ADVERTISEMENT

ന്യൂയോര്‍ക്ക് ∙ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിനു പിന്നാലെ രാജ്യം വിടാനായി കാബൂള്‍ വിമാനത്താവളത്തിലേക്കു കയറിപ്പറ്റാനുള്ള തിക്കിലുംതിരക്കിനുമിടയില്‍, അഫ്ഗാന്‍ ദമ്പതികള്‍ യുഎസ് സൈനികര്‍ക്കു കൈമാറിയ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഓഗസ്റ്റ് 19നാണ് മിര്‍സ അലി അമ്മദിയും ഭാര്യ സുരയ്യയും അഞ്ചു മക്കളെയും കൂട്ടി രാജ്യം വിടാനായി വിമാനത്താവളത്തിലെത്തിയത്. ആയിരക്കണക്കിന് ആളുകളാണ് വിമാനത്താവളത്തിന്റെ കവാടത്തില്‍ തിങ്ങിക്കൂടിയിരുന്നത്. 

വിമാനത്താവളത്തിന്റെ ഗേറ്റില്‍നിന്ന് വെറും 16 അടി അകലത്തില്‍ മാത്രമായിരുന്നു മിര്‍സയും കുടുംബവും. ആ സമയത്താണ് മതിലിനു മുകളില്‍നിന്ന യുഎസ് സൈനികന്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നു ചോദിച്ചത്. രണ്ടു മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് തിക്കിലുംതിരക്കിലും പരുക്കേല്‍ക്കുമെന്നു ഭയന്ന ദമ്പതിമാര്‍ യുഎസ് സൈനികനു കൈമാറി. പെട്ടെന്നുതന്നെ ഗേറ്റ് കടന്ന് വിമാനത്താവളത്തിനുള്ളില്‍ എത്താനാകുമെന്നാണ് അവര്‍ കരുതിയത്.

എന്നാല്‍ വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു. കുഞ്ഞിനെ കൈമാറിയതിനു തൊട്ടുപിന്നാലെ സ്ഥലത്തേക്ക് ഇരച്ചെത്തിയ താലിബാന്‍കാര്‍ ആളുകളെ പിന്നോട്ടു തള്ളിമാറ്റി. മിര്‍സയ്ക്കും കുടുംബത്തിനും അരമണിക്കൂറിനു ശേഷമാണ് മറ്റൊരു ഗേറ്റില്‍ കൂടി വിമാനത്താവളത്തിന് ഉള്ളില്‍ കടക്കാന്‍ കഴിഞ്ഞത്. അകത്തെത്തിക്കഴിഞ്ഞ് അവര്‍ എല്ലായിടത്തും കുഞ്ഞു സുഹൈലിനു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

kabul-airport

10 വര്‍ഷമായി അഫ്ഗാനിലെ യുഎസ് എംബസിയില്‍ സുരക്ഷാ ഗാര്‍ഡായി പ്രവര്‍ത്തിച്ചിരുന്ന മിര്‍സ അലി വിമാനത്താവളത്തിലെ എല്ലാ ഉദ്യോഗസ്ഥരോടും തന്റെ കുഞ്ഞിനെക്കുറിച്ച് അന്വേഷിച്ചു. കുഞ്ഞിനെ പ്രത്യേക സുരക്ഷാ മേഖലയിലേക്കു കൊണ്ടുപോയിരിക്കാമെന്ന് മറുപടി ലഭിച്ചതോടെ അവിടെയെത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. കുഞ്ഞിനെ കൈമാറിയ സൈനികനെ കണ്ടെത്താന്‍ മൂന്നു ദിവസത്തോളം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മിര്‍സ അലി പറഞ്ഞു. 

കുഞ്ഞു സുഹൈലിനെ മാത്രമായി ഏതെങ്കിലും വിമാനത്തില്‍ കയറ്റിവിട്ടിരിക്കാമെന്നാണ് ചില ഉദ്യോഗസ്ഥര്‍ അറിയിച്ചത്. 35കാരനായ മിര്‍സയെയും ഭാര്യ സുരയ്യയെയും നാല് മക്കളെയും ആദ്യം ഖത്തറിലേക്കാണ് ഒഴിപ്പിച്ചത്. അവിടെനിന്ന് ജര്‍മനി വഴി അമേരിക്കയില്‍ എത്തിക്കുകയായിരുന്നു. ടെക്‌സസിലെ ഫോര്‍ട്ട് ബ്ലിസില്‍ മറ്റ് അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്കൊപ്പം കഴിയുന്ന കുടുംബം യുഎസില്‍ എവിടെയെങ്കിലും താമസമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. 

kabul-airport-night

കാബൂള്‍ വിമാനത്താവളത്തില്‍ വച്ച് മറ്റ് ചില കുടുംബങ്ങളും വേലിക്കു മുകളിലൂടെ കുഞ്ഞുങ്ങളെ യുഎസ് സൈനികര്‍ക്കു കൈമാറുന്നത് കണ്ടിരുന്നുവെന്ന് മിര്‍സ അലി പറഞ്ഞു. ഒരു പെണ്‍കുഞ്ഞിനെ കൊടുക്കുന്ന ചില വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നീട് ആ കുഞ്ഞിനെ യുഎസ് സൈനികര്‍ മാതാപിതാക്കള്‍ക്കു മടക്കി നല്‍കുകയും ചെയ്തു. തന്റെ കുഞ്ഞിനെ കണ്ടെത്താന്‍ എല്ലാവിധ സഹായവും നല്‍കാമെന്നാണ് യുഎസ് അധികൃതര്‍ പറഞ്ഞിരിക്കുന്നതെന്ന് മിര്‍സ അലി വ്യക്തമാക്കി.

അഫ്ഗാന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന സംഘടനകള്‍ 'മിസ്സിങ് ബേബി' എന്ന ഗ്രൂപ്പുണ്ടാക്കി കുഞ്ഞ് സുഹൈലിന്റെ ചിത്രം പ്രചരിപ്പിച്ചും കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ട്. എല്ലാ അമേരിക്കന്‍ സൈനിക ക്യാംപുകളിലും വിവരം അറിയിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. വിദേശകാര്യ മന്ത്രാലയവും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മറ്റേതെങ്കിലും വിദേശരാജ്യത്ത് കുഞ്ഞ് എത്തിപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും വിദേശകാര്യ വകുപ്പ് വക്താവ് പറഞ്ഞു. കുഞ്ഞിനെ നഷ്ടമായതിന്റെ തീരാദുഃഖത്തില്‍ ദിവസങ്ങള്‍ തള്ളി നീക്കുകയാണ് സുരയ്യ. പ്രതീക്ഷ കൈവിടാതെ കാത്തിരിപ്പിലാണ് മിര്‍സയും കുടുംബവും.

English Summary: Afghan Baby Handed To US Soldiers In Airlift Chaos Still Missing: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com