൂഡ് ഓയിൽ വില പിന്നെയും ഇടിഞ്ഞു. പരമ്പരാഗത എണ്ണ ഉൽപാദക രാജ്യങ്ങളെല്ലാം ഷെയ്ൽ ഗ്യാസ് ഭീഷണിയെ ഒരുമിച്ചു നേരിടാനായി എണ്ണ ഉൽപാദനം കുത്തനെ വർധിപ്പിച്ചു. അതോടെ ഷെയ്ൽ ഗ്യാസ് ഖനനം ലാഭകരമല്ലാതായി.

പിന്നാലെ 2016ൽ എണ്ണ വില ബാരലിനു 27 ഡോളറായി ഇടിഞ്ഞു. ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവ് ഷെയ്ൽ ഗ്യാസ് ഖനനത്തെ ലാഭകരമല്ലാതാക്കിയതോടെ ക്രൂഡ് ഓയിൽ വിപണിയുടെ നിയന്ത്രണം വീണ്ടും ഒപെക്കിനും സൗദിക്കും തിരിച്ചു ലഭിച്ചു. 2016 സെപ്റ്റംബറിൽ സൗദി അറേബ്യയും റഷ്യയും എണ്ണ വില നിയന്ത്രിക്കാൻ സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. ഒപെക്കിന്റെ നേതൃത്വത്തിൽ മറ്റു എണ്ണ ഉൽപാദക രാജ്യങ്ങളും കൂടി ചേർന്നു ഒപെക് പ്ലസ് എന്നൊരു സഖ്യം രൂപീകരിച്ചു. ഇതിന്റെ ഫലമായി ഈ കൂട്ടായ്മ തങ്ങളുടെ പ്രതിദിന ക്രൂഡ് ഉൽപാദനത്തിൽ 2.1 ദശലക്ഷം ബാരൽ കുറവ് വരുത്തി. തൽഫലമായി എണ്ണ വില വീണ്ടും ക്രമേണ ഉയർന്നു. എന്നാൽ 2018 ആയപ്പോഴേക്കും അമേരിക്ക ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യമായി മാറി. ഇന്ത്യയടക്കമുള്ള വിപണികളിലേക്ക് അവർ എണ്ണ കയറ്റി അയയ്ക്കാനും തുടങ്ങി.

നെഗറ്റീവ് വില

ക്രൂഡ് ഓയിൽ‌ വില കുതിച്ചുയർന്നു സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികൾ മാത്രം കണ്ടു ശീലിച്ചിരുന്ന ലോകത്തിനു പുതിയൊരു കാഴ്ചയായിരുന്നു ക്രൂഡ് ഓയിലിന്റെ നെഗറ്റീവ് വില. ചരിത്രത്തിലാദ്യമായി (ഒരു പക്ഷേ അവസാനമായും) 2020 ഏപ്രിലിൽ ക്രൂഡ് ഓയിൽ ബാരലിനു –38 (മൈനസ് 38) ഡോളറായി വില കൂപ്പുകുത്തി. കോവിഡ് മഹാമാരി സൃഷ്ടിച്ച ആഗോള ലോക്ഡൗണും സൗദി–റഷ്യ എണ്ണ വില യുദ്ധവുമാണ് ക്രൂഡ് ഓയിലിന്റെ വില നെഗറ്റീവിലെത്തിച്ചത്.

SAUDI-ENERGY-OIL-ATTACK
സൗദി അരാംകോയ്ക്കു കീഴിലെ റിഫൈനറികളിലൊന്ന്. ചിത്രം: AFP

ക്രൂഡ് ഓയിൽ ഉൽ‌പാദനം ഒരു നിശ്ചിത അളവിൽ കുറയ്ക്കാമെന്നല്ലാതെ പൂർണമായി തൽക്കാലികമായി നിർത്താനാവില്ല. അതിനാൽ വില കുറഞ്ഞെങ്കിലും ലോകത്തെമ്പാടുമുള്ള എണ്ണക്കിണറുകളിൽ നിന്നുള്ള എണ്ണ സംഭരിക്കാൻ സ്ഥലമില്ലാതെ കമ്പനികൾ വലഞ്ഞു. അമേരിക്കയിൽ ക്രൂഡ് ഓയിൽ സംഭരിക്കാൻ ശേഷിയുള്ളവർക്ക് അങ്ങോട്ടു പണം നൽ‌കി സംഭരിക്കേണ്ട അവസ്ഥ എണ്ണക്കമ്പനികൾ നേരിട്ടു. ഇതാണ് എണ്ണ വിലയെ ചരിത്രത്തിലാദ്യമായി നെഗറ്റീവ് വിലയിൽ എത്തിച്ചത്.

സൗദി–റഷ്യ എണ്ണപ്പോരാട്ടം

ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യ പ്രകൃതിവിഭങ്ങളുടെ കാര്യത്തിലും ലോകത്തു മുന്നിലാണ്. യൂറോപ്പിന്റെ ഊർജ സ്രോതസ്സാണ് റഷ്യ എന്നു നിസ്സംശയം പറയാം. എന്നാൽ ശീതകാലത്ത് യൂറോപ്പിനെ ‘ചൂടുപിടിപ്പിക്കാനുള്ള’ പ്രകൃതിവാതക പൈപ്‌ലൈൻ ശൃംഖലയ്ക്കു പുറമേ യൂറോപ്പിലെ എണ്ണ വിപണികളും റഷ്യ കയ്യടക്കുന്നതു ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഉൽപാദകരായ സൗദിയെ വല്ലാതെ അലോസരപ്പെടുത്തി. കോവിഡ് മഹാമാരിയെ തുടർന്ന് ഉപയോഗം കുറ‍ഞ്ഞതോടെ 2020 ജനുവരിയോടെതന്നെ ആഗോളവ്യാപകമായി എണ്ണ വില ഇടിഞ്ഞു തുടങ്ങിയിരുന്നു.

ഇതേ തുടർന്ന് എണ്ണ ഉൽപാദനം വെട്ടിക്കുറയ്ക്കാനായി ഒപെക്കിന്റെയും റഷ്യയുടെയും നേതൃത്വത്തിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെ ഒപെക് പ്ലസ് എന്ന സംഖ്യം തകരുകയും സൗദിയും റഷ്യയും തമ്മിൽ ഉൽപാദന മത്സരം ആരംഭിക്കുകയും ചെയ്തു. പരമ്പരാഗതമായ യൂറോപ്പിലെ തങ്ങളു‍ടെ വിപണികൾ നഷ്ടമാകുന്നതിൽ ആശങ്കാകുലരായ സൗദി, റഷ്യൻ ക്രൂഡ് ഓയിൽ വിൽപനയെ പരാജയപ്പെടുത്താനായി തങ്ങളുടെ ക്രൂഡ് ഓയിൽ ഉൽപാദനം ക്രമാനുഗതമായി വർധിപ്പിക്കാൻ തുടങ്ങി. കോവിഡിനെ തുടർന്നുള്ള ലോക്ഡൗണും ക്രൂഡ് ഓയിൽ ഉൽപാദന വർധനയും ലോകത്ത് സൃഷ്ടിച്ചത് അഭൂതപൂർവമായ കാഴ്ചകളാണ്.

ക്രൂഡ് ഓയിൽ ഉൽപാദന ചെലവ് ലോകത്ത് കുറവുള്ള സൗദിക്ക് കുറഞ്ഞ വിലയ്ക്കു ക്രൂഡ് ഓയിൽ വിൽക്കുന്നത് വലിയ നഷ്ടം സൃഷ്ടിക്കുന്നതായിരുന്നില്ല. എന്നാൽ ഉൽപാദന ചെലവ് കൂടുതലുള്ള റഷ്യൻ എണ്ണപ്പാടങ്ങളിൽ‌ നിന്നുള്ള ക്രൂഡ് ഓയിൽ കുറഞ്ഞ വിലയ്ക്കു വിൽക്കുന്നത് റഷ്യയ്ക്കും മറ്റു എണ്ണ ഉൽ‌പാദക രാജ്യങ്ങൾക്കും നഷ്ടമായിരുന്നു. പക്ഷേ സൗദിയുടെ ഭീഷണി വകവയ്ക്കാതെ റഷ്യയും എണ്ണ ഉൽപാദനം വർധിപ്പിച്ചു. ആഗോള വിപണികളിലേക്ക് വൻ തോതിൽ ക്രൂഡ് ഓയിൽ ഒഴുക്കുകയും ചെയ്തു.

Vladimir-Putin
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ.

റഷ്യയുടെ ഈ നീക്കത്തിനു മറ്റൊരു കാരണവും പറയപ്പെടുന്നു. 2020 ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്ക റഷ്യയിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ‌ ഉൽപാദക കമ്പനിയായ റോസ്നെഫ്റ്റിന് ഉപരോധം ഏർപ്പെടുത്തി. അതിലുള്ള പ്രതിഷേധമെന്ന നിലയിലും കൂടിയായിരുന്നു ആഗോള സാമ്പത്തിക വ്യവസ്ഥ തകർക്കും വിധം എണ്ണ വിലയിടിക്കാനുള്ള ഉൽപാദന മത്സരത്തിൽ റഷ്യ പങ്കെടുത്തതെന്നാണ് ഒരു വാദം. ഒപെക് പ്ലസ് സഖ്യത്തിന്റെ ചർച്ച പരാജയപ്പെട്ടതോടെ 2020 മാർച്ച് 8നാണ് സൗദി എണ്ണ ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിച്ചത്. തൽഫലമായി എണ്ണ വില മൂന്നു മാസത്തെ ശരാശരി വിലയിൽനിന്ന് 65% ഇടിവ് നേരിട്ടു.

ഒടുവിൽ ‘വെടി നിർത്തൽ’

എണ്ണ വിലയിൽ ‘യുദ്ധം’ ആരംഭിച്ചതോടെ യൂറോപ്പ്, ഏഷ്യ, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് 2020 മാർച്ച് 8ന് സൗദി ക്രൂഡ് ഓയിൽ ബാരലിന് 6 മുതൽ 8 ഡോളർ വരെ അപ്രതീക്ഷിത വിലക്കിഴിവ് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം ആഗോള എണ്ണ വിപണികളെ വിറപ്പിക്കുകയും എണ്ണ വില ഇടിയാനും തുടങ്ങി. മാർച്ച് ഒൻപതിന് ആഗോള വ്യാപകമായി സ്റ്റോക്ക് മാർക്കറ്റുകളിൽ വൻ തകർച്ച രേഖപ്പെടുത്താൻ തുടങ്ങി. സൗദിയുടെ പ്രഖ്യാപനത്തെ തുടർന്നു റഷ്യൻ റൂബിൾ യുഎസ് ഡോളറിനെതിരെ 7 ശതമാനം ഇടിഞ്ഞ് 4 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

തൊട്ടടുത്ത ദിവസം പ്രതിദിന ഉൽപാദനം 97 ലക്ഷം ബാരലിൽനിന്നു 123 ലക്ഷമായി ഉയർത്തുമെന്ന് സൗദി പ്രഖ്യാപിച്ചു. ഇതിനു മറുപടിയായി റഷ്യ പ്രതിദിന ഉൽപാദനം 30 ലക്ഷം ബാരലാക്കി ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വില ഇടിയുന്ന കാഴ്ചകൾക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. മാർച്ച് മാസത്തിലെ ആദ്യ ആഴ്ചകളിൽ അമേരിക്കയിൽ എണ്ണ വില 34 ശതമാനവും ലണ്ടൻ ബ്രെന്റ് ക്രൂഡോയിൽ വില 24 ശതമാനവും ആഗോള എണ്ണ വില 26 ശതമാനവു ഇടിഞ്ഞു. ഇതിനു പിന്നാലെ ആഗോള ഓഹരി വിപണികളെല്ലാം തകർച്ച നേരിട്ടു.

SAUDI-ARAMCO/IPO
സൗദി അരാംകോയുടെ സംഭരണ ശാലകളിലൊന്ന്.

2020 ഏപ്രിൽ 20ന് ക്രൂഡ് ഓയിൽ‌ വില നെഗറ്റീവ് തലത്തിലെത്തിയതിനു ശേഷം സൗദിയും റഷ്യയും എണ്ണപ്പോരാട്ടത്തിൽ ‘വെടിനിർത്തലിനു’ തയാറായി. ഇരുരാജ്യങ്ങളും എണ്ണ ഉൽപാദനം വെട്ടിക്കുറയ്ക്കാനും സമ്മതിച്ചു. എണ്ണ വിലയിലുണ്ടായ ഈ ചാഞ്ചാട്ടം ഒട്ടേറെ എണ്ണ ഉൽപാദക രാജ്യങ്ങളുടെ ബജറ്റിനെയാണ് അതിനോടകം താളം തെറ്റിച്ച‌ത്. കോവിഡ് ഭീതി കുറയുകയും ലോകം പതിയെ സാധാരണ നിലയിലേക്കു മടങ്ങുകയും ചെയ്തിട്ടും പല എണ്ണ ഉൽ‌പാദക രാജ്യങ്ങളും ഇപ്പോഴും ഉൽപാദനം വർധിപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടി ല്ല.

ആഗോള സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനായി ക്രൂ‍ഡ് ഓയിൽ ഉൽപാദനം വർധിപ്പിക്കാനുള്ള അമേരിക്കയുടെ അഭ്യർഥനയെ സൗദിയടക്കമുള്ള ഒപെക് രാജ്യങ്ങൾ‌ തള്ളിക്കളഞ്ഞിരുന്നു. ഇതേ തുടർന്ന് ഉൽപാദന വർധനവിനെ ചൊല്ലി സൗദിയും യുഎഇയും തമ്മിൽ തർക്കങ്ങൾ ഉടലെടുക്കുകയും യുഎഇ ഉൽപാദനം വർധിപ്പിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു. എങ്കിലും കോവി‍ഡ് ഭീതി മിക്ക രാജ്യങ്ങളിലും കുറയുകയും സാമ്പത്തിക പ്രവർത്തനങ്ങൾ കുറെയേറെ സാധാരണ നിലയിലാകുകയും ചെയ്തത് ക്രൂഡ് ഓയിലിന്റെ വിലയിൽ വർധന സൃഷ്ടിക്കുന്നുണ്ട്. അതിപ്പോഴും തുടരുകയുമാണ്.

തകരുമോ ക്രൂഡ് ഓയിൽ മേഖല?

ആഗോള താപനത്തെ ചൊല്ലിയുള്ള ആശങ്ക ലോകമെങ്ങും ശക്തിപ്രാപിച്ച കാലമാണ് കടന്നു പോകുന്നത്. മഞ്ഞുമൂടിക്കിടന്നിരുന്ന കാനഡയിലും സൈബീരിയയിലും വരെ താപനില കുത്തനെ വർധിക്കുകയും കാട്ടുതീപോലുള്ള പ്രതിഭാസങ്ങൾ തുടർക്കഥയാകുകയും ചെയ്തതോടെ ഹരിതോർജത്തിലേക്ക് പോകാനുള്ള ആഹ്വാനങ്ങൾക്ക് വേഗം കൂടി. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തതോടെ അമേരിക്ക പാരിസ് ഉടമ്പടിയിലേക്ക് തിരിച്ചു വന്നതും ആഗോളതാപനില കുറയ്ക്കാനുള്ള ലോകത്തിന്റെ കൂട്ടായ പരിശ്രമങ്ങൾക്കു വേഗം കൂട്ടും. ലോകത്തെ മിക്ക രാജ്യങ്ങളും കാർബൺ ഫുട്പ്രിന്റ് കുറയ്ക്കാനുള്ള കഠിനശ്രമത്തിലാണ്.

പാരിസ് ഉടമ്പടി പ്രകാരം നിശ്ചയിച്ചിട്ടുള്ള അളവിലേക്ക് കാർബൺ ബഹിർഗമനം കുറയ്ക്കാനായി ഫോസിൽ ഇന്ധനങ്ങളിൽനിന്ന് സൗരോർജത്തിലേക്കും ഗ്രീൻ ഹൈഡ്രജനിലേക്കും മാറാനായി മിക്ക രാജ്യങ്ങളും പദ്ധതികൾ തയാറാക്കിക്കഴിഞ്ഞു. ചൈനയിൽ ഇപ്പോൾ‌ നേരിടുന്ന ഊർജ പ്രതിസന്ധിപോലും കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുത പദ്ധതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നാണെന്ന് ആരോപണങ്ങളുണ്ട്. ശൈത്യകാല ഒളിംപിക്സിന് വായുമലിനീകരണമില്ലാത്ത ചൈനയെ ലോകത്തു മുന്നിൽ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും പറയപ്പെടുന്നു.

 China launches world’s largest carbon market
ചൈനയിലെ കാഴ്ച. ചിത്രം: AFP

എന്നാൽ ലോകത്തെ നിരത്തുകളിൽ ഇലക്ട്രിക് കാറുകൾ നിറയുകയും ഊർജോൽപാദന മേഖലയിലടക്കം ഫോസിൽ ഇന്ധനങ്ങളെ ഒഴിവാക്കുകയും ചെയ്താലും അടുത്ത 50 വർഷം ക്രൂഡ് ഓയിൽ ഉൽപാദന മേഖലയിൽ കാര്യമായ വ്യത്യാസമുണ്ടാകില്ലെന്നതാണു വാസ്തവം. 9.3 കോടി മില്യൻ ബാരൽ ക്രൂഡ് ഓയിലാണ് ലോകത്ത് ഇന്ന് ഒരു ദിവസം ഉപയോഗിക്കുന്നത്. ലോകത്തെമ്പാടുമായി 480 കോടി കാറുകളുണ്ടെന്നാണ് കണക്ക്. എന്നാൽ ഇലക്ട്രിക് വാഹനങ്ങളാകട്ടെ 48 ലക്ഷം മാത്രവും. ഇനി മുതൽ ലോകത്ത് ഇറങ്ങുന്ന കാറുകളെല്ലാം ഇലക്ട്രിക് ആയാലും ചുരുങ്ങിയത് 25 വർഷമെടുക്കും ഇന്നത്തെ വാഹനവ്യൂഹത്തെ മൊത്തം ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാൻ. ഇന്റർനാഷനൽ‌ എനർജി ഏജൻസിയുടെ കണക്ക് പ്രകാരം 2040 വരെ ചുരുങ്ങിയത് 8% വീതം ക്രൂഡ് ഓയിൽ ഉപയോഗത്തിൽ വർധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

ക്രൂഡ് എന്ന കൂട്ടുകാരൻ

നമ്മൾ ജീവിക്കുന്ന ലോകത്തെ ഇന്നത്തെ രീതിയിൽ രൂപപ്പെടുത്തിയതിനു പിന്നിൽ ക്രൂഡ് ഓയിലിന് നിർണായക പങ്കുണ്ട്. വ്യാവസായിക വിപ്ലവത്തിനും അനേകം വ്യവസായ മേഖലകളുടെ ഉദയത്തിനും വികാസത്തിനും ക്രൂഡ് ഓയിൽ വഹിച്ച പങ്ക് നിസ്തുലമാണ്. പെട്രോളിനും ഡീസലിനും മണ്ണെണ്ണയ്ക്കും വിമാന ഇന്ധനത്തിനും പുറമേ നൂറുകണക്കിനു ഉൽപന്നങ്ങളാണ് ക്രൂഡ് ഓയിലിൽ നിന്നു നിർമിക്കുന്നത്. അവയിൽ പലതും മറ്റൊരു രീതിയിലും ഉൽപാദിപ്പിക്കാനാവാത്തതും നമുക്ക് ഒഴിച്ചുകൂടാനാവാത്തതുമാണ്.

ക്രൂഡ് ഓയിൽ ശുദ്ധീകരണത്തിന്റെ ഭാഗമായി ലഭിക്കുന്ന ഉപോൽപന്നങ്ങൾ വഴി ബബിൾഗം, ടൂത്ത്പേസ്റ്റ്, പെർഫ്യൂം, ഡിയോഡറന്റ്, ലിപ്സ്റ്റിക്, കോൺടാക്ട് ലെൻസ്, കീടനാശിനികൾ, കിടക്കകൾ, ടയർ, പ്ലാസ്റ്റിക് കുപ്പികൾ, പെയിന്റുകൾ, ഡിറ്റർ‌ജന്റുകൾ, ഫർണിച്ചർ, ക്യാമറ, കംപ്യൂട്ടർ, കാർപെറ്റ്, കർട്ടൻ, ഗ്ലാസ്, പശ, വളം, പോളിസ്റ്റർ, വിവിധ തരം ലൂബ്രിക്കന്റ് ഓയിലുകൾ, ജെല്ലുകൾ തുടങ്ങി എണ്ണിയാൽ തീരാത്തത്ര വസ്തുക്കൾക്കാണ് പെട്രോകെമിക്കൽ എൻജിനീയറിങ് വഴി വ്യാവസായിക ലോകം ഇന്നു രൂപം കൊടുത്തിട്ടുള്ളത്. കൂടാതെ ഇലക്ട്രിക് വാഹനങ്ങളിൽ എൻജിൻ ലൂബ്രിക്കന്റ് ആയും ക്രൂഡ് ഓയിലിനു വേഷപ്പകർ‌ച്ചയുണ്ട്. അതുകൊണ്ടുതന്നെ കാറുകളെല്ലാം ഇലക്ട്രിക് ആയാലും ക്രൂഡ് ഓയിൽ നമുക്ക് തീർത്തും ഒഴിവാക്കാനാവില്ല.

50 വർഷം, പേടി വേണ്ട

എന്തുതന്നെയായാലും ഊർജത്തിനായി ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഇന്നു ലോകം. ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും കുറിച്ച് ആശങ്കയുള്ള ലോകരാജ്യങ്ങളാകട്ടെ കാർബൺ ബഹിർഗമനം വെട്ടിക്കുറയ്ക്കാനുള്ള നെട്ടോട്ടത്തിലും. അതിന്റെ ഭാഗമായി വൈദ്യുതി വാഹനങ്ങളെയും ഹരിതോർജ ഉൽപാദന മേഖലയെയും പ്രോൽസാഹിപ്പിക്കുന്ന നയങ്ങൾ ഒട്ടേറെ യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയും ചൈനയും എല്ലാം രൂപപ്പെടുത്തുകയാണ്.

ഗ്ലാസ്‌ഗോയിൽ ചേർന്നിരിക്കുന്ന ലോക കാലാവസ്ഥ ഉച്ചകോടിയുടെ ലക്ഷ്യവും കാർബൺ ബഹിർഗമനത്തിൽ നിയന്ത്രണം കൊണ്ടുവരികയെന്നതാണ്. ഇതെല്ലാം തുടരുമ്പോഴും ഊർജത്തിനു ലോകം സുസ്ഥിരവും ചെലവു കുറഞ്ഞതുമായ ബദൽ മാർഗം കണ്ടെത്തിയാലും പെട്രോകെമിക്കൽ വ്യവസായത്തിന്റെ ചിറകിലേറി ഇനിയും ഒരു 50 വർ‌ഷം കൂടി ക്രൂഡ് ഓയിൽ വിപണി തിളങ്ങിത്തന്നെ നിൽക്കുമെന്നാണു വിദഗ്ധരുടെ വിശ്വാസം.

English Summary: Why Crude Oil is so Important? How it Controls the World?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA